തിരൂര്‍ നമ്പീശന്‍

Tirur Nambeesan

കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ ‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ  കളിയരങ്ങുകള്‍‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു. ഭാവ പൂര്‍ണ്ണമായ ആലാപനത്തോടൊപ്പം അരങ്ങു നിയന്ത്രിക്കുന്നതിലും ഗുരുവായ നീലകണ്ഠന്‍ നമ്പീശന്റെ പാരമ്പര്യം തിരൂര്‍ ‍ നമ്പീശനു പകര്‍ന്നു കിട്ടിയിട്ടുണ്ട് എന്നു കഥകളി ആസ്വാദകര്‍ ‍ ഒന്നടങ്കം വിലയിരുത്തുന്നു. കളരിയില്‍ ചൊല്ലി ആടിക്കുന്നതില്‍ എന്ന പോലെ അരങ്ങത്തും ഒരുപോലെ ശോഭിച്ചു.സാഹിത്യത്തിനു അനുസ്ര്തമായി ചൊല്ലിയാടിക്കുന്ന സാമിക്കുട്ടി ഭാഗവതരുടെ ശൈലിയും, സംഗീത പ്രധാനമായ മുണ്ടായ വെങ്കിട ക്രിഷ്ണഭഗവതരുടെ ശൈലിയും ഒന്നു ചേര്‍‍ന്ന പ്രസിദ്ധമായ നീലക്കണ്ഠന്‍ നമ്പീശന്‍ ശൈലി സംഗീതത്തിനും അഭിനയത്തിനും പരിപൂരകമായ ഒരു സ്ഥാനം നല്‍കി വന്ന കാലഘട്ടത്തിലാണല്ലൊ തിരൂര്‍ ‍ നമ്പീശന്‍ ‍ സംഗീതരംഗത്തു വരുന്നത്‌.

ബാല്യം, കൌമാരം

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ഏഴൂരില്‍ കൊ.വ,1116 ചിങ്ങം 10നു ചിത്ര നക്ഷത്രത്തില്‍ ജനിച്ചു.
പിതാവ്: പുളിയില്‍ ദാമോദരന്‍ നമ്പീശന്‍.  റേഷന്‍ കട നടത്തിയിരുന്നു. നാടകം സംഗീതം എന്നിവയില്‍ തല്പരനായിരുന്നു.

അമ്മ:നങ്ങേലി ബ്രാഹ്മണി അമ്മ . സംഗീതജ്ഞനായ ശങ്കരപുരത്ത് കുട്ടന്‍ ‍ നമ്പീശന്റെ സഹോദരി.
വല്യച്ഛന്‍ :പുളിയില്‍ കേശവന്‍ ‍ നമ്പീശന്‍-മാപ്പിള ലഹളക്കാലത്ത് അക്രമികളെ വിറപ്പിച്ചിരുന്ന വ്യക്തിത്വം.
വല്യമ്മ: തേതിബ്രാഹ്മണിമ്നാരങാളി ഉന്നിക്ര്ഷ്ണന്‍ നമ്പീശന്റെ സഹോദരി.മക്കളില്ല. ഇവരുടെ തണലില്‍  3സഹോദരന്മാരും 2സഹോദരിമാരുമാണു ഉണ്ടായിരുന്നത്. (മൂത്ത സഹോദരി ഉമാദേവിയെ പടിഞ്ഞാറെപ്പാട്ട് അപ്പുക്കുട്ടന്‍ നമ്പീശന്‍ വിവാഹം ചെയ്തു.) തറവാട്ടിലെ പുരുഷന്മാരുടെ ആയുസ്സ് 40 എന്ന വിശ്വാസം ശരി വക്ക്കും വിധം യാതൊരു രോഗവും ഇല്ലാതിരുന്ന വല്യച്ഛന്‍ ഒരു പിറന്നാള്‍ ‍ ദിവസം മരിച്ചു. തിരൂര്‍ നമ്പീശനു പത്തു വയസ്സ്. വീട്ടില്‍ കാര്യസ്ഥനായിരുന്ന ഒരാളുടെ വെട്ടേറ്റ് അമ്മ മരിക്കുന്നു. അതോടെ, തീരെ കുഞ്ഞുങ്ങളായിരുന്ന 3  സഹോദരന്മാരും ഗ്രഹണി മുതലായ രോഗങ്ങളാല്‍  ഒരു മാസത്തിനകം മരിക്കുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് അച്ഛ്ന് കടവല്ലൂരില്‍ നിന്നും വേളി കഴിച്ചതില്‍ പിറന്ന ഉണ്ണിയെയും  ഒഴിവാക്കി തീറ്ഥയാത്രക്കു പോകുന്നു, രോഗാതുരനായി തിരിച്ചെത്തിയ അദ്ദേഹം ഏറെ താമസിയാതെ മരിക്കുന്നു. വല്യമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന നമ്പീശനും ഇളയ സഹോദരി ശ്രീദേവിയുമാണു തറവാട്ടില്‍   അവശേഷിച്ചത്.

