തലവടി അരവിന്ദൻ

Thalavadi Aravindan Photo:Ravindranath Purushothaman
കുട്ടനാട് താലൂക്കിലെ തലവടിയിൽ കൊപ്പാറ വീട്ടിൽ കേശവപ്പണിക്കരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1944 മാർച്ച് 23 ന് ജനിച്ചു. തലവടി പാച്ചുപിള്ള എന്ന ഒരു ആശാനാണ് കച്ചയും മെഴുക്കും കൊടുത്ത് ആദ്യമായി പരിശീലിപ്പിച്ചത്. 1959 ൽ തലവടി തൃക്കൈ ക്ഷേത്രത്തിൽ ബാണയുദ്ധത്തിലെ മന്ത്രിയായി ( കുംഭാണ്ഡൻ - പച്ച ) വേഷം കെട്ടി അരങ്ങേറ്റം നടത്തി.
 
അതിനുശേഷം തൃപ്പൂണിത്തുറ R.L.V. യിൽ ആറു വർഷത്തെ ഡിപ്ലോമാ കോഴ്സ് പൂർത്തിയാക്കി. കലാമണ്ഡലം കൃഷ്ണൻനായർ, വൈക്കം കരുണാകരൻ എന്നിവരുടെ ശിക്ഷണത്തിൽ കഥകളിയിലെ ഏതു വേഷം കെട്ടാനുമുള്ള പരിശീലനം സിദ്ധിച്ചു. R.L.V. യിൽ മയ്യനാട് കേശവൻ നമ്പൂതിരി, തോന്നക്കൽ പീതാംബരൻ എന്നിവർ സഹപാഠികൾ ആയിരുന്നു.
 
മകന് വേഷം കെട്ടി രംഗ പരിചയം നേടുന്നതിന് പിതാവ് കേശവപ്പണിക്കർ ഒരു കഥകളി "നരസിംഹവിലാസം" എന്നൊരു കളിയോഗം തലവടിയിൽ തുടങ്ങി. വളരെ തിരക്കുണ്ടായിരുന്ന ആ കളിയോഗത്തിൽ തെക്കൻ കേരളത്തിലെ അന്നത്തെ പ്രമുഖ കലാകാരന്മാർ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
 
ആദ്യ കാലങ്ങളിൽ മിനുക്ക്‌, കൃഷ്ണ വേഷങ്ങൾ, ശകുനി തുടങ്ങിയവയായിരുന്നു അരവിന്ദൻ കെട്ടിയിരുന്നത്. പ്രസിദ്ധ കഥകളി വേഷക്കാരന്നായ അല്ലാട്ട് കൃഷ്ണപിള്ളക്ക് ( തിരുവല്ല കറുത്ത കൃഷ്ണപിള്ള ) പകരക്കാരനായാണ് ആദ്യമായി ചുവന്ന താടി കെട്ടുന്നത്. 
 
കാലം 1970കളുടെ ആദ്യപാദം. ചങ്ങനാശേരി പുഴവാതിൽ ക്ഷേത്രത്തിൽ ദുര്യോധനവധം. അല്ലാട്ട് കൃഷ്ണപിള്ളയുടെ ദുശാസ്സനൻ, അരവിന്ദന്റെ ശകുനി. 
 
വസ്ത്രാക്ഷേപമാണ് രംഗം. "മുഗ്ദ്ധമതേ കൃഷ് ണേ ചൊൽക" എന്ന പദം ആടവേ കൃഷ്ണപിള്ള പിന്നിലേക്ക് മറിഞ്ഞു വീണു. പെട്ടെന്ന് തിരശീല പിടിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ മരണം സംഭവിച്ചതായി അണിയറയിലും രംഗത്തുമുള്ളവർക്ക് മനസ്സിലായി. കുറേപ്പേർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 
കളി മുടക്കേണ്ടാ എന്നാണ് തീരുമാനമുണ്ടായത്. അണിയറയിൽ വേഷം അഴിച്ചു കൊണ്ടുനിൽക്കുകയായിരുന്ന അരവിന്ദനോട്, ചിരന്തന സുഹൃത്തും ബന്ധുവും ഗായകനുമായ തിരുവല്ല ഗോപിക്കുട്ടൻ നായരാണ് ദുശാസ്സനൻ കെട്ടാൻ ആവശ്യപ്പെട്ടത്.
 
രണ്ടാമത് ദുശാസ്സനൻ കെട്ടിയത് ചെങ്ങന്നൂരിന് സമീപമുള്ള തിരുവൻവണ്ടൂർ ക്ഷേത്രത്തിലാണ്. ചമ്പക്കുളം പാച്ചുപിള്ളയുടെ വേഷമാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. അങ്ങനെ അരവിന്ദൻ ആ വേഷം കെട്ടി. ഹരിപ്പാട് രാമകൃഷ്ണപിള്ളയും, ചെന്നിത്തല ചെല്ലപ്പൻപിള്ളയുമാണ്, " നീ ഇനി താടി വേഷം കെട്ടിയാൽ മതി " എന്ന് നിർദ്ദേശിച്ചത്.
 
കേരളത്തിലെ ഒട്ടു പ്രമുഖ നടന്മാരോപ്പം തലവടി അരവിന്ദൻ കൂട്ടുവേഷം കെട്ടിയിട്ടുണ്ട്. എങ്കിലും, രണ്ടു സന്ദർഭങ്ങളാണ് ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നത്. 
 
