നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം
ഹേമാമോദസമാ - 12
ആനന്ദദായകമായ ഒരു കഥകളിയാണ് നളചരിതം എന്നതിന് രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന് ഒരു പക്ഷം വാദിക്കുമ്പോൾ അത് ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം.
2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട് കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി. കലാധരൻ, നളചരിതം എന്തുകൊണ്ട് ശെരിയായ ഒരു കഥകളിയാകുന്നില്ലെന്നു സമർഥിക്കാൻ ശ്രമിച്ചു. നാട്യശാസ്ത്രങ്ങളെ ഉദ്ധരിച്ചു കൊണ്ടും കോട്ടയം കഥകളോട് ഉപമിച്ചുകൊണ്ടും കഥകളി നിഷ്ക്കർഷിക്കുന്ന സ്ഥായീഭാവം നിലനിർത്താൻ നളചരിതപദഘടനക്ക് സാധിക്കുന്നില്ലെന്നും ആയതിനാൽ നളചരിതം ആട്ടക്കഥയെ ഉത്തമ കഥകളിസാഹിത്യമായി കരുതാൻ കഴിയില്ല എന്നും അദ്ദേഹംപറഞ്ഞു. ഇതേ തുടർന്ന് സംസാരിച്ച ആലപ്പുഴക്കാരനായ കഥകളിപണ്ഡിതൻ ശ്രീ. കളർകോട് മുരളി, നളചരിതത്തിലെ പല പദങ്ങളും കോട്ടയം കഥകളിലേതുപോലെ കഥകളിത്തപരമല്ലെന്നും നളചരിതത്തിലെ പല പദങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ വിഷമമുള്ളതാണെന്നും നടന്മാർ എങ്ങിനെയൊക്കെയോ ഇതൊക്കെ ആടിപ്പോകുന്നേയുള്ളൂ എന്നും അഭിപ്രായപ്പെട്ടു. ഉദാഹരണമായി അദ്ദേഹം നളചരിതം നാലിലെ ‘ഉചിതം രുചിരം ദയിതം ഭജതം’ എന്ന പദവും മറ്റു ചില പദങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇങ്ങെനെയൊക്കെയാണെങ്കിലും നളചരിതം കഥകളി എന്തോ ഒരു അവാച്യാനുഭൂതി നല്കുന്നു എന്ന സത്യം മറക്കാവതല്ല എന്നും അദ്ദേഹം കൂട്ടിചേർത്തു. ‘നളചരിത സാഹിത്യവും ശില്പ്പസൗന്ദര്യവും’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കാനായി വേദിയിലിരുന്ന അടുത്ത പ്രഭാഷകനായ എനിക്ക് ഇപ്പറഞ്ഞതിന്റെയൊന്നും പൊരുൾ അത്ര മനസ്സിലായില്ല. നളചരിതം കഥകളി പലവട്ടം കണ്ടിട്ടുള്ള എനിക്ക്, എന്റെ കഥകളിയുടെ സാങ്കേതിക വിഷയത്തിലുള്ള പരിജ്ഞാനക്കുറവുകൊണ്ടാകാം, ഇങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഒരു സൌന്ദര്യാരാധകൻ ഒരു റോസാപുഷ്പ്പത്തെ കണ്ടാസ്വദിക്കുംപോലെ നളചരിതം കണ്ടാസ്വദിച്ചിരുന്നതിനാലാകാം എനിക്കിപ്പറഞ്ഞ ന്യുനതകൾ ഒന്നും മനസ്സിലാകാതിരുന്നത്. അത് കൊണ്ടുതന്നെ ഒരു സസ്യശാസ്ത്രജ്ഞൻ ഗവേഷണ ബുദ്ധിയോടെ ഒരു പുഷ്പ്പത്തെ കീറി മുറിച്ചു അതിന്റെ ദളങ്ങളും നാളങ്ങളും പരാഗവും എല്ലാം വേറെ വേറെയാക്കി അതൊരു പുഷ്പമല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോലെയാണ് ഈ രണ്ടു പണ്ഡിതന്മാരുടെയും നളചരിത വിശകലനങ്ങൾ എനിക്കനുഭവപ്പെട്ടത്.. .ഈ അഭിപ്രായം അടുത്തിരുന്ന ചില സുഹൃത്തക്കളോട് അപ്പോൾ തന്നെ ഞാൻ പറയുകയും ചെയ്തു. ഏതായാലും എന്റെ പരിമിതമായ അറിവുകൾ വെച്ചുകൊണ്ട് നളചരിതം കഥകളി എന്തുകൊണ്ട് സഹൃദയാനന്ദകരമാണെന്നു സ്ഥാപിച്ചു ഞാൻ വേദി വിട്ടു.
ഈ സംഭവത്തിനു ശേഷം 2008ൽ ഇൻറർനെറ്റ് ബ്ലോഗ് കഥകളി ചർച്ചകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് മറ്റൊന്ന് കൂടി മനസ്സിലായി. മുകളിൽ പരാമർശിച്ച വിധത്തിലുള്ള സാഹിത്യപരവും കഥകളിപരവുമായ പോരായ്മകൾക്കും മേലേ, നളച രിതത്തിനു എന്തോ ഒരു അയിത്തം കുറച്ചു പേരെങ്കിലും കല്പ്പിക്കുന്നുണ്ട്, നളചരിതത്തിനു കുറെ ശത്രുക്കൾ ഉണ്ട്. കഥകളിയുടെ എല്ലാച്ചിട്ടകളിലും പ്രാവീണ്യനായ കലാമണ്ഡലം കൃഷ്ണൻ നായരാശാൻ അഭിനയിക്കുമ്പോൾ പോലും നളചരിതത്തിനു കഥകളിത്തഭംഗി ഉണ്ടാകുന്നില്ലെന്നും എന്നാൽ കല്ലുവഴിച്ചിട്ടയിൽ കലാമണ്ഡലം ഗോപിയും കോട്ടക്കൽ ശിവരാമനും അവതരിപ്പിക്കുമ്പോൾ നളചരിതം ഗംഭീരമാകുന്നുണ്ടെന്നും പലർക്കും അഭിപ്രായമുള്ളതായി ഈ ചർച്ചകളിൽ നിന്നും എനിക്ക് മനസ്സിലായി. അതായത് നളചരിതത്തിനു ശോഭ കുറയുന്നത് അതിന്റെ സാഹിത്യദോഷം കൊണ്ടൊന്നുമല്ല, അവതരണത്തിലുള്ള വൈദഗ്ധ്യക്കുറവൊന്നുകൊണ്ട് മാത്രമത്രേ. നളചരിതം കഥകളി ലോകത്തിനു സമർപ്പിച്ച കലാകോവിദന്മാരായ തെക്കൻകഥകളി ആചാര്യന്മാർക്കോ കലാസാർവഭൌമനായ കലാമണ്ഡലം കൃഷ്ണൻ നായർക്കോ ഇല്ലാതിരുന്ന ഈ വൈദഗ്ദ്ധ്യം കല്ലുവഴിച്ചിട്ടയിൽ കൂടി കലാമണ്ഡലം ഗോപിയും കോട്ടക്കൽ ശിവരാമനും പ്രകടിപ്പിക്കുമ്പോൾ നളചരിതം കാണാൻ കൊള്ളാവുന്ന ഒരു കഥകളിയായി പരിണമിക്കുന്നുണ്ടത്രെ!
ഈ രണ്ടു സംഭവങ്ങളും എന്നെ വല്ലാത്ത ചിന്താക്കുഴപ്പത്തിലാക്കി. കോട്ടയം കഥകളിലെ കഥകളിത്തമുള്ളൂ എങ്കിൽ പിന്നെ ഞാൻ കണ്ടിട്ടുള്ള നളചരിതം ഉൾപ്പെടെയുള്ള പല കഥകളും കഥകളിയല്ലേ? കല്ലുവഴിച്ചിട്ടയിൽ കളിക്കുന്ന കളികളെ കഥകളിയാകുന്നുള്ളൂ എങ്കിൽ ഈ തെക്കൻചിട്ട എന്ന് പറയുന്നതിന്റെ സാംഗത്യം എന്താണ്? ഈ സംഭവങ്ങൾക്ക് ഏതാണ്ട് എട്ടു വർഷങ്ങൾക്കു മുൻപ് വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് കാര്യദർശി ശ്രീ. രാജ് ആനന്ദ് ‘ചരിത്രം ഏറ്റു വാങ്ങിയ സൂര്യ തേജസ്’ എന്ന തലക്കെട്ടിൽ ഇരുപതാം നൂറ്റാണ്ടിലെ കഥകളിയുടെ ചരിത്രം ‘മലയാളം’ വാരികയിൽ എഴുതിയിരുന്നതും അതിനു അന്ന് ഞാൻ മറുപടി നല്കിയിരുന്നതും അപ്പോൾ ഓർമ്മയിൽ വന്നു. തെക്കൻകഥകളി രംഗത്തിൽ ഗുരു ചെങ്ങന്നൂർ രാമൻപിള്ള എന്നൊരു നടനുണ്ടെന്നതൊഴിച്ചാൽ ഇരുപതാം നൂറ്റാണ്ടിലെ കഥകളിചരിത്രത്തിൽ തെക്കൻ കേരളത്തിനു വലിയ പങ്കൊന്നും ഇല്ലെന്നു തോന്നും വണ്ണം എഴുതിയിരുന്ന ആ ലേഖനത്തിൽ ‘കല്ലുവഴിച്ചിട്ടയുടെ കാന്തികശക്തിയുമായി വന്ന കൃഷ്ണൻ നായരാണ് തെക്ക് ചെങ്ങന്നൂർ രാമൻപിള്ളയും മാങ്കുളവും കുടമാളൂരും ചമ്പക്കുളവും നിറഞ്ഞു നിന്ന അരങ്ങുകളിൽ ചലനം സൃഷ്ട്ടിച്ചതെന്നു’ എഴുതിയിരുന്നു. അതായത് തെക്കൻ കഥകളി അരങ്ങുകൾ കൃഷ്ണൻ നായർ എത്തുന്നതിനു മുൻപ് നിർജജീവമായിരുന്നു! കേരളത്തിൽ (ലോകത്തിലെന്നും വായിക്കാം) ഒരു വർഷം നടക്കുന്ന കഥകളിയിൽ (90 കളിൽ) തൊണ്ണൂറു ശതമാനത്തിൽ കുറയാതെ നളചരിതവും അതുപോലെ തെക്കൻ കഥകളിരംഗം വികസിപ്പിച്ചെടുത്ത മറ്റു കഥകളുമാണ് കളിച്ചിരുന്നതെന്ന് കണ്ടപ്പോൾ ഇവരൊന്നും പറയുന്നതല്ല പ്രേക്ഷകാഭിപ്രായം എന്ന് എനിക്ക് തോന്നി. എവിടെയോ എന്തോ ഒരു പിശകുള്ളതുപോലെ. ഞാൻ ഒരു ചോദ്യം എന്നോടു
ചോദിച്ചു; കഥകളിയിലും രാഷ്ട്രീയം ഉണ്ടോ? ഇതന്വേഷിച്ചറിയേണ്ടുന്ന ഒരു കാര്യമാണെന്നെനിക്ക് തോന്നി. അങ്ങിനെയാണ് കഥകളിയുമായി വലിയ ബന്ധമൊന്നുമില്ലാത്ത എന്റെ ശ്രദ്ധ ആദ്യമായി ഈ വിഷയത്തിലേക്ക് തിരിഞ്ഞത് (പിൽക്കാലത്ത് പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ‘കൈരളീ വ്യാഖ്യാനം’ വായിച്ചപ്പോൾ എന്റെ ചിന്ത അത്രകണ്ട് അസ്ഥാനത്തായിരുന്നില്ല എന്നും മനസ്സിലായി).
