കീഴ്പ്പടം കുമാരൻ നായർ

Tuesday, July 24, 2012 - 19:26
Keezhpadam Kumaran Nair

ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ്‌ എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.

വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌.

കഥകളിയിൽ പ്രവർത്തിച്ചുകൊണ്ട്‌ ജീവിപ്പാൻ വഴി കാണാതെ വലഞ്ഞ്‌ ഇദ്ദേഹം മറുനാട്ടിലായിരുന്നു കുറേക്കാലം. അവിടെ വെച്ച്‌ ദക്ഷിണഭാരതത്തിലെ ശാസ്ത്രീയലാസ്യത്തിൽ പെടുന്ന ഭരതനാട്യത്തിലും ഇദ്ദേഹം അവഗാഹം സമ്പാദിച്ചു.

രാമുണ്ണിമേനോനാശാന്ന്‌ രാവുണ്ണിനായരെ കഴിഞ്ഞാൽ പിന്നെ കുമാരൻ നായരെയായിരുന്നു കാര്യം. അതിൽ എനിയ്ക്കസൂയ തോന്നിയിട്ടുള്ള കാര്യവും ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ആശാന്ന്‌ കൃത്യമായി സാമ്പത്തികസഹായങ്ങൾ, വിശിഷ്യാ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ, ചെയ്തുപോന്നിട്ടുള്ളത്‌ കെ.ആർ. മാത്രമായിരുന്നു എന്നാണ്‌ എന്റെ അറിവ്‌. അദ്ദേഹവും രാവുണ്ണിനായരുമാണ്‌ ആശാന്റെ സംസ്കാരക്രിയയിൽ ഭാഗഭാക്കുകളാകാൻ ഭാഗ്യം സിദ്ധിച്ച ശിഷ്യന്മാർ.

ശ്രീ കെ.ആറിന്റെ സവ്യസാചിത്വം പ്രസ്ഫുടമായി അസ്മാദൃശർ ദർശിക്കുന്നത്‌ നൃത്യപ്രകാരത്തിലാണ്‌. കലാശങ്ങളിലൂടേയും നിലകളിലൂടേയും ഭാവത്തെ എങ്ങിനെയൊക്കെ ഉന്മിഷിതമാക്കാം എന്നറിയണമെങ്കിൽ കുമാരൻ നായരുടെ ബ്രാഹ്മണൻ, ദുർവ്വാസാവ്‌, കാട്ടാളൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ അരങ്ങത്ത്‌ പ്രവർത്തിക്കുന്നത്‌ നിപുണ നേത്രങ്ങൾക്ക്‌ ഒരിക്കൽ കണ്ടാൽ മതിയാകും എന്ന്‌ ഈയുള്ളവൻ ദൃഢമായി വിശ്വസിക്കുന്നു. ഇതിന്റെ കാരണവും തുലോം വ്യക്തമാണെന്നു പറയാതെ തന്നെ മനസ്സിലാക്കാം. താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഉറപ്പുള്ള ഒരു കഥകളി നടൻ ഇന്നു ജീവിച്ചിരിപ്പില്ല എന്നു നിശ്ചയം. എന്റെ സ്മരണയിൽ പണ്ടും ആരും ഇത്രത്തോളം താളജ്ഞാനം ഉറച്ചതായി ഉണ്ടായിരുന്നില്ല.

അതുകൊണ്ട്‌ സഹനടന്മാർക്കും മേളക്കാർക്കും പാട്ടുകാർക്കുമാണ്‌ കഷ്ടപ്പാട്‌. എപ്പോഴും താളത്തിൽ എന്തെങ്കിലും കുസൃതികാട്ടാൻ അദ്ദേഹത്തിനുള്ള വാസന കലശലാണ്‌. ചിലപ്പോൾ അത്‌ രോചകമായേയ്ക്കുമെങ്കിലും പലപ്പോഴും അരോചകവുമാവും. ഉദാഹരഹണത്തിന്, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ നഷ്ടപ്പെട്ട പുത്രന്മാരെ എണ്ണുമ്പോൾ സ്വീകരിക്കുന്ന നടകൾ തന്നെ. അവയ്ക്ക്‌ അപൂർവ്വത ഉണ്ടായിരിക്കാം. എന്നാൽ അഭിരാമത ഒട്ടുമേയില്ല. മേളക്കാരെ കുണ്ടിൽ ചാടിയ്ക്കാനുള്ള ഒരു വഴി - അത്ര തന്നെ. എന്നാൽ യുദ്ധവട്ടത്തിൽ അദ്ദേഹം വരുത്തിയ മാറ്റം എത്രയും ഹൃദ്യവുമാണ്‌.

