ഗുരു ചെങ്ങന്നൂർ രാമൻ പിള്ള - ഒരു ഓർമ്മക്കുറിപ്പ്

Sunday, January 20, 2013 - 18:05
ഗുരു ചെങ്ങന്നൂർ, ചെന്നിത്തല ആശാനോടും മകളോടും ഒപ്പം (ഫോട്ടോ: സി. അംബുജാക്ഷൻ നായർ)

തിരിച്ചറിവ് കിട്ടിയതിനു ശേഷം ആശാനുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞില്ല.ഞാന്‍ വിദേശത്തേക്ക് പോയി. ആശാനോട് ഒരുതരം ഭയം കലര്‍ന്ന ആരാധനായിരുന്നു. ഞങ്ങളുടെ വീടിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കളിയുല്ലപ്പോള്‍ ആശാന്‍ രാവിലെ തന്നെ വീട്ടില്‍ വരുമായിരുന്നു.അമ്മൂമ്മ, അച്ഛന്‍, അച്ഛന്റെ അമ്മാവന്മാര്‍ എന്നിവരുമായി വെടിവട്ടം പറഞ്ഞിരിക്കും. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്ന കാലം. പെട്ടിയും ചുമന്നുകൊണ്ട് മടവൂരും കാണും.ഞാന്‍ ഹൈസ്കൂളില്‍ ആയതിനു ശേഷം അങ്ങനെ അധികം വരുമായിരുന്നില്ല.ആശാന്റെ കൊച്ചുമകളുടെ മകന്‍ എന്റെ സുഹൃത്തായിരുന്നു. അങ്ങനെ ഇടയ്ക്കിടെ വന്മഴിയില്‍ പോകുമായിരുന്നു. 6-7കി.മി.ദൂരമേയുള്ളൂ.പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ എന്ന പരിഗണന തന്നിരുന്നെങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ അടുത്തിടപെടാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തിരുന്നില്ല.ആശാന്‍ എന്റെ അപ്പൂപ്പന്റെ -താഴാവന രാമന്‍ ആശാന്‍- ചിരന്തന സുഹൃത്തായിരുന്നു.അപ്പോള്‍ അകലത്തിന്റെ കാരണം മനസ്സിലായികാണുമല്ലോ.നല്ല ഫലിതക്കാരനായിരുന്നു.ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ആശാന്‍ നിയമസഭാംഗം ആയിരുന്നെങ്കില്‍ ചോദ്യോത്തര വേളയില്‍ തിളങ്ങുമായിരുന്നെന്ന്. ഞാനിത് ഗദാധരനോട്‌ (കൊച്ചുമകന്‍)ഒരിക്കല്‍ സൂചിപ്പിച്ചു.ഞാനീ പറഞ്ഞത് ആശാന്‍ പിന്നീട് അറിഞ്ഞു എന്നെനിക്കുമാനസ്സിലായി.'ചെങ്ങന്നൂരില്‍ അടുത്ത തവണ പുരുഷോത്തമന്‍ പിള്ളയല്ല എന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മകന്‍ തീരുമാനിച്ചിരിക്കുന്നത്' എന്നൊരിക്കല്‍ എന്റെ സാന്നിധ്യത്തില്‍ അച്ഛനോട് പറഞ്ഞു. ആശാന്റെ ഫലിതത്തിന്റെ ഒന്ന് രണ്ടു സാമ്പിള്‍. തകഴി കുട്ടന്‍ പിള്ളയുടെ പാട്ടിനെപറ്റി ചോദിച്ചപ്പോള്‍ ആശാന്റെ മറുപടി:" കുട്ടപ്പന്റെ പാട്ടിന് ഒരു ഗുണമുണ്ട്,വെളുക്കുവോളം പാടിയാലും ഒരു രാഗമാണെന്നെ തോന്നൂ" ഒരു ശിഷ്യന്റെ ആട്ടത്തെകുറിച്ചു ചോദിച്ചപ്പോള്‍ "വിതച്ചപ്പോള്‍ ഒരു പറ, കൊയ്തപ്പോഴും ഒരു പറ." തിരുനെല്ലൂര്‍ കരുണാകരന്‍ യുനിവേഴ്സിറ്റി അധ്യാപകനായിരുന്നപ്പോള്‍ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമായി ഒരഭിമുഖത്തിന് ആശാനെ ക്ഷണിച്ചു. എം.എ. വിദ്യാര്‍ഥികളല്ലേ, ആശാന്‍ പതറുമോ എന്നൊരു ശങ്ക തിരുനെല്ലൂരിന്‌.അച്ഛന്‍ തിരുനെല്ലൂരിനു ധൈര്യം കൊടുത്തു."മഹാരാജാവായ ഋതുപര്‍ണനു ഇടത്തരം വേഷം,വിരൂപിയായ തേരാളി ബാഹുകന്‌ ഒന്നാന്തരം, ഇത് ഔചിത്യ പരമാണോ?"ഒരു വിദ്വാന്റെ ചോദ്യമാണ്.ഉരുളക്ക് ഉപ്പേരി പോലിരുന്നു ആശാന്റെ മറുപടി."അങ്ങനെയെങ്കില്‍ ദിഗ്വസനനായി നിന്നൂ നളന്‍ ദീനനായി,എങ്ങനെയാണ് ഔചിത്യ പൂര്‍വ്വം ആടുന്നത്? തോട്ടം പോറ്റിയുടെ അലര്‍ച്ചയെകുറിച്ച് ആശാന്റെ കമന്റ് :"പോറ്റിയുടെ അലര്‍ച്ചയ്ക്ക് ഒരു തരി കുറവാ." കഥ ഉത്തരാസ്വയംവരം ആശാന്‍ ദുര്യോധനന്‍, ചവറ പാറുക്കുട്ടി ഭാനുമതി.അച്ഛന്‍ ചോദിച്ചു ഈ പ്രായത്തില്‍ ചെറുപ്പക്കാരിയോടൊപ്പം സംഭോഗശൃംഗാരമാടാന്‍ മടി തോന്നുന്നില്ലേ, ആശാന്റെ മറുപടി: ആദ്യ കാലങ്ങളില്‍ കൂടെ സ്ത്രീവേഷം ചിറ്റപ്പനായിരുന്നു.ദമയന്തി നാണു പിള്ള എന്നറിയപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ നാണുപിള്ള.80 വര്‍ഷത്തോളം അരങ്ങത്ത് ആശാന്‍ നിറഞ്ഞു നിന്ന്. ആശാന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അശാനെകൊണ്ട് അലറിക്കുമായിരുന്നു.ആശാന്റെ അലര്‍ച്ചയുടെ തനിപകര്‍പ്പായിരുന്നു മടവൂരിന്റെത്.അഞ്ചെട്ടു വര്‍ഷം മുമ്പുവരെ.എന്റെ അമ്മൂമ്മ പറയുമായിരുന്നു-പമ്പയാറ്റിലെ ചില്ലറ വെള്ളമല്ല വാസുദേവന്‍ കുടിച്ചിരിക്കുന്നതെന്ന്‍.

