ലോകപാലന്മാരേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

നവവിരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിഭുവി ദമയന്ത്യാം ജാതതാപം വസന്ത്യാം
വ്യസനമകലെയാവാന്‍ വീണിരന്നാശു ദേവാന്‍
നളനഭജത ദാവാന്നാടുപൂവാന്‍ ത്രപാവാന്‍

പല്ലവി:
ലോകപാലന്മാരേ! ലളിതമധുരാണി
വിഫലാനി വോ വരഫലാനി കാനി?

അനുപല്ലവി
ശോകകാലം മമ വന്ന നാളെന്നില്‍
ശോഭയല്ലുദാസീനതയിദാനീം.

ചരണം 1:
ദിനമനു നിങ്ങളെ ഞാന്‍ സേവിപ്പതും, വേറു-
തിരിച്ചെന്നില്‍ കൃപ നിങ്ങള്‍ ഭാവിപ്പതും,
അനുജനോടു തോറ്റുള്ളം വേവിച്ചതും, ഓര്‍ത്താല്‍
ആരോരുവന്‍ മേലില്‍ സേവിപ്പതും!

2
കരണീയം ദേവനമെന്നെനിക്കു തോന്നി, എന്നില്‍
ഭരണീയജനങ്ങള്‍ക്കും വെറുപ്പു തോന്നീ,
തരുണിയെ വിട്ടു കാട്ടിലിരിപ്പൂമൂന്നീ  -അപരി-
ഹരണീയ വിധിയന്ത്രത്തിരിപ്പുമുന്നീ.

3
പ്രതിദിനം നൈഷധന്‍ നമസ്കുരുതേ, ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ!
അതിസങ്കടചാപല്യമെനിക്കരുതേ! എന്നെ
അധീരനെന്നാരുമപഹസിക്കരുതേ!

അർത്ഥം: 

ശ്ലോകസാരം: ഭർത്താവിൽ നിന്നും വേർപാടിനെ പ്രാപിച്ചവളും, നൈഷധനെ ചിന്തിച്ചിരുന്നവളും ആയ ദമയന്തി ദുഃഖത്തോടെ ജന്മഭൂമിയിൽ കഴിഞ്ഞുകൂടുമ്പോൾ, കാട്ടിൽനിന്നും നാട്ടിലേക്കു കടക്കുന്നതിന്‌ ലജ്ജിതനായ നളൻ വേഗത്തിൽ ദുഃഖം ശമിപ്പിക്കുന്നതിനായി വീണിരന്ന്‌ ദേവൻമാരോട്‌ പ്രാർത്ഥിച്ചു.

സാരം: ലോകപാലൻമാരേ! ലളിത മധുരങ്ങളായ ഏതൊല്ലാം വരഫലങ്ങൾ വിഫലങ്ങളായിത്തീർന്നു? ഇപ്പോൾ എനിക്ക്‌ ദുഃഖകാലം വന്ന സമയത്ത്‌ എന്റെ കാര്യത്തിൽ നിങ്ങൾ കൈക്കൊണ്ടിരിക്കുന്ന ഉദാസീനത ശോഭാവഹമല്ല. (തന്നെ ആപത്തിൽ നിന്നും രക്ഷിക്കാത്തതിലുള്ള ഒരു തരം പ്രതിഷേധം ലോകം പാലിയ്ക്കുന്ന ദേവന്മാരോട് പ്രകടിപ്പിക്കുന്ന രീതിയാണ് ഈ വരികളിൽ ധ്വനിയ്ക്കുന്നത്)
ഞാൻ ദിനംതോറും നിങ്ങളെ ചിന്തിക്കുന്നതും, മറ്റു ശരണമില്ലാത്ത്‌ എന്റെ രക്ഷകന്മ​‍ാരായി നിങ്ങളെ കരുതിപ്പോരുന്നതും, അതിനുതക്കവണ്ണം നിങ്ങൾ,  എന്നിൽ വെവ്വേറെ കൃപ ഭാവിക്കുന്നതും, (എന്നാലിപ്പോൾ) അനുജനോട്‌ തോറ്റ്‌ മനസ്സ്‌ വേവിക്കുന്നതും (എല്ലാം ചേർത്ത്) ഓർത്താൽ മേലിൽ ആരാണ്‌ നിങ്ങളെ സേവിക്കുക!
ചൂതുകളിയാണ്‌ ചെയ്യുവാൻ യോഗ്യമായത്‌ എന്ന്‌ എനിക്ക്‌ തോന്നി. എന്റെ ഭരണത്തിനു കീഴിലുള്ള ജനങ്ങൾക്ക് എന്നിൽ വെറുപ്പും തോന്നി. (ഉറ്റവരേയും ഉടയവരേയും കാണാതെ ആറുമാസക്കാലം പുഷ്കരനുമായി ചൂതുകളിച്ചു എന്ന് കഥ)  യൗവന പ്രായത്തോടു കൂടിയ പത്നിയെ ഉപേക്ഷിച്ച്‌ കാട്ടിൽ ഇരിപ്പുറപ്പിച്ചു.  ഇങ്ങനെ എന്റെ ദുരവസ്ഥയെ ചിന്തിക്കുന്ന പക്ഷം, ആരാലും പരിഹരിക്കപ്പെടാൻ സാദ്ധ്യമല്ലാത്ത വിധിയാകുന്ന യന്ത്രത്തിന്റെ കീഴ്മേലായുള്ള കറക്കം ഉറച്ചു. (എല്ലാം വിധി തന്നെ എന്ന് സമാധാനിക്കുകയാണ് നളൻ)
നിഷധേശൻ ദിനംതോറും നിങ്ങളെ നമസ്ക്കരിക്കുന്നു.  ഭർത്താവിനെ ഈശ്വരനായി കരുതുന്നവൾക്ക്‌ (ദമയന്തിയ്ക്ക്) ദുഃഖം വരുത്തരുതേ. അത്യധികമായ സങ്കടത്തിലും എന്റെ മനസ്സിന്‌ ചാഞ്ചല്യം ഉണ്ടായിത്തീരരുതേ. (ചീത്തത്തം ഒന്നും തോന്നിയ്ക്കരുതേ എന്ന് വിവക്ഷ) ആരും എന്നെ അധീരനെന്നു പരിഹസിക്കുവാൻ ഇടയാക്കരുതേ.