നീലകണ്‌ഠ പാഹി പാഹി
അത്രാന്താരേ ദിവ്യ വൃഷാധിരൂഢ:
സത്യാ സമേതോ ഭഗവാന്‍ മഹേശ:
തത്രാവിരാസീത്സകലേശ്വരം തം
ഭക്ത്യാ നമന്തോ നുനുവുസ്സുരേന്ദ്രാ:
പല്ലവി
നീലകണ്‌ഠ! പാഹി പാഹി നിര്‍മ്മലാകൃതേ
കാല കാല തേ നമോസ്തു കരുണ ചെയ്ക ഞങ്ങളില്‍
അനുപല്ലവി
നിത്യവും തവാജ്ഞകൊണ്ടു നിജനിജാധികാരവിഹിത-
കൃത്യമോടു വാണിടുന്നു കേവലം വയം വിഭോ!
ചരണം 1
ദക്ഷനുള്ളിലേറ്റമുള്ള ദര്‍പ്പമിന്നു തീര്‍പ്പതിന്നു
ശിക്ഷചെയ്തതുചിതമേവ ശിവ ദയാപയോനിധേ
ചരണം2
വിധിസുതന്‍റെ ജീവിതത്തെ വിരവൊടിങ്ങു ചേര്‍ത്തു യജ്ഞ-
വിധി വിരോധമാശുതീര്‍ത്തു കാത്തുകൊള്‍ക കരുണയാ
അപ്പോള്‍ സതിയോടു കൂടി കാളപ്പുറത്തേറിക്കൊണ്ട് അവിടെ പ്രത്യക്ഷപ്പെട്ട മഹേശനോട് ഭക്തിയോടുകൂടി ദേവേന്ദ്രന്‍ ഇങ്ങിനെ പറഞ്ഞു.
അല്ലയോ നീലകണ്‌ഠ! നിര്‍മ്മലാകൃതേ! ഞങ്ങളില്‍ കരുണയുണ്ടാകണം. ഞങ്ങള്‍ അങ്ങയുടെ ആജ്ഞയാല്‍ അവരവരുടെ ചുമതലകള്‍ ചെയ്തുകൊണ്ട് കഴിയുന്നു.ദക്ഷന്‍റെ ഉള്ളിലുള്ള അഹങ്കാരം തീര്‍ക്കാനായി അവനെ ശിക്ഷിച്ചത് ഉചിതമായി. ദക്ഷനെ ജീവിപ്പിച്ച് , യാഗം പൂര്‍ത്തിയാക്കി, യജ്ഞവിധിക്കുണ്ടായ തടസ്സം തീര്‍ത്ത് , ഞങ്ങളെ പരിപാലിക്കണം.