വൈയ്ക്കം തങ്കപ്പന്‍പിള്ള

Friday, August 8, 2014 - 23:01
വൈക്കം തങ്കപ്പന്‍ പിള്ള ഫോട്ടോ: മണി വാതുക്കോടം
ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്.
 
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
 
തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു. 
 
പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍‌നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ ആയിരുന്നു.
 
പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍‌മാരാര്‍,ചെറിയ കുട്ടന്‍‌മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍. ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം. 
 
കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.

അവാര്‍ഡ് വാങ്ങുന്നു. ഫോട്ടോ ആരെന്നറിയില്ലാ അവര്‍ക്ക് ക്രെഡിറ്റ്
 
1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു. തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്.
 
മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
വൈയ്ക്കം രാജശേഖരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്.
 
വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. 1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി.
 
കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.
Article Category: 
Malayalam

Comments

ആശാന്റെ മരണ വാർത്ത മകൻ ഇന്നലെ വിളിച്ചു പറഞ്ഞു.ഇന്ന് രാവിലെ ഞാനും മാത്തൂരും ഫോടോഗ്രാഫെർ രാജുവും കൂടി ആശാന്റെ വീട്ടിൽ എത്തി അനുശോചനം അറിയിച്ചു .പിന്നെ അദ്ദേഹത്തിന്റെ കലാജീവിതത്തെ പറ്റി .......ഏതാണ്ട് 50 ൽ പരം വർഷങ്ങളായി അടുത്തറിയാം .എത്ര അരങ്ങുകളാണ് ഒപ്പം പ്രവര്തിച്ചിരിക്കുന്നതെന്ന് കയ്യും കണക്കുമില്ല .പുതിയ കഥകൾ ചിട്ടപ്പെടുത്തുദു:ന്നതിന് അദ്ദേഹത്തിനു അസാമാന്യമായ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു .കളർ കോട് നാരായണൻ നായരുടെ കഥകൾ മിക്കവയും അദ്ദേഹമാണ് ചിട്ടപ്പെടുത്തിയത് .വൈക്കം രാജശേഖരന്റെ അർജുന വിഷാദവ്രുത്തം ചിട്ടപ്പെടുത്തിയതും അദ്ദേഹത്തിൻറെ സഹായത്താലാണ് .വൈക്കം സഹോദരന്മാർ ഒരുകാലത്ത് കഥകളിയുടെ അവിഭാജ്യ ഘടകം ആയിരുന്നു .ആശാന്റെ ദേഹവിയോഗത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കു വയ്ക്കുന്നു .........തിലോദകം ...

C.Ambujakshan Nair's picture

ദക്ഷിണ കേരളത്തിൽ കഥകളി മേളത്തിന് വാരണാസി സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്നത് പോലെ തന്നെ കഥകളി സംഗീതത്തിന് വൈക്കം സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ശ്രീ. വൈക്കം തങ്കപ്പൻ പിള്ള ചേട്ടനും ശ്രീ. വൈക്കം പുരുഷോത്തമൻ ചേട്ടനും ഒന്നിച്ചുള്ള ധാരാളം അരങ്ങുകൾ ഓർമ്മയിൽ ഉണ്ട്. പ്രത്യേകിച്ചും ഹരിശ്ചന്ദ്രചരിതം കഥ.  
എന്റെ വളരെ ചെറുപ്പ കാലത്ത്  ഒരിക്കൽ  എന്റെ ഗ്രാമമായ ചെന്നിത്തലയിൽ അദ്ദേഹം സഹോദരനോടൊപ്പം ഒരു ഹരിശ്ചന്ദ്രചരിതം കളിക്ക് പാടാൻ എത്തി. കൊല്ലം ജില്ലയിലെ ഒരു കളി കഴിഞ്ഞ് ചെങ്ങന്നൂര് ആശാനും, കൃഷ്ണൻ നായര് ആശാനും കൂടെ ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ വീട് ഒരു കുടിൽ ആയിരുന്നു. അച്ഛൻ വടക്കൻ പറവൂരിൽ ഒരു കളിക്ക് പോയി മടങ്ങി എത്തിയിട്ടില്ല.  ഈ നാലുപേരെ സ്വീകരിച്ച് അവര്ക്ക് കിടക്കാൻ ഒരു ഇടം ഞങ്ങളുടെ വീട്ടില് ഇല്ലായിരുന്നു.

