നളചരിതം - വേരുകള്‍ തേടി (ഭാഗം 1)
ഹേമാമോദസമാ - 9
യശശ്ശരീരനായ ശ്രീ. സുരേഷ് കൊളത്തൂര്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ വെബ്സൈറ്റില്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരെക്കുറിച്ചെഴുതിയിരുന്ന ലേഖനത്തിലെ നളചരിതവിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. നളചരിതത്തിന്റെ തെക്കന്‍ കഥകളി ബന്ധത്തെയും ഉത്തരകേരളത്തിലെ അതിന്റെ പ്രചാരത്തെയും കുറിച്ച് ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് ലഭിച്ച ചില സന്ദേശങ്ങളില്‍ നിന്നും നളചരിതം കഥകളിയുടെ ആവിര്‍ഭാവ വികാസമറിയുവാന്‍ പലര്‍ക്കും താത്പര്യം ഉണ്ടെന്നു മനസ്സിലായി. അതിനാല്‍ ഈ വിഷയത്തെ കുറച്ചുകൂടി ആഴത്തില്‍ അന്വേഷിക്കാനുള്ള ശ്രമം നടത്തുകയാണിവിടെ.
ഇരിങ്ങാലക്കുടക്കാരന് ഉണ്ണായിവാരിയരാണ് (1675-1775) നളചരിതം ആട്ടക്കഥ രചിച്ചതെന്നാണ് ഈ വിഷയത്തിലെ ഒട്ടുമിക്ക ഭാഷാസാഹിത്യ ഗവേഷകരും കരുതുന്നത്. ഉണ്ണായിവാരിയരല്ല ഗ്രന്ഥകര്‍ത്താവ് എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ 1744ലെ (കൊ.വ. 920) ഉത്സവത്തിന്നു ഖരവധം, ബാലിവധം എന്നീ കഥകളോടൊപ്പം നളചരിതം രണ്ടാം ദിവസവും കളിച്ചിരുന്നു എന്ന് കൊട്ടാരം രേഖകളില്‍ കാണുന്നതാണ് നളചരിതം ആട്ടക്കഥയുടെ രംഗാവതരണത്തെക്കുരിച്ച്ചുള്ള ആദ്യ പരാമര്‍ശം. ആറന്മുളയില് നിന്നുമുള്ള ഒരു കളിയോഗമാണ് കളി അവതരിപ്പിച്ചത്. രംഗാവതരണത്തിനു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും കഥ എഴുതിയിരിക്കണം എന്നുള്ളതിനാല്‍ നളചരിതം ആട്ടക്കഥ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എഴുതിയിരിക്കാം എന്ന് കരുതാം. "കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭഘട്ടം മുതല്ക്കേ നളചരിതം പ്രചാരത്തില്‍ വന്നിരുന്നു" എന്ന് ഡോ. എസ്.കെ. നായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരുണത്തില്‍ പ്രസക്തമാണ്.
നളചരിതം ആട്ടക്കഥയുടെ ഭാഷയുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ഈ കൃതി കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വച്ചു എഴുതിയിരിക്കാനാണ് സാധ്യത എന്ന് 'കാന്താരതാരക' ത്തിന്റെ അവതാരികയില്‍ ഗ്രന്ഥകര്‍ത്താവ് പ്രൊഫ. രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ എഴുതിയിട്ടുണ്ട്. 1729 മുതല്‍ 1758 വരെ മാര്‍ത്താണ്ഡവര്‍മ്മയും 1758 മുതല്‍ 1798 വരെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയും തിരുവിതാംകൂര്‍ ഭരിച്ചിരുന്നു. കൊല്ലവര്‍ഷം പത്താം ശതകത്തിന്റെ പ്രാരംഭദശകങ്ങളില്‍ നളചരിതം രചിക്കപ്പെട്ടു എന്ന് അനുമാനിക്കുമ്പോള്‍ ഇത് മാര്‍ത്തണ്ഡവര്‍മ്മയുടെ കാലത്തായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മാര്‍ത്തണ്ഡവര്‍മ്മയുടെ വിദ്വല്‍സദസ്സില്‍ ഉണ്ണായിവാരിയരും കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നുവെന്നാണ് ഗവേഷക മതം. ഉണ്ണായിവാരിയരുടെയും കുഞ്ചന്‍നമ്പ്യാരുടെയും ജീവിത കാലഘട്ടം നിര്‍ണ്ണയിച്ചിരിക്കുന്നത് വെച്ചു നോക്കുമ്പോള്‍ ഈ വിഷയങ്ങള്‍ക്കെല്ലാം ഒരു ബന്ധം കാണാനും കഴിയും.
