ഹംസേ സുവർണ്ണ സുഷമേ...

Sunday, July 20, 2014 - 18:50
Hamsam (Photo: Hareesh Namboothiri)

ഹേമാമോദസമാ - 16

നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ 'നളോപാഖ്യാന'ത്തിൽ 'ഹംസദമയന്തീസംവാദ'മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ് ഹംസം. പക്ഷെ ആട്ടക്കഥാകാരന്റെ സവിശേഷ തൂലികാസ്പർശനത്തിലൂടെ ഈ കഥാപാത്രം കഥാഗതിക്കനുഗുണമായി വളർന്നു വലുതായി ആട്ടക്കഥയുടെ അവിഭാജ്യാംശമായി മാറുകയായിരുന്നു. ആശയത്തിനാണ് ആവിഷ്ക്കാരത്തിനേക്കാൾ പ്രാധാന്യം എന്ന പൊതുതത്വം അംഗീകരിച്ചാൽ നളചരിതം ആട്ടക്കഥയിലെ സൌവർണ്ണ ഹംസസൃഷ്ട്ടിയുടെ ക്രെഡിറ്റിന്റെ വലിയോരു ഭാഗം 'നൈഷധീയ ചരിത' കർത്താവായ  ശ്രീഹർഷനുള്ളതാണെന്നു പറയേണ്ടി വരും. നളചരിതം ഒന്നാംദിവസത്തിലെ ഹംസവിഷയത്തിൽ കാണുന്ന പദങ്ങളുടെയെല്ലാം തന്നെ ആശയം അടിസ്ഥാനപരമായി ശ്രീ ഹർഷന്റേതാണെന്നതു തന്നെ ഇതിനു കാരണം. ശ്രീഹർഷന്റെ ഹംസാശയങ്ങളെ കഥകളിയുടെ ദൃശ്യപരമായ അരങ്ങവതരണത്തിന് അനുയോജ്യമായ പദനിർമ്മിതികളിലൂടെ സ്പുടം ചെയ്തെടുത്തു മനോഹരമാക്കി തീർക്കുക എന്ന കർമ്മമാണ് യഥാർത്ഥത്തിൽ ആട്ടക്കഥാകാരൻ നിർവഹിച്ചിട്ടുള്ളത്. ഇങ്ങിനെ പറയുമ്പോൾ തന്നെ അനാവശ്യ സംഭാഷണങ്ങൾ കൊണ്ട് നിലവാരം കുറഞ്ഞു കാണപ്പെടുന്ന ശ്രീഹർഷന്റെ സൌവർണ്ണ ഹംസത്തിന്റെ സാംസ്കാരിക ക്ളിഷ്ട്ടതകൾ പരിഹരിച്ച് അതിനെ കുലീനരായ തന്റെ നായികാനായകന്മാരുടെ ആദരവു പിടിച്ചുപറ്റുന്ന സ്നേഹിതനെന്ന നിലയിലേക്ക് ഉയർത്തി, തികച്ചും വ്യക്തിത്വമുള്ള നളചരിത കഥാപാത്രമാക്കിയതിനുള്ള  ക്രെഡിറ്റ്‌ സർഗ്ഗധനനായ ആട്ടക്കഥാകാരനാണെന്നുള്ളതും പറയേണ്ടതുണ്ട്. നളദമയന്തിമാരുടെ പ്രേമസാഫല്യദൌത്യകർമ്മത്തിലേക്കായി സ്വയം സമർപ്പിക്കുന്ന ഹംസം എന്ന ഇതിഹാസകാരന്റെ ആശയം തന്നെയാണ്‌ ശ്രീ ഹർഷനും അതേ തുടർന്ന് ഉണ്ണായിയും സ്വീകരിച്ചിട്ടുള്ളതെങ്കിലും കഥാന്ത്യത്തിൽ 'നളിനജന്മാവി'ന്റെ പ്രത്യേക ദൂതനായി വന്നു നളദമയന്തിമാർക്ക് അനുഗ്രഹാശിസ്സുകൾ നേർന്നു കഥയുടെ മംഗളപര്യവസാനം നിർവഹിക്കുന്ന ഹംസം ഉണ്ണായിയുടെ മാത്രം സൃഷ്ട്ടിയാണെന്നതും കൂടി പറഞ്ഞുകൊള്ളട്ടെ.

