മറിമാൻകണ്ണി മൗലിയുടെ
സുദേവോക്താ വാണീ സ്വദയിതതമോദന്തപിശുനാ
സുധാമിശ്രാ പൂർവ്വം ശ്രവസി വിഷധാരേവ പതിതാ
അഥോൽക്കേവാസഹ്യാ ന്യപതദൃതുപർണ്ണസ്യ ച ഗിരാ
തതശ്‌ചിന്താമാപത്തരളഹൃദയോ ബാഹുക ഇമാം.
ബാഹുകൻരങ്ഗത്തിന്റെനടുവിലിരുന്നുകൊണ്ട്
ആത്മഗതം
പല്ലവി:
മറിമാൻകണ്ണിമൗലിയുടെ മറിവാർക്കിതറിയാം!
അനുപല്ലവി:
ഒരുമയായ് രമിച്ചിരുന്നൊരു മയാ അപരാധം
അവശം ചെയ്യപ്പെട്ടതോർത്താൽ
വിധുരം നിതരാം ചെയ്‌വാനോ?
ചരണം 1:
ആർത്തി പാരം വരുന്നേരം ഓർത്തുചൊല്ലുമോരോന്നേ
പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവന്മാരെത്തുകിലും
തീർത്തുചൊല്ലാം, നിന്ദ്യകർമ്മം താർത്തേൻമൊഴിചെയ്കയില്ല.
2.
അനവധി മമ പുനരപരാധം,
അതിനിതു സമുചിതമതിവാദം,
അഴൽ മനമതിലെഴുമൊരുപോതങ്ങവൾ പറകിലാമേ;
അതൊഴികെ അനുചിതമൊരുനാളും
അപഥിഷു മതിഗതി അവൾക്കില്ല
അതിപരിചിതമെനിക്കവൾശീലം;
അലമലമതിചലവിലപിതവിലസിതമിതു നൂനം.
ശ്ലോകസാരം: സുദേവനാൽ പറയപ്പെട്ട തന്റെ ദയിതയുടെ വൃത്താന്തസൂചകമായ വാക്ക് അമൃതം കലർന്ന വിഷധാരപോലെ ചെവിയിൽ പതിച്ചു. പിന്നീട് ഋതുപർണ്ണന്റെ വാക്ക് അസഹ്യമായ ഉല്ക്കപോലെ വീണു. തുടർന്ന് ചഞ്ചലചിത്തനായ ഈ ബാഹുകൻ ഇവ്വണ്ണമുള്ള ചിന്തയെ പ്രാപിച്ചു.