ഒരിക്കല്‍ ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാശാനോട്  കളിയരങ്ങിന്റെ (സ്റ്റേജ് ) ഉയരത്തെക്കുറിച്ച് ചോദിക്കാന്‍ ഒരസുലഭ സന്ദര്‍ഭം എനിക്ക് ലഭിച്ചു. 1976-ലോ 77-ലോ ആണ്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യ രൂപമായ deshabhimani study circle സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് വെച്ച് ഒരു സംസ്ഥാന ക്യാമ്പ് നടന്നു. ആശാനാണ് ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആശാനെ വന്മഴിയില്‍ നിന്ന് (ചെങ്ങന്നൂരിനു സമീപമുള്ള പ്രദേശം. ആശാന്റെ ജന്മ സ്ഥലം)കൂട്ടി കൊണ്ട് പോയതും തിരികെ കൊണ്ട് വിട്ടതും ഞാനായിരുന്നു.എത്ര അകലെയിരുന്ന് കഥകളി കാണണം, അരങ്ങിനു എത്ര ഉയരം ആവാം -ഇതായിരുന്നു എന്റെ സംശയം. സ്വതസിദ്ധമായ പുഞ്ചിരിയോട് ആശാന്‍ പറഞ്ഞത് : അരങ്ങിനു 3 അടിയില്‍ കൂടുതല്‍ പാടില്ല, അകലം 2 ദണ്ഡ് .(ഇപ്പോള്‍ ഇലക്ട്രിക് വെളിച്ചമുള്ളതുകൊണ്ട് 20 അടിയായി നമുക്ക് വകയിരുത്താം. 76-77 കാലഘട്ടം ഇലക്ട്രിക്‌ യുഗം തന്നെ ആയിരുന്നെ!)