Hamsam

ഇനി കഥയിലേക്കൊന്നു കടന്നു ചെലലാം. 'നളോപാഖ്യാന'ത്തിൽ ഇതിഹാസകാരൻ ഹംസത്തെ അവതരിപ്പിക്കുന്നത്‌ ഇങ്ങിനെയാണ്‌.

'ഉള്ളിൽക്കാമാമടക്കീടാനന്നു വയ്യാഞ്ഞു താൻ നളൻ
അന്തപ്പുരത്തിന്നരുകിൽ പൂങ്കാവിൽപ്പുക്കു ഗൂഡമായ്
പൊന്നിൻ നിറത്തിലന്നങ്ങളവിടെക്കണ്ടിതായവൻ
കാവിൽ ചുറ്റീടുമവയിലൊന്നിനെപ്പിടികൂടിനാൻ
എന്നെക്കൊല്ലാഴ്ക നൃപതേ, നിന്നിഷ്ടം ചെയ്വതുണ്ടു ഞാൻ
ദമയന്തീസന്നിധിയിൽ നിന്നെ നൈഷധ, വാഴ്ത്തുവാൻ
നീയെന്ന്യേ മറ്റൊരുവനെയവളോർക്കതെയാം വിധം
എന്നു കേട്ടുടനെ ഹംസത്തിനെ വിട്ടു മഹീപതി
അന്നങ്ങൾ പൊങ്ങിയുടനേ വിദർഭപുരി പുക്കുതേ
...

ദമയന്തി തിരിഞ്ഞൊപ്പമെത്തിക്കണ്ടന്നമപ്പൊഴേ
മനുഷ്യ വാക്കു കൈക്കൊണ്ടു ദമയന്തിയോടോതിനാൻ
ദമയന്തീ, പുകഴ്ന്നൊരു നളൻ  നിഷധമന്നവൻ
രൂപം കൊണ്ടശ്വിനിയാഭവനവന്നില്ലൊപ്പമാരുമേ
അവനു നീ ഭാര്യയാഎന്നാലോ വരവർണ്ണിനീ
ജന്മം സഭലമായ് നിന്റെയഴകും തനുമധ്യമേ
നീയോ നാരീരത്നമാണാ നളൻ നരവരോത്തമൻ
വിശിഷ്ടയായ്  വിശിഷ്ട്ടന്റെ  സംഗമം ഗുണമുള്ളതാം
ബ്രഹദശ്വൻ പറഞ്ഞു:
ഏവം ഹംസം പറഞ്ഞൊരു ദമയന്തി ധരാപതെ
ഓതീ ഹംസത്തിനോടെന്നാലിതാ നളനോടോതെടോ
ആവാമെന്നാപ്പക്ഷിയേറ്റു വൈദർഭിയോടിളാപതേ
ഉടനെ നിഷധം പുക്കു നളനോടിതുണർത്തിനാൻ'.

ഇത്രയുമേയുള്ളൂ ഹംസവിഷയം മഹാഭാരതത്തിൽ.  ശ്രീഹർഷൻറെയും ഉണ്ണായി വാരിയരുടെയും ഭാവനയുടെ സ്വർണ്ണച്ചിറകിലേറി  കാവ്യാകാശത്തേക്കു പറന്നുയർന്ന ഈ സൌവർണ്ണഹംസം 'മിന്നൽക്കൊടിയിറങ്ങി മന്നിലെ' വരുംപോലെ കളിയരങ്ങുകളിലേക്കു  പറന്നിറങ്ങിയപ്പോൾ കാണികളുടെ 'കണ്ണുകൾക്കതു പീയൂഷഝരിക' യായി മാറുകയായിരുന്നു. 'കന്ജഭവനനുടെ വാഹനമായ' ഹംസത്തിന്റെ ആകാരഭംഗി 'സ്വർണ്ണവർണ്ണമരയന്നം' എന്ന പ്രയോഗത്തിൽ ഉണ്ണായി ഒതുക്കിനിർത്തിയപ്പോൾ 'നളചരിതം തുള്ളൽപ്പാട്ടിൽ' കുഞ്ചൻ നമ്പ്യാർ ഒരു പടി കൂടി മുൻപോട്ടു പോയി.