ദേശമംഗലം രാമവാര്യരുടെ ‘നളചരിതം ആട്ടക്കഥ’ യാണ് എന്റെ കയ്യിൽ ആദ്യം കിട്ടിയ പുസ്തകം.ശ്രീ കുട്ടിക്കൃഷ്ണമാരാരാണ് അവതാരിക എഴുതിയിരിക്കുന്നത്. ‘മിളിതം പദയുഗളെ മാർഗ്ഗിതയാ ലതയാ’ (തേടിയ വള്ളി കാലിൽ ചുറ്റി) എന്നപോലെയാണ് എനിക്കനുഭവപ്പെട്ടത്.. ഒരു നളചരിതപ്രേമിയായിരുന്നു മാരാർ എന്നെനിക്കു മനസ്സിലായി. നളചരിതത്തെ ഏറ്റവും കൂടുതൽ പഠിക്കയും സ്നേഹിക്കയും ചെയ്ത മലയാള ഭാഷാപണ്ഡിതനായിരുന്നു അദ്ദേഹമെന്ന് പിന്നീടെനിക്ക് മനസ്സിലായി. 1955ൽ പ്രസ്തുത അവതാരിക എഴുതുന്നതുവരെ നളചരിതത്തിനെതിരെ എയ്ത എല്ലാ ശരങ്ങളെയും ഖണ്ഡിച്ച കൃതഹസ്തനായ ഫൽഗുനൻ! കഥകളിത്തത്തിൽ കോട്ടയം കഥകൾക്ക് താഴെയാണ് നളചരിതം എന്ന വാദത്തിനു അദ്ദേഹം നൽകിയ മറുപടി ഇങ്ങിനെയാണ്.
" ------- കഥകളി പ്രസ്ഥാനത്തിന്റെ ആരംഭദശയിലുണ്ടായ ആ രണ്ടു കൂട്ടം ആട്ടക്കഥകൾക്കും (കൊട്ടാരക്കരക്കഥകളും കോട്ടയംകഥകളും) സാഹിത്യ ദൃഷ്ട്യാ പറയത്തക്ക മേന്മയൊന്നുമില്ല. കോട്ടയം കഥകളെക്കുറിച്ച് മറിച്ചോരഭിപ്രായം കേൾക്കാമെങ്കിലും, അത് ആ തമ്പുരാന്റെ വ്യാകരണപാണ്ഡിത്യവും ശബ്ദപ്രൗഡിയും കണ്ടിട്ട് അദ്ദേഹത്തിന്റെ പ്രജകളായ ശാബ്ദികന്മാർക്കുണ്ടായ ഹർഷോദ്രേകത്തിന്റെ നുരക്കട്ട മാത്രമാണ്. ആ രണ്ടു തമ്പുരാക്കന്മാരും കഥകളിക്കു ഉപയോഗിക്കത്തക്കവണ്ണം ഇതിഹാസവിഷയകങ്ങളായ കുറെ ശ്ലോകങ്ങളും പദങ്ങളും രചിച്ചു നടപ്പാക്കി എന്നത് മാത്രമാണ് വാസ്തവം. ആ വിധം അന്ന് ഏതാണ്ടൊരു അസംസ്കൃത രൂപത്തിൽ നടന്നു വന്നിരുന്ന കഥകളിയെ, എല്ലാവിധത്തിലും നാടകീയമായ പരിപൂർണ്ണതയിലെത്തിപ്പാനുദ്ദേശിച്ചാണ് ഉണ്ണായിവാരിയർ നളചരിതം രചിച്ചതെന്ന് ഏതു വഴിക്ക് നോക്കുമ്പോഴും കാണാം-------ഇതിൻ വിധം, ഇതിലെ സംഗീതരചനയിലും നൃത്തവിധാനോപദനിബന്ധനത്തിലും കവി അനന്യസാമാന്യമായ വൈദഗ്ധ്യ വിശേഷങ്ങളെ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നു തദഭിജ്ഞന്മാർ പറയുന്നു. ഇത് പാടിക്കേൾക്കുമ്പോഴും ആടിക്കാണുമ്പോഴും അസാധാരണമായ ഒരു ഹൃദയസ്പർശിത അനുഭവപ്പെടാറുണ്ട്.--------ഞാൻ കേരളകലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്ന കാലത്ത് പലപ്പോഴും പറയാറുണ്ടായിരുന്നു, എനിക്കൊരു കലാമണ്ഡലം തുടങ്ങാനിടയായാൽ ഞാൻ ആദ്യം ചെയ്യുക, നളചരിതം നാല് ദിവസത്തെ കഥയും വെടിപ്പായി, തുടർച്ചയായി അഭിനയിക്കുന്ന ഒരു നാട്യസംഘത്തെ എർപ്പെടുത്തുകയായിരിക്കുമെന്ന്. നമ്മുടെ ശ്രേഷ്ഠമായ കഥകളിയുടെയും നളചരിതത്തിന്റെയും മഹത്വങ്ങളെ ഒന്നിച്ചു ചേർത്തു കാണിക്കുവാൻ മേൽപ്രകാരം ഒരു സംഘം തന്നെ ഉണ്ടാകേണ്ടതാണ്, അത് നമുക്ക് സാഹിത്യപരവും നാട്യപരവുമായ വലിയോരഭിവൃദ്ധിയായിരിക്കുകയും ചെയ്യും ......."
മലയാളഭാഷാനിരൂപണത്തിന്റെ കുലപതിയായ കുട്ടിക്കൃഷ്ണമാരാർ പറഞ്ഞ ഈ വാക്കുകൾ അത്ര നിസ്സാരമായി തള്ളിക്കളയാവതല്ല. മാരാരുടെ പ്രസ്താവം നളചരിതസാഹിത്യത്തിന്റെ ഉത്തമ കഥകളിത്തത്തെക്കുറിച്ചായിരുന്നു എങ്കിൽ അരങ്ങു പരിചയമുള്ള പ്രഗല്ഭനായ ഒരു കഥകളി കലാകാരനു നളചരിതത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് നോക്കാം.
