വല്ലഭേ, മമവാക്കു കേൾക്ക

താളം: 
കഥാപാത്രങ്ങൾ: 

ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർണ്ണന്നു നല്കീ മുഹൂർത്തേ
ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം പുക്കു സാകേതനാഥൻ,
വൈവർണ്ണ്യം നീക്കി വാണുരമണിയൊടു നളൻ കുണ്ഡിനേ മാസമാത്രം,
താവന്നിർവ്യാജരാഗം രഹസി ദയിതയോടേവമൂചേ കദാചിത്‌.

പല്ലവി:
വല്ലഭേ, മമവാക്കു കേൾക്ക നീ വനിതാരത്നമേ,

അനു.
കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ,

ച.1
കാലം കല്യാണി, മൂന്നുവർഷമായി നമ്മുടെ രാജ്യം
ഖലനനുഭവിക്കുന്നൂ കൃതഹർഷനായി
തസ്കരനായ പുഷ്കരൻ
കലി തുണയ്ക്കയാൽ ബലപുഷ്കലൻ,
കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ,
തദ്വധം ന ദുഷ്കരം.

2.
സ്വൈരം നീ വാഴ്ക താതനിലയനേ
സുതരോടും കൂടെ സുഭഗേ,
ചില ദിനമിവിടെ സുവദനേ, ഞാൻ
ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം
താവകമിഹ സദനം പ്രീതനാഗരികജനം.

അർത്ഥം: 

ശ്ലോകം:- ഇങ്ങനെയുള്ള വർത്തമാനത്തിനുശേഷം ശുഭമുഹൂർത്തത്തിൽ നളൻ ഋതുപർണ്ണനു അശ്വഹൃദയം വിദ്യ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നല്ല മനോവിഷമത്തോടെ ഋതുപർണ്ണരാജാവ് സ്വന്തം വാസസ്ഥാനത്ത് എത്തി. ദുഃഖം കൂടാതെ, നളൻ ദമയന്തിയോടൊന്നിച്ച് കുണ്ഡിനത്തിൽ ഒരുമാസത്തോളം താമസിച്ചു. അപ്പോൾ ഒരിക്കൽ കൃത്രിമമല്ലാത്ത സ്നേഹത്തോടെ നളൻ ഏകാന്തതയിൽ പത്നിയോട് ഇങ്ങനെ പറഞ്ഞു.
പദം:- അല്ലയോ സ്ത്രീരത്നമായ ഭാര്യേ, നീ എന്റെ വാക്കുകൾ കേട്ടാലും. മംഗളശീലേ, താമരയിതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവളേ, സുന്ദരിമാരുടെ കുലത്തിനു കിരീടമായുള്ളവളേ.
നല്ല ഗുണങ്ങൾ ശീലമായുള്ളവളേ മൂന്നുവർഷമായി നമ്മുടെ രാജ്യം സസന്തോഷം ആ ദുഷ്ടൻ അനുഭവിക്കുന്നു. കലിയുടെ തുണ ഉള്ളതിനാൽ ശക്തിമാനായ ആ പിടിച്ചുപറിക്കാരൻ പുഷ്കരൻ. എന്നാൽ ശക്തനായ ഞാൻ, എനിക്ക് അവന്റെ വധം ഒട്ടും ദുഷ്കരമല്ല. (അക്ഷഹൃദയവിദ്യ നേടിയതിനാൽ നളൻ ഇപ്പോൾ ഏറ്റവും ശക്തിമാനാണ്.) നീ സമാധാനത്തോടെ അച്ഛന്റെ ഗൃഹത്തിൽ മക്കളോടും കൂടെ അല്പദിനം കൂടെ കഴിയുക. ഞാൻ നിഷദപുരിയിൽ ചെന്ന് ശത്രുവിനെ കൊന്ന്, നിന്റെ വാഹനം ഞാൻ ഇങ്ങോട്ട് അയക്കാം (നിന്നെ തിരിച്ച് കൊണ്ടുവരുവാനായി). സന്തുഷ്ടരായ നഗരവാസികളെ പ്രീതിപ്പെടുത്തി നീ ഇവിടെ കഴിയുക. (അപ്പോൾ സമയം പോകുന്നതും അറിയില്ലല്ലൊ എന്ന് ധ്വനി).