ജനക തവ ദർശനാലിന്നു

രാഗം: 
കഥാപാത്രങ്ങൾ: 

സഭാം പ്രവിശ്യാഥ സഭാജിതോമരൈ
സ്വനാമ സങ്കീര്‍ത്ത്യ നനാമ വജ്രിണം
മുദാ തദാശ്ലേഷ സുനിര്‍വൃതോര്‍ജ്ജുനോ
ജഗാദ വാചം ജഗതാമധീശ്വരം

പല്ലവി
ജനക തവ ദർശനാലിന്നു മമ
ജനനം സഫലമായ്‌ വന്നു

ചരണം 1:
കരുണാവാരിപൂരേണ ചെമ്മേ താത!
ഉരുതരമഭിഷേചനം മേ
ഗുരുജനകാരുണ്യം സകലസാധകമെന്നു
ഗുണമുള്ള മഹാജനം പറഞ്ഞുകേൾപ്പുണ്ടു ഞാനും
                          
ചരണം 2:
കുടിലതയകതാരിൽ തടവീടുമരി-
പടലങ്ങളൊക്കെവെയൊടുക്കുവാനാ-
യടിമലർ തൊഴുതീടുമടിയനെ വിരവോടെ
പടുതയുണ്ടാവാനായനുഗ്രഹിച്ചീടേണം       

ചരണം 3:   
യോഗ്യങ്ങളായൊരു കർമ്മങ്ങൾ ചെയ്തുള്ള
ഭാഗ്യവാന്മാരായ മുനികൾക്കും
മൃഗ്യമാകുന്നിഹാഗമനമെങ്കിലുമതു-
ഭാഗ്യവശാൽ മമ ലഭിച്ചതുമോർക്കുമ്പോൾ
                          
ചരണം 4:   
ഖാണ്ഡവദാഹം മുടക്കുവാൻ തവ-
ദണ്ഡമില്ലെന്നതു നിർണ്ണയം
കുണ്ഠിതഭാവം നടിച്ചു നിന്നതും യുദ്ധ-
പാണ്ഡിത്യം മമ വരുത്തീടുവാനായല്ലോ 

അർത്ഥം: 

സഭാം പ്രവേശ്യാഥ:

പിന്നീട് ദേവസഭയില്‍ ചെന്ന് ദേവകളാല്‍ ആദരിക്കപ്പെട്ട അര്‍ജ്ജുനന്‍, തന്റെ നാമം പറഞ്ഞ് ഇന്ദ്രനെ നമസ്ക്കരിച്ചു. അപ്പോള്‍ ജഗതധീശന്റെ ആശ്ലേഷത്താല്‍ സുനിര്‍വൃതി ലഭിച്ച അര്‍ജ്ജുനന്‍ സസന്തോഷം പറഞ്ഞു.

ജനക തവ:
ജനകാ, അങ്ങയെ ദര്‍ശ്ശിച്ചതിനാല്‍ ഇന്ന് എന്റെ ജന്മം സഫലമായിതീര്‍ന്നു. മനസ്സില്‍ കുടിലത നിറഞ്ഞ ശത്രുസമൂഹത്തെ ഒക്കവെ ഒടുക്കുവാനുള്ള കെല്‍പ്പുണ്ടാകനായി അടിമലര്‍ തൊഴുതീടുന്ന അടിയനെ വേണ്ടവണ്ണം ഒന്നനുഗ്രഹിക്കേണമേ.

