ബകവധം

ആട്ടക്കഥ: 
തമ്പുരാന്‍റെ നാലു കഥകളിലുംവെച്ച് ലാളിത്യഗുണം വിശേഷിച്ച് ഈ കഥയ്ക്കുണ്ട്.

കഥസംഗ്രഹം 

ഇതിവൃത്തം: മഹാഭാരതം സംഭവപര്‍വ്വത്തില്‍നിന്ന്. 
പാണ്ഡവൻമാരുടെ പുറപ്പാടോടുകൂടി കഥ തുടങ്ങുന്നു. 
ഒന്നാം രംഗത്തിൽ, തന്‍റെ മക്കളും പാണ്ഡവന്മാരുമായി വര്‍ദ്ധിച്ചുവരുന്ന മത്സരം കണ്ടറിഞ്ഞ് ധൃതരാഷ്ട്രന്‍ അവരെ അകറ്റിയിരുത്തുന്നതാണ് ക്ഷേമം എന്നു കരുതി ധര്‍മ്മപുത്രനോട് വാരണാവതമെന്ന ദിക്ക് സുഖവാസത്തിന്‌ പറ്റിയ സ്ഥലമാണെന്നും അവിടെ അമ്മയോടും അനുജന്മാരോടും കൂടി പാര്‍ക്കുവാന്‍ വിശേഷപ്പെട്ട ഒരു ഭവനം പണിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജനങ്ങള്‍ക്കു പാണ്ഡവരോടു സ്നേഹ വിശ്വാസങ്ങള്‍ ഏറെയുണ്ടെന്നു കണ്ടു അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍റെ നിര്‍ബ്ബന്ധത്താലാണ് അദ്ദേഹം ഈ ഉപദേശം ചെയ്തത്‌. പിതൃതുല്യനായ ധൃതരാഷ്ട്രന്‍റെ ഹിതം ചെയ്യേണ്ടത് തന്‍റെ കര്‍ത്തവ്യമാണെന്നുറച്ച് ധര്‍മ്മപുത്രന്‍ അമ്മയോടും അനുജന്മാരോടും കൂടി വാരണാവതത്തിലെത്തി. 
രണ്ടാം രംഗത്തിൽ, വാരണാവതത്തിൽ ദുര്യോധനന്‍റെ കിങ്കരനായ പുരോചനന്‍ പാണ്ഡവരേയും കുന്തിയേയും  ആശ്രിതഭാവത്തില്‍ സ്വാഗതംചെയ്തു പുതിയ ഭവനത്തിലേക്ക്‌ ആനയിച്ചു. ധൃതരാഷ്ട്രരുടെ കൽ‌പ്പന പ്രകാരം ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക് നല്ലതല്ലാതെ ഒന്നും വരികയില്ല എന്ന് സ്വയം സമാധാനിച്ച് ധർമ്മപുത്രരും കൂട്ടരും അവിടെ താമസം തുടങ്ങുന്നു.
രംഗം മൂന്ന്. അരക്ക് മുതലായ തീപ്പിടിക്കുന്ന വസ്തുക്കളെക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ഭവനം പാണ്ഡവന്മാരെല്ലാം അപകടമൊന്നും ശങ്കിക്കാതെ കിടന്നുറങ്ങുമ്പോള്‍ കൊള്ളിവെക്കണമെന്നായിരുന്നു പുരോചനന്‍റെ ഉദ്ദേശ്യം; ഈ വസ്തുതയറിഞ്ഞ വിദുരന്‍ ഒരു ഖനകനെ (കുഴിക്കുന്നവന്‍-കളിയില്‍ "ആശാരി") ഗൂഢമായി പാണ്ഡവരുടെ അടുക്കലേക്കയക്കുകയും അവന്‍ അവരോടു ദുരോധനന്‍റെ ചതിപ്രയോഗവും അതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ഗൂഢമായ ഒരു തുരങ്കം നിർമ്മിയ്ക്കുന്നു. ആശാരി സംമാനവും വാങ്ങി പോകുന്നു. ആശാരി യാത്രപോയ ശേഷം ഭീമന്‍  വീണ്ടും രംഗത്തിലേക്ക് തിരിഞ്ഞ് മലര്‍ത്തിയ ഇടം കയ്യും ഗദപിടിച്ച വലത്തെ കയ്യും മാറിനടുത്ത് മടക്കി പിടിച്ച് രദ്രഭാവത്തോടെ ഭീമന്‍ ദുര്യോധനനേയും കൂട്ടരേയും വധിക്കുവാന്‍ ധര്‍മ്മപുത്രരുടെ അനുവാദം ചോദിക്കുന്നു. ധര്‍മ്മപുത്രരാകട്ടെ സാഹസം ചെയ്യരുത് എന്ന് ഭീമനെ ഉപദേശിക്കുന്നു. അർജ്ജുനനും കൗരവാദികളോടുള്ള തന്റെ ദേഷ്യം ധർമ്മപുത്രരോട് പറയുന്നു. ഈ വസതി കത്തിച്ച് ദൂരെ പോകാം എന്നും അഭിപ്രായപ്പെടുന്നു.
