തിരുവല്ല ഗോപിക്കുട്ടൻ നായർ
ശ്രീ.തിരുവല്ലാ ഗോപിക്കുട്ടൻ നായർ 1944 ഡിസംബർ 9നു തിരുവല്ലാ തുകലശ്ശേരി മാടപ്പത്ര വീട്ടിൽ ശ്രീ നീലകണ്ഠപ്പിള്ളയുടെയും ശ്രീമതി പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു. കണ്ണഞ്ചിറ രാമന്‍പിള്ള, കണ്ണഞ്ചിറ കൃഷ്ണപിള്ള, തിരുവല്ലാ വാസുദേവന്‍ പിള്ള, കൊച്ചിക്കാ കേശവപിള്ള, തിരുവല്ലാ മാതുപിള്ള (കഥകളി സംഗീതം) എന്നീ കഥകളി കലാകാരന്മാരുടെ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
നന്നേ ചെറുപ്പത്തിലേ ഇളയച്ഛനായ കണ്ണഞ്ചിറ രാമന്‍ പിള്ളയിൽ നിന്നും കഥകളി അഭ്യസിച്ചു, പത്താം വയസ്സില്‍ കഥകളിക്കു കച്ച കെട്ടി. സുപ്രസിദ്ധ കഥകളി കലാകാരന്മാരായ ഗുരു. ചെങ്ങന്നൂർ രാമൻപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, ഹരിപ്പാട് രാമകൃഷ്ണ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, മടവൂര്‍ വാസുദേവന്‍ നായർ, വൈക്കം കരുണാകരന്‍ നായര്‍ തുടങ്ങിയ കലാകാരന്മാരോടൊപ്പം ധാരാളം ചെറു കൂട്ടുവേഷങ്ങള്‍ കെട്ടി. കഥകളി നടനായി രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ, പ്രസിദ്ധ കഥകളി ഗായകനായ ശ്രീ.തിരുവല്ലാ ചെല്ലപ്പന്‍ പിള്ള ആശാനിൽ നിന്നും കഥകളി സംഗീതം അഭ്യസിച്ചു. പതിനാലാം വയസ്സില്‍ തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ 'രുഗ്മിണീസ്വയംവരത്തി'നു പാടിക്കൊണ്ട് കഥകളിസംഗീതത്തിൽ അരങ്ങേറ്റം നടത്തി.
തുടര്‍ന്ന് കഥകളി സംഗീതജ്ഞനായ ശ്രീ. നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ആശാന്റെ കീഴില്‍ ഒരുവര്‍ഷം ഉപരിപഠനം നടത്തുകയും അതിനു ശേഷം അദ്ദേഹത്തോടും അതുപോലെ അക്കാലത്തെ പ്രസിദ്ധ കഥകളി ഗായകരായിരുന്ന ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ്, തകഴി കുട്ടന്‍ പിള്ള, ചേര്‍ത്തല തങ്കപ്പപണിക്കര്‍ എന്നിവരോടൊപ്പവും ശങ്കിടിപ്പാട്ടുകാരനായി പ്രവര്‍ത്തിച്ച് അരങ്ങു പരിചയം നേടുകയും ചെയ്തു. 1973ൽ കേരള കലാമണ്ഡലത്തിൽ ആദ്ധ്യാപകനായി നിയമിതനായി. ഒരു വർഷത്തെ സേവനത്തിനുശേഷം വ്യക്തിപരമായ കാരണങ്ങളാൽ കലാമണ്ഡലം വിട്ടുപോരികയും തുടർന്നു എട്ടു വർഷക്കാലം കളിയരങ്ങുകളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.
