നിസ്‌തുലഹസ്‌ത ബലവാനാം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിസ്‌തുലഹസ്‌ത ബലവാനാം പ്രഹസ്‌ത കേള്‍
ഹസ്‌തീന്ദ്രസമവീര്യ നിസ്‌തുലകായ
മര്‍ക്കടകീടത്തെ ഇക്ഷണം വാലില്‍
വസ്‌ത്രം ചുറ്റി തീ കൊളുത്തുക ചെറ്റുംവൈകാതെ
തിരശ്ശീല
അർത്ഥം:
അതിയായ കയ്യൂക്കുള്ള പ്രഹസ്താ കേൾക്കുക, ആനക്കൂട്ടത്തിലെ തലവനുസമാനമായ പരാക്രമം ഉള്ളവനേ, കിടയറ്റെ ദേഹത്തോടു കൂടിയവനേ, ഈ കുരങ്ങുപുഴുവിന്റെ വാലിൽ തുണിചുറ്റി ഉടനടി തീക്കൊളുത്തുക.
അരങ്ങുസവിശേഷതകൾ:
ആട്ടത്തിനുവട്ടം തട്ടുന്നു
ആജ്ഞാപിച്ച് രാവണൻ അരങ്ങിൽ നിന്നും മാറുന്നു. പ്രഹസ്തന്റെ നേതൃത്വത്തിൽ കിങ്കരന്മാർ ഹനൂമാന്റെ വാലിൽ തുണി ചുറ്റി എണ്ണയൊഴിച്ച് തീ കൊളുത്തുന്നു. ഇതിനായി പന്തം കൊളുത്തി അരങ്ങത്തേയ്ക്ക് കൊണ്ടു വരുന്നു. പന്തം കൊണ്ട് വാലിൽ തീ കൊളുത്തി സന്തോഷത്തോടെ ആർത്ത് വിളിക്കുന്നു. തീ നല്ലപോലെ കത്താൻ തുടങ്ങുമ്പോൾ ഹനൂമാൻ വാലിന്റെ അറ്റം രാക്ഷന്മാരിൽ നിന്നും പിടിച്ച് വാങ്ങി (പന്തങ്ങൾ ആണ് അരങ്ങത്ത് പിടിച്ച് വാങ്ങുന്നത്) അവരെയെല്ലാം തീകരിയിച്ച് ഓടിയ്ക്കുന്നു. ആ സമയം രാവണൻ അരങ്ങിൽ മുൻ സ്ഥാനത്ത് വന്നിരിക്കുന്നു. ഹനൂമാൻ രാവണനേയും (പന്തം കൊണ്ട്) അഗ്നിക്കിരയാക്കുന്നു. ആദ്യമാദ്യം ദേഷ്യത്തോടെ പോടാ പോടാ എന്ന് കാണിച്ച് ചെറുത്ത് നോക്കിയെങ്കിലും ക്രമേണ പരാജയപ്പെട്ട് ചൂട് സഹിക്കാതെ രാവണൻ അരങ്ങത്ത് നിന്ന് മാറി പോകുന്നു.
വീണ്ടും രംഗത്തേക്ക് തിരിഞ്ഞ് ഹനൂമാൻ ലങ്കാദഹനം നടത്തുവാൻ ഒരുങ്ങുന്നു. നിരനിരയായ് നിൽക്കുന്ന മനോഹരമായ കെട്ടിടങ്ങൾ എല്ലാം -ഓരോ ഭാഗത്തും വെവ്വേറെ ആയി- തീ വെയ്ക്കുന്നു. തീയ്യാളിപ്പടരുന്നു. അഗ്നിപ്രളയത്തിൽ മുങ്ങിയ ലങ്കാനഗരത്തെ നോക്കി കൃതാർത്ഥതയോടെ “ഇനി വേഗം തിരിച്ച് പോയി ശ്രീരാമസ്വാമിയെ കണ്ട് വർത്തമാനങ്ങൾ എല്ലാം പറയുകതന്നെ“. നാലാമിരട്ടിയോടെ അവസാനത്തിൽ ഇടതുവശത്ത് പീഠത്തിൽ കയറി വലം കാൽ ഉയർത്തി നിന്ന് കലാശത്തോടൊപ്പം വലത്തോട്ടുകെട്ടിച്ചാടി പിൻതിരിയുന്നു. സമുദ്രം തിരിച്ചുകടക്കുന്നു. (വഴിയ്ക്ക് സമുദ്രത്തിൽ ചാടി വാലിലെ തീ കെടുത്തുന്നു.)
തിരശ്ശീല
അനുബന്ധ വിവരം:
ഇവിടെ ഹനൂമാന്റെ ചില നൃത്തങ്ങൾ അതീവമനോഹരങ്ങൾ ആണ്. പ്രത്യേകിച്ചും പന്തം കിങ്കരന്മാരുടെ കയ്യിൽ നിന്നും വാങ്ങി അവ ഉപയോഗിച്ച് കെട്ടിടങ്ങൾക്ക് തീകൊളുത്തുന്ന സമയത്തെ.