എന്റെ കൃഷ്ണൻനായർ ചേട്ടൻ

Wednesday, August 15, 2012 - 11:34
Kalamandalam Krishnan Nair

എന്റെ കൃഷ്ണൻ നായർ ചേട്ടൻ പോയി; കഥകളിയും തീർന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാൻ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം.

ഇങ്ങിനെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു നടൻ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാൻ.  ഇനി ഉണ്ടാകുമെന്ന പ്രത്യാശയും ഇല്ല. ഒരു രാത്രിയിലെ കളിക്ക് കൃഷ്ണൻ നായർ ആശാന്റെ ഒരു പ്രധാന 'പച്ച' വേഷം ആദ്യമായി രംഗത്തു വന്നാല്‍ മറ്റെന്തെല്ലാം പോരായ്മകൾ ഉണ്ടായാലും ശരി, അന്നത്തെ കളി വിജയിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതു രണ്ടാം ദിവസത്തെ നളനോ, കാലകേയവധത്തില്‍ അർജുനനോ, കിർമ്മീരവധത്തില്‍ ധർമ്മപുത്രരോ, സൌഗന്ധികത്തില്‍ ഭീമസേനനോ ഏതായാലും ശരി അതോടെ കളി വിജയിച്ചു.  എന്നാല്‍ അതിന് ശേഷം വരുന്ന കഥകളില്‍ വേഷം കെട്ടുവാനാണ് ഞങ്ങളെ പോലുള്ള നടന്മാരെ ക്ഷണിക്കുന്നത്.

ഒരു സംഭവം പറയാം. തിരുവട്ടാർ ഉത്സവക്കളിയില്‍ പങ്കെടുത്ത ശേഷം ഞാൻ മടങ്ങുമ്പോൾ തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. അന്ന്‌ അവിടെ ഒന്ന് 'സേവി'ക്കാമെന്ന മോഹവും ഉണ്ടായിരുന്നു. ഗുരുനാഥനായ രാമൻ പിള്ള ആശാനോട് ഞാൻ എന്റെ ആഗ്രഹം ഉണർത്തിച്ചു. അപ്പോൾ ആശാൻ പറഞ്ഞു, ' എടാ, ഇന്നത്തെ വേഷമെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. കൃഷ്ണൻനായരുടെയാ ചെറിയ നരകാസുരൻ. നമുക്കിന്ന്‌ അയാളുടെ ആട്ടം ഒന്ന് കാണാം.’

അന്ന്‌ നരകാസുരവധം ആയിരുന്നു കഥ.  ഞാനും ആശാന്റെ അടുത്തിരുന്നു ആട്ടം കണ്ടു. ആശാന്റെ പ്രസിദ്ധ വേഷങ്ങളില്‍ ഒന്നായിരുന്നുവല്ലോ ചെറിയ നരകാസുരൻ. അതു കൃഷ്ണൻനായരാശാൻ ആടുന്നത് രാമൻ പിള്ള ആശാന്റെ അടുത്തിരുന്നു കാണുക എന്നത് തന്നെ ഒരു അനുഭവം ആണല്ലോ. ആശാൻ എല്ലാം സശ്രദ്ധം കാണുകയാണ്. ആദ്യത്തെ രംഗത്തെ കേകിയും മറ്റും ആശാന് സ്വന്തം പ്രവർത്തിയിലുള്ള അഭിമാനത്തിന് ക്ഷതം പറ്റിയില്ല. പ്രത്യേകതകൾ അപ്പപ്പോൾ പറയുന്നുമുണ്ടായിരുന്നു.  അതുകഴിഞ്ഞ്‌ പടപ്പുറപ്പാടും ദേവലോകത്തേക്കുള്ള യാത്രയും ആയപ്പോൾ ആശാന് മതിപ്പ് വർദ്ധിച്ചു. സ്വർഗ്ഗത്തു പ്രവേശിച്ച് ദേവേന്ദ്രനെ പോർക്ക് വിളിച്ച്, പേടിത്തൊണ്ടൻ ഭയന്നു വിറച്ച് സ്വർഗ്ഗ കവാടം ബന്ധിച്ച് അകത്തിരിക്കുകയാണെന്നുറച്ച്‌ സ്വർഗ്ഗകവാടം ആകെ ഒന്നുഴിഞ്ഞു നോക്കി, പിൻവാങ്ങി, കണ്ണും കയ്യും മെയ്യും എല്ലാം ചേർത്ത് മുൻപോട്ടൊരു കുതിയും ശക്തിയായ തെള്ളും ചവിട്ടും. സ്വർഗ്ഗകവാടം പടപടാ മറിഞ്ഞു നിലംപതിച്ചു. കൂടെ കല്ലും കട്ടയും കുമ്മായപ്പൊടിയും എല്ലാംകൂടി അടർന്നും പൊടിഞ്ഞും തുരു തുരാ വീണു. അതിലൂടെ ആന - കുതിര കാലാൾ പടയുടെ ഞെങ്ങി ഞെരുങ്ങിയുള്ള തെള്ളിക്കയറ്റം! ബോംബിട്ടും മറ്റും വൻ കെട്ടിടങ്ങൾ തകർക്കുന്നത് ഇന്നു നമുക്ക് ടെലിവിഷനിലും മറ്റും കാണാൻ കഴിഞ്ഞേക്കും, എന്നാല്‍ ഒരു നടൻ രംഗത്ത് അത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നത് മറ്റൊരാളാല്‍ അസാദ്ധ്യമാണ്.

