ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള

Guru Chengannur Raman Pilla Photo: courtsy: C Ambujakshan Nair

 

പതിനാലാം വയസ്സില്‍ തോപ്പില്‍ കളിയോഗത്തില്‍ ചേര്‍ന്നു. തകഴി കേശവപ്പണിയ്ക്കര്‍ ആയിരുന്നു കച്ച കെട്ടിച്ചതും അഭ്യസിപ്പിച്ചതും. കീരിക്കാട്ട് ഉണ്ടായിരുന്ന ഈ അഭ്യസനത്തിനുശേഷം സ്വദേശത്ത് വന്ന്  മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കരുടെ കീഴിലും അഭ്യസിച്ചു. പണിയ്ക്കര്‍ തോപ്പില്‍ കളിയോഗത്തില്‍ നിന്ന് വിട്ട് അദ്ദേഹഹ്ത്തിന്‍റെ ഭാര്യയുടെ നാടായ ചെങ്ങന്നൂരില്‍ താമസിച്ചതിനാലാണ്‌ രാമന്‍ പിള്ളയ്ക്ക് പണിയ്ക്കരുടെ ശിഷ്യത്വം ലഭിക്കാന്‍ കാരണമായത്. 1079-81 കാലത്ത് രാമന്‍ പിള്ളയും ചമ്പക്കുളം പരമുപ്പിള്ളയും കൂടി ആലപ്പുഴ കൊറ്റംകുളങ്ങര മീയാത്ത് തിരുമുല്‍പ്പാടിന്‍റെ കോയിക്കല്‍ വെച്ച് മൂന്ന് കൊല്ലക്കാലത്തോളം കഥകളി അഭ്യസിക്കുകയുണ്ടായി. നല്ലൊരു അദ്ദ്ധ്യാപകനായ കേശവപ്പണിയ്ക്കരുടേയും അഭിനയസാമ്രാട്ടായ കുഞ്ഞുകൃഷ്ണപ്പണിയ്കരുടേയും അഭ്യസനം ചെങ്ങനൂര്‍ രാമന്‍ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. 
രാമന്‍ പിള്ള 1101 മുതല്‍ കൊട്ടാരം കഥകളിനടനായിരുന്നു. നല്ലൊരു നടന്‍ എന്നപോലെ നല്ലൊരു അദ്ധ്യാപകനും ആയിരുന്നു ചെങ്ങന്നൂര്‍ രാമന്‍ പിള്ള.  മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധ ശിഷ്യന്മാരാണ്‌. 
 
ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.
 
ബാണന്‍, ദുര്യോധനന്‍ രാവണന്‍ കീചകന്‍ ജരാസന്ധന്‍ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങള്‍. . ""തെക്കന്‍ ചിട്ടയിലുള്ള അഭ്യാസക്രമങ്ങള്‍"" എന്ന പുസ്തകം ചെങ്ങന്നൂർ രാമൻ പിള്ള രചിച്ചിട്ടുണ്ട്. 
പൂർണ്ണ നാമം: 
രാമന്‍ പിള്ള
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Saturday, January 16, 1886
മരണ തീയ്യതി: 
Tuesday, November 11, 1980
ഗുരു: 
തകഴി കേശവപ്പണിയ്ക്കര്‍
മാത്തൂര്‍ കുഞ്ഞുകൃഷ്ണപ്പണിയ്ക്കര്‍
മുഖ്യവേഷങ്ങൾ: 
കത്തി
പച്ച
മിനുക്ക്
കൂടുതൽ വിവരങ്ങൾ: 
http://www.kathakali.info/ml/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81_%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D

Comments

Ambujakshan Nair : ചെങ്ങന്നൂര്‍ ആശാന്‍ അവസാനം പങ്കെടുത്ത ചടങ്ങ് . ശിഷ്യന്റെ മകളുടെ വിവാഹം . സ്ഥലം: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം . അന്ന് നാല് വിവാഹം അവിടെ നടന്നിരുന്നു. ആശാനെ സ്നേഹിക്കുന്ന പലരും അവിടെ എത്തിയിരുന്നു. അവര്‍ക്കെല്ലാം അശാനെ അവസാനമായി കാണുവാന്‍ സാധിച്ചു. അന്ന് വിവാഹ സദ്യയ്ക്ക് ശേഷം അദ്ദേഹം ആഹാരം കഴിച്ചിട്ടില്ല. ലിക്ക്യുട്ട് ഫുഡ്‌ മാത്രമായിരുന്നു ഉപയോഗിച്ചത് . മരണത്തിന് ഒരു ദിവസം മുന്‍പ് ആശാന്റെ ഗൃഹത്തിന് സമീപം വെന്മണി തൃക്കയില്‍ ക്ഷേത്രത്തില്‍ കഥകളി ഉ ണ്ടായിരുന്നു. ആശാന്‍ അന്ത്യശ്വാസം വലിച്ചു കിടക്കുമ്പോള്‍ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ പാട്ടും മേളവും ആശാന്റെ കാതില്‍ എത്തിയിരുന്നു. ശിഷ്യന്മാരില്‍ മടവൂര്‍ ആശാന്‍ ശ്രീരാമനായും, ഹരിപ്പാട്‌ ആശാന്‍ ഹനുമാനായും , ചെന്നിത്തല ആശാന്‍ ഭരതനായും അന്ന് അവിടെ കളി നടന്നു . കളി കഴിഞ്ഞ് മടവൂര്‍ ആശാന്‍ മാത്രം പോയില്ല . ചെന്നിത്തല ആശാന്റെ ശിഷ്യന്‍ ശ്രീ. ഗൌരീശപട്ടം നാഗപ്പന്‍ നായര്‍ അവര്‍കള്‍ ആശാന്റെ ഗൃഹത്തില്‍ എത്തി വിളക്ക് വെച്ച് ഭാഗവതം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആശാന്റെ ശ്വാസം നിലച്ചു. മരണ സമയത്ത് ആശാന്റെ നെഞ്ച് തടവിക്കൊണ്ട് മടവൂര്‍ ആശാന്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഞാനും.

Sankaran Nampoothiri ഞാനും നേരിട്ട് കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെ..മടവൂര്‍ ആശാനും ഒക്കെ ഉണ്ടായിരുന്നു അപ്പോള്‍ എനിക്ക് വളരെ ചെറുപ്പം ആയിരുന്നു, സന്ദര്‍ഭം ഒന്നും ഓര്‍മയില്ല പക്ഷെ ഒരു മഹാനായ കലാകാരനെ കാണുകയാണ് എന്ന ബോധം ഉണ്ടായിരുന്നു..

Sankaran Nampoothiri ചെങ്ങന്നൂര്‍ അമ്പലത്തില്‍ കളി നടക്കുമ്പോള്‍ ആശാന്റെ അലര്‍ച്ച ഞങ്ങളുടെ ഇല്ലത്തു (5-6 K. M അകലെ) കേള്‍കുമായിരുന്നു എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. "അക്കാര്യത്തില്‍ തോട്ടം പോരാ " എന്നും