"പങ്കമകന്നൊരു തങ്കം പൊന്നിനൊ-
ടങ്കം പൊരുതുമൊരന്ഗപ്രഭയും
കുങ്കുമനിറമാം ചിറകും കൊക്കും
പങ്കജരുചിരം ചരണദ്വയവും".

വ്യാസൻ പൊന്നിൻ നിറത്തിലുള്ള കുറെ ഹംസങ്ങളെയാണ് കണ്ടതെങ്കിൽ, വാരിയർ 'വർണ്ണം പലതായി മിന്നീടുമന്നങ്ങ' ളെയും  അവയ്ക്ക് നടുവിൽ  'സ്വർണ്ണവർണ്ണം തടവുന്ന ഒന്നിനെ'യും കണ്ട് അതിനെ നളചരിതഹംസം എന്നു വിളിച്ചു. വ്യാസന്റെയും ശ്രീ ഹർഷന്റെയും ഉണ്ണായിയുടെയും ഹംസം സ്വർണ്ണവർണ്ണമുള്ളതാണെങ്കിലും ഈ നിറമുള്ള അരയന്നങ്ങൾ തികച്ചും അസാധാരണമത്രേ. രാജഹംസം, മല്ലികാഷം, ധാർത്തരാഷ്ട്രം എന്നു മൂന്നു തരത്തിലുള്ള അന്നങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും സ്വർണ്ണനിറമുള്ളവയത്രേ! [1]. ഇത് ശരിയെങ്കിൽ നളചരിതഹംസത്തിനു പൊന്നിൻ നിറം ചാർത്തിക്കൊടുത്ത കാവ്യഭാവനയുടെ താത്പര്യം എന്തായിരിക്കാം?  ബ്രഹ്മദേവന്റെ വാഹനമായതു കൊണ്ട് ഈ അസാധാരണ വർണ്ണം നല്കിയതാണോ? കാമപീഡയാൽ തളർന്ന്‌ 'ഒന്നുകിൽ ദമയന്തിയുടെ കബരീപരിചയത്തിൽ രമിച്ചു ജീവിക്കണം, അല്ലെങ്കിൽ വിജനതയിൽ പോയി വസിക്കണം' എന്ന ചിന്തയിൽ അസ്വസ്ഥചിത്തനായിരിക്കുന്ന നളസവിധത്തിലേക്കാണ് ഹംസം ആദ്യം കടന്നു വരുന്നതെങ്കിൽ ഇതേപോലെ തന്നെ നളചിന്തയാൽ കാമാതുരയായി 'ആരാമസഞ്ചാരണം പോലും അതിദു:ഖകാരണമായിരിക്കുന്ന' ദമയന്തിയുടെ സവിധത്തിലേക്കാണ് ഹംസം പിന്നീട് എത്തിച്ചേരുന്നത്. ഹംസാഗമനത്തിനു മുൻപ് ഈ രണ്ടു രംഗങ്ങളും മ്ളാനമാണെന്നതും ഈ മ്ളാനതയിലേക്കാണ് 'കണ്ടാലെത്രയും കൌതുകമുള്ള സൌവർണ്ണ  ഹംസം' പറന്നിറങ്ങുന്നതതെന്നും കാണുമ്പോൾ നായികാനായകന്മാരുടെ മനസ്സിലെ വിരഹവേദനയുടെ കറുപ്പകറ്റി അവിടെ സന്തോഷത്തിന്റെ സ്വർണ്ണ പ്രഭ നിറക്കാൻ താൻ കാരണമാകാൻ പോകുന്നു എന്ന സൂചന നൽകലാണോ കവി ഉദ്ദേശിച്ചത്? ഇതെന്തു തന്നെയായാലും ഈ പൊന്നിൻ നിറം നളചരിതഹംസത്തിനേകിയ ചാരുത കുറച്ചോന്നുമല്ല!