ഇത്രയൊക്കെ ഇങ്ങിനെ എഴുതിവെയ്ക്കാനുണ്ടായ കാരണം, ഇന്നലെ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിസ്തരിച്ചു വെടിവട്ടവുമായി കൂടിയതാണ്‌. കഥകളി വിഷയത്തിൽ എന്തുകാര്യം പറഞ്ഞാലും ഞങ്ങൾ തമ്മിൽ ഒരു കാലത്തും യോജിക്കാൻ പറ്റാത്ത അകലമുണ്ടാവും. എന്നാലും ആ വക സന്ദർഭങ്ങളൊക്കെ ഓരോ ഉത്സവമായിട്ടാണ്‌ എനിയ്ക്ക്‌ തോന്നാറ്‌. കലാവിഷയകമായി ഈ മനുഷ്യൻ നേടിയിട്ടുള്ള ബൃഹത്തായ വിജ്ഞാനത്തിന്റെ മുമ്പിൽ അമ്പരന്നുകൊണ്ടാണ്‌ ഓരോ സംഭാഷണങ്ങളും അവസാനിയ്ക്കുക പതിവ്‌. അഹോ! ഇങ്ങിനെയുള്ളവർ എത്ര ദുർലഭം! ഹിരണ്യലോഭമോഹിതരായി കഥകളി കൊണ്ടുനടക്കുന്നവർക്കിടയിൽ ഇത്തരം ചില അപൂർവ്വവ്യക്തികൾ കൂടി അവിടവിടെ ഉള്ളത്‌ എത്രയോ ആശ്വാസകരം തന്നെയത്രെ.

കുമാരൻനായരോടൊപ്പം അരങ്ങത്തുവന്ന രണ്ടവസരങ്ങൾ ഞാൻ ഒരു കാലത്തും മറക്കുന്നതല്ല.

ഒന്ന്‌, വാഴേങ്കട ഉത്സവക്കളിയ്ക്ക്‌ ഒരു സൌഗന്ധികം. എന്റെ ഭീമനും കുമാരൻ നായരുടെ ഹനുമാനും. കൂടിയാട്ടത്തിൽ എവിടെയെങ്കിലും വെച്ച്‌ വിദ്വാൻ വല്ലതും ഒപ്പിയ്ക്കും എന്ന്‌ എനിയ്ക്കു നല്ലതീർച്ച ഉണ്ടായിരുന്നു. എന്തെന്നാൽ, ആളുടെ സ്വഭാവം അങ്ങിനെയാണ്‌. പറഞ്ഞപോലെ തന്നെ പറ്റിയ്ക്കുകയും ചെയ്തു. ഇങ്ങിനെയാണ്‌ തുടങ്ങിയത്‌ (ഓർമ്മിച്ചെഴുതുകയാണ്‌)