ഗ്ഗുരു ചെങ്ങന്നൂർ ബാണനായി  ഫോട്ടോ:അംബുജാക്ഷൻ നായർ

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം. രൗദ്രഭീമന്‍,ബലഭദ്രര്‍, തുടങ്ങിയ വേഷങ്ങളും കെട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ കഴിഞ്ഞാല്‍ ആശാന്റെയായിരുന്നു "കോട്ടം തീര്‍ന്ന" ഹംസം. കുഞ്ഞന്‍ പണിക്കരുടെ ഹംസം, പക്ഷി സഹജമായ ഒരുപാട് ചേഷ്ടകള്‍ കാണിക്കുമായിരുന്നത്രേ. കൊക്ക് കൊണ്ട് ചിറകു മിനുക്കുന്ന കൂട്ടത്തില്‍ പേനിനെ കൊത്തിപ്പെറുക്കി തിന്നുന്നതായും മറ്റും. അങ്ങനെയുള്ള ചേഷ്ടകളൊന്നും ആശാന്‍ കാണിക്കുകയില്ല. ഗദാധരന്റെ അമ്മൂമ്മ-ആശാന്റെ മകള്‍-പറയുമായിരുന്നു അച്ഛന്റെ ഹംസം ബ്രാഹ്മണനായിരുന്നെന്ന്.

ആശാന്റെ പ്രസിദ്ധമായ വേഷങ്ങളിൽ ഒന്ന് തെക്കന്‍ രാജസൂയത്തിലെ ജരാസന്ധൻ ആണ്. തന്നെ സമീപിച്ച കപട ബ്രാഹ്മണ വേഷ ധാരികള്‍ ശ്രീകൃഷ്ണനും പാണ്ഡവന്‍മാരുമായിരുന്നെന്ന് മനസ്സിലാവുമ്പോള്‍ കൃഷ്ണനെ നോക്കി പരിഹാസത്തോടെ പുച്ഛിച്ച് ചിരിച്ചുകൊണ്ടുള്ള ഒരലര്‍ച്ചയുണ്ട്. കാണേണ്ടതു തന്നെയെന്നാണ് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ളത്. ആശാന്റെ കീചകനും ചെറിയ നരകാസുരനുമാണ് എനിക്ക് പഥ്യമായിരുന്നത്.വലലന്റെ കരവലയതിലമര്‍ന്ന്‍ ശ്വാസം മുട്ടി മരണമടയുന്ന രംഗം ഒന്ന് കാണേണ്ടതു തന്നെയാണ്. അലര്‍ച്ച നേർത്ത് നേര്‍ത്തു വരും. അവസാനം കോഴികുഞ്ഞു കരയുന്ന പോലിരിക്കും.കരചരണങ്ങളുടെ ചലനവും അത് പോലെയിരുന്നു.