കൊല്ലം ജില്ലയിലെ അഞ്ചൽ ക്ഷേത്രത്തിൽ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയോടൊപ്പം, അരവിന്ദൻ ഒരിക്കൽ ഒന്നാം ദിവസം നളൻ കെട്ടി. രണ്ടാമത്തെ കഥ ദുര്യോധനവധം. ദുശാസ്സനൻ കെട്ടാനാണ് അരവിന്ദൻ അഞ്ചലിൽ ചെന്നത്. നളന്റെ വേഷം കെട്ടേണ്ടിയിരുന്ന നടൻ എത്തിച്ചേർന്നില്ല. ഒയൂരിന്റെ ആജ്ഞ അനുസരിച്ചാണ് അന്ന് അദ്ദേഹം ആ വേഷം കെട്ടിയത്. പരിഭ്രമമായിരുന്നു. ഓയൂർ അദ്ദേഹത്തെ അഭിനന്ദിക്കുകയും, അനുഗ്രഹിക്കുകയും ചെയ്തു.
 
കാവുങ്ങൽ ചാത്തുപ്പണിക്കരുടെ രൌദ്രഭീമനോടൊപ്പം, കൊല്ലം വള്ളിക്കീഴ് ദേവീ ക്ഷേത്രത്തിൽ ദുശാസ്സനൻ കേട്ടിയപ്പോഴും തെല്ല് അമ്പരപ്പുണ്ടായിരുന്നു. കളി കഴിഞ്ഞ് അണിയറയിൽ എത്തിയപ്പോൾ ചാത്തുപ്പണിക്കർ, അരവിന്ദനെ നിർലോഭം അനുമോദിച്ചു. അരവിന്ദന്റെ അലർച്ചക്ക് ഒരു സ്‌പെഷ്യൽ അനുമോദനവും കാവുങ്ങലാശാൻ നല്കുകയുണ്ടായി.
 
സംഗീതജ്ഞന്മാർക്ക് ശാരീര സുഖം വേണമെന്ന പോലെതന്നെ താടി, കത്തി, കരി എന്നീ വേഷക്കാർക്ക്‌ "അലർച്ച സുഖവും" വേണമെന്നാണ് അരവിന്ദന്റെ അഭിപ്രായം. അതൊരനുഗ്രഹമാണ്. അലർച്ച, തൊണ്ടയിൽ നിന്ന് വന്നാൽ പോരാ. മേൽനാഭിയിൽ നിന്ന് ശക്തി സംഭരിച്ചു വേണം അലറാൻ.
 
പാലക്കാട് മുദ്ര - കലാമണ്ഡലം രാമൻകുട്ടിനായർ 80-)O പിറന്നാൾ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. 

വിവരങ്ങള്‍ സമ്പാദിച്ചത്: https://www.facebook.com/ravindranath.purushothaman?hc_location=stream

 

പൂർണ്ണ നാമം: 
തലവടി അരവിന്ദൻ
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Thursday, March 23, 1944
ഗുരു: 
കലാമണ്ഡലം കൃഷ്ണന്‍ നായര്‍
കലാമണ്ഡലം കരുണാകരൻനായർ
കളിയോഗം: 
RLV കോളേജ്, തൃപ്പൂണിത്തുറ
മുഖ്യവേഷങ്ങൾ: 
താടി, വെള്ളത്താടി
രൌദ്രഭീമന്‍
പുരസ്കാരങ്ങൾ: 
ഗുരു ചെങ്ങന്നൂർ അവാർഡ് ( 2004)
കൊല്ലം കഥകളി ക്ലബ്ബ് ( 1999 )
ചെന്നിത്തല ചെല്ലപ്പൻപിള്ള അവാർഡ് (2008)
ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് അവാർഡ്
കോട്ടയം കളിയരങ്ങ് (2004)
കല്യാണകൃഷ്ണൻ നായർ സ്മാരക അവാർഡ് (2007)
തഞ്ചൈ ഡാൻസ് ഫെസ്റ്റിവൽ അവാർഡ് (1993)
ദേശാഭിമാനി അവാർഡ്, നട്ടാശേരി സാംസ്കാരിക വേദി പുരസ്കാരം,
വിലാസം: 
ഐറ്റാൾ മഠം
മതിൽഭാഗം
തിരുവല്ല
ഫോൺ: 
മൊബൈൽ - 9496109494

Comments

സ്വാഭാവികതയാർന്ന താടിയുടെ അലർച്ച ശരിക്ക് നിർവ്വഹിക്കുന്നവരാണ് തലവടി അരവിന്ദൻ, ഉണ്ണിത്താൻ, ചാത്തന്നൂർ കൊച്ചുനാരായണപിള്ള എന്നിവർ. പുതു തലമുറയിലെ കലാ. ബാലകൃഷ്ണനും (ഹരിപ്പാട്) ഹരി ആർ നായരും നല്ല വേഷക്കാരും അലറ്ച്ചക്കാരും ആണ്.

C.Ambujakshan Nair's picture

ശ്രീ. അരവിന്ദൻ ചേട്ടന്റെ ധാരാളം  വേഷങ്ങൾ കണ്ടിട്ടുണ്ട്. തിരുവല്ലയിൽ കളികാണാൻ പോകുമ്പോൾ അദ്ദേഹത്തിൻറെ വസതിയിൽ പോയി കഥകളി അനുഭവങ്ങൾ മനസിലാക്കിയിട്ടുണ്ട്. 

C.Ambujakshan Nair's picture

ശ്രീ. അരവിന്ദൻ ചേട്ടന്റെ ധാരാളം  വേഷങ്ങൾ കണ്ടിട്ടുണ്ട്. തിരുവല്ലയിൽ കളികാണാൻ പോകുമ്പോൾ അദ്ദേഹത്തിൻറെ വസതിയിൽ പോയി കഥകളി അനുഭവങ്ങൾ മനസിലാക്കിയിട്ടുണ്ട്.