നളചരിതം രചിക്കപ്പെട്ടതുമുതല്‍ 1830 വരെ ഒരു നൂറ്റാണ്ടിലേറെക്കാലം രംഗത്ത് കഥ അവതരിപ്പിച്ച നടന്മാരെക്കുരിച്ച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നളചരിതം തെക്കന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലായി. അക്കാലത്ത് നളവേഷത്തില്‍ അദ്വിതീയനായി ശോഭിച്ചിരുന്ന കിടങ്ങൂര്‍ (ആലപ്പുഴ ജില്ല) സ്വദേശി കൃഷ്ണനുണ്ണിയെ (1807-1865) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് (1815-1860) 'നളനുണ്ണി' എന്ന പേരു നല്കി ആദരിച്ചുവത്രേ. നളചരിതത്തിനു കപ്ലിങ്ങാടന്‍ ശൈലിയില്‍ ഉണ്ണി ഏര്‍പ്പെടുത്തിയതും ഇന്നും നിലനില്ക്കുന്നതുമായ ആട്ടപ്രകാരത്തെ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ കിടങ്ങൂര്‍ വഴി എന്നാണറിയപ്പെടുന്നത്. ഒളപ്പമന്ന വലിയ അപ്ഫന്‍ നമ്പൂതിരിപ്പാട് ഉണ്ണിയെ 1852ല്‍ വെള്ളിനെഴിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. ഉണ്ണി ഒളപ്പമന്ന മനയില്‍ താമസിച്ചു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ഗുരുനാഥനായ ഇട്ടിരാരിച്ചിമെനോനെയും മറ്റു ചില നടന്മാരെയും നളചരിതവും മറ്റ് രസാഭിനയപ്രധാനമായ കഥകളും ചൊല്ലിയാടിച്ചു. അന്ന് മുതല്‍ നളചരിതവും മറ്റ് കഥകളും മദ്ധ്യകേരളത്തിലും ഉത്തരകേരളത്തിലും പ്രചരിച്ചു തുടങ്ങി. തെക്ക് കാവാലം കൊച്ച്ചുനാരായണപണിക്കര്‍ (1797-1865), തകഴി വേലുപ്പിള്ള (1810-1886), നളനുണ്ണി (1807-1865), കുറിച്ചി കൃഷ്ണപിള്ള (1819-1894), 'ബ്രഹ്മസ്വം' തിരുവല്ല കുഞ്ഞുപിള്ള (1819-1894), കണ്ടിയൂര്‍ പപ്പുപിള്ള (-1893), ഈശ്വരപിള്ള വിചാരിപ്പുകാര്‍ (1815-1874) എന്നീ നടന്മാരും വടക്ക് കുഞ്ചുക്കര്‍ത്താവ് (1829-1897), അറക്കല്‍ കേശവക്കുറുപ്പ് (1838-1902), അമ്പാട്ട് ശങ്കരമേനോന് (1851-1894), കൊറാണത്ത് അച്യുതമേനോന് (1863-1927) എന്നീ നടന്മാരും ഇക്കാലഘട്ടത്തില്‍ നളചരിതത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. പ്രധാനമായും നളചരിതം രണ്ടാം ദിവസമായിരുന്നു ഈ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും നളചരിതത്തിനു അഭൂതപൂര്‍വമായ വികാസവും പ്രചാരണവും ഉണ്ടായിട്ടുണ്ട്.
ഒന്നും മൂന്നും നാലും ദിവസങ്ങളും അരങ്ങിലെത്തുന്നത് ഈ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തില്‍ നളചരിതത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കലാനിപുണനും പ്രഥമ കഥകളി നാട്യശാസ്ത്ര ഗ്രന്ഥമായ 'കഥകളി പ്രകാശിക' യുടെ കര്‍ത്താവുമായ മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കരും അദ്ദേഹത്തിന്റെ ശിഷ്യരും സഹനടന്മാരും ആയിരുന്നു. തോട്ടം ശങ്കരന് നമ്പൂതിരിയും ഗുരുകുഞ്ചുക്കുറുപ്പും ഇതില്‍ പ്രധാനികളായിരുന്നു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു (1903) തിരുവിതാംകൂറില്‍ അഭയം തേടിയ പ്രസിദ്ധ കഥകളി നടന് കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ ഇക്കാലത്ത് പത്തുവര്‍ഷത്തോളം മാത്തൂര്‍ കളരിയില്‍ മാത്തൂരിന്റെ സന്തത സഹചാരിയും സഹകാരിയും ആയി കഴിഞ്ഞു കൂടിയിരുന്നു. നളചരിതം കഥകളിയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ മാത്തൂരുമായുള്ള ഈ നീണ്ട സഹവാസം ശങ്കരപ്പണിക്കരെ സഹായിച്ചിരിക്കാം. അതിപ്രഗല്ഭനായിരുന്ന ശങ്കരപ്പണിക്കര്‍ ഈ കാലയളവില്‍ മാത്തൂരിനും തോട്ടത്തിനും ഗുരുകുഞ്ചുക്കുറുപ്പിനുമൊപ്പം ഉത്തരകേരളത്തില്‍ നളചരിതപ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രതാപകാലത്തിനുശേഷം 1940 നു ശേഷമാണ് നളചരിതത്തിനു ഇന്ന് കാണുന്ന നിലയിലേക്കുള്ള അഭൂതപൂര്‍വമായ വളര്‍ച്ചയും ജനസമ്മതിയും ഉണ്ടാകുന്നത്.തെക്ക് നിന്നുള്ള ഈ നളചരിത ജൈത്രയാത്രയ്ക്കു ചുക്കാന്‍ പിടിച്ചത് മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂര്‍ കരുണാകരന് നായര്‍, കുറിച്ചി കുഞ്ഞന്‍പണിക്കര്‍ എന്ന മൂന്നു നടനപ്രതിഭകളും ഇറവങ്കര നീലനീലകണ്ഠന്‍ ഉണ്ണിത്താന് എന്ന ഗായകനും ആയിരുന്നു. രസാഭിനയ നിപുണനായ കലാമണ്ഡലം കൃഷ്ണന്‍നായരും ഇവരോടൊപ്പം കൂടിയതോടെ നളചരിതം തെക്കന്‍ കേരളത്തില്‍ കഥകളിപ്രേമികളുടെ ഹരമായി മാറി. കേരളത്തിന്റെ തെക്കും നടുക്കും വടക്കും ഒരുപോലെ ഇവര്‍ നളചരിതം അവതരിപ്പിച്ചു ജനപ്രിയമാക്കി. കഥകളി ഗാനഗന്ധര്‍വനായിരുന്ന ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്റെ പാട്ടും നളചരിത നവോത്ഥാനത്തിനു ഇക്കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. മധ്യ-ഉത്തരകേരളത്തില്‍ ഈ നളചരിത ജൈത്യയാത്രക്ക് നേതൃത്വം നല്കിയവരില് പ്രഥമഗണനീയന്‍ പ്രതിഭാധനനായ വാഴേങ്കട കുഞ്ചുനായര്‍ ആയിരുന്നു. കലാമണ്ഡലം നമ്പീശനും അദ്ദേഹത്തിന്റെ ശിഷ്യരും അടങ്ങുന്ന ഗായകസംഘവും ഈ നളചരിതമുന്നേറ്റത്തിനു വലിയ സംഭാവനകള്‍ നല്കി. ഇന്ന് കലാമണ്ഡലം ഗോപിയില്‍ കൂടി ആ പരമ്പര തുടരുന്നു. പുരുഷ മേധാവിത്വമുള്ള കഥകളിയില്‍ സ്ത്രീ കഥാപാത്രങ്ങളെ അപ്രധാനികളായി കണ്ടതിനാലാകാം ദമയന്തിവേഷം കെട്ടിയ നടന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥങ്ങളില്‍ നന്നേ കുറവാണ്. ദമയന്തിവേഷത്തില്‍ പ്രഗല്ഭനായിരുന്ന തിരുവല്ലക്കാരന് നാരായണപിള്ള എന്ന നടനെ 'ദമയന്തി നാരായണപിള്ള' എന്ന് പേര് നല്കി വിശാഖം തിരുനാള്‍ മഹാരാജാവ് ആദരിച്ചിട്ടുണ്ട്. അതിനുശേഷം എടുത്തുപറയാന്‍ കഴിയുന്ന പേരുകള്‍ കുടമാളൂര്‍ കരുണാകരന്‍നായരുടെയും ചിറക്കര മാധവന്‍കുട്ടിയുടെയും കോട്ടക്കല്‍ ശിവരാമാന്റെയും ആണ്. കലാമണ്ഡലം രാജശേഖരനും മാര്‍ഗി വിജയകുമാറും ഇന്നിവരുടെ പാത പിന്തുടരുന്ന ദമയന്തി നടന്മാരാണ്. നളചരിതത്തിലെ പ്രധാന വേഷങ്ങളിലൊന്നായ ഹംസത്തിനെ കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അനശ്വരമാക്കി. ഇദ്ദേഹത്തിനു ശേഷം ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയും വൈക്കം കരുണാകരന് നായരും ചെന്നിത്തല ചെല്ലപ്പന് പിള്ളയും ഈ വേഷത്തെ ജനപ്രിയമാക്കി.
