അത്ര ഭയമുള്ളതിലൊരുത്തനപിവരുമോ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അത്ര ഭയമുള്ളതിലൊരുത്തനപിവരുമോ
ചിത്രമിതു പങ്‌ക്തിമുഖ രാത്രിഞ്ചരവാസം
 
പങ്‌ക്തിമുഖ മഞ്ചമതില്‍ ബന്ധുരതരാംഗിയവള്‍
ഹന്ത ശയിക്കുന്നതേവള്‍ കിന്തു വൈദേഹിയോ
 
ചാലവേ നിറഞ്ഞുബത നീലമലപോലെ
സ്ഥൂലതരമാകിയൊരു ജാലം സുഖിക്കുന്നു
 
സാധുതര രൂപമിതി നാരിയിവള്‍ തന്നില്‍
വൈധവ്യ ലക്ഷണം കാണുന്നു നൂനം
 
വൈദേഹിയല്ലിവള്‍ സീതാം ന പശ്യാമി
കേവലം മൃഗയിതും ആഹന്തയാമി
 
ശിംശപാമൂലമതില്‍ വാഴുന്ന തയ്യലിവള്‍
സംശയം തോന്നുന്നു വൈദേഹിയെന്നു
 
 
മദ്ധ്യമകാലം ചെമ്പട 5 മാത്ര
 
ഇവളുടെ മൂലമായി ബാലി ഹതനായതും
കേവലം ഖരാദികളുമൊക്കെ മൃതരായതും
 
ഖിന്നതരമാനസം വാസം കരോമ്യഹം
ആഹന്ത ഹന്ത ശിവ കഷ്‌ടമിതു കഷ്‌ടം
 
 
തിരശ്ശീല
അർത്ഥം: 
ഭയമുള്ള ഒരുത്തനു ഇവിടെ വരുവാനാകുമോ? രാക്ഷസൻ ദശകണ്ഠന്റെ വസതി അതി വിചിത്രം തന്നെ. രാവണന്റെ കിടക്കയിൽ കിടക്കുന്ന സുന്ദരി ആരാണ്? വൈദേഹിയായ സീതതന്നെ ആയിരിക്കുമോ? ലക്ഷണമൊത്ത സുന്ദരിയായ ഇവളിൽ വൈധവ്യലക്ഷണം കാണുന്നതിനാൽ സീത ആയിരിക്കില്ല. സീതയെ കാണുന്നില്ല. ഇനിയും തിരയാം. ശിംശിപാ (ഇരുമുള്ള്) വൃക്ഷത്തിനടിയിൽ ഇരിക്കുന്ന ഈ സുന്ദരിയെ കണ്ടാൽ സീത തന്നെ എന്ന് തോന്നുന്നു. ഇവൾ കാരണം കൊണ്ടാണ് ബാലി,ഖരൻ തുടങ്ങിയവർ കൊല്ലപ്പെടുന്നത്. സങ്കടത്തോടേ ഞാൻ ഇവിടെ ഈ വൃക്ഷത്തലപ്പിൽ തന്നെ ഇരിയ്ക്കാം. ശിവ ശിവ ദേവിയുടെ ഈ അവസ്ഥ മഹാ കഷ്ടം തന്നെ!
 
അരങ്ങുസവിശേഷതകൾ: 

ലങ്കാപുരിയിലേക്ക് കടന്ന ശേഷം ഹനൂമാൻ ഓരോന്ന് കണ്ട് ആത്മഗതം ചെയ്യുന്ന പോലെ ആണ് ഈ പദം. അവസാനമാണ്  ശിംശപാവൃക്ഷചുവട്ടിൽ ഇരിക്കുന്ന സീതയെ കാണുന്നതും, വൃക്ഷശാഖയിൽ ഒളിഞ്ഞ് ഇരിക്കുന്നതും.

ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതയെ കണ്ട് അറിഞ്ഞ്, ഇനി എന്ത് ചെയ്യേണ്ടൂ എന്ന് സംശയിച്ച് നിൽക്കുമ്പോൾ ആണ് ചില ശബ്ദഘോഷങ്ങൾ കേൾക്കുന്നത്. അത് കേട്ട് ദൂരെ നോക്കി, ആ രാവണൻ സീതയുടെ അടുക്കൽ വസ്ത്രാഭരണങ്ങൾ അണിഞ്ഞ് കിങ്കരന്മാരോട് ഒത്ത് രാജകീയാഡംബരത്തിൽ വരുന്നതു കാണുന്നു. ശേഷം ഇവിടെ എന്തുണ്ടാകും എന്നറിയാനായി ഞാൻ ഈ ശിംശപാവൃക്ഷശാഖയിൽ ആരും അറിയാതെ വസിച്ച് അറിയുക തന്നെ എന്ന് കാണിച്ച് ശിംശപാശാഖയിൽ രൂപം ചെറുതാക്കി വസിക്കുന്നു.