ഇക്കാലത്താണു നമ്പീശന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. കലാമണ്ഡലത്തിലെ പഠനകാലത്ത് സഹോദരി ശ്രീദേവി ആത്മഹത്യ ചെയ്യുന്നതോടെ വല്യമ്മ അവരുടെ വീട്ടിലേക്കു പോകുന്നു.അങ്ങനെ 5 ഏക്കറോളമുള്ള പറമ്പിനുള്ളിലെ വീ‍ടിനു കാവലായി നമ്പീശന്‍  മാത്രം. കണ്ണടച്ചാല്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍….കണ്ണു തുറന്നാലൊ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ ‍തറവാട് അന്യം നില്‍ക്കതിരിക്കാന്‍ ‍ താന്‍‍ മാത്രം എന്നതിരിച്ചറിവു ആത്മഹത്യയില്‍‍ നിന്നും പിന്തിരിപ്പിച്ചെങ്കിലും ഒറ്റപ്പെടല്‍ അദ്ദെഹത്തിനു ഏല്‍‍പ്പിച്ച മുറിവു നിസ്സാരമായിരുന്നില്ല.

സംഗീതപാരമ്പര്യം

സംഗീത അഭിരുചിയുള്ള തറവാട്ടിലാണ്‍ അദ്ദഹം ജനിച്ചത്. പിതാവു പുളിയില്‍ ദാമോദരന്‍ ‍ നമ്പീശന്‍ നാടകത്തിലും സംഗീതത്തിലും തല്പരനായിരുന്നു.എട്ടാംവയസ്സില്‍ അച്ഛന്റെ കൂടെ നാരായണനും(തിരൂര്‍ ‍ നമ്പീശന്‍ ‍ എന്ന പേരു കലമണ്ഡലത്തില്‍ വച്ചാണു സ്വീകരിച്ചത്) സഹോദരി ഉമാദേവിയും അച്ഛന്റെ സുഹ്ര്ത്ത് ആയിരുന്ന എന്‍ ‍ .കെ. വാസുദേവ പണിക്കരില്‍ നിന്നും സംഗീതം പഠിക്കാന്‍ തുടങ്ങി. പക്ഷെ തറവാട്ടില്‍ ഉണ്ടായ   ദുര്‍മരണങ്ങളെ തുടര്‍ന്നു സംഗീതപഠനം നിലച്ചു. എങ്കിലും സ്കൂളിലും പുറത്തും ലളിതഗാനങ്ങളും സിനിമാ ഗാനങ്ങളും പാടിയിരുന്നു. തിരൂര്‍ ‍ ബോയ്സ് ഹൈസ്കൂളില്‍ ‍ തേര്‍ഡ് ഫോം വിദ്യാര്‍‍ത്ഥി ആയിരിക്കുമ്പോള്‍‍ ആണ്‍ നമ്പീശന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആദ്യ ഗുരുനാഥന്‍ ‍ എന്‍ ‍.കെ വാസുദേവ പ്പണിക്കര്‍  കഥകളി സംഗീത ലോകത്തേക്കു വഴി കാണിച്ചത്.വീട്ടുകാരുടെ എതിര്‍പ്പിനിടയിലും കുലത്തൊഴിലായ കഴകം ഉപേക്ഷിച്ച് സംഗീത ലോകത്തേക്കുള്ള യാത്ര ആയിരുന്നു അത്.

