സമയം മതിമോഹനം
ശ്ലോകം
സുരതരുചിതമുച്ചൈർന്നന്ദനം നിന്ദയന്തീം
സുരഭിലതരുവല്ലീമണ്ഡിതാം പുഷ്പവാടീം
സുരതരുചിതചിത്തഃ പ്രാപ്യ രാജാ കദാചിൽ
സുരുചിരതനുവല്ലീം പ്രേയസീമേവമൂചേ
പല്ലവി
സമയം മതിമോഹനം മമ
സമീപമതിൽ വന്നീടുക നീ നല്ല.
അനുപല്ലവി
രമണീയത കലരും മലർവാടിയിൽ
രതിനായക കളിയാടുവതിനു നല്ല.
ചരണം 1
നന്മയോടിന്ദ്രവരാശതയാകും
പെണ്മണി തന്നുടെ മുഖമിദമധുനാ
വെണ്മതി രാഗമിയന്നതിവേലം
ചുംബതി കാൺക നിതംബിനി മൗലേ!
അംബുജമിഴി! ശശിബിംബമുഖി! വിജിത-
ബിംബമധരമവിളംബം തരിക.
ചരണം 2
കോകിലകാമിനി പാടീടുന്നു,
കോകികൾ വിരഹാൽ വാടീടുന്നു!
കോകനദാവലി മൂടീടുന്നു,
കേകികളഴകിനൊടാടീടുന്നു!
മാകന്ദവിശിഖനാകും നരപതി
തൂകുന്നനവധി താർകണനികരം.
ചരണം 3
ഇണ്ടൽ തീർന്നു കുമുദങ്ങൾ വിരിഞ്ഞു
കണ്ടതു ബത താമരകൾ വെടിഞ്ഞു
വണ്ടുകൾ വിരവൊടു തമ്മിലിടഞ്ഞു
കൊണ്ടു കുമുദനിര തന്നിലണഞ്ഞു
ഉണ്ടു മകരന്ദമകുണ്ഠമദേന മു-
രണ്ടു വിരണ്ടീടുന്നതു കാൺക.