ഹനുമാൻ:- നീ ഏതു വഴിയ്ക്കിവിടെ എത്തി?
ഭീമൻ: നമ്മുടെ പിതാവായ വായുഭഗവാൻ നടത്തിയ വഴിയേ ഇവിടെയെത്തി.
ഹനുമാൻ:- വഴിയ്ക്കെന്തൊക്കെ കണ്ടു? വിസ്തരിച്ച്‌ പറയ്‌.
(ഇവിടെ ഫലത്തിൽ വനവർണ്ണന ആവർത്തിയ്ക്കുകയാവുമല്ലൊ ഫലം. അതു ചെയ്താലോ? അരങ്ങത്തുള്ളവരുടെ നീരസമാവും ഫലം. ഒടുവിൽ ഭീമൻ ഇങ്ങനെ പറയാനാണ്‌ നിശ്ചയിച്ചത്‌.)
ഭീമൻ:- വഴി കൊടുങ്കാടായിരുന്നു. കൂരാക്കൂരിരുട്ട്‌. സൂര്യരശ്മികൾ കടക്കാൻ പഴുതില്ല. അപ്പോൾ എന്തുകാണാൻ! ഗദകൊണ്ട്‌ വിഘ്നങ്ങൾ തട്ടിത്തെറിപ്പിച്ച്‌ ഇതേവരെ വന്നു. പിതാവായ വായുദേവന്റെ കൃപ.
ഹനുമാൻ:- അങ്ങനെ ഒഴിയണ്ടാ. നീ തപസ്സുചെയ്യുന്ന മുനിമാരെ കണ്ടില്ലേ? ഗന്ധർവ്വ-കിന്നര-കിം‌പുരുഷന്മാരേയും വിദ്യാധരന്മാരേയും കണ്ടില്ലേ?
(ഇതും ഭീമനുവെച്ച വാരിക്കുഴി തന്നെ. അനുസരിച്ചാൽ അതൊക്കെ വിസ്തരിക്കേണ്ടി വരും. ഇതിഹാസത്തിൽ പറയുന്നതൊക്കെ കാണിച്ചാൽ പ്രകടമായ ഔചിത്യഭംഗവും പറ്റും. അതുകൊണ്ട്‌ ഭീമൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ ഉറച്ചു.)
ഭീമൻ:- എനിയ്ക്കൊന്നും അറിഞ്ഞുകൂടാ. മനസ്സിൽ, എത്രയും വേഗം സൌഗന്ധികപുഷ്പം കൊണ്ടുവന്നു പ്രാണപ്രിയയായ ദ്രൌപദിയ്ക്കു കൊടുക്കണം എന്ന ആഗ്രഹമായിരുന്നു. അതിന്റെ തീവ്രതയിൽ മറ്റൊന്നും തന്നെ ശ്രദ്ധിച്ചില്ല.
ഹനുമാൻ:- അമ്പട കേമ!
എന്ന്‌ അനുമോദിച്ച്‌ അടുത്ത സന്ദർഭത്തിലേയ്ക്ക്‌ കടന്നു.

"പ്രാണവല്ലഭേടെ വാഞ്ഛിതം" എന്നിടത്ത്‌ ഭീമനെയിട്ട്‌ "എരപ്പാക്കാതെ" പൂർണ്ണമനസ്സായി അഭിനന്ദിയ്ക്കുകയാണ്‌ ഹനുമാൻ ചെയ്തത്‌. എത്ര ഉചിതമായി! വേർപിരിയുന്ന ഘട്ടത്തിൽ എത്ര നിയന്ത്രിച്ചിട്ടും കണ്ണീർ പൊട്ടി.
ആ സൌഗന്ധികം എനിയ്ക്കൊരുകാലത്തും മറക്കാനാവാത്ത ഒരനുഭവമായിരിയ്ക്കുന്നു.

മറ്റൊന്ന്‌, കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവക്കളിയ്ക്കു നടന്ന ഒരു 'ദൂത്‌' ആണ്‌.

കീഴ്പ്പടത്തിന്റെ ദുര്യോധനൻ; എന്റെ ശ്രീകൃഷ്ണൻ. വേഷനിശ്ചയം അറിഞ്ഞതുമുതൽ തിരിച്ചെത്തുന്നതുവരെ യാതൊരു വക സ്വൈര്യവുമില്ലായിരുന്നു. മാണിമാധവചാക്യാരുമായി സംസാരിച്ച്‌ ആ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തി. മഹാഭാരതത്തിലെ ആ രംഗം തമ്പുരാൻ തർജ്ജുമ ചെയ്തത്‌ ഒന്നുകൂടി വായിച്ച്‌ ഉറപ്പുവരുത്തി. ആട്ടങ്ങളൊക്കെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു. ഈ അവസ്ഥകളൊക്കെ കുമാരൻ നായരും തരണം ചെയ്തു എന്നു അദ്ദേഹം പിറ്റേന്ന്‌ കളികഴിഞ്ഞപ്പോൾ പറയുകയുണ്ടായി.

