നീയും നിന്നുടെ തരുണിയും
നീയും നിന്നുടെ തരുണിയും അഭിപ്രായാനുകൂലമമായം
പലർകൂടിക്കളിയാടി ത്തളിർചൂടി സുഖമായി
വനംതേടി ക്രീഡയാ നടന്നളവിലങ്ങവളെ
വെടിഞ്ഞാനോ നടന്നാനോ? സ്മയവാനോ ധൃതിമാനോ?
നീ താനേ പിന്നെക്കിടന്നതു നിനച്ചഴൽ വഹസി വിലപസി.
സാരം: നീയും നിന്റെ ഹൃദയഹാരിണിയായ ആ യുവതിയും, ഇരുവരുടെയും അഭിപ്രായത്തിനു യോജിച്ച വണ്ണം, യാതൊരു വ്യാജവും ഇല്ലാതെ പലരും കൂടി ക്രീഡിച്ച് മാന്തളിർ ചൂടി കാട്ടിൽ നടക്കുമ്പോൾ അവളെ ഉപേക്ഷിച്ചുവോ? തന്റെ വഴി നോക്കി നടന്നുവോ? ഗർവോടു കൂടിയവനാണോ? ധൈര്യത്തോടു കൂടിയവനാണോ? പിന്നെ അതു വിചാരിച്ച് ദുഃഖിക്കുന്നു! കരയുന്നു! ആദ്യമേ കരുതണമായിരുന്നു എന്നു വ്യംഗ്യം.
പദശേഷം ഇതാ നേരം പുലർന്നു എന്നുകാണിച്ച് ബാഹുകനും ജീവലവാർഷ്ണേയന്മാരും രംഗം വിടുന്നു.