ചെന്നൈ കലാക്ഷേത്രയിൽ 2012 സെപ്തംബർ മാസത്തിൽ ‘ഭാവഭാവനം’ എന്ന പേരിൽ അഞ്ചു ദിവസത്തെ നളചരിതകഥകളി ഉത്സവം നടക്കയുണ്ടായി. അവസാന നാളിലെ നളചരിതം നാലാം ദിവസത്തെ കളിക്കു മുൻപായി കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ശ്രീ. എം. പി. എസ്സ്. നമ്പൂതിരി ‘നളചരിതം: നടന് വെല്ലുവിളിയാകുന്ന കഥകളി’ എന്ന വിഷയത്തെ സംബന്ധിച്ച് പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു; "കോട്ടയം കഥകൾ കഥകളിയുടെ ഗ്രാമ്മർ ആണെങ്കിൽ നളചരിതം ഒരു പദ്യമാണ്. കഥകളി ഗ്രാമർ ശരിക്കും വശമായിട്ടുള്ള ഒരു കഥകളി നടൻ സ്വതവേ രചിക്കേണ്ട കവിതയാണ് നളചരിതം. ഒറ്റപ്പെട്ട മരങ്ങളാണ് കോട്ടയം കഥകൾ എങ്കിൽ മരങ്ങൾ ഇടതൂർന്നു നില്ക്കുന്ന ഒരു വനമാണ് നളചരിതം. മരങ്ങൾക്ക് ഭംഗിയുണ്ടെങ്കിലും വനഭംഗി ഒന്ന് വേറെ തന്നെയാണ്. നളചരിതം ആട്ടക്കഥ ചൊല്ലിയാട്ടത്തിനു വഴങ്ങുന്നതല്ല. ഇത് പഠിപ്പിക്കാൻ കഴിയില്ല. സർഗ്ഗവാസനയുള്ള അനുഗ്രഹീത കലാകാരനേ അത് അഭിനയിച്ചു നന്നാക്കാൻ കഴിയൂ". കഥകളിത്തപരമായി എന്തെങ്കിലും ദോഷമുള്ള കഥയാണ് നളചരിതം എന്ന് അദ്ദേഹം പറഞ്ഞുകേട്ടില്ല. സംസാരത്തിനൊടുവിൽ അദ്ദേഹം പറഞ്ഞു ‘ഒരു തലമുറയിൽ ഒന്നോ രണ്ടോ നളനടന്മാരേ ഉണ്ടാകാറുള്ളൂ; കഴിഞ്ഞ തലമുറയിൽ അത് ഗുരു. കുഞ്ചുക്കുറുപ്പായിരുന്നു. ഈ തലമുറയിൽ അത് കലാമണ്ഡലം ഗോപിയാണ്’. ഗുരു കുഞ്ചുക്കുറുപ്പ് തെക്കൻചിട്ടയുടെ തകഴിവഴിക്കാരനും കലാമണ്ഡലം ഗോപി സാക്ഷാൽ കല്ലുവഴിച്ചിട്ടക്കാരനുമാണ്. അതായത് ചിട്ടയൊന്നും അല്ല, കലാകാരന്റെ കഴിവു മാത്രമാണ് നളചരിതാവതരണത്തിനുള്ള മാനദണ്ഡം എന്നർത്ഥം. അല്പ്പവിഭവനും ഭാവനാശൂന്യനുമായ കലാകാരനേ നളചരിതം പ്രശ്നമാകുന്നുള്ളൂ. അതിനു ഭാവനാസമ്പന്നനായ ഒരു കവിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഭാവാഭിനയനിപുണരായ ഗോപിയുടെയും ശിവരാമന്റെയും കൈകളിൽ നളചരിതം ഭദ്രമായില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളൂ!
കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിൽ തുടങ്ങി കഥകളിയുടെ വികാസചരിത്രത്തിലെ പല പ്രധാന വിഷയങ്ങളെയും, സാമൂഹികമായും സാംസ്കാരികമായും വ്യത്യസ്തത പുലർത്തിയിരുന്ന കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ എങ്ങിനെയാണ് നോക്കിക്കണ്ടിരുന്നത് എന്ന് ഹേമാമോദസമയുടെ 9, 10, 11 ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു. കഥകളി ഉണ്ടാകുന്ന കാലത്ത്, അതായത് ഒരു മുന്നൂറു വർഷങ്ങൾക്കു മുൻപ്, വടക്കൻകേരളത്തിൽ പ്രബലമായിരുന്ന വരേണ്യ ഫ്യൂഡൽ സമൂഹത്തിന്റെ ചിന്താധാരകൾക്കും ആസ്വാദനതലങ്ങൾക്കും യോജിച്ച വിധത്തിൽ വീര-ശൃംഗാര രസങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് രചിക്കപ്പെട്ട ആട്ടക്കഥകളായിരുന്നു കോട്ടയം കഥകൾ. പ്രണയമോ മനുഷ്യജീവിതമോ അതിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളോ ഒന്നും തന്നെ ഇക്കഥകളുടെ വിഷയങ്ങളല്ല; ഇതൊന്നും ഇത് കണ്ട് രസിച്ചിരുന്നവരുടെയും
താത്പര്യവിഷയങ്ങളായിരുന്നിരിക്കില്ല. സ്വാഭാവികമായും വിപ്ലവകരമായ, ജീവിതഗന്ധിയായ നളചരിതത്തിനെ അവർ തള്ളിപ്പറഞ്ഞു. അതിൽ അതിശയിക്കേണ്ടതായി ഒന്നും ഇല്ല. ചിട്ട പ്രധാനമായ കോട്ടയം കഥകളിൽ നിന്നും വളരെ വ്യത്യസ്ഥമായ അവതരണ രീതികൾ ആവശ്യമായിരുന്ന നളചരിതത്തെ അതിനനുയോജ്യമായ വിധത്തിൽ ചിട്ടപ്പെടുത്തി വികസിപ്പിച്ച് തെക്കൻകേരള കഥകളിരംഗം കഥകളി ഭൂപടത്തിൽ ചേർത്തു. സങ്കീർണ്ണമായ കോട്ടയം കഥകൾക്ക് ഉണ്ടായിരുന്നതിനേക്കാൾ വലിയോരു പ്രേക്ഷക പിന്തുണ കുറഞ്ഞൊരു കാലയളവ് കൊണ്ട് തന്നെ നളചരിതം നേടുകയും ചെയ്തു. ആദ്യം മുതലേ നളചരിതത്തെ എതിർത്തിരുന്നവർക്കും അവരുടെ പിൻഗാമികൾക്കും സ്വാഭാവികമായും ഇതൊന്നും അത്ര സന്തോഷകരമായ സംഗതികൾ ആയിരുന്നിരിക്കില്ലല്ലോ? കലാമണ്ഡലത്തിലൂടെയും അല്ലാതെയും കഥകളിയിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഇക്കൂട്ടർ നളചരിതത്തിനെതിരായി ആഞ്ഞടിക്കാൻ തുടങ്ങി. കലാസാർവഭൌമനായ കലാമണ്ഡലം കൃഷ്ണൻനായരുടെ ഭാവാഭിനയത്തെ ‘ഗോഷ്ട്ടി’ എന്ന് വിളിച്ചു പരിഹസിച്ച ഈ സമൂഹം അതിലൂടെ പ്രകടമാക്കിയത് തലമുറകളായി നളചരിതത്തോടും ഭാവാഭിനയപ്രധാനമായ കഥകളി എന്ന സങ്കല്പ്പത്തോടുമുള്ള ഈ ഇഷ്ട്ടക്കേടാണ്. ഇവരുടെ അന്യം നിന്നുകൊണ്ടിരിക്കുന്ന തിരുശേഷിപ്പുകളിൽ ആണ്, ചെറിയ തോതിലാണെങ്കിലും നളചരിതവിരോധം ഇന്നും കത്തി നില്ക്കുന്നത്; അല്ലാതെ കലാസ്നേഹികളായ മലയാളിയുടെ മനസ്സുകളിൽ അല്ല. കഥകളിയിൽ പ്രസക്തരാവണമെങ്കിൽ ഈ ന്യൂനപക്ഷം പറയുന്നത് ഏറ്റു പറയേണ്ടതുണ്ടെന്നു തോന്നുന്നു.
കോട്ടയം കഥകളും നളചരിതവും കഥകളിയുടെ രണ്ടു വിഭാഗങ്ങളില്പ്പെടുന്ന കഥകളാണെന്നു മുൻപ് പറഞ്ഞല്ലോ? ഈ കഥകൾ തമ്മിൽ ആർട്ട് സിനിമയും മുഖ്യധാരാ സിനിമയും പോലെയുള്ള വ്യത്യാസമുണ്ട്. സിനിമയുടെ ഗ്രാമ്മർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്, സിനിമയെ ചിന്താതലത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ജനവിഭാഗത്തിനു, സങ്കേതഭദ്രമായ ആർട്ട് സിനിമ ഇഷ്ടപ്പെടും. പക്ഷെ ഒരു മുഖ്യധാരാ സിനിമ അത്ര കണ്ട്സങ്കേതഭദ്രമായിരിക്കണം എന്നില്ല. ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ആഗ്രഹാഭിലാഷങ്ങളും ചിന്തകളും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു പ്രമേയം സിനിമയെന്ന മീഡിയത്തിലൂടെ അവർക്കു കാണണം. അതാണാവശ്യം. സങ്കേതഭദ്രമായ കോട്ടയം കഥകളുടെയും അത്രമാത്രം സാങ്കേതിക മികവു ആവശ്യമില്ലാത്ത, നളചരിതം പോലെയുള്ള ജീവിതഗന്ധിയായ ആട്ടക്കഥകളുടെയും കാര്യവും ഇത് തന്നെയാണ്. ഒളപ്പമണ്ണ മനയിൽ വച്ച് പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന് പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ് എനിക്കു തോന്നുന്നത്. രണ്ടു മനസ്സുകൾ കൊണ്ട് കാണേണ്ട സിനിമകളാണ് ഇത് രണ്ടും. ഈ രണ്ടു സിനിമകൾക്കും അതിന്റേതായ പ്രാധാന്യവും ഇടവും പ്രേക്ഷകപിന്തുണയും ഉള്ളതുപോലെ തന്നെയാണ് രണ്ട് വ്യത്യസ്ത ശൈലിയില്പ്പെടുന്ന ആട്ടക്കഥകളുടെയും കാര്യം. ഒന്ന് സവർണ്ണകഥയും മറ്റേതു അവർണ്ണകഥയും ആണെന്നൊക്കെ പറഞ്ഞു ചിന്താക്കുഴപ്പം സൃഷ്ടിക്കാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. കോട്ടയം കഥകൾ ആടുന്നത്‌പോലെ തന്നെ ആടേണ്ട കഥകളാണോ നളച രിതവും അതുപോലെയുള്ള മറ്റു കഥകളും? കല്ലുവഴിചിട്ട നിഷ്ക്കർഷിക്കുന്ന സമ്പ്രദായങ്ങളിൽ അവതരിപ്പിക്കാത്ത കഥകളെ കഥകളി എന്ന് വിളിക്കാൻ കഴിയില്ലേ ? വിദഗ്ധർ അഭിപ്രായം പറയട്ടേ. എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ടുതരം ആട്ടക്കഥകളും കഥകളിയെന്ന വിശ്വോത്തരകലയുടെ അവിഭാജ്യാംശങ്ങളാണ്. ഈ തിരിച്ചറിവോടെ, കുട്ടിക്കൃഷ്ണമാരാർ ആഗ്രഹിച്ചതുപോലെ, നളചരിതത്തെയും അതുപോലെയുള്ള നാടകീയമായ, ഭാവാഭിനയപ്രധാനമായ മറ്റു കഥകളെയും ശെരിക്കവതരിപ്പിക്കാൻ കഴിയുന്ന ഒരു കഥകളി സമ്പ്രദായം വികസിപ്പിച്ചെടുക്കയാണ് നാം ചെയ്യേണ്ടത്. പൊതുഖജനാവിൽ നിന്നും പണം മുടക്കി പ്രവർത്തിക്കുന്ന കലാമണ്ഡലത്തിനു കഥകളിക്കു വേണ്ടി ചെയ്യാവുന്ന നല്ല കർമ്മങ്ങളിൽ ഒന്നായിരിക്കും ഇത്.