നളനുണ്ണിയുടെ ഉത്തരകേരള പര്യടനത്തിനുശേഷം മദ്ധ്യ-ഉത്തര കേരളത്തിലെ പല കഥകളി കലാകാരന്മാരും നളചരിതം പഠിക്കുകയും നളചരിതാവതരണത്തില്‍ പ്രഗല്ഭാന്മാരാകുകയും ചെയ്തിട്ടുണ്ട് എങ്കിലും ചിട്ടപ്രധാനമായ കോട്ടയം കഥകളിലും അതുപോലെയുള്ള മറ്റു കഥകളിലും കൂടുതല്‍ താത്പര്യം കാണിച്ചിരുന്ന അവിടങ്ങളിലെ കലാകാരന്മാരും കഥകളിപ്രേമികളും രസാഭിനയപ്രധാനമായ നളചരിതത്തിന്റെ പ്രസിദ്ധിക്കുതകുന്നവിധത്തില്‍ എന്തെങ്കിലും ചെയ്യുക ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല. മദ്ധ്യകേരളത്തില്‍ ഇതിനൊരപവാദം കലാകോവിദനായ പദ്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ മാത്രമായിരുന്നു. കപ്ലിങ്ങാടന്‍ ശൈലിയുടെ പ്രയോക്താക്കളും നളചരിതസ്നേഹികളും ആയിരുന്ന കാവുങ്ങല്‍ പണിക്കര്‍മാരും ഉത്തരകേരളത്തിലെ നളചരിതപ്രചരണത്തിനു ചെറുതല്ലാത്ത സംഭാവനകള്‍ നല്കി.
നളചരിതസ്നേഹികളായ ഈ ചില നടനപ്രതിഭകളുടെ സംഭാവനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 1700-)o മാണ്ടിനടുത്ത് നളചരിതം ആട്ടക്കഥ ഉണ്ടായതു മുതല്‍ ഏതാണ്ട് രണ്ടര ശതാബ്ദകാലത്തോളം അതിന്റെ വികാസപരിണാമങ്ങള്‍ മിക്കതും സംഭവിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴക്കടുത്തുള്ള തകഴി,നെടുമുടി എന്നീ പ്രദേശങ്ങളിലും അടുത്ത പ്രദേശങ്ങളായ കുറിച്ചി, ആറന്മുള, തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിലും ആണെന്ന് കാണാം. സ്വാഭാവികമായും ഒരു ചോദ്യം ഉദിക്കുന്നു, എന്തായിരിക്കാം ഇക്കഥ ഈ പ്രദേശങ്ങളില്‍ ആവിര്‍ഭവിക്കാന്‍ കാരണം? കോട്ടയം കഥകളില്‍ നിന്നും ഘടനാപരമായും കലാപരമായും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന നളചരിതം പോലൊരു കഥ തെക്കന്‍കേരളത്തിന്റെ കുട്ടനാടന്‍ പ്രദേശങ്ങളില്‍ പടര്‍ന്നു പന്തലിക്കുവാനുള്ള ചരിത്രസാഹചര്യം എന്തായിരിക്കാം? ഇപ്പറഞ്ഞ സ്ഥലങ്ങള്‍, കപ്ലിങ്ങാടന്‍ പരിഷ്കാരങ്ങള്‍ സ്വീകരിച്ചു വളര്‍ന്ന കഥകളിയുടെ 'തെക്കന്‍ചിട്ട' എന്ന സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നുകാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന ഒരു സാമൂഹ്യ സാഹചര്യം പണ്ട് മുതല്ക്കേ ഈ കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നുവെന്ന് ചിന്തിക്കേണ്ടതായി വരും. അതെന്തായിരിക്കാമെന്നു നമുക്കൊന്ന് അന്വേഷിക്കാം. ഈ പ്രദേശങ്ങള്‍ക്കടുത്തു ജനിച്ചു പഠിച്ചു വളര്‍ന്ന എനിക്ക് സ്വാഭാവികമായും ഈ അന്വേഷണത്തില്‍ വിശേഷ താത്പര്യം ഉണ്ട്.