'ദൂതി''ലെ ശ്രീകൃഷ്ണൻ എനിയ്ക്കത്രത്തോളം തൃപ്തികരമായി ആടിയതായി തോന്നിയിട്ടുള്ളത്‌ അന്നു മാത്രമാണ്‌. കൂട്ടുവേഷത്തിന്റെ 'ഉരസലു'തന്നെയാണ്‌ അതിന്നുകാരണവും.

കുമാരൻ നായരോടൊത്ത്‌ രംഗപ്രവേശം ചെയ്യേണ്ടിവരുന്ന ഓരോ അവസരവും ഓരോ വെല്ലുവിളിയായിട്ടാണ്‌ എന്റെ മനസ്സിൽ തോന്നിയിട്ടുള്ളത്‌. അതു സ്വീകരിച്ച്‌ വിജയിപ്പിക്കാൻ സാധിക്കുന്നത്‌ എന്റെ കലാജീവിതത്തിലെ വലിയൊരു ലാഭമായിട്ടാണ്‌ ഞാൻ പരിഗണിച്ചു പോരുന്നത്‌.

Article Category: 
Malayalam
സന്ദർഭം: 

Comments

C.Ambujakshan Nair's picture

ഓരോ അരങ്ങിലും വ്യത്യസ്ഥത അനുഭവപ്പെടുത്തണം എന്ന ചിന്താഗതി ഉള്ള നടന്‍  എപ്പോഴും അന്വേഷണങ്ങളുടെ ലോകത്ത് തന്നെ ആയിരിക്കും. ഒരു യഥാര്‍ത്ഥ കലാകാരനെ ആസ്വാദകന്‍ കണ്ട് അറിയുന്നത് ഈ വ്യത്യസ്തമായ അവതരണത്തിലൂടെയാണ്.  കീഴ്പ്പടം ആശാന്റെ അരങ്ങുകളില്‍ ഈ വ്യത്യസ്ഥത വളരെ അധികം അനുഭവപ്പെട്ടിട്ടുണ്ട്.  അദ്ദേഹത്തിന്‍റെ  ചില വേഷങ്ങള്‍ മാത്രമേ എനിക്ക് കാണുവാന്‍ സാധിച്ചിരുന്നുള്ളൂ. 

ശ്രീ. ചെങ്ങന്നൂര്‍ ആശാന്‍, ശ്രീ. രാമന്‍കുട്ടി ആശാന്‍, ശ്രീ. പള്ളിപ്പുറം ആശാന്‍, ശ്രീ. ഹരിപ്പാട്ടു ആശാന്‍, ശ്രീ. മടവൂര്‍ ആശാന്‍, ശ്രീ. കലാമണ്ഡലം കേരളവര്‍മ്മ, ശ്രീ. കലാമണ്ഡലം ശേഖര്‍  എന്നിങ്ങനെ എണ്ണിക്കൊണ്ടു പോയാല്‍   ശ്രീ. കലാനിലയം മോഹനകുമാറിന്റെ വരെ സൌഗന്ധികത്തില്‍ ഹനുമാന്‍  കണ്ട് അനുഭവം എനിക്കുണ്ട്.  ഇവരില്‍ നിന്നു എല്ലാം വ്യത്യസ്തമായ ഒരു അവതരണം കാഴ്ചവെച്ചു കൊണ്ട് ഒരിക്കല്‍ ശ്രീ. കീഴ്പ്പടം ആശാന്‍ അവതരിപ്പിച്ച ഹനുമാന്‍ എന്റെ മനസ്സില്‍ മായാത്ത അനുഭവം തന്നെ ആയിരുന്നു. 
അദ്ദേഹവുമായി വളരെ അധിക നേരം സംസാരിച്ചിട്ടുണ്ട്.  ചാക്യാര്‍ കൂത്ത് ആസ്വദിക്കുകയും ചാക്യാരില്‍ നിന്നും ലഭിക്കുന്ന കഥകള്‍ കഥകളിയില്‍ ഏതു വേഷത്തിന് എങ്ങിനെ അരങ്ങില്‍ പ്രയോഗിക്കാം എന്നു ചിന്തിച്ചു അവസരോചിതമായി അരങ്ങില്‍ പ്രവര്‍ത്തിച്ചും വന്നിരുന്നു എന്നു അദ്ദേഹത്തില്‍ നിന്നും മനസിലാക്കിയിരുന്നു. 
മഹാനായ കലാകാരന്‍ ശ്രീ. കീഴ്പ്പടം കുമാരന്‍ നായര്‍ ആശാന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഞാന്‍  ബാഷ്പാഞ്ജലി സമര്‍പ്പിക്കുന്നു.