ആശാന്റെ തിരനോക്കിനും ഉണ്ടായിരുന്നു പ്രത്യകത.ഒറ്റക്കാലില്‍ നിന്ന് ഇടതു കൈ കൊണ്ട് തിരശീല അരക്കൊപ്പം ഉയര്‍ത്തിപിടിച് വലതു കൈ കൊണ്ട് വിശറി പോലെ ഉത്തരീയം വീശി ഒരു നില്പുണ്ട്. അതി ഗംഭീരമാണ്. തൊണ്ണൂറ്റെട്ടാം വയസ്സിലും ഒരൊറ്റ പല്ലുപോലും പോയിരുന്നില്ല. നല്ല വെള്ളി പോലെ തിളങ്ങും.പ്രതിഫലം കണക്കു പറഞ്ഞു മേടിക്കാന്‍ ആശാന്‍ വിമുഖനായിരുന്നു. ഉടമസ്ഥന്‍ (നടത്തിപ്പുകാര്‍) കൊടുക്കുന്നത് വാങ്ങിച്ച് മടിയില്‍ വെക്കും. ഉടമസ്ഥന്‍ പറയുന്ന വേഷം കെട്ടാനും ആശാന് മടിയില്ല.ഇന്നയാള്‍ ദുശാസനന്‍ ആണെങ്കില്‍ താന്‍ ദുര്യോധനന്‍ കേട്ടില്ല എന്നൊന്നും ആശാന്‍ പറയില്ല. ഒരിക്കല്‍  ശ്രീ.എം.കെ.കെ.നായര്‍ക്ക് ഒരാഗ്രഹം. പുഷ്ക്കരന്‍ കത്തി ആയാലെന്താ.ആശാന് എതിര്‍പ്പില്ല. കളി കഴിഞ്ഞു എന്റെ അച്ഛന്‍  ചോദിച്ചു,ആശാനെ പുഷ്കരന് കത്തി വേണോ, പച്ച പോരെ?പുരുഷോത്തമന്‍ പിള്ള ശ്രദ്ധിച്ചോ, തിരനോക്കിലല്ലാതെ ഞാനലറിയോ? ആശാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

തിരുവല്ല അമ്പലത്തിലെ ഒരു കളി.ആശാന്റെ അഴക്‌ രാവണന്‍. ആശാന്‍ ഒരു കലാശമെടുത്തപ്പോഴോ മറ്റോ മുന്‍ നിരയില്‍ നിലത്തിരുന്ന ഒരു തലേക്കെട്ടുകാരന്‍ 'ച്ഛെ' എന്ന് പറഞ്ഞു.കളി കഴിഞ്ഞു അച്ഛനെ കണ്ടപ്പോള്‍ ആശാന്‍ ചോദിച്ചു മുന്നിലിരുന്ന തലേക്കെട്ടുകാരന്‍ ആരാണെന്ന്. തിരുവല്ല ചന്തയിലെ ഒരു വെറ്റില കച്ചവടക്കാരനാ, ഐസക്ക് മാപ്പള, അച്ഛന്‍ പറഞ്ഞു. "കിടതിംതാം എടുത്തപ്പോള്‍ ഒരക്ഷരം ഞാന്‍ വിട്ടുപോയി-" കൂട്ട് വേഷക്കാരെ മാത്രമല്ല അരങ്ങിലുള്ളവരും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുമായിരുന്നു.അവര്‍ ഏതു പ്രകൃതത്തിലുള്ളവര്‍ ആണെങ്കിലും അവരുടെ അഭിപ്രായത്തെ അദ്ദേഹം മാനിക്കുമായിരുന്നു. ആശാന്റെ ഗുരുക്കന്മാരില്‍ ഒരാളായിരുന്നു തകഴി കേശവ പണിക്കര്‍. ഭീമന്‍ കേശവ പണിക്കര്‍, ആശാരി കേശവ പണിക്കര്‍ എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പണിക്കരുടെ അന്ത്യദശ, രാമന്‍ പിള്ള ആശാനോടൊത്തായിരുന്നു. ഗുരുവിന്റെ അന്ത്യം വരെ ആ വത്സല ശിഷ്യന്‍ തികച്ചും ആത്മാര്‍ഥതയോടെ ശുശ്രൂഷിച്ചു. ആട്ടക്കാരനൊന്നുമായിരുന്നില്ലെങ്കിലും ആശാനെ കുറിച്ച് പറയുമ്പോള്‍ എന്റെ അച്ഛനു അനന്തന്റെ നാവാണ്. ഒരിക്കല്‍ ആശാനോട് ആരോ ചോദിച്ചു "നമ്മുടെ എം.എല്‍.എ. ഒരു കഥകളി ഭ്രാന്തനാണല്ലേ" എന്ന്. ഭ്രാന്തൊന്നുമില്ല, നല്ല കളി കാണുന്നത് പുരുഷോത്തമന്‍ പിള്ളക്ക് ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്ണന്‍ നായരുടെ ആട്ടത്തെകുറിച്ച് ആരാഞ്ഞ സുഹൃത്തിനോട്‌ അച്ഛന്‍ പറഞ്ഞ മറുപടി' ഞാന്‍ കൃഷ്ണ ഭക്തനല്ല, രാമഭാക്തനാണ്' എന്നായിരുന്നു. ആശാന്റെ മരണ ശേഷം ദേശാഭിമാനി വാരികയില്‍ " എന്റെ രാമന്‍ പിള്ളയാശാന്‍"എന്നൊരു ലേഖനം അച്ഛന്‍ എഴുതിയിരുന്നു. ഉജ്ജ്വല ലേഖനമായിരുന്നു അത്.