അവലംബം:
നളചരിതം ആട്ടക്കഥ 'കൈരളീ വ്യാഖ്യാനം':പ്രൊഫ.പന്മന രാമചന്ദ്രന് നായര്‍
കഥകളി സ്വരൂപം: മങ്കൊമ്പ് ശിവശങ്കരപിള്ള
കഥകളി രംഗം: കെ.പി.എസ്. മേനോന്
Comments
C. Ambujakshan Nair (not verified)
Thu, 2013-01-17 17:20
Permalink
chennithala
ഡോക്ടര്‍. മോഹന്‍ദാസ് , നിങ്ങളുടെ ഉദ്യമം വിജയിക്കട്ടെ.
nikhil
Fri, 2013-01-18 07:59
Permalink
ഉണ്ണായിവാര്യരുടെ ജീവചരിത്രം
ചർച്ച ചെയ്യപ്പെടേണ്ട പല കാര്യങ്ങളും പരാമർശിക്കുന്ന ലേഖനം. കുട്ടനാടൻ പ്രദേശങ്ങളും നളചരിതവുമായുള്ള ബന്ധം ഗവേഷണം അർഹിക്കുന്ന വിഷയം തന്നെയാണ്. ആദ്യം പറയുന്ന ജീവചരിത്രത്തെ സംബന്ധിച്ച ചില കാര്യങ്ങൾ :
(1) ഉണ്ണായി വാര്യരുടെ ജീവിതത്തെക്കുറിച്ച് 1940കളിൽ ഒരു വിവാദം തന്നെ ഉണ്ടായിരുന്നു. പല സാഹിത്യകാരന്മാരും അഭിപ്രായങ്ങളെഴുതി. ഉള്ളൂർ അതെല്ലാം ക്രോഡീകരിച്ച് ഒരു ലേഖനമെഴുതിയിട്ടുണ്ട്, അതിനു മുകളിൽ പിന്നീട് കുട്ടികൃഷ്ണമാരാരും സ്വന്തം അഭിപ്രായം പറഞ്ഞിട്ടുണ്ട്.
(2) ഒരു തർക്കം തൃശ്ശൂരിലെ ചില ഗ്രാമവൃദ്ധരുടെ ഉണ്ണായി വാര്യർ തൃശ്ശൂരെ പടിഞ്ഞാറെപ്പാട്ട് വാര്യത്താണ് ജനിച്ചത് എന്ന വാദമായിരുന്നു. ഇരിഞ്ഞാലക്കുടയിലെ അകത്തൂട്ട് വാര്യവുമായി ബന്ധം ആണ് ഉള്ളത് എന്നവർ പറഞ്ഞു. ഇത് ഒട്ടു മിക്ക പണ്ഡിതരും സമ്മതിക്കുന്നില്ല. എന്നാൽ ഉണ്ണായി വാര്യർ കോട്ടയത്തു തമ്പുരാനു കുറച്ചു ദശകങ്ങളുടെ മാത്രം അർവാചീനനാണ് എന്ന് ഒട്ടു മിക്കവരും സമ്മതിക്കുന്നു. കോട്ടയം കഥകൾ വാര്യർ കണ്ടിരിക്കാം/കണ്ടിട്ടില്ലായിരിക്കാം - എന്തായാലും അതിന്റെ സ്വാധീനം ഒന്നും നളചരിതത്തിൽ കാണുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രം 1660-1730 കാലത്തായാണ് ഉള്ളൂരും മറ്റു പണ്ഡിതരും ഗണിക്കുന്നത് എന്നാണോർമ്മ.
(3) നളചരിതം തിരുവനന്തപുരത്ത്/തെക്കൻ കേരളത്തിൽ വെച്ച് എഴുതപ്പെട്ടു എന്ന വാദം ഉള്ളൂർ അംഗീകരിക്കുന്നില്ല. വാര്യരുടെ കൂടൽമാണിക്യ ദേവനേയും വടക്കുന്നാഥനേയും സ്തുതിച്ചു കൊണ്ടൂള്ള ശ്ലോകങ്ങൾ കിട്ടിയിട്ടുണ്ട്, ഉള്ളൂർ വാര്യർ ഗിരിജാകല്യാണം ഇരിഞ്ഞാലക്കുടയിലും നളചരിതം കൊച്ചി രാജാവിനെ ആശ്രയിച്ചും ആണ് എഴുതിയിക്കുന്നത് എന്ന് പറയുന്നു. വള്ളത്തോൾ നളചരിതവും ഇരിഞ്ഞാലക്കുടയിൽ വെച്ചു തന്നെ എഴുതപ്പെട്ടു എന്ന് അഭിപ്രായപ്പെടുന്നു. കൂടൽമാണിക്യം, തൃശ്ശൂർ അന്നും നിരവധി സന്ദർശകരുടെ സമ്മേളനസ്ഥലമായിരുന്നിരിക്കണം. അതിനാൽ വാര്യർക്ക് നിരവധി ഭാഷാശൈലികളുമായി പരിചയം വന്നിരിക്കാം. രണ്ടു പേരും ഇതിന് പക്ഷേ തെളിവുകൾ നൽകുന്നില്ല.
(4) വാര്യർ മാർത്താണ്ഡവർമ്മയെ മുഖം കാണിച്ചിരിക്കാം എന്ന വാദത്തോടും ഉള്ളൂരിന് വളരെയധികം പ്രതിപത്തിയില്ല ("കണ്ടില്ല എന്ന് ഞാൻ ശപഥം ചെയ്യുന്നില്ല" എന്ന് ഉള്ളൂർ). വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനു പുറമേ അദ്ദേഹം അപ്പോഴേക്കും മദ്ധ്യവയസ്സു പിന്നിട്ടിരിക്കണം എന്നതും ഒരു കാരണമാണ്. കുഞ്ചൻ നമ്പ്യാരും വാര്യരും ഒരേ കാലത്ത് ജീവിച്ചിരിക്കാമെങ്കിലും (അവർ തമ്മിൽ വയസ്സിൽ നല്ല അന്തരമുണ്ടായിരിക്കണം) വാര്യരുടെ പ്രായാധിക്യത്തിലായിരിക്കും തിരുവനന്തപുരത്തു വെച്ചു കണ്ടിട്ടുണ്ടെങ്കിൽ അതിനുള്ള സാധ്യത - അതിനും തെളിവുകളില്ല. "ഉണ്ണായി വാര്യർ" എന്നൊരാൾക്ക് പിണ്ടി കരമൊഴിവ് രാജാവ് കൊടുത്തതായി രേഖ കിട്ടിയിട്ടുണ്ട്. അത് ആട്ടക്കഥാകൃത്ത് തന്നെയോ എന്നതിന് ഉറപ്പില്ല.
ഉണ്ണായിവാര്യരുടെ ജീവചരിത്രത്തെക്കുറിച്ച് ലേഖകനോ മറ്റു വായനക്കാർക്കോ കൂടുതൽ രേഖകൾ, തെളിവുകൾ/നിരീക്ഷണങ്ങൾ 1950കൾക്കു ശേഷം കിട്ടിയിട്ടുണ്ടെങ്കിൽ അതറിയാൻ ആഗ്രഹമുണ്ട്.