കലാമണ്ഡലക്കാലം

1957 ആഗസ്റ്റ് 14ന്‍ മാടമ്പി സുബ്രഹ്മണ്യന്‍ ‍ നമ്പൂതിരിയോടൊപ്പം കലാമണ്ഡലത്തില്‍ സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഹൈദരാലി, ശങ്കരന്‍ എംമ്പാന്തിരി എന്നിവരും ആ വര്‍ഷമായിരുന്നു ചേര്‍ന്നത്. ശ്രീ.കലാ.നീലകണ്ഠന്‍ നമ്പീശന്‍, ശ്രീ.ശിവരാമന്‍ നായര്‍, വാസുദേവ പണിക്കര്‍ എന്നിവരുടെ ശക്തമായ ശിക്ഷണം. നമ്പീശനും, സതീര്‍ഥ്യരും, കലാ.ഗോപി ഉള്‍പ്പെടെയുള്ള സീനിയര്‍ ‍ വിദ്യര്‍‍ത്ഥികളും ചേന്ന കലാമ്ണ്ഡലത്തിലെ മൈനര്‍ ‍ സെറ്റിന്റ്റെ  കഥകളിക്കു ആസ്വാദകര്‍ അനവധി ആയിരുന്നു. കളിക്കു പാടാന്‍ ‍ വേണ്ടി സാഹിത്യമെല്ലാം ഒറ്റ രാത്രി കൊണ്ടു ഹ്ര്ദിസ്ഥ്മാക്കിയിരുന്നുവെന്നു നമ്പീശന്‍‍ തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. (ആശാന്മാരുടെ കര്‍ക്കശവും ആത്മാര്‍ത്ഥ്വുമായ  മേല്‍നോട്ടത്തില്‍ കാലത്ത് 3 മണിക്ക് തുടങ്ങി അര്‍ദ്ധരാത്രി വരെ നീളുന്ന പഠന ദിനങ്ങള്‍) അങ്ങനെ 8 വര്‍ഷത്തെ കഠിനവും അടിസ്ഥാനപരവുമായ പരിശീലനിത്തിനു ശേഷം  ഫസ്റ്റ് ക്ലാസ്സോടെ പാസ്സായവരില്‍  ഒരാള്‍ നമ്പീശനായിരുന്നു. അന്നു മുതലാണ്‍ തിരൂര്‍ നമ്പീശന്‍ ‍ എന്നു അറിയപ്പെടാന്‍ തുടങ്ങിയത്. സതീര്‍ധ്യര്‍ :കലാമണ്ഡലം മാടമ്പി സുബ്രമണ്യന്‍ നമ്പൂതിരി, കലാമണ്ഡലം ശങ്കരന്‍ എന്ബ്രന്തിരി, കലാമണ്ഡലം ഹൈദരാലി. അരങ്ങേറ്റം : 1959 - മാടമ്പി സുബ്രമണ്യന്‍ നമ്പൂതിരിയോടൊപ്പം