Hamsam (Photo: Hareesh Namboothiri)

നളചരിത ഹംസത്തെപ്പറ്റി  'നളചരിത സന്ദേശ' ത്തിൽ പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ [2] എഴുതിയിട്ടുള്ള വരികൾ ആ കഥാപാത്രത്തിന്റെ സമഗ്രസ്വഭാവം എടുത്തു കാണിക്കാൻ പര്യാപ്തമാണ്.

"നളചരിതം അട്ടക്കഥയിലെ ഹംസത്തിനെ ഒരു ദൂതനെന്നു വിളിക്കാൻ കഴിയില്ല. മഹാമനസ്കനും സൗഹൃദധനനുമായ മഹോപകാരിയായിട്ടാണ് വാര്യരുടെ ഹംസത്തെ നാം കാണേണ്ടത്. ആ പക്ഷിയുടെ സ്വർണ്ണവർണ്ണം തന്നെ അതിന്റെ ആന്തരികമായ സ്വർണ്ണാഭയുടെ പ്രത്യക്ഷലക്ഷണമാണ്. വചനകൌശലത്തിലെ മഞ്ജുനാദം അമൃതനിഷ്യന്ദിയുമാണ്. നിസ്വാർത്ഥമായ പരോപകാരത്തിന്റെ പ്രതീകമായിട്ടാണ്‌ നളചരിതത്തിലെ ഹംസം പ്രേക്ഷകസമക്ഷം പ്രത്യക്ഷപ്പെടുന്നത്. അനുരാഗിയായ അമരാധിപതിയെ വെടിഞ്ഞ്, ദമയന്തി നളനിൽ അനുരാഗിണിയായിത്തീരുന്നതിനുള്ള ചുമതല ഹംസം സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ദമയന്തിയുടെ  ഒരു അഭ്യുദയകാംഷി എന്ന നിലയിലല്ലാതെ നളന്റെ ദൂതൻ എന്ന ഭാവത്തിൽ ഹംസം അവളെ സമീപിച്ചിട്ടില്ല. ദമയന്തീസന്ദർശനം ഒരാകസ്മിക സംഭാവമായേ ഹംസം ഭാവിക്കുന്നുള്ളൂ. നളനിൽ അവൾ സ്വതേ ആസക്തയാണെങ്കിൽ തന്നെയും അവളുടെ ഹൃദയത്തെ വശീകരിക്കത്തക്കവിധം നളന്റെ ഗുണഗണങ്ങൾ ഹംസം വാഴ്ത്തുന്നുണ്ട്. ഒരു രാജകന്യകയുടെ അടുക്കൽ ദൂതനെ പറഞ്ഞയച്ച്‌ അവളെ വശീകരിക്കാൻ ശ്രമിച്ചു എന്ന അപവാദം നളനും കന്യകയായ ദമയന്തി കാമുകന്റെ സമക്ഷം തന്റെ പ്രണയപാരവശ്യം വെളിപ്പെടുത്തി എന്നൊരു പോരാഴ്മ ദമയന്തിക്കും ഉണ്ടാവാത്ത വിധം സമുചിതമായ സമീപനമാണ് ഹംസം നടത്തിയത്. നളന്റെ ആദർശയോഗ്യതക്കും ദമയന്തിയുടെ കുലീനതക്കും കോട്ടം തട്ടാത്ത വിധം, യുവമിഥുനങ്ങളുടെ  അഭിലാഷങ്ങൾക്ക് വ്യക്തതയും ദാർഡ്യവും നൽകുന്നതിന് ഉചിതമായ മാർഗ്ഗങ്ങളാണ് വാര്യരുടെ ഹംസം പ്രയോഗിച്ചിട്ടുള്ളത്. ഹർഷനാവട്ടെ, ഹംസത്തെ ഒരു അന്ത:പുരപരിചാരകന്റെ നിലയിൽ അധ:പതിപ്പിച്ചുകളഞ്ഞു. താൻ നളന്റെ ശയ്യാഗൃഹത്തിലെ സന്തതസഹചാരിയാണെന്നും അന്ത:പുരസ്ത്രീകളുമായി താൻ അടുത്തു പെരുമാറാറുണ്ടെന്നും അന്ത:പുരരഹസ്യങ്ങൾ ചോർന്നുപോകാതെ സൂക്ഷിക്കാറുണ്ടെന്നും മറ്റും പ്രസംഗവശാൽ പറയുന്ന ഹർഷന്റെ ഹംസത്തെ നളന്റെ ഒരു പ്രധാന പരിചാരകന്റെ നിലയിൽ മാത്രമേ ദമയന്തിക്കും വായനക്കാർക്കും കാണാൻ കഴിയുകയുള്ളൂ. നളിനാസനവരവാഹനമായ ഖഗേന്ദ്രനെ വ്യാസന്റെയും ശ്രീഹർഷന്റെയും സങ്കൽപ്പങ്ങൾക്ക് അതീതനായ, മഹോപകാരിയും മഹാമനസ്കനുമായി ചിത്രീകരിച്ച വാര്യരുടെ ഔചിത്യ ബോധം പ്രശംസനീയം തന്നെ".

