ഇനി വരും കുശലങ്ങൾ
ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക
മുനിവരൻ നാരദനിതാ വരുന്നൂ;
ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ-
കണിക പിന്നെയില്ല കണികാണുവാൻ.
മനുജനായക, മുനിയെ മാനയ,
മനസി മമ കൊതി പെരുതു കേളിഹ
സരസി ചെന്നു വിരുന്നുമുണ്ടു
വരുന്നു ഞാൻ തവ പരിസരേ.
സാരം: നിനക്ക് ഇനി മേല്ക്കുമേലേ കുശലങ്ങൾ വരും. ഇതാ കാണുക, മുനിവരനായ നാരദൻ വരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുക. പിന്നെ, ദുഃഖകണികപോലും കാണുകയില്ല. രാജാവേ, മഹർഷിയെ മാനിക്കുക. പിന്നെ, എനിക്കൊരാഗ്രഹമുണ്ട്. നിന്റെ ഉദ്യാനസരസ്സിൽ ചെന്ന് വിരുന്നുണ്ട് നിന്റെ സമീപത്തു വരാം.
ആട്ടം. ഹംസത്തെ പറഞ്ഞയ്ക്കുമ്പോൾ അതോടൊപ്പം ഇടതുവശത്തുനിന്ന് നാരദൻ പ്രവേശിക്കുന്നു. നളൻ, നാരദനെ വലതുവശത്തേക്കാക്കുമ്പോൾ നാരദന്റെ പദം.