Comments
ഗോപൻ (not verified)
Fri, 2013-05-17 12:31
Permalink
കമലദളം, നളചരിതം
കമലദളം സിനിമ പോലെയാണ് നളചരിതം എന്ന് പറഞ്ഞ് താങ്കൾ നളച്ചരിതത്തെ നിന്ദിക്കരുത് . ആ വിലകുറഞ്ഞ മൂന്നാംകിട തട്ടിക്കൂട്ട് എവിടെ, നളചരിതം എവിടെ..എലിപ്പത്തായവും കോട്ടയം കഥകളും !! :)
Mohandas
Fri, 2013-05-17 15:16
Permalink
ഹാവൂ! സമാധാനമായി.
ഹാവൂ! സമാധാനമായി. ഒരു നളചരിതഭക്തനെ കണ്ടല്ലോ!
കഥകളി അവതരണത്തിലുള്ള സങ്കീർണ്ണതയുടെ ഏറ്റക്കുറച്ചിലുകൾ മാത്രമേ പ്രസ്തുത പരാമർശം ലക്ഷ്യമാക്കുന്നുള്ളൂ. കമലദളം ഒന്നുമല്ല നളചരിതം. ആശങ്ക വേണ്ടാ.
Rajesh (not verified)
Fri, 2013-05-17 18:46
Permalink
തെക്ക് വടക്ക്
"" വടക്കൻകേരളത്തിൽ പ്രബലമായിരുന്ന വരേണ്യ ഫ്യൂഡൽ സമൂഹത്തിന്റെ ചിന്താധാരകൾക്കും ആസ്വാദനതലങ്ങൾക്കും യോജിച്ച വിധത്തിൽ വീര-ശൃംഗാര രസങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് രചിക്കപ്പെട്ട ആട്ടക്കഥകളായിരുന്നു കോട്ടയം കഥകൾ...... ""
ഒരു സംശയം. തെക്കൻ കേരളത്തിൽ അന്ന് നിറഞ്ഞ ജനാധിപത്യവും, സോഷ്യലിസവും ആയിരുന്നോ നടപ്പിലുണ്ടായിരുന്നത് ?? വരേണ്യ ഫ്യൂഡൽ സമൂഹത്തിൽ പ്രണയം ഇല്ലേ ??
Rajesh (not verified)
Fri, 2013-05-17 19:42
Permalink
നളചരിതം അവർണ്ണ കഥ ?
നളചരിതം അവർണ്ണ കഥയോ ?? അതെപ്പടി ? പട്ടികജാതിക്കരാനായ നളൻ കുലകന്യയെ പ്രണയിക്കലാണോ നളചരിതം ?? ഈ വടക്കൻ കേരളത്തിലെ വരേണ്യ വിഭാഗത്തിൽ ഇത് വലിയ നടപ്പില്ലാത്തതിനാൽ വലിയ പിടി ഇല്ല..
Mohandas
Fri, 2013-05-17 21:21
Permalink
ഈ വിഷയം ഈ ലേഖന പരമ്പരയുടെ
ഈ വിഷയം ഈ ലേഖന പരമ്പരയുടെ (ഹെമാമോദസമ) 10 , 1 1 ഭാഗങ്ങളിൽ വിശദമായി വിശകലനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വായിക്കുമല്ലോ?
anonymus (not verified)
Sat, 2013-05-18 10:51
Permalink
പ്രസക്തമായ ലേഖനം
വളരെ മനോഹരമായ ലേഖനം ...കല്ലുവഴിയുടെ തിമിരം ബാധിച്ച കണ്ണുകൾക്ക് കാണാൻ എല്ലാ കഥകളും ഇറങ്ങിചെല്ലണം എന്ന് പറയുന്ന കൂപമണ്ടൂകങ്ങൾ ഇതൊക്കെ ഇടയ്ക്കു വായിക്കുന്നത് നല്ലതാണ് .
സുകുമാരാൻ (not verified)
Sat, 2013-05-18 12:57
Permalink
കൃഷ്ണൻ നായര് രാഷ്ട്രീയം
കലാമാണ്ടാളത്തിൽ പട്ടിക്കാന്തൊടിയെ നിയമിക്കാമെന്നുപറഞ്ഞപ്പോൾ, അയാൾക്ക് മുഖതോന്നും വരില്ല എന്നായിരുന്നു വള്ളത്തോളിന്റെ പ്രതികരണം. ' കല്ലുവഴിതിമിരം ' അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്ന് സാരം.. ഗുരു കുഞ്ചുക്കുരുപ്പിനെ അവിടേക്ക് കൊണ്ടുവന്നതും അദേഹം തന്നെ.
അങ്ങനെയുള്ള വള്ളത്തോൾ, കൃഷ്ണൻ നായര്ക്ക് ഗോഷ്ടി ഉണ്ടെന്നു പറഞ്ഞാൽ ... ?? കലാമണ്ഡലത്തിൽ 12 കൊല്ലം അദേഹം അഭ്യസിച്ചതിൽ 1 0 വര്ഷവും അഭ്യസിച്ചത് പട്ടികാന്തോടിയുടെ കീഴിൽ. യുഗപ്രഭാവനായ പട്ടിക്കന്തോടിയെപറ്റി പറഞ്ഞത്
ശരി ! കൃഷ്ണൻ നായരെ പറ്റി പറഞ്ഞത് വെറും രാഷ്ട്രീയം !!!
കൃഷ്ണൻ നായരെ ആര്ക്കും തൊടാൻ പറ്റാത്ത നക്ഷത്രമായി പ്രതിഷ്ട്ടിക്കുന്നതിന്റെ രാഷ്ട്രീയം എന്താണ് ??
Mohandas
Sat, 2013-05-18 19:22
Permalink
കൃഷ്ണൻ നായരുടെ 'ഗോഷ്ട്ടി'
കൃഷ്ണൻ നായർ ആശാൻ 'ഗോഷ്ട്ടി' ക്കാരനാണെന്നു വള്ളത്തോൾ പറഞ്ഞതായി ഞാൻ എങ്ങും വായിച്ചിട്ടില്ല. വള്ളത്തോൾ അങ്ങിനെ പറഞ്ഞു കാണുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇനി വള്ളത്തോൾ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. അതുകൊണ്ട് എൻറെ 'ഗോഷ്ട്ടി' പരാമർശത്തിന് വള്ളത്തോളുമായോ പട്ടിക്കാംതൊടി ആശാനുമായോ യാതൊരു ബന്ധവുമില്ല. കൃഷ്ണൻ നായർ ആശാന്റെ ആത്മകഥയിൽ തന്നെ, അദ്ദേഹത്തെ അങ്ങിനെ പരിഹസിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാതെയും പലരും പലപ്പോഴും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.
കൃഷ്ണൻ നായർ ആശാൻ ചന്ദ്രനാണോ നക്ഷത്രമാണോ എന്നൊക്കെ കലാലോകം വിലയിരുത്തിയിട്ടുള്ളതാണ്. അതിൽ കൂടുതലായി പറയാൻ ഞാൻ ആരുമല്ല.
nikhil
Sat, 2013-05-18 20:34
Permalink
ആര്യ ദ്രാവിഡ സ്വാധീനം
നളചരിതാസ്വാദനത്തിലെ തെക്കു-വടക്കു ഭേദങ്ങൾ ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിൽ അന്വേഷിക്കേണ്ടത് തന്നെയാണ്. അതിനു ഒരു നല്ല ശ്രമം നടത്തിയിരിക്കുന്ന ശ്രീ ഏവൂർ മോഹൻദാസിന് അഭിനന്ദനങ്ങൾ.