കലാമണ്ഡലത്തിലെ പഠനം പൂര്‍‍ത്തിയാക്കുന്നതോടെ ആതവനാട് കറുത്തേടത്ത് പട്ടത്ത് കേശവന്‍  നമ്പീശന്റെ മക്കള്‍‍ സൌദാമിനി ബ്രാഹ്മണി അമ്മയെ വേളി കഴിക്കുന്നു. ഒട്ടേറെ ദുരന്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ച തറവാട്ടില്‍ പുതിയ ഒരു ജീവിതം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും വയ്യായിരുന്നു.അങ്ങനെ തന്റെ പ്രിയപ്പെട്ടവരെ ഒന്നൊന്നായ് ഇല്ലാതാക്കിയ ആ തറവാടിനോട് വിട പറഞ്ഞ്, തുച്ഛ്മായ വിലയ്ക്ക് എല്ലാം വിറ്റ് ആതവനാട് താമസമാക്കി.തന്റെ കലാപരമായ വളറ്ച്ചക്കുള്ള മണ്ണു തേടി ചെറുതുരുത്തി, മുതുതല, മംഗലാംകുന്ന് തുടങ്ങി പലയിടത്തും പരീക്ഷിച്ച് ഒടുവില്‍ 1979 മുതല്‍ ‍ പാലക്കാട് ജില്ലയിലെ സാംസ്കാരിക ഗ്രാമം എന്നോ കലാഗ്രാമം എന്നോ വിശേഷിപ്പിക്കാവുന്ന ശ്രീക്ര്ഷ്ണപുരത്ത് താമസമാരംഭിച്ചു. കലാമണ്ഡലത്തില്‍ നിന്നും പുറത്ത് വന്നപ്പോള്‍ സഹപാഠികളില്‍ ‍ പലരും പല തട്ടുകളിലും ചെന്നു പറ്റി. നമ്പീശന്‍  എന്നും ഒഴുക്കില്‍‍ ഒറ്റക്കായിരുന്നു.കഥകളി സംഗീതത്തിന്റെ തനിമയില്‍‍ അതീവ ശ്രദ്ധാലു ആയിരുന്നതിനാലും, തന്റെ കഴിവില്‍‍ പൂര്‍ണമായ ആത്മവിശ്വാസം ഉള്ളതു കൊണ്ടും കഥകളി സംഗീതത്തിലെ പുതു പരീക്ഷണങ്ങളോട് തീരെ യോജിപ്പില്ലായിരുന്നു. കഥകളിയിലെ കഥപത്രങ്ങള്‍ക്കനുയോജ്യമായ ഭാവം നല്‍കുന്നതിനു പര്യാപ്തമാണ്‍ അതിലെ സംഗീതം എന്ന പക്ഷക്കാരനായിരുന്ന നമ്പീശന്‍ രാഗമാറ്റങ്ങളേയും മറ്റും കലകാരന്റെ കഴിവു കേടായി കണക്കാക്കി ജീവിത ക്ലേശങ്ങളോട് പൊരുതുമ്പോഴും കലയെ വില്‍പ്പനച്ചരക്ക് ആക്കുവാന്‍‍ അദ്ദേഹം  തയ്യാറല്ലാ‍യിരുന്നു.തന്നിലുളള കല ആവ്ശ്യക്കാറ്ക്ക് പ്രതിഫലം പോലും ഇല്ലാതെ നല്‍കാന്‍ തയ്യാറായപ്പോഴുമതിന്റെ മാന്യതക്കു പരിക്ക് ഏല്‍പ്പിക്കുന്ന ഒന്നിനോടും സന്ധി ചെയ്യാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അതു കൊണ്ടു തന്നെ പലപ്പോഴും അധികാരി വറ്ഗത്തിന്റെയും കലാരംഗം അടക്കി വാണ ചില മേലാളന്മാരുടെയും അപ്രീതിക്കു പാത്രമായി. ഇവരോട് സന്ധി ചെയ്തു കൊണ്ട് തന്റെ അപ്പം ഉറപ്പാക്കാന്‍‍ നമ്പീശനിലെ കലാകാരനു കഴിയുമായിരുന്നില്ല..കലയെയും ജീവിതത്തേയും ഒത്തൊരുമിച്ചു കൊണ്ടു പോകാനുള്ള വ്യഗ്രതക്കിടയില്‍ ബോംബേ,ഡല്‍ഹിയിലെ ഇന്റ്റ്ര്‍നാഷനല്‍  കഥകളി സെന്റര്‍‍, കേരള കലാമണ്ഡലം, ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍‍ സ്മാരക കലാനിലയം, പേരൂര്‍ ‍ ഗാന്ധി സേവാസദനം, പറശ്ശിനിക്കടവ് മുത്തപ്പന്‍‍ കഥകളി യോഗം, പെരിങ്ങോട് കഥകളി പ്രൊമോഷന്‍‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍‍ സേവനം അനുഷ്ഠിച്ചു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍‍ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.

നാലു പതിറ്റാണ്ടു നീണ്ട സംഗീത സപര്യക്കിടയില്‍ ‍ കേരളത്തിനു അകത്തും അപൂര്‍വമായി  കേരളത്തിനു പുറത്തും ആയി നൂറു കണക്കിനു വേദികളില്‍ അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ശ്രീക്ര്ഷ്ണപുരത്തെ മണ്ണ് ഈ വളര്‍ച്ചക്ക്  കൂടുതല്‍‍ സഹായിച്ചു.ഗുരുവായ നീലകണ്ഠന്‍ നമ്പീശനൊപ്പം പരമാവധി അവസരങ്ങളില്‍‍ പ്രവര്‍ത്തിച്ച നമ്പീശന്‍‍ അദ്ദേഹത്തിന്റ്റെ ശിഷ്യപ്രശിഷ്യന്മാറ്ക്കൊപ്പവും പ്രവര്‍ത്തിച്ചു.അതില്‍ ‍
കലാമണ്ഡലം ഉണ്ണിക്ര്ഷ്ണക്കുറുപ്പും ഒന്നിച്ചുള്ള കളിയരങ്ങുകളും, കച്ചേരികളും ഏറെ ജനശ്രദ്ധ ആകറ്ഷിച്ചു.

