ആരെടാ സുരാധിനാഥനെ

കഥാപാത്രങ്ങൾ: 

വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹുസഹിതോ ജവാല്‍
നിര്‍ജ്ജരാധിപരിപൂര്‍ജ്ജഹാരപരമുര്‍വ്വശീമുഖസുരാംഗനാ:
അര്‍ജ്ജുനോപി സമുപേത്യ വാഗ്ഭിരിതിതര്‍ജ്ജയന്നമരസഞ്ചയൈര്‍-
ദുര്‍ജ്ജയൌ വരബലേന തൌ ന്യരുണദൂര്‍ജ്ജിതൈശ്ശിതശിലീമുഖൈഃ

പല്ലവി:
ആരെടാ സുരാധിനാഥനെ ഭയപ്പെടാതെ വന്നു
നേരുകേടു ചെയ്തിടുന്നതധികവീരരേ
ചരണം1
ആരുമേ ധരിച്ചിടാതെ നാരിമാര്‍കളെ ഹരിച്ച
ശൂരരായ നിങ്ങളാരഹോ പറഞ്ഞാലും

അർത്ഥം: 

ആ സമയത്ത് വജ്രകേതു എന്നു വിശ്രുതനായ അസുരന്‍ വജ്രബാഹു എന്ന അനുജനോടുകൂടി വന്ന് ഉര്‍വ്വശി മുതലായ സുരാംഗനമാരെ പിടിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. ഉടനെ അര്‍ജ്ജുനനെത്തി വരബലത്താല്‍ ദേവസമൂഹത്തിന് ജയിക്കുവാന്‍ പ്രയാസമുള്ളവരായ അവരെ തടുക്കുകയും ആക്ഷേപിക്കുകയും ശക്തിയും മൂര്‍ച്ചയുമുള്ള ശരങ്ങളെക്കൊണ്ട് നേരിടുകയും ചെയ്തു.

ദേവനാഥനെ ഭയപ്പെടാതെ വന്ന് നേരുകേട് ചെയ്തിടുന്ന അധികവീരരേ, നിങ്ങള്‍ ആരെടാ? ഹോ! ആരും അറിയാതെ വന്ന് സ്ത്രീകളെ അപഹരിച്ച ധൈര്യശാലികളായ നിങ്ങള്‍ ആരെന്നു പറഞ്ഞാലും.
 

അരങ്ങുസവിശേഷതകൾ: 

വജ്രകേതുവിന്റെ തിരനോട്ടം-
വജ്രബാഹുവിന്റെ തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോള്‍ വജ്രകേതുവും വജ്രബാഹുവും രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്നു.
വജ്രകേതു:‘നോക്കു, ദേവന്മാരെല്ലാം നമ്മളോട് തോറ്റ് ഓടിപ്പോയി. ഇനി ഈ സുന്ദരിമാരെയെല്ലാം പിടിച്ചുകൊണ്ട് നമുക്ക് വേഗം പോകാം.’
വജ്രബാഹു:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അതാ ഒരു മനുഷ്യന്‍ നമ്മുടെ നേര്‍ക്ക് വരുന്നു. യുദ്ധത്തിനാണന്ന് തോന്നുന്നു.’
വജ്രകേതു:(വീക്ഷിച്ചിട്ട്) ‘വരട്ടെ. ക്ഷണത്തില്‍ അവനെ നശിപ്പിച്ചുകളയാം’
വലത്തുഭാഗത്തുകൂടി ഇടുത്തുകലാശം ചവുട്ടി അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(മുന്നോട്ടുവന്ന് അസുരന്മാരെ കണ്ട് പുച്ഛിച്ച്) ‘ഈ സ്ത്രീകളെ കൊണ്ടുപോകുന്നതിന്‍ മുന്‍പ് കരുത്തുണ്ടെങ്കില്‍ യുദ്ധത്തില്‍ എന്നെ ജയിക്കുവിന്‍. നോക്കിക്കോ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.