വടക്ക്-തെക്ക് വരേണ്യ-ദ്രാവിഡ വ്യത്യാസങ്ങളിലൂടെ ഇതിനെ കാണുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയില്ല. വടക്ക് ആര്യവും തെക്ക് ദ്രാവിഡവും എന്ന സങ്കൽപ്പം തന്നെ എത്ര ശരിയാണെന്ന് ആലോചിക്കേണ്ടതുണ്ട്. നളചരിതം എഴുതപ്പെട്ട കാലത്തിനും എത്രയോ കാലം കഴിഞ്ഞാണ് വടക്ക് നമ്പൂതിരിമാർ കഥകളിയെ ശ്രദ്ധിക്കാൻ തുടങ്ങുന്നത്, ഏകദേശം 19-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ മാത്രം. കോട്ടയം കഥകളുടെ ചിട്ടപ്പെടുത്തൽ നടക്കുന്നത് അതിനും ഒന്നര നൂറ്റാണ്ട് മുമ്പ് പടനായക കുടുംബമായ തൃപ്പൂണിത്തറയിലെ വെള്ളാട്ട് ചാത്തുപ്പണിക്കരുടെ നേതൃത്വത്തിലാണ്, വെട്ടത്തും പ്രശസ്ത നടന്മാർ പടനായകനും, മന്ത്രിയുമായ കോമുമേനോനും, ശങ്കരൻ നായരും ആയിരുന്നുവല്ലൊ, അതുപോലെ തന്നെ അമ്പലപ്പുഴയിലും മാത്തൂർ പണിക്കർമാർ പടനായകരായിരുന്നു. വരേണ്യ പാരമ്പര്യത്തേക്കാൾ ആയോധന പാരമ്പര്യമാണ് വടക്കും തെക്കും ആ കാലങ്ങളിൽ കഥകളിയെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. നൃത്തത്തിന്റെ ശൈലീവൽക്കരണത്തിന് ഈ ആയോധനപാരമ്പര്യവും സഹായിച്ചിരിക്കണം. ഇത് ഓരോ പ്രദേശത്തും ഓരോ പ്രകാരത്തിൽ വികസിച്ചു വന്നു എന്നു മാത്രം. വടക്ക് തൊട്ട് കുറിച്ചി/കുട്ടനാട് പ്രദേശങ്ങൾ വരെ കോട്ടയം കഥകൾ പ്രചാരത്തിൽ വരാൻ കാരണം ഇതായിരുന്നിരിക്കണം. കുട്ടനാട്ടിലെ 19-ആം നൂറ്റാണ്ടിലെ പല പ്രഗൽഭനടൻമാരുടേയും പ്രധാനവേഷങ്ങളിൽ കോട്ടയം കഥകളിലെ വേഷങ്ങൾ സ്ഥാനം പിടിച്ചിരുന്നുവല്ലൊ. നളചരിതം തെക്കും പ്രചരിക്കുന്നത് 19--ആം നൂറ്റാണ്ടിലാണ്, ആ കാലത്തെ കേന്ദ്രീകരിച്ച് കൂടുതൽചരിത്രാന്വേഷണം നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു.
Mohandas
Sun, 2013-05-19 15:43
Permalink
നിഖിലിന്റെ അഭിപ്രായങ്ങൾ വളരെ
നിഖിലിന്റെ അഭിപ്രായങ്ങൾ വളരെ പ്രസക്തമാണ്. വരേണ്യം എന്ന എന്റെ പ്രയോഗത്തിൽ ഞാൻ ഉദ്ദേശിക്കുന്നത് വടക്കൻ സമൂഹത്തിൽ പ്രബലമായിരുന്ന ദ്രാവിഡേതര അധികാര-ഭരണ വർഗത്തെയാണ്. വടക്കൻ കേരളത്തിൽ നമ്പൂതിരിമാരല്ലാത്തവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കണം. നളചരിതം കഥ എഴുതപ്പെട്ട കാലത്ത് തന്നെ ഈ ശക്തികൾ അതിനെതിരായി നിലകൊണ്ടിരിക്കണം. പിൽക്കാലത്ത് കഥകളി ശ്രദ്ധിച്ചു തുടങ്ങിയ നമ്പൂതിരിമാർ ആ നിലപാട് തന്നെ തുടർന്നിരിക്കാം എന്ന് ചിന്തിക്കാം. ഒരു കാര്യം വളരെ വ്യക്തമാണ്. വടക്കൻ കേരളത്തിൽ, പത്തൊന്പതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ ആയിക്കോട്ടേ, കഥകളി നിയന്ത്രിച്ചിരുന്നത് നമ്പൂതിരിമാരാണ്. കഥകളി ഈ അധികാരവർഗ്ഗത്തിനു വളരെ വിധേയപ്പെട്ടു നിൽക്കുന്നു വെന്നാണ് കൃഷ്ണൻ നായർ ആശാന്റെയും ഗോപിയാശാന്റെയുമെല്ലാം ജീവചരിത്രം വായിക്കുമ്പോൾ മനസ്സിലാകുന്നത്... . അത് കഥകളിക്കു വളരെ വലിയ ഗുണങ്ങളും ചില ദോഷങ്ങളും സമ്മാനിച്ചിട്ടുണ്ടാകണം. അതിന്റെ ദോഷവശത്താണ് നളചരിതം നിലകൊള്ളുന്നത് എന്നാണു എന്റെ അനുമാനം. അത് ശെരിയായിരിക്കണമെന്നില്ല. തെക്കൻ കേരളത്തിലെ പശ്ചാത്തലം ഇതിൽ നിന്നും വളരെ വിഭിന്നമായിരുന്നു എന്ന് കഴിഞ്ഞ ലേഖനങ്ങളിൽ വിശദീകരിച്ചിട്ടുള്ളതാണ്. എല്ലാത്തിന്റെയും തുടക്കം ശെരിയിൽ തന്നെയാണ്. വരേണ്യ പാരമ്പര്യത്തിനെക്കാൾ ആയോധന പാരമ്പര്യത്തിൽ തന്നെയായിരുന്നിരിക്കണം കഥകളിയുടെ തുടക്കം. പക്ഷെ അധികാരവർഗ്ഗങ്ങൾ അവരുടെ താത്പര്യങ്ങളിലേക്ക് എന്തിനെയും തിരിച്ചു വിടും. വേദകാലം മുതൽ ഭാരതത്തിൽ കണ്ടുവരുന്ന പ്രവണതയാണിത്... ഇന്നും ഇത് നടക്കുന്നുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നുള്ള അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.
nikhil
Sat, 2013-05-18 20:50
Permalink
ഗോഷ്ടി
ഗോഷ്ടി എന്നുള്ളത് മുഖാഭിനയത്തിന്റെ പ്രാദേശികാഭിപ്രായമായി കണ്ടാൽ മതി. കെ. പി. എസ്. മേനോൻ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനായ കാവുങ്ങൽ വലിയ ശങ്കരപ്പണിക്കർക്ക് തെക്കോട്ട് പോയി വന്നതിനു ശേഷം രസാഭിനയത്തിൽ കുറേശ്ശെ ഗോഷ്ടി ഉണ്ടായിരുന്നതായി കഥകളിരംഗത്തിൽ എഴുതിയിട്ടുണ്ട്. കൃഷ്ണൻ നായരെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം ഇതേ കാര്യം പറയുന്നുണ്ട്. രസാഭിനയാസ്വാദനത്തിന്റെ പ്രാദേശികഭേദമായി ഇതിനെ കണ്ടാൽ മതി എന്നു തോന്നുന്നു. കെ. പി .എസ് മേനോൻ മുഖാഭിനയം കുറവ് എന്നു കാരണത്താൽ പട്ടിക്കാംതൊടിയെ ഏറ്റവും ഉന്നതരുടെ കൂടെ സ്ഥാനം കൊടുത്തിട്ടില്ല എന്ന് ഓർക്കുമല്ലൊ.
വള്ളത്തോൾ എഴുതി എന്ന് പറയപ്പെടുന്ന ശ്ലോകം ഇതാണ് :
"റഷ്യാ നൃത്തത്തിലത്രേ
രസികത ശിവരാമന്ന്,
ഹാ കേളുനാനാ-
കേളീലോലൻ, ഹസിപ്പൂ
കഥകളിയെ മുദാ
മാധവൻ മദ്യഭക്തൻ
കൃഷ്ണൻ നിഷ്ണാതനായ്
ഗോഷ്ടിയി, ലഥ, മടിയ-
പ്പിള്ളരിന്നഭ്യസിപ്പോർ
സച്ഛിഷ്യാപാദനത്തിൽ
കലിതരുചികലാ-
മണ്ഡലം തോറ്റുപോമോ?"
രാമൻകുട്ടിനായർ ആത്മകഥയിൽ എഴുതുന്നു: - "മഹാകവി രാത്രിയിലായിരുന്നത്രേ കവിതയെഴുതുക. ചിലപ്പോൾ പെട്ടെന്ന് തോന്നിയ ചില വരികൾ ടോർച്ചിലെ വെളിച്ചത്തിലായിരുന്നു കടലാസ്സിലാക്കിയിരുന്നത്. അദ്ദേഹം എന്നും രാവിലെ പത്ത് മണിക്ക് പത്രം വായിക്കാൻ കലാമണ്ഡലത്തിൽ വരും. ഒരു ദിവസം വന്നപ്പോൾ എന്നെ വിളിച്ച് ഒരു തുണ്ട് കടലാസ്സ് തന്നു കൊണ്ട് പറഞ്ഞു, 'ഈ ശ്ലോകം എല്ലാവരോടും കാണാപാഠമാക്കാൻ പറയണം.' ശ്ലോകം ഇതായിരുന്നു."
Mohandas
Sun, 2013-05-19 19:08
Permalink
വള്ളത്തോൾ സ്നേഹപൂർവ്വം
ഈ ശ്ലോകം കണ്ടിട്ടാണോ വള്ളത്തോൾ കൃഷ്ണൻ നായരെ ഗോഷ്ട്ടിക്കാരൻ എന്നു വിളിച്ചന്നൊക്കെ പറയുന്നത്? അങ്ങിനാണെങ്കിൽ അദ്ദേഹം പരാമര്ശിച്ച മറ്റുളളവരുടെ കഥ അതിലും കഷ്ട്ടമാണല്ലോ? വള്ളത്തോൾ സ്നേഹപൂർവ്വം ഇവരെയെല്ലാം ഒന്ന് കളിയാക്കി എന്ന് വിചാരിക്കാനുള്ള കാര്യമല്ലെ ഈ ശ്ലോകത്തിലുള്ളൂ?
C.Ambujakshan Nair
Mon, 2013-05-20 07:04
Permalink
"റഷ്യാ നൃത്തത്തിലത്രേ രസികത ശിവരാമന്ന്,
ശ്രീ. കോട്ടയ്ക്കൽ ശിവരാമന്റെ കഥകളി റഷ്യൻ നൃത്തമാണ് എന്നാണോ മഹാകവി വള്ളത്തോൾ ഉദ്ദേശിച്ചത്. എനിക്ക് മനസിലായില്ല.