sreekanth's picture

ഈ ലേഖനം കീഴ്പടം ആശാനെ പറ്റി ആണെങ്കിലും ഇതെഴുതിയ ആചാര്യന്‍ വാഴേങ്കട കുഞ്ചു നായര്‍ ആശാനെ പറ്റി പറയാതെ വയ്യ. അസൂയ അഹംഭാവം ആത്മ പ്രശംസ എന്നിവ കലാരംഗത്ത് പൊതുവേ കാണുന്ന ഒന്ന് ആണല്ലോ. ഇതൊന്നും ലവ ലേശം ഇല്ല്യാത്ത ഒരു മഹാന്‍ ആണ് ലേഖകന്‍ എന്ന് നമുക്ക് ഈ ഒരു ലേഖനത്തില്‍ നിന്നും തന്നെ മനസ്സില്‍ ആക്കാം. വാഴേങ്കട ആശാന്‍ പ്രശസ്തിയുടെ ഉയരങ്ങളില്‍ കീഴ്പടം ആശാനെക്കള്‍ മുന്‍പേ ചെന്നവന്‍ ആണ്, എങ്കിലും എത്ര സത്യസന്ധമായി, നിഷ്കളങ്കമായി ആണ് അദ്ദേഹം കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. തന്റെ സഹപാഠി ആയ ശ്രീ കീഴ്പടത്തിനെ പറ്റി ശ്രീ വാഴേങ്കട എഴുതിയ ഇങ്ങനെ ഒരു ലേഖനം തപ്പിയെടുത്ത് പ്രസിദ്ധീകരിച്ചത് വളരെ ശ്ലാഘനീയം തന്നെ. ഇതിലും വല്ല്യ ഒരു "അനുസ്മരണം" ഉണ്ടോ?

