വരികരികേ മമ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സപദി സമിതിതാന്നിഹത്യ ശത്രൂൻ
ദ്വിപദസപത്നപരാക്രമോഥ ഭീമഃ
ദരദലദരവിന്ദസുന്ദരാക്ഷീം
ദ്രുപദനരാധിപനന്ദിനീം ജഗാദ.
പല്ലവി
വരികരികേ മമ വരതനുമൗലേ!
സുരുചിരകചഭരസുവിജിതജലദേ!
 ചരണം 1
ആകർണ്ണായതചാരുവിലോചനേ!
ആകർണ്ണയ മമ വചനം ദയിതേ!
മാ കുരു ഭയമിനി വെറുതേ ഹൃദി തേ
പോകയി സുമുഖി!  സുദേഷ്ണാ സവിധേ.
ചരണം 2
താർത്തേന്മൊഴിയൊരു ഗന്ധർവ്വേന്ദ്രൻ
നേർത്തിഹ വിരവൊടു കീചക നിധനം
ചീർത്തമദത്തൊടു ചെയ്താനെന്നൊരു
വാർത്ത പരത്തീടുക പുലർകാലേ.

അർത്ഥം: 

അനന്തരം സിംഹപരാക്രമനായ ഭീമൻ ശത്രുക്കളെ നശിപ്പിച്ചിട്ട് താമരപ്പൂപോലെ സുന്ദരമായ കണ്ണുകളോടു കൂടിയ പാഞ്ചാലിയോടു പറഞ്ഞു.
തലമുടികൊണ്ട് മഴക്കാറിനെ തോൽപ്പിച്ച സുന്ദരീ! എന്റെ അരികിൽ വരൂ. കാതോളം നീണ്ട കണ്ണുള്ളവളേ! എന്റെ വാക്കുകൾ കേട്ടാലും. നിനക്ക് ഇനി മനസ്സിൽ ഭയം വേണ്ട. നീ സുദേഷ്ണയുടെ അടുത്തേക്ക് പോയാലും. അധിക മദത്തോടെ ഒരു ഗന്ധർവ്വൻ കീചകനെ എതിർത്ത് കൊന്നു എന്ന ഒരു വാർത്ത നാളെ പുലർകാലത്ത് പരത്തിയാലും.