കഥകളിപ്പദാലാപനത്തിൽ തന്റേതായ ശൈലി സ്വീകരിച്ചിട്ടുള്ള ഈ ഗായകൻ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തു കഥകളിയിൽ നിറഞ്ഞു നിന്ന, തെക്കു-വടക്കു കഥകളി രംഗങ്ങളിലെ ഒട്ടെല്ലാ കഥകളി നടന്മാർക്കും വേണ്ടിയും പാടിയിട്ടുണ്ട്. സമ്പ്രദായത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഭാവസംഗീതമാണ് കഥകളിക്കു വേണ്ടത് എന്ന് വിശ്വസിക്കുന്ന ഗോപിക്കുട്ടൻ നായർക്ക് കലാവല്ലഭ പുരസ്ക്കാരം, എം.കെ.കെ. നായർ അവാർഡ് ,കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവാർഡ്, ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക പുരസ്കാരം (2010) എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മദ്ദള കലാകാരനായ കലാഭാരതി ജയൻ മകനാണ്. ഇന്ന് എഴുപതിന്റെ പടിക്കലെത്തി നിൽക്കുമ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കോടെ കഥകളി രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു.
Comments
C.Ambujakshan Nair
Wed, 2013-05-01 14:30
Permalink
തിരുവല്ല ഗോപിച്ചേട്ടന്റെ ത്യാഗം
ശ്രീ. തിരുവല്ല ഗോപികുട്ടൻ നായരുടെ കലാജീവിതത്തിൽ ഒരു ത്യാഗവും ഉണ്ടായിരുന്നു. ശ്രീ. തിരുവല്ല രാമചന്ദ്രൻ നായർ (ഗോപിച്ചേട്ടന്റെ ജ്യേഷ്ട സഹോദരൻ ), ശ്രീ. തിരുവല്ല ഭട്ടതിരിപ്പാട് , ശ്രീ. തിരുവല്ല വാസുദേവൻ പിള്ള എന്നിവർ ആയിരുന്നു അദ്ദേഹത്തിൻറെ ശങ്കിടി ഗായകരായി അരങ്ങിൽ പ്രവർത്തിച്ചിരുന്നത് . പറയത്തക്ക ശബ്ദ ഗുണമോ, സംഗീത ഗുണമോ ഈ ശങ്കിടി ഗായകർക്ക് ഉണ്ടായിരുന്നില്ല. ഗോപിച്ചേട്ടൻ ഇവരെ കളിക്ക് കൂട്ടി പോയില്ല എങ്കിൽ ഇവർ ഒരു കളിയരങ്ങിൽ പോലും ക്ഷണിക്കപ്പെടുമായിരുന്നില്ല.
കഥകളിയിൽ സ്ഥാപനങ്ങളിൽ കൂടി അഭ്യസിച്ചു പ്രസിദ്ധിയാർജ്ജിച്ച ശ്രീ. ശങ്കരൻ എമ്പ്രാന്തിരി, ശ്രീ. ഹരിദാസ് , ശ്രീ. ഹൈദരാലി , ശ്രീ. ഉണ്ണികൃഷ്ണൻ എന്നിങ്ങനെയുള്ള ധാരാളം ഗാനഗന്ധർവന്മാർ തെക്കൻ കളി അരങ്ങുകളിൽ പ്രബലമായി വന്ന സാഹചര്യത്തിലും തന്റെ സാധുക്കളായ കൂട്ടാളികളെ കൈ വിടാതെ അവരെയും കൂട്ടി തെക്കൻ കളിയരങ്ങുകളിൽ പിടിച്ചു നിന്ന ഗോപിച്ചേട്ടന്റെ ത്യാഗമനോഭാവത്തെയും ആത്മധൈര്യത്തെയും കഴിവിനെയും അഭിമാനത്തോടെ അംഗീകരിക്കുന്നു.
sureshraman pillai (not verified)
Wed, 2013-05-29 20:38
Permalink
gopichettante paattu
kathakali sangeethathil gopichettan ennum ottayanayirunnu. Addehathinte kazhivu manasilaakiyavar keralathinte ella pradesathum undu.Pothuvalashannte Bheeshmaprathinja arangeriyappol padiyathu Gopichettananu.Prof Panmana Ramacandran saarinte Nalacharitham kairalee Vyakhyanathil gopichettante namam valare paramarshichittundu. gopicheetane yadhardha kaliaswadakar ennum angeekarichu.Pakshe kaliyaswadakarennu nadikkunna kure adhikam aalukalundu. avaranu Gopicheetane thalli parayunnathu. Innathe Chila instantu gayakar pusthakam nokkiyittum thettu padunnathu kelkumpol njangal Gopicheetane oorkum.Addeham oru cocussilum pettittilla.
Gopichettanu pranamam