ശ്രീ നീലകണ്ഠാ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സാനന്ദം പിതൃജനപോഷിതാ സതീതി
ഖ്യതാഖ്യാ സകലകലാവിചക്ഷണാ സാ,
ആബാല്യാല്‍ പശുപതിമേവ ഭര്‍ത്തൃഭാവേ
വാഞ്ഛന്തീ തദനുഗുണം തപശ്ചചാര

പല്ലവി

ശ്രീനീലകണ്ഠാ ഗുണസിന്ധോ
പരമാനന്ദരൂപ ജയ ഹര ദീനബന്ധോ
ചരണം 1

ചെഞ്ചിടയുമമൃതകരകലയും പൂര്‍ണ്ണ-
ശീതാംശുബിംബരുചി ചേര്‍ന്ന തനുരുചിയും
പുഞ്ചിരികലര്‍ന്ന മുഖമതിയും കാണ്മാന്‍
ഭൂയോപി വളരുന്നു പാരമഭിരുചിയും
ചരണം 2

കരിമുകില്‍ തൊഴുന്ന രുചിതടവും നല്ല
കണ്ഠമൊടു ബാഹുക്കള്‍ വിതതമാറിടവും
കരിചര്‍മ്മശോഭി കടിതടവും ഇന്നു
കാണുമാറാകണം തവചരണവടിവും
ചരണം 3

പരനൊരുവനില്ല മമ ശരണം നാഥ
പരമകരുണാലയ ഭജാമി തവചരണം
വിരവിനൊടു മുന്നിലിഹ വരണം വന്നു
വിശ്വൈകനാഥ മമ വരമാശു തരണം

അർത്ഥം: 

അച്ഛനമ്മമാരാല്‍ ആനന്ദത്തോടെ വളര്‍ത്തപ്പെട്ടവളും  സകലകലകളിലും നിപുണയുമായ സതി എന്നു പേരായ അവള്‍ കുട്ടിക്കാലം മുതല്‍ തന്നെ ശ്രീപരമേശ്വരനെ ഭര്‍ത്താവായിക്കിട്ടാന്‍ ആഗ്രഹിച്ച് അതിനുവേണ്ടി തപസ്സുചെയ്തു.

ശ്രീനീലകണ്ഠാ, ഗുണസമുദ്രമേ,ആനന്ദരൂപാ, അവശര്‍ക്ക് ബന്ധുവായിട്ടുള്ളവനേ, ചെമ്പിച്ച ജടയും,ചന്ദ്രക്കലയും, പൂര്‍ണ്ണചന്ദ്രന്റെ ശോഭയുള്ള ശരീരവും പുഞ്ചിരിയോടുകൂടിയ മുഖവും കാണാന്‍ ആഗ്രഹം വളരുന്നു. മഴക്കാറിന്റെ ശോഭയുള്ള കഴുത്തും കരങ്ങളും മാറിടവും ആനത്തോലുടുത്ത അരക്കെട്ടും ഭംഗിയുള്ള പാദങ്ങളും കാണണം. വേറൊരാള്‍ എനിക്ക് ശരണം ഇല്ല.അല്ലയോ കരുണാലയാ അങ്ങയുടെ പാദങ്ങളെ ഞാന്‍ ഭജിക്കുന്നു. അല്ലയോ ലോകനാഥാ എന്റെ മുന്നില്‍ വന്ന് വരം തന്നാലും.