Mohandas
Fri, 2013-01-18 13:02
Permalink
നിഖില്‍, ഓര്‍ക്കുന്നില്ല.
ഉണ്ണായിവാരിയരുടെ ജീവിതകാലഘട്ടവും നളചരിതരചനാശൈലിയും മറ്റും ധാരാളം ഗവേഷണ പഠനങ്ങള്‍ക്ക് വിഷയമായിട്ടുള്ളതും ഇന്നും പല വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്ക്കുന്നതുമായ വിഷയങ്ങളാണ്. നളചരിതം കഥകളിയുടെ തെക്കന്‍ കേരളബന്ധങ്ങള് അന്വേഷിക്കുന്ന ഈ ലേഖനത്തില്‍ പ്രസ്തുത വിഷയങ്ങളുമായി യോജിക്കുന്ന അഭിപ്രായങ്ങളെയും നിഗമനങ്ങളെയും കേവലം ഒന്ന് പരാമര്‍ശിക്കുന്നു എന്ന് മാത്രം. ഈ പരാമര്‍ശങ്ങള്‍ തെറ്റാകാം ശെരിയാകാം; ലേഖനത്തിന്റെ പൊതുരൂപത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്കുള്ള പ്രസക്തി കുറവാണ്. ഗവേഷണവിധേയമായിട്ടുള്ള വിഷയങ്ങളിലേക്ക് അന്വേഷണം നീളാതെ ഇന്നുള്ള അറിവുകള്‍ വെച്ചുകൊണ്ടുതന്നെ നളചരിതത്തിന്റെ ആവിര്‍ഭാവ വികാസത്തെ അന്വേഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഞാന്‍ വായിച്ച്ച്ട്ടുള്ള ചില ലേഖനങ്ങളില്‍ താങ്കള്‍ പരാമര്ശിച്ച്ച വിഷയങ്ങളുടെ 1950 നു ശേഷമുള്ള ഗവേഷണഫലങ്ങളും ഉണ്ടെന്നാണ് എന്റെ ഓര്‍മ്മ. ഇത് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
C.Ambujakshan Nair
Fri, 2013-01-18 22:01
Permalink
നളചരിതത്തിന്റെ വേരുകള്‍ തേടി
ഡോക്ടര്‍ മോഹന്‍ദാസ് , നളചരിതത്തിന്റെ വേരുകള്‍ തേടിയുള്ള താങ്കളുടെ അന്വേഷണം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
nikhil
Fri, 2013-01-18 22:06
Permalink
നളനുണ്ണി
പ്രിയപ്പെട്ട മോഹൻദാസ് സർ, നളചരിതം വികസിച്ചു വന്ന സാമൂഹ്യ പശ്ചാത്തലം അറിയാൻ ആ കാലത്തെ ചരിത്രം അറിയേണ്ടത് ആവശ്യമാണല്ലൊ. അതിലെനിക്ക് താല്പര്യമുള്ളതു കാരണം ഭൂരിപക്ഷം പണ്ഡിതന്മാരും സമ്മതിക്കുന്നു എന്നു തോന്നിയ ചില കാര്യങ്ങൾ പങ്കു വെച്ചു എന്നു മാത്രം. ഇത്തരത്തിൽ പരാമർശവിധേയമാകുന്ന നിരവധി വിഷയങ്ങളിൽ ചർച്ച ചെയ്യുന്നത് രസകരവുമാണ്.
നളനുണ്ണിയെപ്പറ്റി പറഞ്ഞത് വായിച്ചു. അദ്ദേഹത്തെക്കുറിച്ച് കഥകളിരംഗത്തിൽ നിന്നു കിട്ടുന്ന വിവരങ്ങൾ അൽപം വ്യത്യസ്തമാണ്. അതിനെക്കുറിച്ച് ചിലത് പറയട്ടെ :
(1) ഏറ്റുമാനൂരിലെ മന്നത്തു തറവാട്ടിലാണ് നളനുണ്ണിയുടെ ജന്മം. ഇത് കിടങ്ങൂരടുത്താണോ എന്നറിയില്ല. അവസാനകാലത്ത് ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് അദ്ദേഹം ഭജനമിരിക്കുന്നത്.
(2) നളനുണ്ണി ഏത് സമ്പ്രദായക്കാരനാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ എന്നറിയില്ല. കാർത്തികതിരുനാളിനു ശേഷം വന്ന തലമുറയിലെ ആചാര്യൻമാരുടെ സമ്പ്രദായം കൃത്യമായി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. കാവാലം കൊച്ചുനാരായണപ്പണിക്കർ, വലിയ കൊച്ചയ്യപ്പപ്പണിക്കർ എന്നിവർ കപ്ലിങ്ങാടനായിട്ടല്ല പറഞ്ഞു കേട്ടിട്ടുള്ളത്. നളനുണ്ണി കുറിച്ചി സമ്പ്രദായത്തിലാണ് കഥകളി അഭ്യസിച്ചത്, ആ സമ്പ്രദായമാകട്ടെ കല്ലടിക്കോടനും ആയിരുന്നു. കൊച്ചയ്യപ്പപ്പണിക്കരുടെ മറ്റൊരു ശിഷ്യനായ കുറിച്ചി കൃഷ്ണപ്പിള്ളയുടെ പ്രധാനവേഷം കാലകേയവധം അർജ്ജുനൻ ആകയാൽ ഇക്കാര്യം അനുമാനിക്കാം എന്ന് കെ പി എസ് മേനോൻ പറയുന്നു. എന്നാൽ കെ പി എസ് മേനോൻ തന്നെ മറ്റൊരിടത്ത് തിരുവിതാംകൂറിൽ കപ്ലിങ്ങാടൻ നടപ്പിലാക്കിയത് കലവൂർ നാരായണ മേനോനും നളനുണ്ണിയും ആണെന്ന് പറയുന്നു. ഈ വൈരുദ്ധ്യം ദുരൂഹമായിരിക്കുന്നു.