രംഗം നാലിൽ വായുപുത്രനായ ഭീമന്‍ അര്‍ജ്ജുനന്‍റെ വാക്കുകളാല്‍ പ്രചോദിതനായി അരക്കില്ലത്തിനു തീ കൊടുത്ത്‌ ഗുഹാ മാര്‍ഗ്ഗത്തിലൂടെ അമ്മയോടും സഹോദരന്മാരോടും കൂടി ഗംഗാ നദി കടന്ന് ഹിഡിംബ വനത്തില്‍ എത്തിച്ചേര്‍ന്നു. ദുഷ്ടനായ പുരോചനന്‍ അരക്കില്ലത്തിൽ കിടന്നു വെന്തുമരിച്ചു. കുന്തിയും മക്കളും ബകവനത്തിലേക്ക് യാത്ര ആവുന്നു. പുത്രന്മാരുടെ മുഖത്ത് നോക്കി എല്ലാവര്‍ക്കും ശോകം ഭവിച്ചത് കഷ്ടം തന്നെ എന്ന് പറഞ്ഞ് തനിക്ക് ദാഹം തോന്നുന്നതായി ഭീമസേനനെ അറിയിക്കുന്നു. ഭീമന്‍ കുന്തിയെയും സഹോദരന്മാരേയും മുന്നില്‍ കണ്ട ഒരു പേരാലിന്‍ ചുവട്ടില്‍ ഇരുത്തി  വെള്ളം തേടി പോകുന്നു. 
രംഗം അഞ്ച്. ഭീമന്‍ അമ്മയെയും സഹോദരന്മാരേയും പേരാലിന്‍റെ ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടതിനുശേഷം സരസ്സില്‍ പോയി താമരയിലയില്‍ വെള്ളവുമായി തിരിച്ചെത്തുന്നു. ആല്‍ച്ചുവട്ടില്‍ തളര്‍ന്നുറങ്ങുന്ന സഹോദരന്മാരെക്കണ്ട് ദു:ഖവും കൌരവരോട് കോപവും വന്നു നടത്തുന്ന ആത്മഗതമാണ് ഈ രംഗം.
രംഗം ആറിൽ ഭീമസേനന്റെ ബാഹുബലത്തില്‍ ആശ്വാസം കൊണ്ടു യുധിഷ്ഠിരന്‍ മുതലായവര്‍ ഉറക്കം പൂണ്ടപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന ഹിഡിംബന്‍ ഈ മര്‍ത്ത്യര്‍ ആരെന്നറിയാഞ്ഞു ക്രോധത്തോടെ സ്വന്തം സഹോദരിയായ ഹിഡിംബിയോട് അവരെ പിടിച്ചുകൊണ്ട് വന്ന് പ്രാതലിനായി തരാൻ ആവശ്യപ്പെടുന്നു. ഹിഡുംബി അപ്രകാരം ചെയ്യാനായി നിഷ്ക്രമിക്കുന്നു. 
രംഗം ഏഴിൽ ഹിഡിംബന്റെ ആജ്ഞപ്രകാരം പാണ്ഡവരെ കൊല്ലാനായി പുറപ്പെട്ട ഹിഡിംബി ഭീമസേനനെ കണ്ടപ്പോള്‍ കാമാപരവശയാകുന്നു. അവള്‍ സുന്ദരീരൂപം ധരിച്ചു ഭീമന്റെ സമീപത്തുചെന്ന് തന്റെ ആഗമനോദ്ദേശം അറിയിക്കുന്നു. താന്‍ രാക്ഷസനായ ഹിഡിംബന്റെ സഹോദരി ഹിഡിംബിയാണെന്നും സഹോദരന്റെ ആജ്ഞ പ്രകാരം പാണ്ഡവരെ കൊല്ലാന്‍ വേണ്ടിയാണ് വന്നതെന്നും പറഞ്ഞു. ഭീമനോടു തനിക്ക് അനുരാഗം തോന്നുകയാല്‍ വധ ശ്രമം ഉപേക്ഷിച്ചു എന്നും, രാക്ഷസനായ ഹിഡിംബന്‍ വരുന്നതിനു മുമ്പ് രണ്ടുപേര്‍ക്കും എവിടെക്കെങ്കിലും പോകാം എന്നും പറയുന്നു. എന്നാല്‍ ഭീമനാകട്ടെ, തന്റെ അഗ്രജനായ ധര്‍മ്മജന്‍ വിവാഹം ചെയ്തിട്ടില്ലാത്തതിനാല്‍ താന്‍ വിവാഹം ചെയ്യുന്നത് ഉചിതമല്ലെന്നും  ഉറങ്ങിക്കിടക്കുന്ന ഇവരെ ഉപേക്ഷിക്കുന്നത് തെറ്റാണെന്നും പറയുന്നു. ഈ സമയത്ത് ഹിഡിംബന്‍ അവിടെ വരികയും ലളിത വേഷ ധാരിണിയായ ഹിഡിംബിയെക്കണ്ട് കോപാകുലനാവുകയും ചെയ്യുന്നു. മനുഷ്യനെ കാമിച്ച ഹിഡിംബിയെയും, ഭീമസേനേയും അധിക്ഷേപിച്ച ഹിഡിംബനെ ഭീമന്‍ പോരിനു വിളിക്കയും യുദ്ധത്തില്‍ അവനെ വധിക്കയും ചെയ്യുന്നു. ഭീമസേനന്‍ ഹിഡിംബനെ കൊന്ന ഉടന്‍തന്നെ കുന്തീദേവിയും പുത്രന്മാരും ഞെട്ടിയുണര്‍ന്നു. വിജയലക്ഷ്മിയോ എന്ന് തോന്നുമാറുള്ള ഹിഡിംബിയോടു കൂടിയ ഭീമസേനനെ കണ്ടു അവര്‍ വിസ്മയിച്ചു. 
രംഗം എട്ടിൽ ഹിഡിംബന്റെ മരണാനന്തരം ഒരു ദിവസം വ്യാസമഹര്‍ഷി  അവിടെ വരികയും പാണ്ഡവര്‍ ഹിഡിംബിയോട് കൂടി അദ്ദേഹത്തെ നമസ്കരിച്ചു കുശലപ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അരക്കില്ലത്തില്‍ താമസിച്ചതും വിദുരന്റെ കൃപയാല്‍ അവിടെ നിന്ന് രക്ഷപ്പെട്ടതും കാട്ടില്‍ വന്നതുമായ കാര്യങ്ങള്‍ ഭീമന്‍ വ്യാസനോടു പറയുന്നു. വ്യാസനാകട്ടെ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ബന്ധുവായി വരുമെന്നും വിഷമിക്കേണ്ട ആവശ്യമില്ലെന്നും ആശ്വസിപ്പിക്കുന്നു. ഭീമസേനനോട് ഹിഡുംബിയെ സ്വീകരിക്കാനും അവള്‍ക്ക് ഒരു പുത്രനുണ്ടാകുന്നതുവരെ അവളെ അനുസരിക്കാനും പറഞ്ഞ് അനുഗ്രഹിച്ചു യാത്രയാകുന്നു. 
രംഗം ഒമ്പതിൽ ഭീമനും ഹിഡിംബിയും തമ്മിലുള്ള പ്രേമസല്ലാപമാണ്. ബാലേ വരിക.., കോലാഹലമോടു നല്ല.., ചെന്താർബാണ മണിച്ചെപ്പും തുടങ്ങിയ പ്രസിദ്ധ പദങ്ങൾ ഈ രംഗത്താണ്. വേദവ്യാസ മഹര്‍ഷിയുടെ ഉപദേശത്താല്‍ സംശയമെല്ലാമകന്നു കര്‍ത്തവ്യബോധമുദിച്ച ഭീമസേനന്‍ ക്ഷണത്തില്‍ യൌവ്വനപൂര്‍ത്തി വന്ന ഘടോല്‍ക്കചന്‍ എന്ന പുത്രനെ ഹിഡിംബിയില്‍ ഉത്പാദിപ്പിച്ചു.
രംഗം പത്തിൽ ഘടോല്‍കചന്‍ ജനിച്ചയുടന്‍ തന്നെ അവന് യൌവ്വനപൂര്‍ത്തി വരികയും ഭീമസേനനെ വന്ദിച്ച് അമ്മയായ ഹിഡിംബിയോടൊപ്പം യാത്രയാവാന്‍ അനുമതി ചോദിക്കുകയും ചെയ്തു. ഭീമന്‍ യാത്രാനുമതി നല്‍കുകയും ചെയ്തു. ഘടോല്‍ക്കചനാകട്ടെ മനസ്സില്‍ വിചാരിക്കുന്ന സമയത്തുതന്നെ വന്നു കണ്ടുകൊള്ളാം എന്നു പറഞ്ഞ് യാത്രയായി.
ഘടോല്‍ക്കചന്‍ അമ്മയുമൊരുമിച്ച് പോയതിനുശേഷം പാണ്ഡവര്‍ ബ്രാഹ്മണ വേഷം ധരിച്ച് ഏകചക്രയില്‍ ചെന്ന് ഭിക്ഷാവൃത്തിയോടെ സസുഖം വസിച്ചു.
രംഗം പതിനൊന്ന്. പാണ്ഡവന്മാര്‍ അങ്ങിനെ ബ്രാഹ്മണ വേഷം  ധരിച്ച് ഏകചക്രയില്‍ ബ്രാഹ്മണര്‍ക്കൊപ്പം താമസം തുടങ്ങി. പതിവ് പ്രകാരം രാക്ഷസനായ ബകന് ചോറ് കൊണ്ടുക്കൊടുക്കേണ്ട ഊഴം കൈവന്ന ഒരു ബ്രാഹ്മണന്‍ തന്റെ പത്നിയെയും മക്കളെയും അടുത്തിരുത്തി തങ്ങളുടെ ദുര്‍വ്വിധിയോര്‍ത്തു വിലപിക്കുന്നതാണ് ഈ രംഗം.