നളചരിതം അട്ടക്കഥയിലെ ഹംസം സരസനും സംഭാഷണചതുരനും കൌശലക്കാരനും ആണ്. 'നളിനമിഴിമാരെ നടപടിപ്പിക്കുന്ന' ഒരു ഒന്നാം ഗ്രേഡ് നൃത്താചാര്യൻ കൂടിയാണ് ഈ ഹംസം. കഥാപാത്രപ്രകൃതി ഇങ്ങിനെയാകയാൽ ഭാവംശത്തിനും നൃത്താംശത്തിനും ഒരു പോലെ പ്രാധാന്യം ഉള്ള അവതരണമാണ് ഈ വേഷം വിജയിപ്പിക്കാൻ ആവശ്യമായിട്ടുള്ളത് എന്ന് കാണാം. നൃത്തനിബദ്ധമായ കേവല ചിട്ടകൊണ്ടോ ഒട്ടും നൃത്താംശമില്ലാത്ത  അഭിനയം കൊണ്ടു മാത്രമോ ഈ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിയില്ല. ആട്ടക്കഥയിലെ ഹംസത്തിന്റെ പല പദങ്ങളും, സംഗീതഭംഗിയും നൃത്തഭംഗിയും ഒരു പോലെ ഒത്തുചേർന്ന രംഗാഭിനയത്തിനു വേണ്ടി രചിച്ചിട്ടുളളതാണ്. മുഖാഭിനയത്തിനു വേണ്ട വായും ചുണ്ടും കവിളും ഉൾപ്പെടുന്ന ഭാഗങ്ങൾ മറക്കപ്പെട്ടിരിക്കുന്നതിനാൽ കണ്ണുകളുടെയും പുരികങ്ങങ്ങളുടെയും കൃത്രിമച്ചുണ്ടിന്റെയും നിയന്ത്രിതമായ ചലനങ്ങൾ കൊണ്ടും പക്ഷിസഹജമായ ശാരീരികമായ ചലനങ്ങൾ കൊണ്ടും രസാവിഷ്ക്കാരം നിർവഹിക്കേണ്ടതായിട്ടുണ്ട്. 'സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ' പോലുള്ള വരികളിൽ അടങ്ങിയിരിക്കുന്ന ലൗകീകാർത്ഥതലങ്ങൾ കവി ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകമനസ്സിലേക്കെത്തിച്ചു വിജയിപ്പിക്കണമെങ്കിൽ കലാകാരൻ ലോകധർമ്മിയിലേക്ക് നീളുന്ന പല അഭിനയരീതികളെയും ആശ്രയിക്കേണ്ടതായി വരും എന്നതാണ് വസ്തുത. ഹംസവേഷക്കാരൻറെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതും ഇതുപോലെയുള്ള രംഗാവിഷ്ക്കാരങ്ങളാണ്. അവതരണത്തിലെ പരിധിവിടുന്ന സാധാരണത്വം കഥകളി നിബന്ധനകൾക്ക് ശരിയാകില്ല എന്നതുപോലെ തന്നെ കഥകളിസാങ്കേതികതയുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിട്ടവതരിപ്പിച്ചാൽ അത് ഉണ്ണായിയുടെ നളചരിതഹംസമാകില്ല എന്നും വന്നു ഭവിക്കും. അവതരണത്തിന്റെ ഈ പ്രത്യേകതകളാലാകാം ഈ വേഷം കെട്ടി വിജയിപ്പിക്കാൻ കഥകളിയിൽ വളരെ കുറച്ചുപേർക്കു മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. നളചരിതത്തിന്റെ സുവർണ്ണകാലഘട്ടങ്ങളിൽ ഈ ജീവസ്സുറ്റ കഥാപാത്രത്തെ ഏറ്റവും ഗംഭീരമായി അവതരിപ്പിച്ച നടനായിരുന്നു കുറിച്ചി കുഞ്ഞൻപണിക്കരാശാൻ. കലാമണ്ഡലം കൃഷ്ണൻനായരുടെ അഭിപ്രായത്തിൽ ഇത്ര തന്മയത്വത്തോടെയുള്ള ഹംസം ആശാനുമുൻപുണ്ടായിട്ടില്ല, ഇനി ഉണ്ടാകുമോ എന്നു സംശയവുമാണ്. 'കഥകളിയിലെ ഹംസം കുഞ്ഞൻപണിക്കരാശാന്റെ മരണത്തോടു  കൂടി നാമാവശേഷമായി എന്നു പറഞ്ഞാൽ അതൊരതിശോക്തിയാവില്ലെന്നും' കൃഷ്ണൻനായരാശാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുഞ്ഞൻ പണി ക്കരാശാനു ശേഷം ഹംസവേഷത്തെ ജനപ്രിയമാക്കിയ രണ്ടു പ്രധാന നടന്മാരാണ്, അദ്ദേഹത്തിന്റെ ശിഷ്യനായ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയും ചെന്നിത്തല ചെല്ലപ്പൻപിള്ളയും.  ഈ വേഷത്തിൽ പ്രശസ്തിനേടിയ മറ്റു രണ്ടു പ്രമുഖ കലാകാരന്മാരായിരുന്നു കലാമണ്ഡലം പദ്മനാഭൻ നായരാശാനും വൈക്കം കരുണാകരൻ നായരും.