ആ 'തകർപ്പൻ' പണികണ്ട് അതില്‍ ലയിച്ചിരുന്നുപോയ ഞാൻ ആശാൻ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്. ആശാൻ പറഞ്ഞു:
'എടാ, ഇതിങ്ങിനെ ചെയ്യാൻ നമുക്ക് പറ്റുമോ? പിന്നൊന്നു കൂടിയുണ്ട്, കൃഷ്ണൻനായരാ അതിങ്ങിനെ തള്ളിയിട്ടതെങ്കിലും അത് ശരിക്കും തകർത്തത് പൊതുവാളിന്റെ ചെണ്ടയാ. '

അതാണ്‌ ഞാൻ ആദ്യം തന്നെ പറഞ്ഞത്, ഇങ്ങിനെ അനുഭവിപ്പിക്കുവാൻ കഴിയുന്ന ഒരു നടൻ വേറെ ഇല്ലെന്ന്. രണ്ട് അനുഭവിപ്പിക്കലുകളുടെ മേളനമാണ് ഇവിടെ നാം കണ്ടത്. പൊതുവാളാശാന്റെ ചെണ്ടയുടെ അനുഭവിപ്പിക്കാനുള്ള കഴിവും അതുല്ല്യം തന്നെ.

ഈ അനുഭവിപ്പിക്കല്‍  അദ്ദേഹത്തിന്റെ  എല്ലാ വേഷങ്ങൾക്കും ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ എല്ലാ സിദ്ധികളും കൈമുതലായുള്ള ഒരു നടനേ ഇതു കഴിയുകയുള്ളൂ. 'കരവിംശതിദശമുഖവും' നടിക്കുന്നിടത്തും ഇതു തന്നെയാണ് നാം കാണുന്നത്.

സർവ്വാരാധ്യനായ ഒരു മഹാനടനായിരുന്നു കൃഷ്ണൻനായർ ആശാൻ. എന്നാല്‍ അങ്ങിനെ ഒരകല്‍ച്ച എന്നെപ്പോലുള്ള ഇളംപ്രായക്കാർക്ക് (അദ്ദേഹത്തേക്കാൾ) പോലും തോന്നിച്ചിട്ടില്ല. അണിയറയില്‍ അങ്ങിനെ ഒരു സങ്കോചമൊന്നും വേണ്ട. ചില നോട്ടവും നർമ്മോക്തിയും കളിയാക്കലും ഒക്കെകൊണ്ട്  വിരസത അകറ്റാൻ അദ്ദേഹത്തിന്റെ വിരുത് അന്യാദൃശ്യമായിരുന്നു. ഇനി അതെല്ലാം ഓർമ്മകളില്‍ മാത്രം. ഉടുത്തുകെട്ടിനോ  തുടയ്ക്കാൻ എണ്ണയ്ക്കോ തുണിക്കോ അരച്ചെടുത്ത മനയോലയ്ക്കോ ഒക്കെ ദാരിദ്ര്യം കാണിക്കുന്ന അണിയറക്കാരോടും ഒരു ചിരിയോ, കുത്തുവാക്കോ കൊണ്ട് കാര്യം അവസാനിപ്പിക്കും. പക്ഷെ ആ കൊള്ളുന്ന ചിരി മാത്രം മതിയല്ലോ!