വാഴേങ്കട ആശാന്‍, മാണി മാധവ ചാക്യാരുടെ ജൂനിയറും, അദ്ദേഹത്തെ തന്റെ ഗുരു ജനങ്ങളുടെ ഗണത്തിലും ആണ് കരുതിയിരുന്നത്. 1945  കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തില്‍ വച്ചാണ് വാഴേങ്കട ആശാന്‍ ശ്രീ. ചാക്യാരുടെ ശിഖിനിശലഭം ആദ്യം കാണുന്നത് [കൂത്തമ്പലത്തിന് പുറത്ത് നടന്ന ആദ്യ കൂടിയാട്ടം]. അതില്‍ ചാക്യാര്‍ തീയ്യില്‍ വീണു-പറന്നുയരുന്ന പാറ്റകളില്‍ ആണ്‍-പെണ്‍ ഭേദം വെറും കണ്ണുകള്‍ കൊണ്ടു കാണിക്കുന്നതും മറ്റും കാണുകയും ചെയ്തു. നാട്യാചാര്യന്റെ അഭിനയ സിദ്ധികളെ പറ്റി വളരെ അധികം പ്രശംസിച്ച്ചതും ചരിത്രം ആണല്ലോ. കുഞ്ചു നായര്‍ ആശാന്‍, മറ്റു പല കഥകളി ആചാര്യന്മാരെപോലെ അല്ലാതെ, അഭിനയം തുടങ്ങി പല വിഷയങ്ങളിലും ഗഹനമായി ചിന്തിക്കുന്ന/പഠിക്കുന്ന ഒരു വ്യക്തി ആയിരുന്നു. അതുമൂലം അഭിനയ വിഷയത്തില്‍ ശാസ്ത്രത്തിലും-പ്രയോഗത്തിലും ഒരുപോലെ വൈഗഗ്ധ്യം ഉണ്ടായിരുന്ന നാട്യാചാര്യന്‍ മാണി മാധവ ചാക്യാരും ആയി, വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാണി മാധവ ചാക്യര്‍ക്കാകട്ടെ കഥകളിയും കഥകളിക്കാരും ആയി "അയിത്തവും" ഉണ്ടായിരുന്നില്യ. ഈ ലേഖനത്തില്‍ കുഞ്ചു നായര്‍ ആശാന്‍ സ്മരിച്ച്ചത് പോലെ, അദ്ദേഹം പല വേഷങ്ങലുറെയും അഭിനയ ഔചിത്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സംശയ നിവൃത്തി വരുത്തിയിരുന്നത് മാണി മാധവ ചക്യാരാശാനോടു ചോദിച്ചു ആണ്. അഭിനയ രംഗത്ത് താന്‍ നടത്തിയിരുന്ന പല പുതിയ കാല്‍വെപ്പുകള്‍ പലപ്പോഴും മാണി മാധവ ചാക്യാരുടെ അഭിപ്രായം ആരഞ്ഞതിനു ശേഷം ആയിരുന്നു. കോട്ടക്കലില്‍ മാണി മാധവ ചാക്യാരുടെ ചാക്യാര്‍കൂത്ത് കേള്‍ക്കുക മാത്രം അല്ല മുന്‍പില്‍ ഇരുന്നു കാണുകയും വേണം എന്ന് അദ്ദേഹം തന്റെ ശിഷ്യന്മാര്‍ക്ക് 'ഉത്തരവ് ' കൊടുത്തിരുന്നു. വാഴേങ്കട ആശാന്‍ തന്റെ വിദ്യാര്‍ഥികളെയും മാണി മാധവ ചാക്യാരുടെ അടുത്ത് സംശയങ്ങള്‍ ചോദിക്കുവാന്‍ പ്രേരിപ്പിക്കും ചെയ്തിരുന്നു. ആ ഒരു സംസ്കാരം കോട്ടക്കലില്‍ നില നില്‍ക്കുകയും ചെയ്തിരുന്നു. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ ആശാന്‍ ഇക്കാര്യം പല തവണ സ്മരിച്ചു കേട്ടിട്ടുണ്ട്. ഈ അടുത്ത് ശ്രീ കോട്ടക്കല്‍ നന്ദകുമാരന്‍ ആശാനും ഇതുപോലെ ഒരു കാര്യം (- രാജസൂയത്ത്തില്‍ ശിശുപാലന്‍) മാണി മാധവ ചാക്യാരില്‍ നിന്നും ചോദിച്ചു മനസ്സില്‍ ആക്കിയ കാര്യം എന്നോടു പറയുക ഉണ്ടായി.

ശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാനും ഇതുപോലെ ഉള്ള സംഭവങ്ങള്‍ സ്മരിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ ലക്കിടിയില്‍ നടന്ന മാണി മാധവ ചാക്യാര്‍ അനുസ്മരണത്തില്‍ മുഖ്യാതിഥിആയിരുന്ന കീഴ്പടം ആശാന്‍ നടത്തിയ പ്രസംഗം ഓര്‍ത്തു പോകുന്നു.

പ്രതിഭാധനനായ ഒരു കലാകാരന്‍ മറ്റൊരു കലാപ്രതിഭയെ കുറിച്ച് എഴുതിയതിലെ ആര്‍ജ്ജവം ഒരു ഹൃദ്യമായ വായനാനുഭവം .

വാഴേങ്കട കുഞ്ചുനായരാശാന്‍ കഴിഞ്ഞ ചൊവ്വാഴ്ച (refer date mentioned just below the name 'Tuesday, July 24, 2012 - 19:26')എഴുതി തന്നതാണ് ഈ അനുസ്മരണം എന്നാണ് മുകളില്‍ കൊടുത്ത ഡേറ്റ് കണ്ടാല്‍ തോന്നുക. പകരം, ഈ എഴുത്ത് എഴുതിയ ദിവസം കൊടുത്താല്‍ കൂടുതല്‍ ഉചിതമാവുമെന്നു തോന്നുന്നു. അല്ലെങ്കില്‍ അദ്ദേഹം (കുഞ്ചുനായരാശാന്‍) പറഞ്ഞത് വേറെ ആരെങ്കിലും ഇവിടെ ഉദ്ധരിച്ചതാണെങ്കില്‍ ആ അറിവും ചേര്‍ക്കുന്നതല്ലേ നല്ലത്?