കുശികസുത നിന്‍ കടാക്ഷത്തിനാലെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കുശികസുത നിന്‍ കടാക്ഷത്തിനാലെ

പശുപതി ശരാസനം ഖണ്‌ഡയാമി

 

ത്രൈലോക്യനാഥനാം ദേവദേവന്‍

കാലാരിതന്നുടെ ചരണയുഗളം

ചേലോടു നൗമി നതഭാഗ്യപുഞ്‌ജം

മാലാശയം തന്നിലേലായ്‌വതിന്നായ്‌

 
അംബ കുരു മയി കൃപാം ശൈലതനയേ

അംബുജവിലോചനേ കംബുകണ്‌ഠി

ത്രയ്യംബകം ഖണ്‌ഡയാമി തരസാ
ത്രൈലോക്യനാഥന്‍ കടാക്ഷത്തിനാലേ

അർത്ഥം: 

കുശികസുതാ, അവിടുത്തെ അനുഗ്രഹത്താല്‍ പശുപതിയുടെ ചാപം ഞാന്‍ ഖണ്ഡിക്കാം. എന്റെ മനസ്സില്‍ ദു:ഖം ഉണ്ടാകാതിരിക്കുവാനായി ത്രൈലോക്യനാഥനും ദേവന്മാരുടെദേവനുമായ കാലാരിയുടെ ചരണയുഗളം വഴിപോലെ നമിക്കുന്നേന്‍. ഇതിനു കഴിഞ്ഞത് എന്റെ സൌഭാഗ്യം. അമ്മേ, ശൈലതനയേ, എന്നില്‍ കൃപചെയ്താലും. അംബുജവിലോചനേ, ശംഖിനുസമാനമായ കഴുത്തഴകോടുകൂടിയവളേ, ത്രൈലോക്യനാഥന്റെ അനുഗ്രഹത്താല്‍ ഞാന്‍ ത്ര്യംബകം ഖണ്ഡിക്കാനൊരുങ്ങുന്നു.

അരങ്ങുസവിശേഷതകൾ: 
പദശേഷം ആട്ടം-
ശ്രീരാമന്‍ ശ്രീപരമേശ്വരനെ സ്മരിച്ച്, വിശ്വാമിത്രമുനിയേയും ജനകനേയും വണങ്ങി അനുവാദം വാങ്ങി, ത്ര്യൈബകത്തിനെ മൂന്നുവട്ടം പ്രദക്ഷിണം ചെയ്ത് വണങ്ങി, വില്ലെടുത്ത് ഞാണ്‍ വലിച്ചുമുറുക്കി, കുലച്ച് ഖണ്ഡിക്കുന്നു.
(വലന്തലമേളം)

ഇടതുവശത്തുനിന്നും സീത പ്രവേശിച്ച് ജനകപാര്‍ശ്വത്തില്‍ വന്നു നില്‍ക്കുന്നു. ജനകന്‍ സീതയെകൊണ്ട് ശ്രീരാമന്റെ കഴുത്തില്‍ വരണമാല്യമിടീക്കുന്നു. ശ്രീരാമന്‍ സീതയെ പാണിഗ്രഹണം ചെയ്ത് സ്വീകരിക്കുന്നു. രാമനും സീതയും ജനകനേയും വിശ്വാമിത്രനേയും കുമ്പിട്ട് അനുഗ്രഹം വാങ്ങുന്നു. എല്ലാവരും നിഷ്ക്രമിക്കുന്നു.