ശിഷ്യസമ്പത്ത്

ഇക്കാലയളവിലെ വിപുലമായ ശിഷ്യ സമ്പത്തില്‍, സദനം ജ്യോതി, സദനം രാധാക്ര്ഷ്ണന്‍, പൂ‍മുള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട്, കലാമണ്ഡലം ശിവപ്രസാദ്, വെള്ളിനേഴി അചുതന്‍ കുട്ടി തുടങ്ങിയവരും ഉള്‍പെടുന്നു.

സംഗീതവഴികള്‍

ശുദ്ധ സംഗീതതില്‍ നിന്നും വ്യത്യസ്തമായി കഥകളിയിലെ കഥാപാത്രങ്ങളുടെ മനസ്സു പ്രകടിപ്പിക്കുന്ന നാവായി പ്രവര്‍ത്തിക്കുന്ന കഥകളിസംഗീതം ശുദ്ധ സംഗീതത്തിലെ സ്വരപദ്ധതികള്‍ക്കപ്പുറം ഭാവപൂര്‍ണതക്കായി പ്രത്യേക രാഗ ശൈലി ആണു സ്വീകരിച്ചിട്ടുള്ളത്,(കഥകളിയിലെ ദ്വിജാവന്തിയും മറ്റും കറ്ണാടകസംഗീതത്തില്‍ നിന്നും പുലര്‍തുന്ന വ്യത്യാസം ഇതു വ്യക്തമാക്കുന്നു.നളചരിതത്തിലെ വ്യത്യസ്ത ഭാവം പ്രകടിപ്പിക്കാന്‍ വിവിധ ഭാ‍ഗത്തു പ്രയോഗിക്കുന്ന തോടി രാഗത്തിലെ വ്യത്യസ്തതയും ഇതു തന്നെ വ്യക്തമാക്കുന്നു.അതോ‍ടൊപ്പം മറ്റ് അഭിനയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി അമാനുഷിക /അതിമാനുഷിക /സാംകല്പിക കഥാപാത്രങ്ങളുടെ വികാര പ്രകടനത്തിനുള്ള കഥകളി  പലപ്പോഴും സര്‍ഗാത്മകതയുടെതായ ഒരു ക്രിത്രിമത്വം പുലറ്ത്തുന്നു(സാധാരണ രാജാവിന്റേയൊ ,രാജ്ഞിയുടേയോരൂപമല്ലല്ലോ പച്ച കത്തി മിനുക്ക് തുടങ്ങിയ വേഷത്തില്‍ വരുന്ന കഥകളി കഥാപാത്രങ്ങള്‍ക്ക്.കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് മാറ്റം .വരുന്നു,ഇതു തന്നെ ആണ്‍കഥകളിയുടെ ക്ലാസ്സിക് സൌന്ദര്യത്തിന്റെ നിദാനം എന്നുകലമര്‍മ്മജ്ഞര്‍ പറയുന്നു)  അതിനുസമാനമായ ഒരു പ്രത്യേക ആലാപന സമ്പ്രദായം അതിനു പുലര്‍ത്തിയേ തീരൂ.സാധരണ മനുഷ്യന്റെ മ്ര്ദുല വികാരങ്ങളെ തൊട്ടുണറ്ത്തലല്ല കഥകളി സംഗീതത്തിന്റെ ദൌത്യം എന്നതിനാല്‍ ശുദ്ധ സം ഗീതത്തെ ഇത്രയധികം ആകറ്ഷകമാക്കുന്ന സംഗതികള്‍ക്കും ബ്ര്ഗകള്‍ക്കും കഥകളി സംഗീതത്തില്‍ ഒട്ടും സ്ഥാനം കല്‍പ്പിച്ചിട്ടില്ല.)ഈപ്ശ്ചാതലത്തിലാണ്‍ തിരൂര്‍ നമ്പീശന്റെ സംഗീതത്തിലെ ചിലഗമകങ്ങളുടെ പ്രയോഗത്തിലുള്ള സൌന്ദര്യംശ്രദ്ധേയമാകുന്നത്.ദാനവാരി,അലസത,ഹന്ത ഹന്തഹനുമാനെ,...തുടങ്ങിയ പദങ്ങളുടെ ആലാപനത്തില്‍ ഇതു വ്യക്തമാകും.ഈ ഒരു ആലാപന --ഗമക പ്രയോഗ ഭംഗി മറ്റ് ആരിലുമത്ര കേട്ടിട്ടില്ല എന്നും ആസ്വാദകറ് വിലയിരുത്തുന്നു.ഇവിടെ നീലക്ണ്ഠന്‍ നമ്പീശന്റെയും,മറ്റൊരു ഗുരു ആയിരുന്ന ലക്കിടി ശിവരാമന്‍ നായരുടെയും സ്വാധീനം തിരൂരിന്റെ സംഗീതതില്‍ കാണുന്നു എന്നാണു അഭിജ്ഞ മതം.കോട്ടയം കഥകള്‍ ഉള്‍പ്പെടെ ഏതു കഥയും നമ്പീശന്റെ കൈകളില്‍ ഭദ്രമായിരുന്നു.അതു കൊണ്ടു തന്നെ കളിയരങ്ങുകളില്‍ വിശേഷിച്ചുംവള്ളുവനാട്ടിലും മലബാറിലും, വടക്കെ മലബാറിലും ഒരു അനിവാര്യ് ഘടകമായിരുന്നു നമ്പീശന്‍