Article Category: 
Malayalam

Comments

C.Ambujakshan Nair's picture

ചെങ്ങന്നൂര്‍ ആശാന്‍ അവസാനം പങ്കെടുത്ത ചടങ്ങിന്റെ  ഫോട്ടോയാണ്  മുകളിലുള്ളത്.   ശിഷ്യരില്‍ ഒരുവനായ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ  മകളുടെ വിവാഹം . സ്ഥലം:  മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം . വിവാഹത്തിന്  പങ്കെടുക്കുവാന്‍   എത്തിയിരുന്ന  ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍, ശ്രീ. ഓയൂര്‍  കൊച്ചു ഗോവിന്ദപ്പിള്ള, ശ്രീ. തകഴി  കുട്ടന്‍ പിള്ള  തുടങ്ങിയ  കലകാരന്മാര്‍ക്കെല്ലാം  ആശാനെ  അവസാനമായി  കാണുവാന്‍  സാധിച്ചു.  അന്ന്  നാല് വിവാഹം അവിടെ നടന്നിരുന്നു. ആശാനെ സ്നേഹിക്കുന്ന പലരും അവിടെ എത്തിയിരുന്നു. അവര്‍ക്കെല്ലാം അശാനെ അവസാനമായി  കാണുവാന്‍ സാധിച്ചു. അന്ന്  വിവാഹ സദ്യയ്ക്ക്  ശേഷം അദ്ദേഹം ആഹാരം കഴിച്ചിട്ടില്ല. ലിക്ക്യുട്ട്  ഫുഡ്‌ മാത്രമായിരുന്നു ഉപയോഗിച്ചത് . മരണത്തിന് ഒരു  ദിവസം മുന്‍പ്  ആശാന്റെ ഗൃഹത്തിന് സമീപം വെന്മണി തൃക്കയില്‍ ക്ഷേത്രത്തില്‍ കഥകളി ഉ ണ്ടായിരുന്നു. ആശാന്‍ അന്ത്യശ്വാസം വലിച്ചു കിടക്കുമ്പോള്‍ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ പാട്ടും മേളവും ആശാന്റെ കാതില്‍ എത്തിയിരുന്നു. ശിഷ്യന്മാരില്‍   മടവൂര്‍ ആശാന്‍ ശ്രീരാമനായും, ഹരിപ്പാട്‌  ആശാന്‍ ഹനുമാനായും , ചെന്നിത്തല ആശാന്‍  ഭരതനായും  അന്ന് അവിടെ കളി നടന്നു . കളി കഴിഞ്ഞ്  മടവൂര്‍ ആശാന്‍ മാത്രം പോയില്ല . ചെന്നിത്തല ആശാന്റെ ശിഷ്യന്‍ ശ്രീ. ഗൌരീശപട്ടം നാഗപ്പന്‍ നായര്‍ അവര്‍കള്‍  ആശാന്റെ ഗൃഹത്തില്‍  എത്തി  വിളക്ക് വെച്ച്   ഭാഗവതം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ആശാന്റെ ശ്വാസം നിലച്ചു. മരണ സമയത്ത് ആശാന്റെ നെഞ്ച് തടവിക്കൊണ്ട് മടവൂര്‍ ആശാന്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഞാനും.
ആശാന്റെ  വിശ്രമ ജീവിത കാലഘട്ടത്തില്‍ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ താമസിച്ചിട്ടുണ്ട്. ഒരിക്കല്‍  കണ്ടിയൂര്‍ കിഴക്കുള്ള ഒരു ആശ്രമത്തില്‍ നിന്നും രണ്ടു പൂച്ചക്കുട്ടികളെ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിച്ചു. ചെന്നിത്തലയില്‍ നിന്നും കണ്ടിയൂര്‍ പോയി അവിടെനിന്നും  പൂച്ചക്കുട്ടികളുമായി ആശാന്റെ പാണ്ടാനാട്ടിലുള്ള വസതിയില്‍ എത്തി  അവിടെ നിന്നും ചെന്നിത്തലവരെയും  സൈക്കിളില്‍  യാത്ര ചെയ്തത് ഒരു ത്രില്ലിംഗ് തന്നെയായിരുന്നു.  എവൂരിലും മറ്റും നടന്നിട്ടുള്ള കളികള്‍ക്കും അരങ്ങേറ്റത്തിനും  ആശാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകളുടെ മകന്‍ ഗദാധരന്‍ ഉണ്ടാകും. ഗദാധരന്‍ എത്താത്ത സന്ദര്‍ഭങ്ങളില്‍  ആശാനെ ശ്രദ്ധിക്കേണ്ട ചുമതല എനിക്കായിരുന്നു.  ശ്രീ. അടൂര്‍  ഗോപാലകൃഷ്ണന്റെ  നേത്രുത്വത്തില്‍ ആശാന്റെ  ഫിലിം  എടുത്തപ്പോള്‍ ആശാന്റെ ഗൃഹത്തിലെ ആവശ്യങ്ങള്‍ക്ക് സഹായിയായി ഞാനും  ഉണ്ടായിരുന്നു.