ആസ്ബെസ്റ്റോസ് ഷീറ്റിട്ട വരാന്തയിൽ തങ്കപ്പൻ പിള്ള ചേട്ടനും പുരുഷോത്തമൻ ചേട്ടനും ഇടം പിടിച്ചു. ആയിടെ പണി കഴിപ്പിച്ച എരുത്തിലിന്റെ തിണ്ണയ്ക്ക് ഗുരു ചെങ്ങന്നൂരും. വൈക്കോൽ തുറുവിന്റെ നിഴൽലഭിക്കുമ്പോൾ കട്ടിൽ മാറ്റി മാറ്റിയിട്ട് വിശ്രമിക്കുന്ന കൃഷ്ണൻ നായര് ആശാനും. അച്ഛൻ എത്തുമ്പോൾ മണി നാല്. തന്റെ സഹപ്രവർത്തകർക്ക് കിടക്കാൻ നല്ലൊരിടം തന്റെ വസതിയിൽ ഇല്ലാത്ത ഖേദം അദ്ദേഹത്തിനു ഉണ്ടായി. എല്ലാരും ഉണരുമ്പോൾ കാപ്പി കൊടുക്കുക. ഞാൻ കളി സ്ഥലത്തേക്ക് പോയി എന്ന് അവരോടു പറയുക എന്ന് അമ്മയെ അറിയിച്ചു അച്ഛൻ കളി സ്ഥലത്തെക്ക് പോയി.
എല്ലാവരും ഉണർന്ന് കാപ്പി കുടിയും കഴിഞ്ഞ് കളിസ്തലത്തെക്ക് യാത്രയായി. ഈ കളിയുടെ അടുത്ത നാൾ തന്നെ അച്ഛൻ വീടിന്റെ പണിയുടെ തുടക്കം കുറിച്ചു.
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനെ പിന്നീട് കാണുമ്പൊൾ എല്ലാം അന്നത്തെ ഞങ്ങളുടെ വീട്ടിലെ ആഹാരത്തിന്റെ രുചിയെ പറ്റി പറയുമായിരുന്നു. പുതിയ കഥകളുടെ അവതരണത്തിൽ അദ്ദേഹം ധാരാളം സംഭാവനകൾ നല്കിയിട്ടുണ്ട്. ശ്രീ. കളർകോട് നാരായണൻ നായര് അവര്കളുടെ കഥകൾ ചിട്ട ചെയ്തു അദ്ദേഹം പാടി കേട്ടിട്ടുണ്ട്.
അദ്ദേഹത്തെ ഏറ്റവും അവസാനമായി കണ്ടത് ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടന്റെ ജന്മനാൾ ആഘോഷത്തിനാണ്. അന്ന് അദ്ദേഹവുമായി ധാരാളം സംസാരിക്കുവാൻ സാധിച്ചു.
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ ഒരു തികഞ്ഞ സത്യസായി ഭക്തനായിരുന്നു. അദ്ദേഹത്തിൻറെ വീട്ടില് പോയിട്ടില്ല. വൈക്കം  ശ്രീ. പുരുഷോത്തമൻ ചേട്ടന്റെ വീട്ടില് രണ്ടു തവണ പോയിട്ടുണ്ട്.
പരേതനായ ശ്രീ.  തങ്കപ്പൻ പിള്ള ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേരുകയും    അദ്ദേഹത്തിൻറെ അരങ്ങുകളെ മനസാ സ്മരിക്കുകയും ചെയ്യുന്നു.

Mohandas's picture

ഈ കഥകളി സന്ഗീതജ്ജനെ കാണാനോ അദ്ദേഹത്തിൻറെ പാട്ട് കേൽക്കുവാനോ എനിക്കവസരം ഉണ്ടായിട്ടില്ല. ആദരാഞ്ജലികൾ.   

രാമൻകുട്ടി നായരാശാന്റെ വേഷങ്ങൾ കണ്ട മധുര സ്മരണകൾ ഉണർത്തുന്ന അതീവ ഹൃദ്യമായ ലേഖനം .കേവലം ഒരു പത്ര പ്രസ്ഥാവാനയല്ല ആശാനെ തികച്ചും ഉൾകൊണ്ട അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന വിവരണം.
എങ്കിലും "ആവർത്തിച്ചു മടുപ്പുളവാക്കിയ പ്രയോഗം ആണെങ്കിലും "........എന്നൊരു വിശേഷണം അനുചിതമല്ലേ എന്ന് തോന്നൽ.ഉത്ഭവം പോലുള്ള കഥകൾ ആവർത്തനമില്ലാതെ എങ്ങിനെയാണ് അവതരിപ്പിക്കുക മറ്റേതു നടനായാലും.എന്തിനു ഗോപി ആശാന്റെ വേഷങ്ങൾ പലതും ആവർത്തനങ്ങൾ നിറഞ്ഞതല്ലേ.മടവൂരാശാന്റെ പ്രസിദ്ധമായ ഗോപുരം ആട്ടം ആവർത്തനം ചേർന്നതല്ലേ.കഥകളി പൊതുവെ ആവർത്തനത്തിന്റെ പരമ്പരതന്നെ .രാമൻകുട്ടി നായരാശാന്റെ ഈ "ആവർത്തന വിരസത "കാണാൻ രണ്ടാം കഥക്ക് അരങ്ങിനു മുൻപിൽ തിക്കും തിരക്കുമായിരുന്നു.

വൈയ്ക്കത്തിന്റെ പാട്ട് ഞാൻ കേട്ടിട്ടില്ല. വളരെ ആദരവോടെ തിരുവല്ല ഗോപിക്കുട്ടൻ ചേട്ടൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.