മറ്റു താത്പര്യങ്ങള്‍

കഥകളി സംഗീതത്തിന്‍ അതിന്റേതായ മേന്മകളും ചട്ടക്കൂടുകളും ഉണ്ടെന്നതു കൊണ്ടു തന്നെ മറ്റു സംഗീത ശാഖകളുമായുള്ള താരതമ്യത്തില്‍ അറ്ത്ഥമില്ലെന്നു അദ്ദേഹം വിശ്വസിച്ചു.ആദ്യകാലങ്ങളില്‍ ലളിത ഗാനങ്ങളും,ഭജനയും ,സിനിമാ ഗാനങ്ങളും പാടിയിരുന്നെങ്കിലും,പിന്നീട് കഥകളി സംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു.എങ്കിലും ഇതര സംഗീത ശാഖകളെ ആസ്വദിച്ചിരുന്നു.കിഷോര്‍കുമാര്‍,മുഹമ്മദ് റാഫി,യേശുദാസ് എന്നിവരുടെ ഗാനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ബാലമുരളീ ക്ര്ഷ്ണയുടെ ആരാധകന്‍ കൂടി ആയിരുന്നു.മക്കള്‍ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ലളിതഗാനങ്ങള്‍ എത്ര  മധുരമാണെന്ന് അതുകേട്ടവര്‍ക്കെഅറിയൂ.മരണത്തിന്റെ തലേന്നു വരെ കാലത്തുള്ള സാധകത്തിനു മുടക്കം വരുത്താത്ത അദ്ദേഹം ഒരു പരന്ന വായനക്കാരന്‍ കൂടി ആയിരുന്നു.തൊട്ടടുത്തുള്ള വായനശാലയിലെ പുസ്തകങ്ങള്‍ തീറ്ന്നതിനാല്‍ അടുത്ത വായനശാലയില്‍ മെമ്പറ്ഷിപ്പ് എടുക്കുന്ന സാ‍ഹചര്യം പോലും ഉണ്ടായിട്ടുണ്ട്.പൂച്ചെടി/ പച്ചക്കറികൃഷി  ആയിരുന്നു മറ്റൊരു വിനോദം.ലോക വാര്‍ത്തകളെ സശ്രദ്ധം വീക്ഷിച്ചിരുന്ന നമ്പീശന്‍ രാഷ്ട്രീയമായി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. മനസ്സു കൊണ്ട് ഇടതു പക്ഷ സഹയാത്രികനായ അദ്ദേഹം കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രനായി നില കൊണ്ടു.