(3) നളനുണ്ണിയുടെ പേർ കൃഷ്ണൻ എന്നല്ല. രാമൻ എന്നാണ് പേർ എന്നതിന് രേഖയുണ്ട്. "1027ആമാണ്ട് പൈങ്കുനി മാസത്തിൽ മഹാരാജാവ് തിരുമനസ്സിൽ നിന്നും മന്നത്തൂർ കണക്കു രാമൻ. രാമന്റെ കുടുംബപ്പൊറുതിയ്ക്ക് ഉതകത്തക്കവിധത്തിൽ നാളൊന്നിന് ആറിടങ്ങഴി ചോറു വീതം കല്പിച്ചനുവദിച്ചു". അദ്ദേഹത്തിന്റെ പ്രസിദ്ധവേഷമായിരുന്നല്ലൊ ഒന്നാം ദിവസത്തിലെ നളനെക്കൂടാതെ ഹംസവും. അതിൽ സന്തോഷിച്ചാണത്രെ രാജാവ് ഈ സമ്മാനമരുളിയത്.
(4) കഥകളിരംഗത്തിൽ നളനുണ്ണിയുടെ വടക്കൻ പര്യടനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് - ഒളപ്പമണ്ണ മനയ്ക്കൽ രണ്ടാം ദിവസം നളൻ ആടിയതിന്റെ പിറ്റേന്ന് ഒരു നമ്പൂരി ഇങ്ങിനെ അഭിപ്രായപ്പെട്ടത്രെ "ഒരാൾ അടുക്കളയിൽ കടന്നാൽ ഓലൻ മാത്രമേ വെക്കുകയുള്ളുവെങ്കിൽ അതു നന്നാവുന്നതിലെന്താണ് ആശ്ചര്യം. അയാളെക്കൊണ്ട് എരുശ്ശേരിയും ഉണ്ടാക്കിച്ചു നോക്കിയാലറിയാം യഥാർത്ഥം." നളനുണ്ണി ഇത് കേട്ട് ആ ദിവസം ബാലിവധത്തിൽ രാവണൻ കെട്ടി. അത് കണ്ട് ഇഷ്ടപ്പെട്ട നമ്പൂതിരിപ്പാട് ഇട്ടിരാരിശ്ശമേനോനെ ബാലിവധം ചൊല്ലിയാടിക്കാനാണ് നിശ്ചയിച്ചത്. നളചരിതം ചൊല്ലിയാടിക്കുകയുണ്ടായില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ നളനുണ്ണിയ്ക്ക് വീട്ടുകാര്യങ്ങൾക്ക് വിചാരിച്ചതിലും മുമ്പ് തിരിച്ചു പോകേണ്ടി വന്നു. ഇട്ടിരാരിശ്ശമേനോന്റെ ബാലിവധം രാവണൻ വടക്കരിൽ വെച്ചു നോക്കുമ്പോൾ കേമമായിരുന്നു എന്ന് കേട്ടിട്ടുള്ളതായി കെ പി എസ് മേനോൻ; ശിഷ്യൻ പട്ടിക്കാംതൊടിയുടേയും ഈ വേഷം പ്രസിദ്ധമായിരുന്നു.
Mohandas
Sun, 2013-01-20 00:49
Permalink
അഭിപ്രായത്തോട് യോജിക്കുന്നു
അഭിപ്രായത്തോട് യോജിക്കുന്നു. ചര്‍ച്ചകള്‍ ഉണ്ടാകുന്നത് പ്രയോജനപ്രദമാണ്.
ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് അവലംബമായി മൂന്നു പുസ്തകങ്ങളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലയിടങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള നിരവധി ലേഖങ്ങളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കുന്ന ഒരു സംക്ഷിപ്ത രൂപമാണ് ലേഖനത്തില്‍ കാണുന്നത്.
നളനുണ്ണിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പന്മനയുടെ പുസ്തകത്തില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. തെക്കന്‍ കഥകളിയെക്കുരിച്ച്ചു മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞ വിവരങ്ങളെ 'കഥകളിരംഗ' ത്തില്‍ ഉള്ളൂ എന്ന് കെ.പി.എസ. മേനോന് തന്നെ രേഖപ്പെടുത്തിയിട്ടുള്ള സ്ഥിതിക്ക് അതിനു ആധികാരികത കുറയും.
നളനുണ്ണി കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. ആലപ്പുഴ ജില്ല എന്ന് ലേഖനത്തില്‍ എഴുതിയത് തെറ്റാണ്. കുറിച്ചിയും കോട്ടയം ജില്ലയില്‍ തന്നെ. നളനുണ്ണിയുടെ പേര് രാമനുണ്ണിയെന്നല്ല, മറിച്ചു കൃഷ്ണനുണ്ണി എന്നാണ് പന്മനയുടെ പക്ഷം. 'കഥകളിരംഗ' ത്തിനു വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തകാലത്തായി ഉണ്ടായ 'കൈരളീവ്യാഖ്യാനത്തി'നു ഗവേഷണത്തിന്റെ പിന്ബലമുന്ടെന്നു കരുതാം. കല്ലടിക്കോടന്‍ സമ്പ്രദായത്തിലുള്ള കുറിച്ചി ചിട്ടയിലും കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ തെക്കന്‍ ചിട്ടയിലും ഒരുപോലെ പ്രാവീന്യനായിരുന്നു നളനുണ്ണി എന്നാണു ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
നളനുണ്ണിയെ വെള്ളിനെഴിക്കു ക്ഷണിച്ച്ചുകൊണ്ടുപോയത് ഇട്ടിരാരിച്ചിമെനോനെ നളചരിതം അഭ്യസിപ്പിക്കുവാനായിരുന്നു എന്ന് പല ലേഖനങ്ങളിലും കാണുന്നു. വെള്ളിനെഴിയിലെ മൂന്നു മാസത്തെ താമസക്കാലത്തു നളചരിതം ചൊല്ലിയാടിച്ച്ചുവെന്നും ഇല്ലെന്നും കാണുന്നു. നളനുണ്ണിയുടെ വെള്ളിനേഴി താമസക്കാലത്തു കുഞ്ചു കര്‍ത്താവെന്ന വടക്കന്‍ സമ്പ്രദായ നടന് നളചരിതം ഗംഭീരമായി ആടി കണ്ടപ്പോള്‍ അതില്‍ അതിശയം തോന്നിയ നളനുണ്ണി, അദ്ദേഹത്തിന്റെ നളചരിതഗുരു ആരാണെന്ന് ആരായുകയും അങ്ങുതന്നെയാണെന്റെ ഗുരുവെന്നും കന്യാകുമാരിയാത്രയില് തിരുവനന്തപുരത്തുവെച്ചു നളനുണ്ണിയുടെ വേഷം ഒരുപ്രാവശ്യം കണ്ടു പഠിച്ചതാനെന്നും പറഞ്ഞത്രേ! ഇക്കാലത്തിന് ശേഷം അമ്പാട്ട് ശങ്കരമേനോനാണ് ആദ്യമായി നളചരിതം മലബാറില്‍ പ്രചാരത്തില്‍ വരുത്തിയത്. നളനുണ്ണി ഇട്ടിരാരിച്ചിമെനോനെ നളചരിതം അഭ്യസിപ്പിചിട്ടുന്ടെങ്കിലും ഇല്ലെങ്കിലും ഉത്തരകേരളത്തില്‍ നളചരിതത്തിന്റെ തുടക്കം കുറിച്ചത് ഉണ്ണിയില്‍ കൂടി തന്നെയാണെന്ന് ന്യായമായും കരുതാം.
