മാങ്കുളം വിഷ്ണു നമ്പൂതിരി

 

കാര്‍ത്തികപ്പള്ളി താലൂക്കില്‍ കണ്ടല്ലൂരില്‍ മാങ്കുളം ഇല്ലത്ത് 1900ല്‍ മാങ്കുളം വിഷ്ണു നമ്പൂതിരി ജനിച്ചു. (കൊല്ലവര്‍ഷം 1082) മാങ്കുളം കേശവന്‍ നമ്പൂതിരി ആണ്‌ അച്ഛന്‍. കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ളയാണ്‌ കഥകളിയില്‍ ആദ്യ ഗുരുനാഥന്‍. പിന്നീട്‌ കൊച്ചുപ്പിള്ളപ്പണിക്കരുടേയും കുറിച്ചു കുഞ്ഞന്‍ പണിയ്ക്കരുടേയും കീഴില്‍ അദ്ദേഹം അഭ്യസനം തുടര്‍ന്നു. കീരിക്കാട്ട് കൊച്ചുവേലുപ്പിള്ളയുടെ കൂടെ രംഗപരിചയം നേടി. 
 
മുഖവും ദേഹവും ആകൃതിസൌഷ്ഠവം ഉള്ളതായിരുന്നു. പച്ചവേഷങ്ങള്‍ക്ക് ജനസമ്മിതി കൂടും. സന്താനഗോപാലത്തിലെ അര്‍ജ്ജുനനന്‍, രുഗ്മിണിസ്വയം‍വരത്തിലും ദൂതിലും കൃഷ്ണന്‍, കചന്‍ എന്നിവ സവിശേഷമായിരുന്നു. കൂടാതെ സൌഗന്ധികം ഭീമന്‍, ദക്ഷന്‍, ബൃഹന്നള, നളബാഹുകന്മാര്‍, കീചകന്‍, രാവണന്‍, ഉത്തരാസ്വയംവരം ദുര്യോധനന്‍, ബാണന്‍ തുടങ്ങിയ കത്തി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. 
 
കഥകളിയിലെ തെക്കന്‍ ചിട്ടയുടെ പുനരുദ്ധാരണത്തിനു വേണ്ടി അനവധി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമസ്ത കേരള കഥകളി വിദ്യാലയം എന്നൊരു സ്ഥാപനം തന്നെ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മാര്‍ഗ്ഗിയിലെ ആദ്യത്തെ കഥകളി അദ്ദ്ധ്യാപകനായിരുന്നു. 
 
വെള്ളമ്പാടി നീലകണ്ഠന്‍ നമ്പൂതിരി, പന്തളം കേരളവര്‍മ്മ, ചിറക്കല്‍ മാധവന്‍ കുട്ടി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള, ചവറ പാറുക്കുട്ടി എന്നിവര്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധരായ ശിഷ്യന്മാരാണ്‌.

1981ല്‍ അന്തരിച്ചു
വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ള
കൊച്ചുപ്പിള്ളപ്പണിക്കര്‍
കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍
കളിയോഗം: 
സമസ്ത കേരള കഥകളി വിദ്യാലയം
മാര്‍ഗ്ഗി, തിരുവനന്തപുരം
മുഖ്യവേഷങ്ങൾ: 
പച്ച
കത്തി

Comments

C.Ambujakshan Nair's picture

കഥകളി വിജ്ഞാനകോശത്തില്‍ നിന്നും ചില വരികള്‍  : കഥകളിയുടെ പ്രശസ്തി കേരളത്തിന്റെയും ഭാരതത്തിന്റെയും സീമകള്‍ക്കപ്പുറത്ത് പ്രചരിപ്പിക്കുന്നതില്‍ ശ്രീ. മാങ്കുളവും തന്റേതായ പങ്ക് വിദഗ്ദമായി നിര്‍വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമേ അമേരിക്ക, ബ്രിട്ടണ്‍, ഇസ്രായേല്‍, സിങ്കപ്പൂര്‍, സിലോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്നതിനും കഥകളി സംഘങ്ങളിലെ മുഖ്യനടനെന്ന നിലയില്‍ പ്രമുഖ വ്യക്തികളില്‍ നിന്നും ബഹുമതികള്‍ നേടുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ഭാരതത്തിലെ പ്രമുഖ കലാകേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ബഹുമതികളും ഒട്ടും കുറവല്ല. യശ:ശരീരനായ  പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ സ്വര്‍ണ്ണമെഡല്‍ അവയില്‍ മുഖ്യമായ ഒന്നാണ്.  കൂടാതെ ശ്രീമതി  ഇന്ദിരാ ഗാന്ധി, എസ്. കെ . പാട്ടീല്‍,  കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ നല്‍കിയിട്ടുള്ള പ്രശംസാപത്രങ്ങളും എടുത്തു പറയേണ്ടവതന്നെ.
കേരളത്തിലെ മുഖ്യ കലകേന്ദ്രമായ വാഴേങ്കട ക്ഷേത്രസന്നിധിയില്‍ വെച്ച് കലാമണ്ഡലം  ചെയര്‍മാനായിരുന്ന ഡോക്ടര്‍. കെ. എന്‍. പിഷാരടി വഴേങ്കടയിലെ കലാപ്രേമികളുടെ വകയായി ഒരു സ്വര്‍ണ്ണ ശ്രുംഖല സമ്മാനിച്ചുവെന്ന വസ്തുത ഉത്തര കേരളത്തില്‍ അദ്ദേഹം നേടിയ പ്രശസ്തിക്ക് ഉത്തമ ദൃഷ്ടാന്തമാണ്.