പുരോഗമനകലാ  സാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. സഖാവ് ഇയ്യങ്കോട് ശ്രീധരന് രചിച്ച മാനവ വിജയം കഥകളിയിലെ പ്രധാന ഗായകന്‍ ആയിരുന്നു.പുതിയ പ്രമേയം ആയിട്ടു കൂടി അതിലെ പദങ്ങള്‍ക്ക് കഥകളിത്തം നല്‍കാന്‍ ആണ്‍ നമ്പീശന്‍ ശ്രദ്ധിച്ചത്.കഥകളി ആസ്വാ‍ാദകനായ ടി.യം. ഗണപതിയുടെ  (കുഞ്ചുഎട്ടന്‍)  ചുമതലയില്‍ നടന്ന യുവജന കഥകളി സംഘ്ത്തിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

കലാരംഗത്ത് പല വ്യക്തികളേയും വളരെ ആദരപൂര്‍വ്വം  മാത്രം കണ്ടിരുന്നു അദ്ദേഹം .നമ്പീശനാശാന്‍, ശിവരാമന്‍ നായര്‍  ആശാന്‍, വാസൂദേവപ്പണിക്കറ് എന്നിവറ്ക്കു പുറമെ കീഴ്പ്പടം കുമാരന്‍ നായര്‍ ആശാന്‍,രാമന്‍ കുട്ടി നായര്‍,അപ്പുക്കുട്ടി പൊതുവാള്‍, പൂമുള്ളി ആറാം തമ്പുരാന്‍, ഏഴാം തമ്പുരാന്‍….പട്ടിക ഇനിയും നീളും. കഥകളി അരങ്ങില്‍ ജ്യേഷ്ഠന്റെ സ്നേഹം നല്‍കിയ ഉണ്ണിക്ര്ഷ്ണക്കുറുപ്പിനെ പോലെ അണിയറയിലും അരങ്ങിലും സദസ്സിലുമായി കളിച്ചും ചിരിച്ചും കലഹിച്ചും….. എത്രയോ പേര്‍.

കുടുംബം

ശ്രീക്ര്ഷ്ണപുരത്ത് എത്തിച്ചേറ്ന്നതു നമ്പീശന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളവും അനുഗ്രഹമായി. മൂന്നു മക്കളുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും അതു നിര്‍ണ്ണായക പങ്കു വഹിച്ചു. കലാരംഗത്തു അവരുടെ ഭാവി ശോഭനമായില്ല എങ്കിലൊ എന്നു കരുതി ആവാം കലാ ആസ്വാദനത്തിനുമപ്പുറം ഗൌരവമായ കലാ പഠനത്തിലേക്കു അവരെ നയിച്ചിട്ടില്ല. എങ്കിലും മൂന്നു മക്കളും കലാപ്രവര്‍ത്തനങ്ങളില്‍ ‍ തല്പരരാണ്‍. കലാകാരന്‍ എന്ന നിലയിലും വ്യക്തിപരമായും നമ്പീശനുമായി  ഉള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ പൂമുള്ളി മന വക സ്കൂളില്‍ മകനെ അധ്യാപകനായി നിയമിച്ചതോടെ നമ്പീശന്റെ ജീവിതക്ലേശത്തിനു ശമനം വന്നു, അതോടെ  കലാ രംഗത്തെക്കു കൂടുതല്‍ ശ്രദ്ധയൂന്നുകയും ചെയ്തു.പക്ഷെ ഒരു കാര്‍മേഘം ഇത്ര പെട്ടെന്നു ഓടി എത്തുമെന്ന് ആരും കരുതിയില്ല.
ഭാര്യ: സൌദാമിനി ബ്രാഹ്മണി അമ്മ- ഗ്ര്ഹസ്ഥ- നമ്പീശന്റെ ഏതു പ്രതിസന്ധികളിലും അദ്ദേഹത്തോടൊപ്പം നിശ്ശബ്ദസഹായി ആയി നിന്നു.
മക്കള്‍ :-- മോഹനന്‍ ‍:-സംഗീത തല്പരന്‍ ‍-പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ‍.പില്‍ക്കാലത്ത്  താമറ്റൂര്‍ പുഷ്പകത്ത് നീലകണ്ഠന്‍ നമ്പീശന്‍ മാഷിന്റെ മകള്‍ ജലജയെ(സഹകരണ ബാങ്ക് സെക്രട്ടരി) വേളി കഴിച്ചു.മക്കള്‍ സംഗീത്, സൌഗന്ധ്. രണ്ടു പേറ്ക്കും സംഗീത വാസന ഉണ്ട്.സംഗീത് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുന്നു.
മുരളി:‌‌‌‌‌‌‌‌‌ ‌-പിതാവിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. സംസ്ക്ര്തത്തില്‍ ബിരുദം നേടി. തപാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നു. ഭജന സമിതികളില്‍ പാടാറുണ്ട്. ശരണമന്ത്രം ..തുടങ്ങിയ ഭകതിഗാന സി.ഡികള്‍ക്കു സംഗീതം നിര്‍വഹിച്ചു. മധു ബാലക്ര്ഷ്ണന്‍ ആലപിച്ച ദര്‍ശനപുണ്യം എന്ന ആല്‍ബത്തിലും പാടി. ചെറുമിറ്റത്തു മന ശ്രീധരന്‍ നമ്പൂതിരിയുടെ മകള്‍ ‍ പ്രസീതയാണു ഭാര്യ. മക്കള്‍ -സാഗര്‍, ആകാശ്
നളിനി:‌‌‌‌‌‌‌‌‌----‌അധ്യാപിക.സംഗീതതല്പര.കഥകളി വേഷത്തില്‍ ഹരിശ്രീ കുറിച്ചിട്ടുണ്ട്. ഭര്‍ത്താവ്- അരീക്കോട് പൂമമ്ഗലത്ത് കേശവന്‍ .അധ്യാപകന്‍. മക്കള്‍ പ്രണവ്,പ്രിയദ(സംഗീത തല്പരര്‍ )