അദ്ദേഹത്തോടൊപ്പം എത്രയോ കൂട്ടുവേഷങ്ങൾ കെട്ടുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നളനോടൊപ്പം ഹംസം, പുഷ്ക്കരൻ മുതലായ പല വേഷങ്ങൾക്കും. കളി നടത്തിപ്പുകാർ ഞാനും എന്നെക്കാൾ മെച്ചപ്പെട്ടവരുമായ രണ്ടോ മൂന്നോ കലാകാരന്മാരുടെ പേര് നിർദ്ദേശിച്ചിട്ട്‌  ആര് വേണം എന്ന് ചോദിച്ചിട്ടുള്ള സന്ദർഭങ്ങളില്‍ ചെല്ലപ്പൻപിള്ള മതി എന്ന് പറഞ്ഞിട്ടുള്ളതായി അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു മേനി പറച്ചിലായി ആരും കരുതരുതെന്നപേക്ഷ. ഇതുപോലെ തരാതരം പല കൂട്ടുവേഷങ്ങൾക്കും മറ്റു പലരെയും നിർദ്ദേശിച്ചിട്ടുണ്ട്. അല്ലെകില്‍ ആര് കൂട്ടുവേഷം കെട്ടിയാല്‍ അദ്ദേഹത്തിനെന്തു ചേതം? കൂടെ കെട്ടുന്നവൻ ധന്യത നേടുന്നു.

Chennithala Chellappan Pillai

മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ ഭാഗത്ത് എവിടെയെങ്കിലും കളിക്ക് വന്നാല്‍ മിക്കപ്പോഴും എന്റെ കൂടെ ഭവനത്തില്‍ സന്തോഷത്തോടെ വന്നു തങ്ങുമായിരുന്നു. ഹരിപ്പാട്ടു അമ്പലത്തില്‍ ഒൻപതാംഉത്സവം എഴുന്നള്ളിയുള്ള വരവു പോലെയാണ് എന്റെ കുടുംബത്തില്‍ ഉള്ളവർക്ക് എല്ലാം അനുഭവപ്പെടുന്നത്. എന്റെ ഗുരുനാഥൻ രാമൻപിള്ള ആശാൻ വരുന്നത് പോലെയാണ് എനിക്കും. ഈ സഹവാസത്തില്‍ ഞാൻ ധാരാളം ഗ്രഹിക്കുകയും ധന്യത നേടുകയും ചെയ്തിട്ടുണ്ട്. ആശാൻ വന്നാല്‍ കുട്ടികൾക്കെല്ലാം ഭയബഹുമാനങ്ങൾ കൊണ്ടുള്ള ഒരകല്‍ച്ചയുണ്ടെങ്കില്‍, കൃഷ്ണൻനായർ ചേട്ടന്റെ തലയില്‍ കയറാനും അവർ മടിക്കുകയില്ലായിരുന്നു.

മിക്കവാറും എല്ലാ കൂട്ടുവേഷങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ ഇംഗിതം അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാല്‍ രുഗ്മിണീ സ്വയംവരത്തില്‍ അദ്ദേഹത്തിന്റെ സുന്ദര ബ്രാഹ്മണനും എന്റെ കൃഷ്ണനും കൂടിയാല്‍ എന്റെ ഒരു നിർബ്ബന്ധം അദ്ദേഹം സാധിച്ചു തരികയാണ് പതിവ്. ഉറപ്പിനു വേണ്ടി കൃഷ്ണന്റെ ഒരു കത്ത് ബ്രാഹ്മണൻ നേടിയെടുക്കുവാൻ ശ്രമിക്കാറുണ്ട്. അതു സീല്‍വെച്ച് കിട്ടിയാല്‍ കാര്യം സാധിച്ച ചാരിതാർത്ഥ്യത്തോടെ രണ്ടാം മുണ്ടിന്റെ തുമ്പില്‍കെട്ടി ഭദ്രമായി തിരുകി, ഭവ്യത ഭാവിക്കുകയും ചെയ്യും. എന്നാല്‍, 'തരുണീമണിയാമെന്നുടെ രമണിയെ തരസാകൊണ്ടിഹ പോന്നീടുന്നേൻ' എന്ന് ബ്രാഹ്മണനു ഉറപ്പു കൊടുക്കുകയും 'നലമൊടുപോകനാം കുണ്ഡിനനഗരേ' എന്ന് പറഞ്ഞ് ബ്രാഹ്മണനെ കൂടെ തേരിലേറ്റി പുറപ്പെടാൻ സന്നദ്ധനാകുകയും ചെയ്യുന്ന കൃഷ്ണൻ പിന്നെ ഒരു കത്തുകൂടി കൊടുക്കെണ്ടതില്ലെന്നു  ഞാൻ ഉറച്ചു നില്‍ക്കും. അതു ബോദ്ധ്യമായെന്നദ്ദേഹം ഭാവിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരിക്കലും അദ്ദേഹം എന്നോട് നീരസം ഭാവിച്ചിട്ടുമില്ല.