രംഗം പന്ത്രണ്ടിൽ ബ്രാഹ്മണന്റെ ദു:ഖം കണ്ടിട്ട് കുന്തീദേവി അടുത്തുചെന്ന് കാര്യം അന്വേഷിക്കുന്നു. ബ്രാഹ്മണന്‍ ബകന് ഭക്ഷണം കൊണ്ടുപോകാന്‍ എന്നെയല്ലാതെ ആരെയും കാണുന്നില്ലെന്ന് പറഞ്ഞ് കരയുന്നു. കുന്തീദേവി, തനിക്ക് ബലവാനായ ഒരു പുത്രനുണ്ടെന്നും  അവനെ ബകന്റെ അടുക്കല്‍  അയക്കാം എന്നും പറഞ്ഞ് ബ്രാഹ്മണനെ സമാശ്വസിപ്പിക്കുന്നു.
രംഗം പതിമൂന്നിൽ ബ്രാഹ്മണനെ ആശ്വസിപ്പിച്ച കുന്തിക്കരികിലേക്ക് ഭീമസേനന്‍ വരുന്നു.ബ്രാഹ്മണനോട് പറഞ്ഞ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഭീമന്‍ ചോദിച്ചറിയുന്നു.  ചോറും കറികളും കൊണ്ടുപോയി ബകനെ കൊന്ന് ബ്രാഹ്മണരുടെ ദു;ഖം മാറ്റാന്‍കുന്തീദേവി ഭീമനോട് പറഞ്ഞു. ഭീമന്‍ കുന്തീദേവിയുടെ ആജ്ഞ ശിരസാ വഹിക്കുന്നു. 
രംഗം പതിന്നാലിൽ അമ്മയുടെ വാക്കുകള്‍ കേട്ട ഭീമന്‍ ബ്രാഹ്മണന്റെ അടുത്തു ചെന്ന്  ബകന് ചോറ്‌ കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്നും അവനെ കൊന്നുവരാം എന്നും പറയുന്നു. ചോറും കറികളും ഒരുക്കിവക്കാന്‍ പറയുന്നു. ബ്രാഹ്മണന്‍ ചോറ്കൊണ്ടുപോകാനുള്ള വണ്ടി ഭീമന് കാണിച്ചു കൊടുക്കുന്നു. എല്ലാ കറികളുമായി പോയി വരാന്‍ പറയുന്നു. ബകന്റെ കാട്ടിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് ഭീമനെ അനുഗ്രഹിക്കുന്നു.
രംഗം പതിനഞ്ചിൽ ബ്രാഹ്മണര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച ഭീമസേനന്‍ ചോറും കറികളും നിറച്ച വണ്ടിയില്‍ കയറി ബകവനത്തിലേക്ക് യാത്രയാകുന്നു. ബ്രാഹ്മണന്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ട് ബകവനമാണെന്നുറപ്പിച്ച് ബകനെ പോരിനു വിളിക്കുന്നു. അതിനുശേഷം ബകന്റെ ഗുഹയുടെ മുന്നില്‍ ഇരുന്ന്, കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുന്നു.
രംഗം പതിനാറിൽ ഭീമന്‍ താന്‍ കൊണ്ടുവന്ന ചോറും കറികളും ഭക്ഷിക്കാന്‍ തുടങ്ങവേ, ബകന്‍ വിശപ്പ്‌ സഹിക്കാതെ ദേഷ്യത്തോടെ കഠോരമായി അട്ടഹസിച്ചുകൊണ്ട് ഭീമന്‍റെ നേരെ പാഞ്ഞടുക്കുന്നു. ഭീമനും ബകനും തമ്മില്‍ വാഗ്വാദം തുടരുകയും ഒടുവില്‍ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. തന്റെ ഗദകൊണ്ട് ബകന്റെ മാറില്‍ ശക്തിയായി താഡനം ഏല്‍പ്പിച്ച് ഭീമന്‍ അവനെ നിഗ്രഹിക്കുന്നു. ബകന്‍ മരിച്ചതറിഞ്ഞ ബ്രാഹ്മണര്‍ ഭീമനെ അനുഗ്രഹിക്കുന്നു. ഇതോടേ ബകവധം ആട്ടക്കഥ സമാപിക്കുന്നു.
 

മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍ 

പുരാണത്തില്‍നിന്നു വലിയ മാറ്റമൊന്നും ആട്ടക്കഥയില്‍ ഇല്ല. എന്നാല്‍ ഭാരതത്തില്‍ പ്രസ്താവിച്ച നിഷാദിയും മക്കളും ആട്ടക്കഥയില്‍ വിട്ടിരിക്കുന്നു. അരക്കില്ലത്തില്‍ വസിക്കുന്നകാലത്ത് ദുഷ്ടനായ ദുര്യോധന്റെ ദുഷ്വിത്തികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവനെ വധിക്കാന്‍ അനുമതി തരണമെന്ന് ഭീമന്‍ ധര്‍മ്മപൂത്രനോട് ആവശ്യപ്പെടുന്നതായി മൂലത്തില്‍ പ്രസ്താവാന ഇല്ല. കുന്തിയുടെ അനുമതിയോടെയുള്ള ധര്‍മ്മപുത്രന്റെ നിദ്ദേശ്ശാനുസരണം ഹിഡിംബിയെ ഭീമന്‍ സ്വീകരിച്ചു എന്നാണ് മൂലത്തില്‍ കാണുന്നത്. ഭാരതത്തില്‍ ഘടോത്കചനും ഹിഡിംബിയും പിരിഞ്ഞതിനു ശേഷമാണ് വേദവ്യാസന്‍ പാണ്ഡവരുടെ സമീപമെത്തുന്നത്. തുടര്‍ന്ന് വ്യാസനാണ് അവരെ ഏകചക്രയീല്‍ കൊണ്ടുപോയി വസിക്കൂവാന്‍ ഏര്‍പ്പാട് ചെയ്യുന്നതും. 
 

