അതുച്ഛമാം ജവം
ചരണം 1:
അതുച്ഛമാം ജവം പൂണ്ടുത്പതിച്ചു കുണ്ഡിനപുരം
ഗമിച്ചു തദുപവനമതിൽ ചെന്നു വസിച്ചേൻ;
അകിൽചെങ്കുങ്കുമച്ചാറും ധരിച്ചു തോഴിമാരോടും
യദൃച്ഛയാ ദമയന്തി കളിച്ചു വന്നിതു തത്ര..
2
തടഞ്ഞുകൊള്ളുവാനെന്നോടണഞ്ഞാളങ്ങവൾ താനേ;
പിടഞ്ഞീലാ ദൃഢം ഞാനോ നടന്നേനേ സുമന്ദം;
പിണഞ്ഞു വഞ്ചനമെന്നു തിരഞ്ഞങ്ങു നടപ്പാനായ്
തുനിഞ്ഞപ്പോൾ കനിഞ്ഞൊന്നു പറഞ്ഞേൻ - ഞാനവളോടു..
3
രാജപുംഗവ, തവ വാചാ, കൗശലത്താലേ
പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ
സാരം: വേഗം പറന്നു ഞാൻ കുണ്ഡിനപുരിയിൽ ചെന്നു. അവിടെ ഉദ്യാനത്തിൽ കാത്തിരുന്നു. അപ്പോൾ അകിലും ചെങ്കുങ്കുമച്ചാറും ധരിച്ച് തോഴിമാരോടുകൂടി ദമയന്തി അവിടെയെത്തി. രാജാവേ, നീ അവശ്യപ്പെട്ടതുപോലെ കൗശലത്തിൽ ഞാൻ അവളുടെ അഭിമതം അറിഞ്ഞു. സന്ദർഭം കൊണ്ട് അറിയുകയായിരുന്നില്ല; വാക്കുകൊണ്ട് പറയിച്ച് അത് ഇളക്കി ഉറപ്പിക്കുയും ചെയ്തു. അവൾക്കു നിന്നിലാണ് ആഗ്രഹം.