കന്യകമാര്‍ മൌലീമണേ
സതീം സ തീവ്രേ തപസി സ്ഥിതാമിമാം
നിരീക്ഷിതും ചാപി പരീക്ഷിതും തത:
ജരാതുരക്ഷോണിസുരാകൃതി: പ്രിയാം
പുരാരിരാസാദ്യ പുരോബ്രവീല്‍ ഗിരം
പല്ലവി
കന്യകമാര്‍ മൌലീമണേ കല്യാണശീലേ
അനുപല്ലവി
അന്യഭാവമെന്നില്‍ വേണ്ട
ആശയം നീ ചൊല്‍ക ബാലേ
ചരണം
ചെന്തളിര്‍ കോമളം ഗാത്രം
ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം
ഇണ്ടല്‍ കൊള്‍വാനഹോരാത്രം
തീവ്ര തപസ്സിലേര്‍പ്പെട്ടിരിക്കുന്ന സതിയെ കാണുവാനും പരീക്ഷിക്കുവാനും വേണ്ടി പരമേശ്വരന്‍ വൃദ്ധനായ ഒരു ബ്രാഹ്മണന്റെ രൂപം ധരിച്ച് അവളുടെ മുന്നില്‍ വന്ന് ഇങ്ങിനെ പറഞ്ഞു.
അല്ലയോ കന്യകാരത്നമേ, എന്നില്‍ അന്യഭാവം വേണ്ട. നീ എന്താണ് വിചാരിക്കുന്നതെന്ന് പറഞ്ഞാലും. തളിരുപോലെയുള്ള കോമളമായയ ശരീരം ഇങ്ങിനെ ക്ലേശിപ്പിക്കരുത്. ഇങ്ങിനെ രാവും പകലും ദുഃഖിക്കുവാന്‍ എന്തു മോഹമാണ് നിനക്കുള്ളത്.