സുകുമാരാൻ (not verified)
Sat, 2013-05-18 21:14
Permalink
നളചരിതം ചൊല്ലിയാദൽ
ഇനി നളചരിതം ചൊല്ലിയാടിക്കുന്ന കാര്യം. തേക്കാൻ ചിട്ടയുടെ പ്രയോക്താക്കളോ , നല്ല ആസ്വാദകരൊ കളരിയിൽ ചൊല്ലിയാടി grammer ഉറക്കേണ്ട സമയത്ത് , ഇരുന്നു ഞെരങ്ങുന്ന വിജനേബതയും, മരിമാൻ കണ്ണിയും , എന്കന്തനെന്നോടുണ്ടോ വൈരവും , സ്വല്പ്പപുണ്യയായെയും ചൊല്ലിയാടണമെന്നു പറയുമെന്ന് തോന്നുന്നില്ല.
അത്തരം സമയം മിനക്കെടുത്തൽ ഒരു ചിട്ടക്കാരെയും സഹായിക്കുമെന്ന് തോന്നുന്നില്ല. താങ്കൾക്കു വടക്കരെ ഒന്നു തല്ലണമെങ്കിൽ അതിന് നളചരിതം മതിയായൊരു വടി ആകില്ല.
Mohandas
Sun, 2013-05-19 19:32
Permalink
ഞാനൊരു തികഞ്ഞ അഹിംസാവാദിയാണേ
മാഷെ, ഞാനൊരു തികഞ്ഞ അഹിംസാവാദിയാണേ. വടക്കരെ എന്നല്ല ഒരു ഉറുമ്പിനെപ്പോലും തല്ലി നോവിക്കുന്നതു എനിക്കിഷ്ടമല്ല- പ്രത്യേകിച്ചും നളചരിതം പോലെ അന്തസ്സുള്ള ഒരു വടികൊണ്ട്. ഇതൊക്കെ വെറും സൌന്ദര്യ പിണക്കങ്ങളല്ലേ? കാണുമ്പം വഴക്കിടുന്നതായി തോന്നും. അത്രമാത്രം.
Anonymus (not verified)
Sun, 2013-05-19 07:31
Permalink
തെക്കു - വടക്കു
സർ ,
വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം ആയിട്ടാണു ഞാൻ ഇതിനെ വായിക്കരുള്ളത് . കഥകളി ധാരാളം കണ്ടിട്ടുമുണ്ട്. കൃഷ്ണൻ നായർ മുതൽ...
ഈ അടുത്ത കാലത്ത് തെക്കു - വടക്ക്, കുമാരൻ നായർ-രാമൻകുട്ടി നായർ-മടവൂർ-ഗോപി എന്നിങ്ങനെ, ഇതൊന്നും നേരെ ചൊവ്വേ കാണാത്ത (എന്നാൽ എല്ലാം അറിയാം എന്നു വിശ്വസിക്കുന്ന )കുറെ ആളുകൾ കുറെ വിവരണങ്ങളും (ശരിയോ തെറ്റോ എന്നു പറയുന്നവർക്കു പോലും അറിയില്ല ) മറ്റും ആയി കഥകളി ഇനി മുതൽ കാണണ്ട എന്ന ഒരു തലത്തിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നു.
തെക്കോ വടക്കോ പടിഞ്ഞാറോ കിഴക്കോ ആയിക്കോട്ടെ !!! നമുക്ക് കഥകളി ആസ്വദിക്കാം .. അങ്ങിനെ ചിന്തിക്കുന്നതല്ലേ ബുദ്ധി..
കലാകാരനു ഇതൊന്നും ഒരു പ്രശ്നമില്ല ..അവരെ സംബധിച്ച് ഇതൊന്നുമല്ല പ്രശ്നം .. ജീവിതം
ഈ തെക്കു വടക്കു എന്നു പറയുന്നതിനേക്കാൾ നല്ലത്, നമുക്കു കഥകളി എന്നു പറഞ്ഞു ആ നല്ല കലാരൂപം അസ്വടിക്കുകയല്ലേ നല്ലത്
Mohandas
Sun, 2013-05-19 11:45
Permalink
എന്റെ ലേഖനങ്ങൾ
എന്റെ ലേഖനങ്ങൾ വിജ്ഞാനപ്രദമാണെന്നറിയുന്നതിൽ സന്തോഷം.
കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി കഥകളി രംഗത്തെ അകലത്തു നിന്നു വീക്ഷിക്കുകയും അതിലുള്ള പലരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും എഴുത്തുകൾ വായിക്കുകയും ചിന്തകൾ പങ്കുവക്കുകയും ചെയ്തിട്ടുള്ളതിന്റെ പശ്ചാത്തലം എന്റെ എഴുത്തുകളിൽ നിഴലിക്കുന്നു എന്നുള്ളതൊരു വസ്തുതയാണ്. തെക്കൻ കേരളത്തിനു കഥകളിയിൽ വലിയ പങ്കില്ല എന്നുള്ള വിധത്തിലായിരുന്നു പലരുടെയും പലപ്പോഴും ഉള്ള പരാമർശങ്ങൾ. കഴിഞ്ഞ കാലങ്ങളിൽ വടക്കൻ ദേശങ്ങളിൽ കളിക്കാൻ പോയ പല തെക്കൻ കളിക്കാർക്കാർക്കും പരിഹാസശരങ്ങൾ ഏൽക്കേണ്ടിവരികയും അങ്ങിനെ പല തെക്കൻ കഥകളി കലാകാരന്മാരും വടക്കുള്ള അരങ്ങുകൾക്ക് അപരിചിതരാകുകയും ചെയ്തു. ഇത് കഥകളിയുടെ കേരളീയ സ്വഭാവത്തിനു തന്നെ മങ്ങലേൽപ്പിക്കുകയും കഥകളിയിൽ പ്രാദേശികവാദം വളർത്തുകയും ചെയ്യാൻ കാരണമായി. നിർഭാഗ്യകരമായ, തെറ്റായ ഈ പോക്കിനെതിരെ ശബ്ദമുയർത്താൻ ഒരു കഥകളി കലാകാരനോ മറ്റു ഉത്തരവാദ പ്പെട്ടവരോ മുന്നോട്ടു വന്നില്ല. തിരുവല്ല ഗോപിക്കുട്ടൻ നായർ അഭിപ്രായപ്പെട്ടതുപോലെ , നൂറ്റാണ്ടുകളായി ആർജ്ജിച്ച ഒരു കഥകളി സംസ്കാരമാണ് ചിലരുടെ സങ്കുചിത ചിന്തകൾ കൊണ്ട് കഥകളിക്കു നഷ്ട്ടമാവുന്നത്. വന്നു വന്നു കാണാൻ കൊള്ളാവുന്ന ഒരു കലയല്ലെന്നുള്ള നിലയിലേക്ക് കഥകളി അധപതിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും ബാധ്യസ്ഥതപ്പെട്ടവർ ഉറക്കം നടിക്കുമ്പോൾ, ആ അവസ്ഥയിൽ കഷ്ട്ടം തോന്നി ഞാൻ എനിക്കറിയാവുന്ന ചിലത് കുറിക്കുന്നു, അത്രമാത്രം. അതിൽ കൂടുതലായ രാഷ്ട്രീയം ഒന്നും എനിക്കില്ല.
ഞാനൊരു കഥകളി ആസ്വാദകനാണ്. എന്റെ മുൻപിൽ കളിക്കുന്നവർ തെക്കരാണോ വടക്കരാണോ, ചിട്ട തെക്കനാണോ വടക്കനാണോ എന്നൊന്നും ഞാൻ ഇന്നുവരെ ചിന്തിച്ചിട്ടില്ല. കഥാപാത്രത്തിന് യോജിച്ച അവതരണ മായിരുന്നോ എന്ന് മാത്രം നോക്കും. കലയിൽ രാഷ്ട്രീയം പാടില്ല എന്ന തികഞ്ഞ വിശ്വാസക്കാരൻ തന്നെയാണ് ഞാൻ. താങ്കളെപ്പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ എന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെയൊന്നും എഴുതേണ്ടി വരികയില്ലായിരുന്നു. പക്ഷെ പലരും അങ്ങിനെയല്ല എന്നുള്ളതാണ് സത്യം.
ശ്രീകൃഷ്ണൻ (not verified)
Sun, 2013-05-19 11:13
Permalink
പുതുമയുള്ള വിശകലനം..
സർ,
കാലവും ദേശവുമായി ബന്ധപ്പെടുത്തി കലയുടെ ആസ്വാദനത്തിലുള്ള വ്യത്യാസത്തെ അപഗ്രഥിയ്ക്കുന്ന ഈ ലേഖനത്തിന്റെ പുതുമയുള്ള സമീപനത്തിന് പ്രണാമം. "രണ്ടു മനസ്സുകൾ കൊണ്ട് കാണേണ്ട" വ്യത്യസ്തത നളചരിതത്തിനും കോട്ടയം കഥകൾക്കുമുണ്ടെന്ന വീക്ഷണം പ്രത്യേകം പഠനാർഹമാണെന്നും തോന്നുന്നു. ഇത് കൂടുതൽ വിശകലനങ്ങൾക്ക് പ്രചോദനമാകട്ടെ.
സാന്ദർഭികമായി ഉദ്ധരിച്ചതാണെങ്കിലും കോട്ടയം കഥകളിലെ സാഹിത്യത്തിന് രാജഭക്തരായ പ്രജകളെ സന്തോഷിപ്പിയ്ക്കുന്ന "ശബ്ദപ്രൗഢി" മാത്രമേയുള്ളൂ എന്ന മാരാരുടെ വിമർശനം സാഹിത്യാസ്വാദനത്തിലെ വ്യക്തിനിഷ്ഠതയെ മാത്രമേ കാണിയ്ക്കുന്നുള്ളൂ എന്നാണു തോന്നിയത്. ശബ്ദതലത്തിലും അർത്ഥതലത്തിലും ഭാവതലത്തിലും പുഷ്കലതയുള്ള ഒരു കാവ്യശൈലി തന്നെയാണ് കോട്ടയം കഥകളിൽ 'അനുഭവ'പ്പെട്ടിട്ടുള്ളത്; സാഹിത്യത്തിന്റെ ഉദാത്തമാതൃകയെന്നൊക്കെ വിശേഷിപ്പിയ്ക്കാൻ വിഷമമാണെങ്കിലും. (-'അനുഭവ'ത്തിന്റെ വ്യക്തിനിഷ്ഠത...)
