ഏവം പറഞ്ഞവള്‍ നിറഞ്ഞ രുഷാ

ആട്ടക്കഥ: 

ഏവം പറഞ്ഞവള്‍ നിറഞ്ഞ രുഷാ ഗമിപ്പാന്‍
ഭാവിച്ചിടുന്ന സമയേ ഭഗവാന്‍ മഹേശന്‍
ആവിര്‍ഭവിച്ചു നിജവേഷമൊടഗ്രഭാഗേ
കാര്‍വേണിയോടു മൃദുഹാസമുവാച വാചം
 

അർത്ഥം: 

ഇങ്ങിനെ പറഞ്ഞ് ദേഷ്യത്തോടെ സതി പോകാന്‍ തുടങ്ങിയപ്പോള്‍ മഹേശന്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് മന്ദഹാസത്തോടെ ആ കാര്‍വേണിയോട് ഇങ്ങിനെ പറഞ്ഞു.

അരങ്ങുസവിശേഷതകൾ: 

സതിയുടെ കോപവാക്കുകള്‍ കേട്ട് ഉള്ളില്‍ സന്തോഷം തോന്നിയ വൃദ്ധ ബ്രാഹ്മണന്‍ ശ്ലോകാരംഭത്തോടെ എഴുന്നേറ്റ് "ഇനി സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെടുക തന്നെ" എന്ന് മുദ്ര കാണിച്ച് "ഭഗവാന്‍ മഹേശന്‍" എന്നതിനോടൊപ്പം പിന്നിലേക്ക്‌ മറയുന്നു. അതെ സമയത്ത് തന്നെ " ഇനി ഇവിടെ നില്‍ക്കാന്‍ വയ്യ" എന്ന് മുദ്ര കാണിച്ച് സതി പിന്തിരിയുന്നു. ആ സമയത്ത് " ആവിര്‍ഭവിച്ചു" എന്നതിനൊപ്പം വലന്തല നാദം, ശംഖ്,ആലവട്ടം, മേലാപ്പ് എന്നിവയോടെ വലതുവശത്ത്‌ ഇരുന്നുകൊണ്ട് ശിവന്‍ പ്രത്യക്ഷപ്പെടുന്നു. സതി ഭഗവാനെക്കണ്ട് നമസ്കരിക്കുന്നു. ശിവന്‍ അനുഗ്രഹിക്കുന്നു. സതി എഴുന്നേറ്റ് തല താഴ്ത്തി നില്‍ക്കുന്നു.