രംഗങ്ങളും അവതരണരീതിയും

പുറപ്പാട്-പഞ്ചപാണ്ഡവന്മാര്‍ രംഗം 1 . ധൃതരാഷ്ട്രന്‍, ധര്‍മപുത്രന്‍; രംഗം 2 .ധര്‍മപുത്രന്‍, പുരോചനന്‍; രംഗം 3 . ധര്‍മപുത്രന്‍, ആശാരി, ഭീമന്‍, അര്‍ജ്ജുനന്‍; രംഗം 4 . കുന്തി, [ധര്‍മപുത്രന്‍] ഭീമന്‍, [അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍]; രംഗം 5 . ഭീമന്‍, [കുന്തിയും പാണ്ഡവരും]; രംഗം 6 . ഹിഡിംബന്‍, ഹിഡിംബി; രംഗം 7 . ലളിത, ഭീമന്‍, ഹിഡിംബന്‍; രംഗം 8 . വ്യാസന്‍, ഭീമന്‍; രംഗം 9 . ഭീമന്‍, ലളിത; രംഗം 10 . ഘടോല്ക്കചന്‍, ഭീമന്‍, ലളിത; രംഗം 11 . ബ്രാഹ്മണനും പത്നിയും; രംഗം 12 . കുന്തി, ബ്രാഹ്മണന്‍; രംഗം 13 . ഭീമന്‍, കുന്തി; രംഗം 14 . ഭീമന്‍, ബ്രാഹ്മണന്‍; രംഗം 15 . ഭീമന്‍; ബകവധം കഴിഞ്ഞ ഉടനെ (താടിക്ക് എഴുന്നേറ്റ് പോകാന്‍) തിരശ്ശീല വേണമെങ്കിലും ബ്രാഹ്മണര്‍ പ്രവേശിക്കുന്നത് ഒരു പ്രത്യേക രംഗമായി കവി കല്പിച്ചിട്ടില്ല- പതിവുപോലുള്ള ശ്ലോകമില്ല-ഭീമന്‍ ധനാശി തൊഴുന്നു. 1 ധൃതരാഷ്ട്രന്‍ പച്ച ɪɪ ചുട്ടിയുടെ സ്ഥാനത്തു നീണ്ട കറുത്ത താടി 2 ധര്‍മ്മപുത്രന്‍ പച്ച ɪɪ 3 പുരോചനന്‍ മിനുക്ക്‌ കുട്ടി ദൂതന്‍ പോലെ 4 ആശാരി മിനുക്ക്‌ ɪɪ ചടങ്ങില്‍ പ്രത്യേക അഭ്യാസം വേണം 5 ഭീമന്‍ പച്ച ɪɪ, കുട്ടി 5 ഭീമന്‍ പച്ച ɪ വ്യാസന്‍ മുതല്‍ 6 അര്‍ജ്ജുനന്‍ പച്ച കുട്ടി 7 കുന്തി സ്ത്രീ രണ്ടാം സ്ത്രീ 8 ഹിഡിംബന്‍ കത്തി ɪɪ 9 ഹിഡിംബി കരി രണ്ടാം താടി 9 ,, ലളിത സ്ത്രീ ഒന്നാം സ്ത്രീ 10 വ്യാസന്‍ മഹര്‍ഷി ɪɪ 11 ഘടോല്ക്കചന്‍ കത്തി കുട്ടി 12 ബ്രാഹ്മണന്‍ മിനുക്ക്‌ ɪɪ 13 ബ്രാഹ്മണസ്ത്രീ ɪɪ, കുട്ടി 14 ബകന്‍ ചുവന്ന താടി ഒന്നാം താടി 15, 16 ബ്രാഹ്മണന്‍ കുട്ടി 4 -ഉം 5 -ഉം രംഗങ്ങളില്‍ നകുല സഹദേവന്മാരും വേണ്ടതാണ്-അവര്‍ക്കൊന്നും ആടാനില്ലെങ്കിലും. ബ്രാഹ്മണ പത്നിക്ക്‌ സ്ത്രീ വേഷം കെട്ടാതെ തല മൂടിപ്പുതച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്-ബ്രാഹ്മണ സ്ത്രീയായതുകൊണ്ടും ഏറെ ആടുവാനില്ലാത്തതിനാലും അങ്ങനെയാക്കിയാല്‍ തെറ്റില്ല. ആദ്യവസാനം ഭീമനാണ്. എന്നാല്‍ മുഴുവന്‍ കളിക്കുമ്പോള്‍ ഹിഡിംബവധം കഴിയുന്നതുവരെ ഇടക്ക്‌ (വ്യാസന്‍റെ രംഗം കൂടി) ഭീമന്‍ ഇടത്തരമായിരിക്കും. ഇങ്ങനെ ഒന്നാംതരം ആദ്യവസാനത്തിനും ഒന്നാംതരം സ്ത്രീവേഷത്തിനും ഒന്നാംതരം താടിക്കും ഒന്നാംതരം കുട്ടിത്തരത്തിനും (പുരോചനന്‍, ഘടോല്ക്കചന്‍) വകയുള്ള കഥയാണ് ബകവധം. 
 