അരങ്ങുസവിശേഷതകൾ: 

1) ദേവസഭയായ 'സുധർമ്മ' യിലേക്കുള്ള അർജ്ജുനന്റെ പ്രവേശം മൂന്നു 'കിടതകി ധീം താം' എന്ന സങ്കേതശിൽപ്പത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നു. 2) പ്രവേശസമയത്തുള്ള അർജ്ജുനന്റെ അഭിനയം സവിശേഷമാണ്. വലതുവശത്തിരിക്കുന്ന ദേവന്മാരെ കണ്ട് അത്ഭുതഭക്തിയോടെയും ഇടതുവശത്തിരിക്കുന്ന ദേവർഷികളെക്കണ്ട് ഭയഭക്തിയോടെയും 'ഇതിലെ പൊയ്ക്കൊള്ളട്ടെയോ' എന്ന് കണ്ണുകൊണ്ട് അനുവാദം വാങ്ങുന്നു. 3) അടന്ത പതികാലത്തിൽ (56 മാത്ര) തുടങ്ങി, ചരണത്തിൽ അടന്ത രണ്ടാംകാലത്തിലേക്ക് ( 28 മാത്ര) മാറി, വീണ്ടും പഴയ പതികാലത്തിലേക്ക് വന്ന് ആണ് ഈപദത്തിന്റെ ആവിഷ്കാരം പൂർത്തിയാവുന്നത്. ശത്രുക്കളെ നശിപ്പിക്കുക എന്ന അഭിനയത്തിന് മാറ്റുകൂട്ടുവാൻ ഈ കാലവ്യത്യാസം കൊണ്ട് സാദ്ധ്യമാവുന്നു 4) പദാന്ത്യത്തിൽ 5 താളവട്ടം ദൈർഘ്യമുള്ള ഇരട്ടി എന്ന നൃത്തം ഉണ്ട്.

അനുബന്ധ വിവരം: 

1) "അരിപടലങ്ങളെ ഒടുക്കുവാനായി" എന്നിടത്ത് കല്യാണസൗഗന്ധികം ആദ്യരംഗമായ 'ശൗര്യഗുണ'ത്തിലെ ഭീമൻ ശത്രുവിന്റെ കാലും തലയും പിടിച്ച് മറിച്ചിടുന്നത് അഭിനയിക്കുന്നതുപോലെ തന്നെയാണ് ഒടുക്കുക എന്ന് മുൻപ് അഭിനയിച്ചിരുന്നത്. കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ ധനുർധാരിയായ അർജ്ജുനനു ചേരുന്നത് അസ്ത്രവിദ്യയാണ് എന്ന ഔചിത്യചിന്തയുടെ അടിസ്ഥാനത്തിൽ അസ്ത്രങ്ങൾ അയക്കുന്നത് അഭിനയിക്കുന്ന രൂപത്തിൽ ഈ ഭാഗത്തെ പരിഷ്കരികരിച്ചു. ഇപ്പോൾ ഒട്ടുമിക്ക നടന്മാരും കുഞ്ചുനായരുടെ പാഠത്തെ പിൻപറ്റുന്നു. കലാ. പത്മനാഭൻ നര്യർ രചിച്ച ആധികാരികഗ്രന്ഥമായ 'ചൊല്ലിയാട്ട'ത്തിലും കുഞ്ചുനായർ വഴിയാണ് സ്വീകരിച്ചിട്ടുള്ളത്.
 
2) കഥകളി ആചാര്യൻ കീഴ്പ്പടം കുമാരൻ നായർ ഈ പരിഷ്കരണത്തെ കണക്കാക്കിയിരുന്നില്ല. കീഴ്പ്പടം കുമാരൻ നായരുടെയും അദ്ദേഹത്തിന്റെ ചില ശിഷ്യരുടെയും ആവിഷ്കാരത്തിൽ ഇപ്പോഴും പഴയ രീതി ദർശിക്കാം.
 
3) നളചരിതം രണ്ടാം ദിവസത്തിലെ പതിഞ്ഞ പദമായ "കുവലയവിലോചനേ" യും ആയി ഈ പദത്തിന്റെ ആവിഷ്കാരപദ്ധതിയ്ക്ക് സാമ്യങ്ങൾ ഉണ്ട്.
ശ്ലോകത്തിന്റെ വൃത്തം-വംശസ്ഥം