പ്രേമ തേ തു വൃണേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പ.
പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ

അനു.
കാമരമ്യകളേബര, താമരബന്ധുകുലവര,

ച.1
അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു-
കൊണ്ടത്രേ വീര്യവാരിനിധേ,
അമ്പെഴും നിൻമുമ്പിൽനിന്ന,നൃതം പറഞ്ഞീലേ ഞാൻ
ധീരമതേ,
അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ,
അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത,
വൈരിതതേ, രസസാരരതേ, പരം.

2
അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ;
അതുമൂലം നിന്നെസ്സേവിച്ചയി,നിന്മതങ്ങളെ ഞാ-
നനുസരിച്ചേൻ,
അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ,
അതു നിനച്ചേൻ,
അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു-
മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം.

3
അക്ഷഹൃദയംവിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം,
അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം,
അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം;
അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,-
സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി.

അർത്ഥം: 

സാരം: രാജരത്നമായ ഋതുപർണ്ണ, കാമതേവനെപ്പോലെ സുന്ദരനായവനേ, സൂര്യവംശശ്രേഷ്ഠാ, നിന്നിലുള്ള എന്റെ സ്നേഹത്തെ സ്വീകരിക്കുക. വീര്യവാനായ നിന്നോട്‌ ഞാൻ അപരാധം ചെയ്തത്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌. അല്ലയോ ധീരമതേ, സാനേഹനിധിയായ നിന്റെ മുന്നിൽനിന്ന്‌ ഞാൻ കളവു പറഞ്ഞുപോയല്ലോ. നിന്നിൽനിന്ന്‌ അക്ഷഹൃദയവിദ്യ അറിഞ്ഞപ്പോൾ എന്റെ വിപത്തുകൾ അസ്തമിച്ചു. നിനക്കു ഞാൻ അശ്വഹൃദയവിദ്യ ഉപദേശിക്കാം. യാത്രകൾ വേഗത്തിലാകാൻ അതു സഹായിക്കും. നമ്മൾ തമ്മിൽ ഐകമത്യം നശിക്കരുത്‌. അത്‌ വലിയ ഉന്നതിയുണ്ടാക്കും. നമ്മുടെ സത്ക്കീർത്തി നമുക്കു പകുതിയായി പങ്കിട്ടെടുക്കാം. അതല്ലാതെ ധനസമ്പാദനം അസ്ഥിരമാണ്‌. നമുക്കു ഭൂമിയിൽ ജയമുണ്ടാകട്ടെ.  

അരങ്ങുസവിശേഷതകൾ: 

നളൻ ഋതുപർണ്ണൻ അശ്വഹൃദയം ഉപദേശിക്കുന്നു. ഉപചാരങ്ങളോടെ ഇരുവരും പിരിയുന്നു.