വിമര്‍ശനങ്ങളും വെല്ലുവിളികളും ഒരുപാടു നേരിട്ടു കൊണ്ട് കലയെയും ജീവിതത്തേയും സമതുലനത്തോടെ കൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍‍ പരിക്കുകള്‍ ഏറെ ഏറ്റു. സമാധാനത്തിന്റെയും അംഗീകാരത്തിന്റേയും പ്രകാശം പരക്കും മുമ്പേ തന്നെ തന്റെ അമ്പത്തിനാലാം വയസ്സില്‍ അദ്ദേഹം തന്റെ ജീവിത ഗാനത്തിനു മംഗളം പാടുക ആയിരുന്നു. സംഭവ ബഹുലമെങ്കിലും ഹ്രസ്വമായ ജീവിതകാലയളവ്. നമ്പീശന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍  ‍"പൂര്‍വീകര്‍‍ക്കു മുന്നില്‍ ‍ നമ്മളൊന്നും(കലാകാരന്‍ ‍എന്നു കരുതുന്നവര്‍ )ഒന്നുമല്ല. എന്തൊക്കെയോ ചെയ്യണം എന്നു കരുതി ചെയ്യാന്‍ പറ്റുന്നതു പോലും ചെയ്യാന്‍ കഴിയാതെ പോകുന്ന വെറും വഴിപോക്കര്‍  മാത്രമാണു നാമെല്ലാം.

തന്റെ കലാജീവിതത്തില്‍ അധികാരികളുടെ ഭാഗത്തു നിന്നു അംഗീകാരങ്ങള്‍ക്കായി ഒരിക്കല്‍ പോലും ആഗ്രഹിക്കാത്ത അദ്ദേഹം പക്ഷേ ഓരോ കഥകളിപ്പറമ്പിലേയും ആസ്വാദകരുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ കൊണ്ടു തന്നെ പൂര്‍ണ്ണ സംത്ര്പ്തനായിരുന്നു.മാധ്യമങ്ങളുടെ കണ്ണുകള്‍ക്കപ്പുറത്തെങ്കിലും ഇന്നും തിരൂര്‍ നമ്പീശന്‍ ജീവിക്കുന്നു-ആസ്വാദകര്‍ നെഞ്ചിലേറ്റി കൈമാറിക്കൊണ്ടിരിക്കുന്ന ആ സംഗീത സ്മരണകളിലൂടെ.

പൂർണ്ണ നാമം: 
തിരൂര്‍ നാരായണന്‍ നമ്പീശന്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, May 14, 1942
മരണ തീയ്യതി: 
Wednesday, August 10, 1994
ഗുരു: 
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍
കലാമണ്ഡലം ശിവരാമന്‍ നായര്‍
കാവുങ്ങല്‍ മാധവ പണിക്കര്‍
കളിയോഗം: 
കേരള കലാമണ്ഡലം
ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിഞ്ഞാലക്കുട
ഗാന്ധി സേവ സദനം
ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍
പറശ്ശിനികടവ് കളിയോഗം
പെരിങ്ങോട് കഥകളി പ്രമോഷന്‍ സൊസൈറ്റി
കോഴിക്കോട് ആകാശവാണി ( കഥകളിപദം )
വിലാസം: 
നളിനി നിവാസ്
ശ്രീകൃഷ്ണപുരം
പാലക്കാട്‌