പ്രത്യേകത

സാമാന്യം മറ്റു കോട്ടയം കഥകളെപ്പോലെ വീരരസപ്രധാനമാണെങ്കിലും ശൃംഗാര കരുണങ്ങള്‍ക്കും ഏതാണ്ട് അത്രതന്നെ പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ കഥയില്‍. ആശാരിയെപ്പോലെ ഒരു വിനോദപാത്രം വേറൊരു കഥയിലും കാണുകയില്ല. എന്നാല്‍ ഗൌരവമായ ഒരു സന്ദേശം വഹിച്ചുവരുന്ന ആശാരി വിദ്ദ്യുജ്ജിഹ്വനെപ്പോലെ ഒരു കോമാളിയല്ല-മാത്രമല്ല ആശാരി കെട്ടി ഫലിപ്പിക്കുവാന്‍ അതിന്‍റെ ചടങ്ങുകളില്‍ പ്രത്യേക പരിശീലനവും നല്ല മെയ്യും കൂടി വേണ്ടിയിരിക്കുന്നു. കുട്ടിത്തരം കത്തി ഉത്ഭവത്തിനു പുറമെ സൌഗന്ധികത്തിലും ബകവധത്തിലും മാത്രമേ ഉള്ളൂ.

ലളിത ഭീമനെസമീപിക്കുന്ന ‘മാരസദ്യശ’ എന്ന പദം മുതല്‍ ഘടോല്‍ക്കചന്റെ രംഗംവരേയുള്ള ഭാഗങ്ങള്‍ ചൊല്ലിയാട്ട പ്രധാനങ്ങളാണ്. രാഗാലാപനത്തോടെ ആരംഭിക്കുന്ന സാരിനൃത്തം, വിളംബകാലത്തിലുള്ളതും പതിഞ്ഞ ഇരട്ടിനൃത്തങ്ങളോടു കൂടിയതുമായ ‘മാരസദ്യശ’ എന്ന പദത്തിന്റെ അവതരണം‍, ഭീമന്‍ വ്യാസനെ വണങ്ങുന്ന ‘താപസകുലതിലക’ പതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം,. ‘ബാലേവരിക’ എന്ന പതിഞ്ഞപദത്തിന്റെ അവതരണം, ‘ചെന്താര്‍ബാണ’ എന്ന ചരണാത്തെ തുടര്‍ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്‍ ഭീമന്‍ ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണം, ഘടോല്‍ക്കചന്റെ എടുത്തുകലാശത്തോടെയുള്ള പ്രവേശം, നിര്‍ഗ്ഗമനത്തില്‍ ‘സൂചിക്കിരിക്ക’ലോടുകൂടിയ  നാലിരട്ടികലാശം എന്നീ പ്രത്യേകതകള്‍ കളരിച്ചിട്ടയുടെ സൌന്ദര്യം തികഞ്ഞ അവതരണ സങ്കേതങ്ങളാണ്.
നാട്ട്യധര്‍മ്മി വിടാതെ ലോകധര്‍മ്മി കലര്‍ത്തിയുള്ള അനേകം പ്രത്യേകതകളുള്ള അവതരണപ്രകാരമാണ് ആശാരിക്കുള്ളത്. ആശാരിയുടെ പദത്തിന്റെ ഇടക്കലാശങ്ങളും പ്രത്യേകതകളുള്ളതാണ്. 
 

ഇപ്പോള്‍ നിലവിലുള്ള അവതരണരീതി

*രംഗം മൂന്നാം രംഗവും(ആശാരിയുടെ പ്രവേശം മുതല്‍ നിഷ്ക്രമണം അവരെയുള്ള ഭാഗം മാത്രം), 7മുതല്‍ 16വരെയുള്ള രംഗങ്ങളുമാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിച്ചുവരുന്നത്.
*ആദ്യ 2രംഗങ്ങളും, 4,5,6രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.

