പാഹിമാം വീര പാഹിമാം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഉത്തരംഗജലരാശി ഭീഷണാ-
മുത്തര: കുരുവരൂഥിനീം തദാ
സത്വരം സമവലോക്യ സാദ്ധ്വസാ-
ദസ്തധൈര്യമധികം രുരോദ സഃ
പല്ലവി
പാഹിമാം വീര ! പാഹിമാം
അനുപല്ലവി
ഹാ!ഹന്ത ബാലനാകും ഞാൻ!
ആഹവധീരന്മാരായോ-
രരികളുടയ നിരകളൊടെതിർത്തുടനൊ-
രുവനിന്നു പൊരുതിടുന്നതെങ്ങിനെ?
രരികളുടയ നിരകളൊടെതിർത്തുടനൊ-
രുവനിന്നു പൊരുതിടുന്നതെങ്ങിനെ?
ചരണം 1
ഓരാതേ ചെന്നു നേരാതെ പാരാതെ കണ്ടിന്നു നീയും
തേരിതു തിരിച്ചീടുക
ശരഗണങ്ങൾ വരുവതിൻമുന്നമേ
ശരഗണങ്ങൾ വരുവതിൻമുന്നമേ
പരിചിനൊടു പുരവരേ ഗമിക്ക നാം.
ചരണം 2
ഗോകുലം കൊണ്ടുപോകിലും ആകുലമില്ലിന്നു മമ
പോക നാമിനി വൈകാതെ
ഉരുധനങ്ങൾ തരുവനിന്നു ഞാൻതവ
കരുണചെയ്ക ശരണമില്ലഹോ മമ.
ഉരുധനങ്ങൾ തരുവനിന്നു ഞാൻതവ
കരുണചെയ്ക ശരണമില്ലഹോ മമ.
ചരണം 3
നന്മയോടെന്റെയമ്മയെച്ചെമ്മേ കാണ്മതിന്നു പാരം
മന്മനമുഴറീടുന്നു വിവശ ലോക-
മവനമാശു ചെയ്തിടു-
മവനമാശു ചെയ്തിടു-
മവനു സുകൃതനിവഹമുണ്ടു വിരവൊടു.
അർത്ഥം:
ശ്ലോകം:-ഉയർന്ന തിരമാലകളോടുകൂടിയ സമുദ്രം പോലുള്ള കൗരവസൈന്യത്തെ കണ്ട് ഉത്തരൻ ധൈര്യമില്ലാതെ ഭയന്ന് വിലപിച്ചു.
പദം:-അല്ലയോ വീരാ എന്നെ രക്ഷിച്ചാലും. ബാലനായ ഞാൻ യുദ്ധവീരന്മാരായ ശത്രുക്കളോട് എങ്ങിനെ പൊരുതും. ഇനി ഒട്ടും ആലോചിക്കാതെ ശത്രുക്കളോട് എതിരിടാൻ നിൽക്കാതെ തേർ പിന്തിരിക്കുക. അമ്പിന്റെ കൂട്ടം വരുന്നതിനുമുമ്പേ നമുക്ക് കൊട്ടാരത്തിലേക്ക് പോവാം. ഗോക്കളെ കൊണ്ടുപോയാലും എനിക്ക് പ്രശ്നമില്ല. നമുക്ക് വേഗം പോവാം. ഞാൻ നിനക്ക് ധാരാളം ധനം തരാം. ദയവു ചെയ്യണം. എനിക്ക് വേറെ ആശ്രയമില്ല, എന്റെ അമ്മയെ എനിക്ക് കാണണം. ആർത്തരായവരെ രക്ഷിക്കുന്നവന് സുകൃതം ഉണ്ടാവും.
അരങ്ങുസവിശേഷതകൾ:
ലഘുവായ നാലാമിരട്ടിമേളത്തോടെ തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ ചാപബാണധാരിയായി ഉത്തരനും മുന്നില്‍ താഴെയായി ചമ്മട്ടി ധരിച്ച് തേര്‍തെളിച്ചുകൊണ്ട് ബൃഹന്നളയും നില്‍ക്കുന്നു. ഭയപരവശനായ ഉത്തരന്‍ കൈ തടയുന്നു. അത് വകവെയ്ക്കാതെ ബൃഹന്നള തേര്‍തെളിക്കല്‍ തുടരുന്നു. ഉത്തരന്‍ പീഠത്തില്‍ നിന്നുകൊണ്ടുതന്നെ പദാഭിനയം ആരംഭിക്കുന്നു. ബൃഹന്നള തേര്‍തെളിച്ചുകൊണ്ട് നില്‍ക്കുന്നു. പദത്തിനിടയിലുള്ള കലാശസമയങ്ങളില്‍ ഉത്തരന്‍ തടയുകയും അത് പരിഗണിക്കാതെ ബൃഹന്നള തേര്‍ തെളിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
പദാഭിനയം കഴിയുന്നതോടെ ഉത്തരന്‍ രഥത്തില്‍ നിന്നും പിന്നോട്ട് ചാടി ഓടുന്നു. ബൃഹന്നള പിന്നാലെ ഓടിച്ചെന്ന് ഉത്തരനെ പിടിച്ചുകൊണ്ടുവന്ന് തേര്‍ക്കൊടിമരത്തില്‍ ബന്ധിക്കുന്നു.
ബൃഹന്നള:(ആത്മഗതമായി) ‘കഷ്ടം! ഒരു ക്ഷത്രിയന്‍ ശത്രുക്കളെ കണ്ട് പേടിച്ചോടുകയോ? ഇനി ഇവനോട് ലേശം സംസാരിക്കുകതന്നെ’
ബൃഹന്നള നാലാമിരട്ടിയെടുത്തിട്ട് അടുത്ത പദം അഭിനയിക്കുന്നു.