(കുട്ടിക്കാലത്തു കേട്ട "വിഫലം തേ വൈരസേനേ !" തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളിൽ നിന്നു തുടങ്ങി) നളചരിതത്തിന്റെ സാഹിത്യഭംഗി ശ്രദ്ധിച്ചുതുടങ്ങിയ നാൾ മുതൽ സമാനതയില്ലാത്ത ആ സാഹിത്യസൗഭാഗ്യത്തിന്റെ മുന്നിൽ അന്തം വിട്ടു നിൽക്കുന്നയാളാണ് ഇതു കുറിയ്ക്കുന്നതെന്നു കൂടി പറയട്ടെ...)
കോട്ടയം കഥകളിൽ ജീവിതഗന്ധം ഇല്ലെന്ന നിരീക്ഷണത്തോടും കുറച്ചു വിയോജിപ്പു തോന്നി - അപ്രതീക്ഷിതമായ സൗഭാഗ്യങ്ങൾ (അർജുനന്റെ സ്വർഗയാത്ര), അപ്രതീക്ഷിതസമാഗമങ്ങൾ (ഭീമൻ-ഹനുമാൻ), പരിപൂർണ്ണമായ നി:സഹായാവസ്ഥ (ധർമ്മപുത്രർ), കഴിവും, ഉത്സാഹവും ഉണ്ടായിട്ടും അധർമ്മത്തിനെതിരെ പ്രതികരിയ്ക്കാൻ അനുവാദമില്ലാതിരിയ്ക്കുന്ന അവസ്ഥയിലെ ആത്മസംഘർഷം (ശൗരഗുണ-ഭീമൻ), ഏറ്റെടുക്കുന്ന സാഹസങ്ങൾ (ബകവധം), ഏറ്റെടുത്തത് സ്വന്തം ശക്തികൊണ്ടുമാത്രം ചെയ്യാൻ കഴിയാതെ വരിക (കാലകേയവധസന്ദർഭം) തെറ്റുചെയ്യാതെ ഓർക്കപ്പുറത്തു കിട്ടുന്ന ശിക്ഷ (ഉർവശീശാപം), അരുതാത്തതിലുള്ള ഉത്കടമായ ആസക്തി ("പാണ്ഡവന്റെ രൂപം" കണ്ടപ്പോൾ), ചെറിയ ചെറിയ മോഹങ്ങൾ ('എൻ കണവ.."), നായകനാണെങ്കിലും അഹങ്കാരത്തിനു കിട്ടുന്ന തിരിച്ചടി (സൗഗന്ധികഭീമൻ), രാക്ഷസീയത മറഞ്ഞിരിയ്ക്കുന്ന അപകടകരമായ പ്രലോഭനങ്ങൾ (കിർമ്മീരവധലളിത) --- ഫ്യൂഡലിസവും, 'വരേണ്യത'യും, വീരശൃംഗാരങ്ങളുമൊക്കെ നിൽക്കട്ടെ; മനുഷ്യജീവിതത്തിലെ നിത്യസന്ദർശകരായ ഇത്തരം സന്ദർഭങ്ങളുൾക്കൊള്ളുന്ന കഥകൾക്ക് ജീവിതഗന്ധം ഇല്ല എന്ന വാദത്തിന് എതിർപക്ഷം ചേരാനാണ് എനിയ്ക്കാഗ്രഹം !
വളരെ പ്രസക്തവും, ഗവേഷണനിഷ്ഠവുമായ ഈ ലേഖനത്തിന് പ്രത്യേകം നന്ദി..
[ആവർത്തിച്ചു പറയട്ടെ: അക്ഷരാർത്ഥത്തിൽ ഒരു ഉണ്ണായിഭക്തനാണിതെഴുതുന്നത്; എന്തേ ഒന്നു മാത്രം 'പുറത്തൂട്ടിയത്' എന്ന് എന്നും പരിഭവിയ്ക്കുന്ന ഒരാൾ....]
ശ്രീകൃഷ്ണൻ
Mohandas
Sun, 2013-05-19 19:00
Permalink
പ്രശംസാർഹമായ വായന
ശ്രീ . ശ്രീകൃഷ്ണൻ: പ്രശംസാർഹമായ വായന നടത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനു നന്ദി.
മറ്റു വിഷയങ്ങളിലെല്ലാം എന്നപോലെ കഥകളി വിഷയത്തിലും പുതിയ ചിന്തകൾ ഉണരേണ്ടതുണ്ട്. കലക്ക് കാല-ദേശ-ഭാഷാ-സാമൂഹിക-സാംസ്കാരിക ഭൂമികയുമായി അഭേദ്യ ബന്ധമുണ്ട്... സങ്കുചിത മനോഭാവം വെടിഞ്ഞ് അന്വേഷിക്കേണ്ട വിഷയമാണിത്. ഈ അന്വേഷണങ്ങൾക്ക് ആരെങ്കിലും മുന്നോട്ടു വരും എന്ന് പ്രതീക്ഷിക്കാം.
എന്റെ നളചരിതവിഷയത്തെ ബലപ്പെടുത്താനായി ശ്രീ.കുട്ടിക്കൃഷ്ണൻ മാരാർ പറഞ്ഞത് എഴുതിയെന്നെ ഉള്ളു. നളചരിതത്തിനു കഥകളിത്തം ഉണ്ടെന്നുള്ള അദ്ദേഹത്തിൻറെ അഭിപ്രായമേ എനിക്കാവശ്യമുള്ളൂ. അദ്ദേഹം കോട്ടയം കഥകളെക്കുറിച്ച് പറഞ്ഞത് ഞാൻ കണക്കാക്കുന്നില്ല.
താങ്കൾ എഴുതിയ രംഗങ്ങളിലെല്ലാം ജീവിതവുമായുള്ള ബന്ധം ഉണ്ട്. എന്നാൽ നളചരിതം കഥയിൽ ഉടനീളം ഒരു ജീവിത ഗന്ധം നിറഞ്ഞു നിൽക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഈ അനുഭവങ്ങളൊക്കെ താങ്കൾ സൂചിപ്പിച്ചതുപോലെ വ്യക്തി നിഷ്ഠമാണ്താനും.
സുകുമാരാൻ (not verified)
Sun, 2013-05-19 11:30
Permalink
കലാമണ്ഡലം, നളചരിതം
കലാമണ്ഡലത്തിൽ 1 2 വര്ഷം അഭ്യസിപ്പിച്ചിരുന്ന പാട്യപദ്ധതി 6 വര്ഷമായി ചുരുക്കി. 3 മണിക്ക് തുടങ്ങിയിരുന്ന അഭ്യാസം 5 മണി എന്നായി. കഥകളിയും സംബന്ധ വിഷയങ്ങളും മാത്രം അഭ്യസിചിരുന്നിടത് മറ്റു പാട്യ വിഷയങ്ങളുമായി.
നമ്മുടെ പാരമ്പര്യത്തിൽ ഉണ്ടായ മഹതരങ്ങളായ അറിവുകളോ കലകളോ മാത്രമായി ചില സ്ഥാപനങ്ങളിലെങ്കിലും പഠിപ്പിക്കുന്നത് വിദ്യാഭ്യാസമായി കരുതാൻ കഴിയില്ല. ഔപചാരിക വിദ്യാഭ്യാസത്തിൽ ഇവയൊന്നും മരുന്നിനുപോലും വേണ്ട താനും. കലാമണ്ഡലത്തിൽ നിന്നിറങ്ങുനനവരിൽ നല്ലൊരു ഭാഗം പതിര്. ഗംഭീര കലാകാരന്മാരായി തീരെണ്ടവർ ഈ അപര്യാപ്തമായ കാര്യക്രമത്തിൽ average മാത്രാമായി തീരുന്നു. പുറത്തിറങുന്നവർക്കു മുൻപിൽ അനിശിതത്വം. ഗുരുനാതാൻ ഉദ്ഭവം ഒരു നൂറു തവണയെങ്കിലും ചോല്ലിയാടിച്ചിട്ടുണ്ടാകും എന്ന് രാമന്കുട്ടിആശാൻ പറഞ്ഞല്ലോ. ഇന്ന് എത്ര തവണ ചൊല്ലിയാടുന്നുണ്ടെന്ന് നമുക്കൊന്ന് അന്വേഷിച്ചു നോക്കാം.
കലാമണ്ഡലത്തിലെ കഥകളിപ്പാട്ട് പഠനത്തിന്റെ ഇന്നത്തെ അവസ്ഥയെപറ്റി മ്രുദുഭാഷിയായ മാടമ്പി ആശാൻ അഭിപ്രായപ്പെടുന്നത് ചിലരെങ്കിലും നേരിൽ കേട്ടിരിക്കും.
ഇതിലൊന്നും ആര്ക്കും ചിന്തിക്കാനില്ല ! വേവലാതിയില്ല ! കലാമണ്ഡലത്തിലെ ഈ അപര്യാപ്തമായ സമയക്രമത്തിൽ ഇനി വിജനേബതയും, മറിമാൻകണ്ണിയും 'ചൊല്ലിയാടാതെ' ആണ് വിഷമം !
Mohandas
Sun, 2013-05-19 19:18
Permalink
സുഹൃത്തെ! ബേജാറാവേണ്ട.
