പങ്‌ക്തികണ്‌ഠ കേളെടാ നീ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പങ്‌ക്തികണ്‌ഠ കേളെടാ നീ ബന്ധുരമെന്‍ വചനത്തെ
ചിന്തതെളിവോടുതന്നെ ഉരചെയ്‌തീടാം
 
 
യുദ്ധഭൂമിയില്‍ നിന്നുടെ പുത്രനെ ഹനിച്ചവന്‍ ഞാന്‍ 
ഇത്രലോക്യവാസികളാം വില്ലാളികള്‍ക്കു
പരമഗുരുവായ രാമചന്ദ്രന്‍ തന്നുടയ ദൂതനഹം
ഖരാദിയെ കൊന്ന വീരന്റെ
നിന്നുടെ സഹജയായ നക്തഞ്ചരനാരിതന്നെ
കൃത്തനാസാകുചയാക്കിച്ചെയ്‌ത വീരന്റെ
 
 
കേളെടായെന്‍ ബാഹുവീര്യം മല്‌ക്കരതാഡനത്തിങ്കല്‍
നില്‌ക്കയില്ലമേരുപോലും ലങ്കയോ പിന്നെ
 
സന്തതമത്രയല്ലെടാ പങ്‌ക്തികണ്‌ഠാ കേളെടാ നീ
രാവണഗണകണനം കോടിയെങ്കിലും
കീടന്തന്നെ എന്റെ കൈയ്‌ക്കു രാമചന്ദ്രന്‍ തന്നുടയ
രമ്യമാം കടാക്ഷത്തിനാല്‍ കൗണപാധമപ
അർത്ഥം: 
എടാ രാവണാ നീ, സന്തോഷത്തോടേ ഞാൻ പറയുന്ന എന്റെ നല്ല വാക്കുകൾ കേൾക്ക്. നിന്റെ മകനെ യുദ്ധത്തിൽ കൊന്നവനാണ് ഞാൻ. ഇഹലോകവാസികളായ എല്ലാ വില്ലാളികൾക്കും ഉത്തമ ഗുരുവായ ശ്രീരാമചന്ദ്രന്റെ ദൂതനാണ് ഞാൻ. ഖരൻ തുടങ്ങിയവരെ കൊല്ലുകയും നിന്റെ സഹോദരിയായ ശൂർപ്പണഘയുടെ മൂക്കും മുലകളും മുറിയ്ക്കുകയും ചെയ്ത വീരനായ ശ്രീരാമചന്ദ്രന്റെ ദൂതനാണ് ഞാൻ.  എന്റെ കയ്യൂക്ക് തടുക്കുവാൻ മേരുപർവ്വതത്തിനു പോലും സാധിക്കില്ല.
അത് മാത്രമല്ല, രാക്ഷസാധിപ, ശ്രീരാമചന്ദ്രന്റെ കൃപാകടാക്ഷത്താൽ, ഒരു കോടി രാവണന്മാർ ഉണ്ടെങ്കിലും എനിക്ക് അവർ കീടം തന്നെ ആണ്.
അരങ്ങുസവിശേഷതകൾ: 

ഹനൂമാൻ പെട്ടെന്ന് കൈകാലുകൾ ശക്തിയോടെ കുടഞ്ഞ് കെട്ടുകൾ പൊട്ടിച്ചഴിച്ച് ചാടിയെഴുന്നേറ്റ് അഞ്ചാറുതവണ തിരിഞ്ഞ് ഇടതുവശത്ത് പീഠത്തിൽ അഹങ്കാരത്തോടെ ഇരുന്ന് പദം.

സ്വന്തം വാൽ ഹനൂമാൻ വൃത്താകൃതിയിൽ വളച്ച് വെച്ച് ഉയർത്തിയുണ്ടാക്കി രാവണന്റെ സിംഹാസനത്തിനോടൊപ്പം ഉയരത്തിൽ ഹനൂമാൻ ഇരിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ഹനൂമാൻ കെട്ട് പൊട്ടിച്ച് എഴുന്നേറ്റ് വട്ടം തിരിയുന്നത്. ഈ തിരിച്ചിൽ വാലുകൊണ്ട് പീഠം ഒരുക്കുന്നതിനെ സൂചിപ്പിക്കുന്നു.