അപരകുലനാമങ്ങൾ
ചരണം 1:
അപരകുലനാമങ്ങൾ കേൾപ്പതോ യോഗ്യ-
മാർത്തിഭാജി വാസ്തോഷ്പതൗ?
അഖിലഭുവനനാഥൻ വാസവൻ പറ-
ഞ്ഞഞ്ജസാ മാമയച്ചതു കേൾക്ക നീ;
അമരാംഗനമാരെയുമമരാധിപൻ വെടിഞ്ഞു
തവ ദാസനായൊഴിഞ്ഞില്ലലർബാണകോപശാന്തി..
ചരണം 2:
അനലനും നിൻഗുണങ്ങൾ കേൾക്കയാൽ
മദനാധിയിലേ വെന്തു നീറുന്നൂ
അവനിലിന്ധനമെന്നപോലവേ; ഇപ്പോൾ
അഭിമതയല്ലവനു സ്വാഹയും.
സുമബാണബാണമേറ്റു യമനും മൃതിയടുത്തൂ!
വരുണനു മാരാമയം ബഡവാമുഖാദധികം.
സാരം: ദേവേന്ദ്രനും മറ്റും ദുഃഖിതരായിരിക്കുമ്പോൾ നീ മറ്റുള്ളവരുടെ കുലവും നാമവും മറ്റും തിരക്കുന്നതു യോഗ്യമാണോ? ലോകനാഥനായ ഇന്ദ്രൻ പറഞ്ഞയച്ചത് എന്തെന്നു നീ കേൾക്കുക. ദേവേന്ദ്രൻ ദേവസുന്ദരിമാരെ ഉപേക്ഷിച്ചു കഴിഞ്ഞു. നിന്റെ ദാസനായി തീർന്നിട്ടും കാമശരങ്ങളുടെ തീക്ഷ്ണത കുറയുന്നില്ല. അഗ്നിദേവൻ നിന്റെ ഗുണങ്ങൾകേട്ട് മദനാധിയിൽ വെന്തു നീറുന്നു. അഗ്നിയിൽ ഇന്ധനം എന്നപോലെ പത്നിയായ സ്വാഹയും ഇപ്പോൾ അവന് അഭിമതയല്ല. കാമശരങ്ങളേറ്റ് യമധർമ്മനും മരണമടുത്തു. വരുണനാണെങ്കിൽ കാമതാപം ബന്ധവാമുഖത്തെക്കാളും അധികമായിരിക്കുന്നു.