എനിക്ക് ഒരു പ്രാർത്ഥനയേയുള്ളൂ. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ കഥകളിക്കാരനായിത്തന്നെ ജീവിക്കുക; എനിക്ക് കൂട്ടു വേഷങ്ങൾക്ക് വേണ്ടി എനിക്ക് മുൻപേ തന്നെ എന്റെ കൃഷ്ണൻനായർ ചേട്ടനും പുനർജ്ജനിച്ചിരിക്കണമെന്നു മാത്രം.

ആ മഹാനുഭാവന്റെ പാദാരവിന്ദങ്ങളില്‍ ഞാൻ സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു.

(കൊല്ലം കഥകളി ക്ലബ്ബ്  1991- ല്‍ പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണൻ നായർ സ്മരണികയില്‍ പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ ചെന്നിത്തല ചെല്ലപ്പൻപിള്ള അവർകൾ എഴുതി പ്രസിദ്ധീകരിച്ച ലേഖനം.)

Article Category: 
Malayalam

Comments

C.Ambujakshan Nair's picture

ശ്രീ. ചെന്നിത്തല ആശാന്‍ എഴുതിയ "എന്റെ കൃഷ്ണൻനായർ ചേട്ടന്‍" എന്ന അനുസ്മരണം പ്രസിദ്ധീകരിച്ചതില്‍  അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ചെന്നിത്തല ആശാൻ അങ്ങ് ഹൃദയത്തിൽ നിന്നും എഴുതിയ വരികൾ ....അതേ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഓരോ മണൽ തരിക്കും പറയാനുള്ളത് അങ്ങ് പറഞ്ഞു .....കൃഷ്ണൻ നായർ ആശന്ടെ സീതാ സ്വംവരത്തിലെ പരശുരാമൻ ,പിന്നെ പിന്നെ മങ്കൊമ്പ് ആശാൻ ,പള്ളിപുറം ആശാൻ,ചെങ്ങനൂർ ആശാൻ,രാമൻകുട്ടി ആശാൻ,ഗോപി ആശാൻ,മാത്തൂർ ആശാൻ,ചെന്നിത്തല ആശാൻ ഹൊ അങ്ങനെ അന്നത്തെ ആ മേജർ സെറ്റ്.... ഈ തലമുറ ഞങ്ങളുടെ മക്കൾക്ക്‌.... എല്ലാവരും ഒരിക്കൽ ഒരേ ഒരു പ്രാവശ്യം ഭഗവാൻ ഒരു അദ്ഭുതം കാട്ടി .....ആടിചിരുനെങ്കിൽ !!!!!

Mohandas's picture

അനിതാ നായരുടെ കമന്റ്‌ കണ്ടപ്പോൾ കൃഷ്ണൻ നായരാശാനെക്കുറിച്ചുള്ള ചെന്നിത്തല ആശാന്റെ ഓർമ്മക്കുറിപ്പ്‌ ഒന്ന് കൂടി വായിക്കാൻ ഇടയായി. എന്തൊരു ആർജ്ജവം ഉള്ള ഓർമ്മക്കുറിപ്പ്‌? മലയാളലിപികളിലാണ് എഴുതിയിരിക്കുന്നതെങ്കിലും ഭാഷ ഹൃദയത്തിന്റെതാണ്; ഹൃദയ ഭാഷ. അനിതാ നായർ സ്വപ്നം കാണുന്ന കഥകളിയുടെ ആ പഴയ പുഷ്ക്കലകാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ചെന്നിത്തല ആശാന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നത്. എനിക്കും വല്ലാത്തൊരാഗ്രഹം, ഈ മഹാനുഭാവന്മാരെല്ലാം നിറഞ്ഞു നിന്നാടിയ ആ 'മേജർ സെറ്റ്' കളി ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ? വേണ്ടാ, ഇവരുടെയെല്ലാം പേര് അച്ചടിച്ച ആ മഞ്ഞയോ നീലയോ നിറമുള്ള 'മേജർ സെറ്റ്' കഥകളി നോട്ടീസെങ്കിലും ഒന്നു കണ്ടാൽ മതിയായിരുന്നു മനം കുളിരാൻ!