nikhil
Mon, 2013-01-21 00:31
Permalink
ചരിത്രാന്വേഷണം നടത്തുമ്പോൾ
ചരിത്രാന്വേഷണം നടത്തുമ്പോൾ വിവിധ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം ഒന്നു സൂചിപ്പിക്കുക നന്നായിരിക്കും എന്നു തോന്നുന്നു. കെ പി എസ് മേനോനെപ്പോലെ ചരിത്രാന്വേഷണം നടത്തിയവർ കഥകളിചരിത്രത്തിൽ തന്നെ വേറെയുണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന് നളനുണ്ണിയുടെ ശേഷം വന്ന തലമുറയുമായി ഇടപഴകാനും അവസരം വന്നിട്ടുണ്ടല്ലൊ. അതു കൊണ്ട് ആധികാരികത കുറയും എന്ന് തികച്ചു പറയാൻ കഴിയില്ല. പന്മന മാഷ് നളനുണ്ണിയുടെ പേര് കൃഷ്ണൻ എന്നാണ് എന്ന് പറയുമ്പോൾ അതിന് ഏതെങ്കിലും രേഖയുടെ പിൻബലമുണ്ടോ എന്നറിയാൻ ആഗ്രഹമുണ്ട്. ചരിത്രാന്വേഷകന് കേട്ടുകേൾവിയെക്കാൾ ആധികാരികത രേഖയ്ക്കു തന്നെ.
നളനുണ്ണി മൂന്നു മാസം മുഴുമിക്കുന്നതിന്നു മുമ്പ് നളചരിതം ചൊല്ലിയാടിക്കാതെ തിരിച്ചു പോയി എന്നാണ് വള്ളുവനാട്ടിലെ എല്ലാ പഴമക്കാരും പറഞ്ഞു കേട്ടിരിക്കുന്നത്. ഇട്ടിരാരിശ്ശ മേനോൻ രണ്ടാം ദിവസം കെട്ടിയിരുന്നതായി കേട്ടിട്ടുമില്ല. നളനുണ്ണിയുടെ വടക്കൻ പര്യടനം നളചരിതം അവിടെ പ്രചരിക്കുന്നതിൽ സാരമായ പങ്കു വഹിച്ചിരിക്കാം എന്ന നിരീക്ഷണത്തോട് യോജിക്കുന്നു. ഒരു പക്ഷേ അമ്പാട്ട് ശങ്കര മേനോനും നളചരിതം രണ്ടാം ദിവസം വടക്ക് പ്രചരിപ്പിക്കാൻ പ്രചോദനം ലഭിച്ചത് നളനുണ്ണിയുടെ വേഷം കണ്ടിട്ടായിരിക്കാം (ഊഹം മാത്രം).
nikhil
Tue, 2013-01-22 06:26
Permalink
നളചരിതത്തിലെ മഹാരഥർ
നളചരിതത്തിലെ മഹാരഥരെ പറഞ്ഞ കൂട്ടത്തിൽ ചില പേരുകൾ കൂടി കൂട്ടിച്ചേർക്കാം.
(1) ചെന്നിത്തല കൊച്ചുപ്പിള്ളപ്പണിക്കർ, ഗുരു ചെങ്ങന്നൂർ എന്നിവരുടെ ഹംസം പ്രസിദ്ധമായിരുന്നുവല്ലൊ.
(2) നളചരിതം ഒന്നാം ദിവസവും നാലാം ദിവസവും വടക്ക് പ്രചരിപ്പിക്കുന്നതിൽ ഗുരു കുഞ്ചുക്കുറുപ്പിനോടൊപ്പം കഥകളിസംഗീതസമ്രാട്ടായ വെങ്കിടകൃഷ്ണ ഭാഗവതരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് നമുക്ക് സുപരിചിതമായ പല പദങ്ങളുടെ രാഗങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്. ഉദാഃ ദർബാർ രാഗത്തിലുള്ള "പൂമാതിനൊത്ത ചാരുതനോ", കമാസ് രാഗത്തിലുള്ള "ചിന്തിതമചിരാൽ". അവയ്ക്ക് പ്രാദേശികഭേദമെന്യേ അംഗീകാരവും ലഭിച്ചിട്ടുണ്ട്. രുഗ്മാംഗദചരിതവും ഭാഗവതർ ഏതാണ്ട് മുഴുവനും രാഗം മാറ്റി ചിട്ടപ്പെടുത്തി, അവയും എല്ലായിടത്തും പ്രയോഗിച്ചു വരുന്നു. നളചരിതത്തെ തെക്കും വടക്കുമുള്ള സംഗീതപ്രേമികളുടെ ഹരമാക്കി മാറ്റുന്നതിൽ ഭാഗവതരുടെയും ശിഷ്യപ്രശിഷ്യരുടേയും പങ്ക് വളരെ വലുതാണ്.