 

അനുബന്ധ വിവരം: 

ഒരു രാത്രി കളിക്കാനുണ്ട്. എന്നാല്‍ ബ്രാഹ്മണന്‍റെ (പതിനൊന്നാം) രംഗം മുതല്‍ ആടുകയാണെങ്കില്‍ 2 മണിക്കൂര്‍ മതിയാകും. ഒമ്പതാം രംഗം (പതിഞ്ഞ പദം) മുതല്‍ക്കാണെങ്കില്‍ മൂന്നര മണിക്കൂര്‍. അടുത്തകാലത്തായി ആദ്യത്തെ രണ്ടു രംഗങ്ങള്‍ ലുപ്തപ്രചാരമായിരിക്കുന്നു. തിരുവിതാങ്കൂറില്‍ ആ രംഗങ്ങള്‍ തീരെ പതിവില്ല. കാലകേയവധത്തില്‍ സലജ്ജോഹം ആടുന്നതില്‍ പേരെടുത്തിരുന്ന കാവുങ്ങല്‍ വലിയ ചാത്തുണ്ണിപ്പണിക്കര്‍ "തുഹിനകരകുലാവതംസമേ" എന്ന് ആടുന്നതിലും പ്രസിദ്ധനായിരുന്നു. ആദ്യവസാനമല്ലെങ്കിലും ധര്‍മ്മപുത്രന്‍റെ വേഷത്തിന്നു പ്രാധാന്യമുണ്ടായിരുന്നു. മിക്കപ്പോഴും ഒടുവിലത്തെ രംഗം വധത്തോടുകൂടി കഴിയും. ബ്രാഹ്മണര്‍ അപൂര്‍വ്വമായേ ഉണ്ടാവൂ.

ആദ്യവസാനമായ ഭീമന്‍ (രംഗം ഒമ്പത് മുതല്‍) കെട്ടുന്നതില്‍ കടത്തനാട്ട് കുഞ്ഞിക്കുട്ടി നായര്‍, പുറ്റാടന്‍ അനന്തന്‍ നായര്‍, പള്ളിച്ചാല്‍ കൃഷ്ണന്‍ നായര്‍, കാവുങ്കല്‍ രാവുണ്ണിപ്പണിക്കര്‍, ഇട്ടിരാരിച്ചമേനോന്‍, കോറണാത്ത് അച്ചുതമേനോന്‍, കേശവക്കുറുപ്പ്, പട്ടിയ്ക്കാന്തൊടി രാവുണ്ണിമേനോന്‍, കരുണാകര മേനോന്‍, കാവുങ്കല്‍ ശങ്കരപ്പണിക്കര്‍, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, കീരിക്കാട്ട് കൊച്ചുവേലുപിള്ള എന്നിവരെല്ലാം പേരെടുത്തവരാണ്. ആശാരിയുടെ വേഷത്തിന് പേരെടുത്തവരാണ് തെക്കുമ്പുറത്തെ ഗോവിന്ദപ്പണിക്കര്‍, അരിമ്പൂര്‍ രാമന്‍ മേനോന്‍, കോപ്പന്‍നായര്‍, കലവൂര്‍ നാരായണമേനോന്‍, കരീത്ര രാമപ്പണിക്കര്‍, ഐക്കര കര്‍ത്താവ്‌, തകഴി കേശവപ്പണിക്കര്‍, ചമ്പക്കുളം ശങ്കുപ്പിള്ളയാശാന്‍, കരിപ്പുഴ വേലു, ചമ്പക്കുളം പരമുപ്പിള്ള എന്നിവര്‍. വണ്ടൂര്‍ കൃഷ്ണന്‍നായര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപിള്ള, തിരുവല്ലാ കുഞ്ഞുപിള്ള എന്നിവര്‍ ബകവധം ലളിതക്കും കുത്തനൂര്‍ ഗോവിന്ദപ്പണിക്കര്‍, നൊച്ചൊള്ളി രാമന്‍നായര്‍, വെച്ചൂര്‍ രാമന്‍പിള്ള എന്നിവരുടെ ബകനും പേരു കേട്ടിരുന്നു.

(ഇത്രയും വിവരങ്ങൾ കെ.പി.എസ് മേനോന്റെ കഥകളി ആട്ടപ്രകാരം എന്ന പുസ്തകത്തിൽ നിന്നും)