താപസേന്ദ്ര ജയ കൃപാനിധേ
ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജൂഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോ മുനേ വാര്‍ത്തമജാതശത്രുഃ
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം
പല്ലവി
താപസേന്ദ്ര ജയ കൃപാനിധേ
ചരണം 1
താവകമേകിയ ദര്‍ശനം ഞങ്ങള്‍ക്കു
താപഹരമായി വന്നു മഹാമുനേ
ദാവാനലങ്കല്‍ പതിച്ച മൃഗങ്ങള്‍ക്കു
ദൈവനിയോഗത്താല്‍ വര്‍ഷമെന്നുപോലെ
ചരണം 2
ഏതൊരു ദിക്കില്‍നിന്നിവിടെക്കെഴുന്നള്ളി
ഹേതുവെന്തിങ്ങെഴുന്നള്ളുവാനുമിപ്പോള്‍
ശ്വേതവാഹനന്‍തന്റെ ചരിതം പരമാര്‍ത്ഥ-
മേതാനുമുണ്ടോ ധരിച്ചു മഹാമുനേ
ദൃഷ്ട്വാ തമാലോക:
കൂരിരുട്ടിൽവെളിച്ചം കണക്കെ രോമശമഹർഷിയെകണ്ട് സഹോദർന്മാരോടുകൂടി ധർമ്മപുത്രർഅദ്ദേഹത്തെ നമസ്കരിച്ചു. അദ്ദേഹം ധർമ്മപുത്രനോട്‌കുശലപ്രശ്നം ചെയ്തു. അപ്പോൾധർമ്മപുത്രൻസന്തോഷത്തോടെ കാര്യമാത്രപ്രസക്തമായി പറഞ്ഞു.
താപസേന്ദ്ര:
താപസേന്ദ്രാ, കൃപാനിധേ, ജയിച്ചാലും. മഹാമുനേ, അങ്ങയുടെ ദര്‍ശ്ശനം ഞങ്ങള്‍ക്ക് ദുഃഖഹരമായിവന്നു. കാട്ടുതീയില്‍ പതിച്ച മൃഗങ്ങള്‍ക്ക് ദൈവനിയോഗത്താല്‍ ലഭിച്ച മഴ എന്നപോലെ. ഏതൊരു ദിക്കില്‍നിന്നുമാണ് ഇവിടെയ്ക്കെഴുന്നള്ളിയത്? ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നള്ളുവാന്‍ കാരണമെന്ത്? മഹാമുനേ, അര്‍ജ്ജുനന്റെ യഥാര്‍ത്ഥ വിവരം വല്ലതും അറിവുണ്ടോ?
വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.