Hamsam (Photo: Hareesh Namboothiri)

"കഥകളി നിഷ്ക്കർഷിക്കുന്ന നാട്യധർമ്മി നിബന്ധനകളിൽ ഒതുക്കി നിർത്തി അവതരിപ്പിച്ചാൽ നളചരിത ഹംസത്തിനുപൂർണ്ണത കൈവരിക്കാനാവില്ല. ഹംസാവതരണത്തിൽ ലോകധർമ്മിത്വം അനുപേക്ഷണീയമാണ്. പദങ്ങളിൽ ഉദ്ദേശിച്ചിട്ടുള്ള അർത്ഥങ്ങൾ പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തീർക്കണമെങ്കിൽ, കലാകാരൻ നർമ്മബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഈ വേഷത്തിനെ അവിസ്മരണീയമാക്കിയിട്ടുള്ള നടന്മാരെല്ലാം തന്നെ അങ്ങിനെയാണ് ചെയ്തിട്ടുള്ളത്. കുഞ്ഞൻ പണിക്കരാശാന്റെ മുഖത്തെഴുത്തും പക്ഷിചേഷ്ട്ടിതങ്ങളും സ്വതവേയുള്ള നർമ്മബോധവും ഹംസപ്രതീതി അരങ്ങിൽ സൃഷ്ട്ടിക്കാൻ പോന്നതായിരുന്നു. ആശാന്റെ ഹംസം കൂടുതലും ഉണ്ടായിട്ടുള്ളത് അതുല്യ നടന്മാരായിരുന്ന മാങ്കുളത്തിന്റെ നളനോടും കുടമാളൂരിന്റെ ദമയന്തിയോടും ഒപ്പം ആയിരുന്നു എന്നതും അതിന്റെ മാറ്റു വർദ്ധിക്കാൻ കാരണമായിരുന്നിരിക്കാം. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയാശാനും ചെറുപ്പം മുതലേ ഹംസവേഷം ചെയ്യുമായിരുന്നുവെങ്കിലും കുഞ്ഞൻ പണിക്കരാശാന്റെ ശിഷ്യത്വം സ്വീകരിച്ചതിൽ പിന്നെയാണ് ആ വേഷത്തിൽ പ്രസിദ്ധനായത്‌. അദ്ദേഹത്തിന്റെ ഉയരം കുറഞ്ഞ് ഒതുങ്ങിയ ശരീരവും മുഖത്തിന്റെയും കണ്ണുകളുടെയും ആകൃതിയും ഹംസവേഷത്തിനു നന്നായിണങ്ങി. കഥക്ക് യോജിച്ച തന്മയത്തമുള്ള ആട്ടങ്ങളിലൂടെയാണ് ചെന്നിത്തല ചെല്ലപ്പൻ പിള്ളയാശാന്റെ ഹംസം കാണികളുടെ മനം കവർന്നത് . ' '....വാചാപി പറഞ്ഞുറപ്പിച്ചേൻ, സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ-' പോലുള്ള ഭാഗങ്ങൾ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. ഈ അനുഗ്രഹീത കലാകാരന്മാരുടെയെല്ലാം ഹംസത്തോടൊപ്പം നിരവധി തവണ ദമയന്തിയായി വേഷമിടാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ചിറകു വച്ചും വയ്ക്കാതെയും ഹംസം ഉണ്ടാകാറുണ്ടെങ്കിലും ചിറകുവച്ചുള്ള ഹംസാവതരണത്തിനാണ് ഭംഗി എന്നാണെന്റെ പക്ഷം. ഹംസത്തിന്റെ പറക്കലിനു  ചെമ്പടയും ചമ്പയും നടപ്പിലുണ്ടെങ്കിലും ചെമ്പടതാളത്തിലെ അവതരണത്തിനു ലാളിത്യവും  ലാസ്യഭംഗിയും കൂടുതലായി അനുഭവപ്പെടാറുണ്ട് " -  പ്രശസ്ത കഥകളി കലാകാരൻ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടിയാശാൻ അഭിപ്രായപ്പെട്ടു.

അവലംബം:
1. നളചരിതം ആട്ടക്കഥ 'കൈരളീ വ്യാഖ്യാനം':പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍, കറന്റ് ബുക്സ്.
2. 'നളചരിതസന്ദേശം', പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ, M.S. പ്രിന്റെർസ്, കോട്ടയം.

Article Category: 
Malayalam

Comments

വാര്യടെ ഹംസകഥാപാത്രത്തിന്റെ മേന്മകൾ വാഴ്ത്തുന്നതിനൊപ്പം, പ്രസവിക്കുന്ന ഹംസത്തിന്റെ പരാമർശ്ശം("അനതിചിരസൂതാ") കൂടി ചിന്തനീയമല്ലെ?

Mohandas's picture

ആകാമല്ലോ? ഈ സൌവർണ്ണ ഹംസത്തിന് അങ്ങിനെ പല പ്രത്യേകതകളും ഉണ്ട്. എല്ലാം ലേഖനത്തിൽ പ്രദിപാദിക്കുന്നില്ല എന്നേ ഉള്ളൂ