ഞാനും നേരിട്ട് കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെ..മടവൂര്‍ ആശാനും ഒക്കെ ഉണ്ടായിരുന്നു അപ്പോള്‍ എനിക്ക് വളരെ ചെറുപ്പം ആയിരുന്നു, സന്ദര്‍ഭം ഒന്നും ഓര്‍മയില്ല പക്ഷെ ഒരു മഹാനായ കലാകാരനെ കാണുകയാണ് എന്ന ബോധം ഉണ്ടായിരുന്നു..

ചെങ്ങന്നൂര്‍ അമ്പലത്തില്‍ കളി നടക്കുമ്പോള്‍ ആശാന്റെ അലര്‍ച്ച ഞങ്ങളുടെ ഇല്ലത്തു (5-6 K. M അകലെ) കേള്‍കുമായിരുന്നു എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.. "അക്കാര്യത്തില്‍ തോട്ടം പോരാ " എന്നും

ചെങ്ങനൂർ ആശാന്റെ അലര്ച്ച കൂടുതൽ കിട്ടിയിരിക്കുന്നത് മടവൂർ ആശനെക്കാൾ ഹരിപ്പാട് രാമകൃഷ്ണപിള്ള ആശാനല്ലേ എന്ന് സംശയിക്കുന്നു. മുടി വച്ച് കഴിഞ്ഞാൽ പിന്നെ അദ്ദേഹം ആ കഥാപാത്രം ആയിരുന്നു അണിയറയിലും എന്ന് തോന്നിയിട്ടുണ്ട്.

Anything on Asan is worth reading. I remember Asan at the age of 92 (?) had a vesha at VJT hall for Trivandrum Kathakali Club. Asan always used to chant " Gurunatha!!!"