സുഹൃത്തെ! ബേജാറാവേണ്ട. നളചരിതം കഥ കലാമണ്ഡലത്തിൽ ചൊല്ലിയാടിക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. കുട്ടിക്കൃഷ്ണമാരാർ ആഗ്രഹിച്ചതുപോലെ വല്ലതും കലാമണ്ഡലം ചെയ്‌താൽ നന്നായിരിക്കും എന്നെ പറഞ്ഞിട്ടുള്ളൂ. അത് ചൊല്ലി ആടിച്ചു വേണോ ചൊല്ലാതെ ആടിച്ചുവേണോ എന്നൊക്കെ അതിനു യോഗ്യതയുള്ളവർ തീരുമാനിക്കട്ടെ.
ശ്രീകൃഷ്ണൻ (not verified)
Sun, 2013-05-19 20:09
Permalink
നന്ദി സർ. ഒന്ന്
നന്ദി സർ. ഒന്ന് ഉപേക്ഷിച്ചിട്ടു വേണ്ട മറ്റൊന്നു സ്വീകരിയ്ക്കാൻ എന്ന അങ്ങയുടെ തുറന്ന സമീപനം തന്നെയാണ് കലയുടെ ആസ്വാദനവൈവിധ്യത്തിൽ സ്വീകാര്യം. പുതിയ ചിന്തകൾക്കു വഴി തുറക്കുന്ന ഇതുപോലുള്ള വിശകലനങ്ങൾ ഇനിയും ഉണ്ടാകട്ടെ.
Mohandas
Mon, 2013-05-20 10:27
Permalink
ഫേസ്ബുക്ക് അഭിപ്രായങ്ങൾ
ഫേസ്ബുക്കിൽ വന്നതും ഇവിടെ രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ ചില അഭിപ്രായങ്ങൾ:
ശ്രീചിത്രൻ . എം.ജെ.
ശ്രീ . മോഹൻദാസ് സർ എഴുതിവരുന്ന പങ്തിയിൽ ഇതുവരെക്കണ്ട ലക്കങ്ങളിൽ വെച്ചേറ്റവും പ്രസക്തമെന്നു തോന്നിയതും, ഇനിയും കൂടുതൽ ആലോചനകൾക്കും കൂട്ടിച്ചേർക്കലുകൾക്കും പ്രാപ്തമെന്നു തോന്നിയതുമായ ലേഖനമാണിത്. അഭിനന്ദനങ്ങൾ, സർ.
നല്ല വാക്കുകൾക്കു നന്ദി. ലേഖനം പ്രസക്തവും കൂടുതൽ കൂട്ടിച്ചേർക്കലുകൾക്കും ആലോചനകൾക്കും പ്രാപ്തമാണെന്നും അറിയുന്നതിൽ സന്തോഷം ഉണ്ട്.
ശ്രീവത്സൻ തിയ്യാടി
'കമലദളം' വെറും ചവറുപടമാണെന്ന് തിരിഞ്ഞുകിട്ടാൻ പാവം അടൂർ ഗോപാലകൃഷ്ണന്റെ സിനിമാക്കണ്ണിലൂടെയൊക്കെ നോക്കേണ്ടതുണ്ടോ!!!
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുക എന്ന് പറഞ്ഞകണക്കായി നളചരിതത്തെ സിബീ മലയിലിന്റെ ഏതോ തറച്ചിത്രയുമായി കൂട്ടിക്കെട്ടിയത്.
ഏണും കോണുമൊത്ത കോട്ടയം കഥകൾക്ക് അടൂർ സിനിമയുമായി സാമ്യം തോന്നിയ സ്ഥിതിക്ക് ഉണ്ണായി വാരിയരെ ജി അരവിന്ദനോ ജോണ്‍ അബ്രഹാമോ ആയി, അവരുടെ freewheeling style ആയോ മറ്റോ ആവാമായിരുന്നു താരതമ്യം.
അയ്യോ! ഇത്രയൊന്നും ചിന്തിച്ചു തല പുണ്ണാക്കേണ്ടതില്ല. എഴുതി വന്നപ്പം പ്രാസഭംഗി ഒപ്പിച്ചു 'സിബിയുടെ കമലദളം' എന്ന് എഴുതിയന്നെ ഉള്ളൂ . ഈ നാമങ്ങൾക്കല്ല പ്രസക്തി, ആ പ്രയോഗത്തിന്റെ അർത്ഥതലങ്ങൾക്കാണ്. സിബിക്കും കമലദളത്തിനും നിലവാരം പോരെങ്കിൽ ഇഷ്ട്ടമുള്ള പേരുകളിൽ മാറ്റി വായിച്ചോളൂ. നളചരിതത്തിനെ നിങ്ങളൊക്കെ ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നു ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ നിലവാര തകർച്ച സംഭവിക്കുമായിരുന്നില്ല!
(അവസാന വാചകം 'എന്റെ ലേഖനത്തിൽ കൂടി നളചരിതത്തിനുണ്ടായ നിലവാര തകർച്ച സംഭവിക്കാതെ പ്രത്യേകം ശ്രദ്ധിച്ചേനെ' എന്ന് തിരുത്തിയിരിക്കുന്നു).
Gireesh (not verified)
Mon, 2013-05-20 06:16
Permalink
"നളചരിതത്തിനെ നിങ്ങളൊക്കെ
"നളചരിതത്തിനെ നിങ്ങളൊക്കെ ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നു ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ നിലവാര തകർച്ച സംഭവിക്കുമായിരുന്നില്ല! "
എന്തു നിലവാര തകർച്ച എന്നറിയാൻ താല്പര്യമുണ്ട്. ഒരു പക്ഷേ നളചരിതത്തിന്റെ ഏറ്റവും സുവർണ്ണകാലമായിരിക്കും ഇത്. ഗോപിയാശാന്റേയും കൃഷ്ണൻ കുട്ടി ആശാന്റേയും അരങ്ങുകളിൽ ഭൂരിഭാഗവും ഇന്നിപ്പോൾ നളന്മാർ മാത്രമല്ലേ?
Mohandas
Mon, 2013-05-20 10:22
Permalink
ചക്കിനു വച്ചത് കൊക്കിനു കൊണ്ടു
'ചക്കിനു വച്ചത് കൊക്കിനു കൊണ്ടു' എന്ന് പറഞ്ഞപോലായല്ലോ? നളചരിതത്തെ കമലദളത്തോട് ഉപമിച്ചു നളച രിതത്തിന്റെ വില ഞാൻ കുറച്ചുകളഞ്ഞു എന്ന ആക്ഷേപത്തെയാണ് ഉദ്ദേശിച്ചത്. അല്ലാതെ നളചരിതത്തിന്റെ ഇന്നത്തെ 'സുവർണ്ണദശ'യെ ഒന്നുമല്ല. 2 0 0 7 ൽ ഏവൂർ നളചരിതോത്സവം കണ്ടിട്ട് അതൊക്കെ വിശദമായി ഞാൻ kathakali@ yahoogroups.com എഴുതിയിട്ടുള്ളതാണ്.
സുകുമാരാൻ (not verified)
Mon, 2013-05-20 10:54
Permalink
നളചരിത സ്നേഹം
അർഹിക്കുന്ന സ്നേഹ ബഹുമാനങ്ങൾ എന്തിനും ഏതിനും കൊടുക്കാറുണ്ട് Mr. Mohandas . അത്തരം ആളുകൾ ദേശ, കാല വ്യത്ത്യസമില്ലതെ ഉള്ളത് തന്നെ. അതിന് രാജാവിനേക്കാൾ കൂടുതൽ രാജഭക്തി കാട്ടേണ്ട കാര്യം ഒന്നും ഇല്ല. കലാമണ്ഡലത്തിൽ ഇനി നളചരിത ചൊല്ലിയാട്ടം തുടങ്ങണമെന്ന താങ്കളുടെ ധൃതരാഷ്ട്രാലിംഗനത്തിന്റെ പൊരുളും മനസ്സിലായി.എല്ലാവരുടെയും നികുതി ഉള്ളതാണെന്ന ഒരു വ്യന്ഗ്യവും.
Mohandas
Mon, 2013-05-20 12:16
Permalink
മറുപടി അർഹിക്കുന്നില്ല
ഈ അഭിപ്രായങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നു പറയേണ്ടി വരുന്നതിൽ ഖേദം ഉണ്ട്.
Mohandas
Mon, 2013-05-20 11:22
Permalink
A post from kathakali
A post from [email protected]
Thank you very, very much - this is a gold mine of wonderful information.
Regards,
nb nair.
Thank you, Mr. Nair for your kind words of appreciation
regards
Mohandas
ആനന്ദ് (not verified)
Mon, 2013-05-20 12:46
Permalink
നളചരിതത്തിന് നിലവാര തകർച്ച ?
കഥകളിക്ക് പൊതുവിൽ ഉണ്ടാകുന്ന / ഉണ്ടായേക്കാവുന്ന ശോഷണത്തിൽ കൂടുതലായി നളച്ചരിതത്തിനു മാത്രമായി എന്തുണ്ടായി എന്ന് മനസ്സിലാവുന്നില്ല !! കേരളത്തിലങ്ങോളമിങ്ങോളം ഏറ്റവും കൂടുതൽ കളിക്കുന്നത് ഇന്ന് നളചരിതം ആണ്. അത് കഥകളി ആസ്വാദനത്തിന്റെ നിലവാരത്തിലെ ഉയർച്ചയോ താഴ്ചയൊ എന്നത് വേറെ വിഷയം.
nikhil
Mon, 2013-05-20 13:20
Permalink
പേരു മാറ്റിയോ ?
ബാംഗ്ളൂരിലെ സുഹൃത്തായ "സുകുമാരാൻ" ഇപ്പോൾ എന്തിനാണ് പേർ മാറ്റിയത് ? യഥാർത്ഥ പേരിൽ സംവാദം ചെയ്യുകയല്ലേ മാന്യത സുഹൃത്തേ ?
Pages