(3) നളചരിതത്തിന് ആട്ടപ്രകാര സ്വഭാവത്തിലുള്ള ആദ്യത്തെ കൃതികളിലൊന്ന് നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ എഴുതിയ കുറിപ്പുകളാണ്. അദ്ദേഹത്തിന്റെ കുറിപ്പുകളും നളചരിതവുമായുള്ള ബന്ധവും "നാട്യാചാര്യന്റെ ജീവിത മുദ്രകൾ", "കഥകളിയുടെ രംഗപാഠചരിത്രം" എന്നീ പുസ്തകങ്ങളിൽ വിസ്തരിച്ചിട്ടുണ്ട്. രണ്ടാം ദിവസം നളൻ അദേഹത്തിന്റെ പ്രധാന വേഷങ്ങളിലൊന്നായിരുന്നു. ഒന്നും മൂന്നും എണ്ണത്തിൽ കുറവാണെങ്കിലും കെട്ടിയിട്ടുണ്ട്. ശിഷ്യരിൽ കുഞ്ചുനായരെക്കൂടാതെ കീഴ്പ്പടവും നളചരിതത്തെ ഗൗരവമായി സമീപിച്ച കലാകാരനാണ്. കീഴ്പ്പടത്തിന്റെ നളചരിത സമീപനത്തെക്കുറിച്ച് കഥകളി.ഇൻഫൊ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ഞാൻ സദനം ബാലകൃഷ്ണാശാനോട് ചോദിക്കുകയുണ്ടായിട്ടുണ്ട്. പട്ടിക്കാംതൊടിയുടെ കാലത്തു തന്നെ രാമൻകുട്ടിയാശാൻ ഒന്നിലും രണ്ടിലും വേഷം കെട്ടുകയുണ്ടായിട്ടുണ്ടെങ്കിലും കാട്ടാളനാണ് പ്രസിദ്ധമായത്. മകനും ശിഷ്യനുമായ പദ്മനാഭൻ നായരുടെ ഹംസവും പ്രസിദ്ധമായിരുന്നുവല്ലൊ.
കൊടുങ്ങല്ലൂരിൽ നിന്നു ലഭിച്ച നാട്യദർശനത്തിലൂന്നി നിന്നു കൊണ്ടാണ് പട്ടിക്കാംതൊടി ആചാര്യൻ നളചരിതത്തെ കാണുന്നത്. അദ്ദേഹത്തിന്റെ രണ്ടാം ദിവസത്തിന്റെ കുറിപ്പിൽ ഇതു സംബന്ധമായ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ട്. താരതമ്യേന നാടകയീയവും യാഥാർത്ഥ്യത്തോടടുത്തു നിൽക്കുന്നതുമായ നളചരിതത്തെ കൂടുതൽ ശൈലീബദ്ധമാക്കുകയാണ് പട്ടിക്കാംതൊടിയും ശിഷ്യപ്രശിഷ്യരും ചെയ്തത്. കഥാപാത്രങ്ങളെ ആഴത്തിൽ പരിശോധിച്ച് പാത്രവ്യാഖ്യാനത്തിലും മൗലികമായ സംഭാവനകൾ അവർ നൽകുകയുണ്ടായി. അതു കൊണ്ട് "...അവിടങ്ങളിലെ കലാകാരന്മാരും കഥകളിപ്രേമികളും രസാഭിനയപ്രധാനമായ നളചരിതത്തിന്റെ പ്രസിദ്ധിക്കുതകുന്നവിധത്തില്‍ എന്തെങ്കിലും ചെയ്യുക ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല. മദ്ധ്യകേരളത്തില്‍ ഇതിനൊരപവാദം കലാകോവിദനായ പദ്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ മാത്രമായിരുന്നു. " എന്ന വാചകം മുഴുവൻ ശരിയാണെന്ന് പറയാൻ കഴിയില്ല.
Mohandas
Tue, 2013-01-22 12:33
Permalink
നളചരിത സംഭാവനകള്‍
നളചരിതത്തിനു കാര്യമാത്ര പ്രസക്തമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രധാന കലാകാരന്മാരെ മാത്രമേ ഞാന്‍ ലേഖനത്തില്‍ പേരെടുത്തു പറഞ്ഞിട്ടുള്ളൂ. ലേഖനത്തില്‍ പറയുന്നവരല്ലാതെ പലരും നളചരിതത്തിന്റെ വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട് എന്നതില്‍ സംശയം ഇല്ല. പന്മന മാഷിന്റെ ബുക്കില്‍ തന്നെ ഇങ്ങിനെയുള്ള കലാകാരന്മാരുടെ ഒരു നീണ്ട ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതെല്ലാം ഞാന്‍ എഴുതിയില്ലന്നെ ഉള്ളൂ. പട്ടിക്കാംതൊടി ആശാന് നളചരിതം ഭംഗിയായി കളിച്ചിരുന്നു എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എടുത്തു പറയത്തക്ക മറ്റു നളചരിത സംഭാവനകളെക്കുറിച്ചു എനിക്ക് വലിയ അറിവില്ലാ. നിഖില്‍ ഉദ്ദേശിച്ച കുറിപ്പുകള്‍ ഈ വിഷയത്തിലുള്ള പ്രധാന ഗ്രന്ഥങ്ങളില്‍ പരാമര്ഷിക്കാതിരുന്നതാകാം കാരണം. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടാഞ്ഞതാകാം. അതെന്തുതന്നെയായാലും വാഴേങ്കട ആശാന് ചെയ്തതുപോലെ ചരിത്രം രേഖപ്പെടുത്തുന്ന വലിയ സംഭാവനകള്‍ നളച്ചരിതത്തിന്റെ പ്രശസ്തിക്കുവേണ്ടി പട്ടിക്കാംതൊടി ആശാനോ മറ്റാരെങ്കിലുമോ വടക്കുനിന്നും ചെയ്തിട്ടുള്ളതായി എനിക്കറിവില്ല. സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് സമഗ്രമായ പഠനം ആവശ്യമാണ്. അതിനുള്ള ലൈബ്രറി സൌകര്യങ്ങളും മറ്റും ലഭ്യമല്ലാത്ത മറുനാട്ടില്‍ നിന്നും എഴുതുന്നതാകയാല്‍ ചില പോരായ്മകള്‍ ലേഖനത്തില്‍ ഉണ്ടാകാം. അത് ഇവ്വിധ ചര്‍ച്ചകളില്‍ കൂടി ഒരു വിധം പരിഹരിക്കാന്‍ കഴിയും.