ഈശ്വരകാരുണ്യം
ഭീമേ ജാമാതൃസന്ദർശനമുദിതമതൗ തന്മതേനോന്മയൂഖ-
ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർക്കേന്ദുതാരേ പുരേസ്മിൻ
പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ ഹന്ത! ദിഷ്ട്യേതി പൗരൈർ-
ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ ണ്ണോവദത് പുണ്യകീർത്തിം.
പല്ലവി
ഈശ്വരകാരുണ്യം കൊണ്ടേ നിഷ-
ധേശ്വര, നിന്നെ ഞാൻ കണ്ടേൻ.
അനു.
ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ
തനുജിതകാമൻ പണ്ടേ
മഹീതലസോമൻ പണ്ടേ പാർക്കിൽ.
ച.1
എന്തെല്ലാം ചെയ്തേനപരാധം നിന-
ക്കെന്നു നമുക്കില്ല ബോധം,
എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം,
നീയെൻ തലയിൽ വയ്ക്ക പാദം;
എന്നിയില്ലാധിതണുപ്പനല്പം,
എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം.
2
മൂർത്തികണ്ടാലഭിരാമൻ, വിദ്യ-
യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ
മൈത്രമിനി വേണം ധീമൻ! എന്നും,
നാത്ര ശങ്കാ പുണ്യനാമൻ!
വാസ്തവമോർക്കിലുദർക്കമനർഘം,
ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം.
3
പരിതാപം പോയങ്ങകന്നു, നമ്മിൽ
പരിചയവായ്പുമിയന്നു, അസ്മത്-
പരിപന്ഥികൾ പോയമർന്നു, ദൈവ-
പരിണാമം നന്നെന്നു വന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു,
പരമതുകൊണ്ടു ഞാനിന്നിതിരന്നു.
ശ്ലോകസാരം: ഭീമരാജാവ് ജാമാതാവായ നളനെ കണ്ടുകിട്ടുകയാൽ സന്തുഷ്ടചിത്തനായിത്തീർന്നു. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം നഗരം മുഴുവൻ ഉജ്ജ്വലങ്ങളായ വിശിഷ്ടരത്നങ്ങൾ പതിച്ച വലിയ കൊടിക്കൂറകളെക്കൊണ്ടും മറ്റും സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും മറയ്ക്കുന്ന രീതിയിൽ അലങ്കരിക്കപ്പെട്ടു. നേരം പുലർന്നപ്പോൾ `ഭാഗ്യംകൊണ്ട് ഇതാ ഇന്ന് നളൻ വന്നുചേർന്നു` എന്നിങ്ങനെ പ്രീതിപൂണ്ട പൗരജനങ്ങൾ പറഞ്ഞ വർത്തമാനം കേട്ട് ഋതുപർണ്ണൻ ആശ്ചര്യസന്തോഷങ്ങളോടെ പുണ്യകീർത്തിയായ നളനോടു പറഞ്ഞു.
സാരം: നിഷധരാജാവേ, ഈശ്വരകാരുണ്യം കൊണ്ടാണു നിന്നെ എനിക്കു കാണാനിടയായത്. നിന്നോടു ഞാൻ എന്തെല്ലാം അപരാധങ്ങൾ ചെയ്തുവെന്ന് എനിക്കറിയില്ല. അതോർക്കുമ്പോൾ ദുഃഖമുണ്ട്. നിന്റെ പാദം എന്റെ ശിരസ്സിൽ വയ്ക്കുക.
ഋതുപർണ്ണന്റെ സമീപത്തേയ്ക്ക് നളൻ പ്രവേശിക്കുന്നു. നളനെ വലതുവശത്തിരുത്തി, ഋതുപർണ്ണന്റെ പദം.