C.Ambujakshan Nair's picture

"പുത്തൻ തേൻമൊഴിമാർ കുലത്തിനരിയോ-
രുത്തംസമാം ഭൈമി തൻ
ചിത്തം താനാഥ പത്തിനഞ്ചവനറി-
ഞ്ഞിത്ഥം കൃശംഗുഗിരാ
അത്യന്തം ബത മുഗ്ധയോടനുസരി-
ചെല്ലാമറിഞ്ഞീടുവാ-
നുദ്യോഗിച്ചു വിദഗ്ദനാം ഖഗവരൻ
വൈദർഭിയോടുക്തവാൻ"   എന്നാണല്ലോ ശ്ളോകം. ദമയന്തിയുടെ മനസ് അറിയുന്ന ഹംസത്തിന്റെ പ്രസ്തുത  വൈദഗ്ദ്യം രംഗത്ത് പ്രകടിപ്പിക്കുന്നത് ഹംസവും ദമയന്തിയും തമ്മിലുള്ള സംഭാഷണങ്ങളിൽ അഥവാ ആട്ടത്തിൽ കൂടിയാണ്.
 
"സന്ധിപ്പിച്ചേൻ തവ ഖുലുമനം ഭൈമി തൻ മാനസത്തോ-
ടിന്ദ്രൻ താനേ വരികിലിളകാ കാകഥാന്യേഷ്ഠ രാജൻ" എന്ന ശ്ളോകത്തെ ആസ്പദമാക്കി  ദമയന്തിയോടുള്ള ചോദ്യങ്ങളും ദമയന്തിയുടെ ഉത്തരം ഗ്രഹിക്കുമ്പോൾ  നളനെ ദമയന്തിയുടെ ഹൃദയത്തിൽ ആരാലും വേർതിരിക്കാനാവാത്ത വിധം ഉറപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന് ആത്മഗതത്തോടെയാണ് ചെന്നിത്തല ആശാന്റെ ഹംസം രംഗം വിടുന്നത് കണ്ടിട്ടുള്ളത്.

ശ്രീ. ഓയൂർ ആശാന്റെയും, ശ്രീ. വൈക്കം കരുണാകരൻ നായർ ആശാന്റെയും, ശ്രീ. മടവൂർ ആശാന്റെയും  ശ്രീ. കലാനിലയം രാഘവൻ ആശാന്റെയും ശ്രീ. കലാമണ്ഡലം പത്മനാഭൻ നായർ ആശാന്റെയും ഹംസ വേഷം കണ്ടിട്ടുണ്ട്. എല്ലാവരും മികച്ച കലാകാരന്മാരും അവരിൽ ഓരോരുത്തരുടെ അവതരണത്തിൽ ഉള്ള പ്രത്യേകതകൾ ആസ്വദിച്ചിട്ടുണ്ട്.

<p>1980 - കാലഘട്ടത്തിൽ ചേർത്തലയിൽ ഒരു കളിക്ക് ശ്രീ. വൈക്കം കരുണാകരൻ നായർ ആശാന്റെ ഹംസവും ശ്രീ. കോട്ടയ്ക്കൽ ശിവരാമൻ അവര്കളുടെ ദമയന്തിയും നിശ്ചയിച്ചിരുന്നു.&nbsp; ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും കളിക്ക് ഉണ്ട്.<br />
അന്ന് ഫാക്റ്റ് കഥകളി സംഘത്തിന്റെ ഒരു കളിക്ക് പോകേണ്ടി വന്നതിനാൽ ശ്രീ. ശ്രീ. വൈക്കം കരുണാകരൻ നായർ ആശാൻ കളിക്ക് എത്തിയില്ല. അന്ന് ഹംസം ചെയ്തത് ശ്രീ. മാത്തൂർ ചേട്ടനായിരുന്നു. ശ്രീ. ചെല്ലപ്പൻ പിള്ളയുടെ ഹംസത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഞാൻ അരങ്ങത്തു പ്രവര്ത്തിച്ചത് എന്ന് ശ്രീ. മാത്തൂർ ചേട്ടൻ എന്നോട് ഒരിക്കൽ പറഞ്ഞത് ഈ അവസരത്തിൽ സ്മരിക്കുന്നു.<br />
&nbsp;</p>

C.Ambujakshan Nair's picture

(എന്റെ അഭിപ്രായം എങ്ങിനെയോ അനോണിയായി. ക്ഷമിക്കുക. )