ഹർമ്മ്യേ ചാരുകുശസ്ഥലീപുരവരേ ഭൈഷ്മ്യാ
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹർമ്മ്യേ ചാരുകുശസ്ഥലീപുരവരേ ഭൈഷ്മ്യാ സമം ശ്രീപതി-
ന്നൈർമ്മല്യോല്ലസിതപ്രസൂനശയനേ രമ്യേ നിഷണ്ണോ മുദാ
ആരാദാഗതമുർവരാസുരവരം ദൃഷ്ട്വാ കുചേലാഭിധം
ജ്ഞാത്വാ തസ്യചരിത്രമാസ്തൃതവപുർനേത്രാംഭസാ സോഭവത്
ഏഴാംമാളികതന്നിലാത്മസുമശയ്യാന്തത്തിലൊന്നിച്ചിരു-
ന്നാഴിപ്പൂമകളോടു ചാടുഭണിതം ചൊന്നീടുമക്കേശവൻ
താഴെത്തന്റെ വയസ്യനായ ധരണീദേവേന്ദ്രനെസ്സന്നിധൗ
വാഴിപ്പാനെഴുന്നേറ്റു തസ്യ സവിധം പ്രാപ്യാലാലിലിംഗദ്വിജം
അർത്ഥം:
ചാരുകുശസ്ഥലീ പുരവരേ=മനോഹരമായ ദ്വാരകാപുരിയിൽ; രമ്യേഹർമ്യേ= മനോഹരമായ വീട്ടിൽ; നൈർമല്യോല്ലസിതപ്രസൂന ശയനേ=പുതുപൂക്കൾ കൊണ്ട് ശോഭിക്കുന്ന ശയ്യയിൽ; ഭൈഷ്മ്യാസമം=രുഗ്മിണിയോടുകൂടി; മുദാ നിഷണ്ണോശ്രീപതി=ആഹ്ലാദത്തോടേ ഇരിക്കുന്ന ലക്ഷ്മീപതി (ശ്രീകൃഷ്ണൻ); ആരാദ് ആഗതം=ദൂരെനിന്നു വരുന്ന; കുചേലാഭിധം ഉർവരാസുരവരം=കുചേലൻ എന്ന പേരായ ബ്രാഹ്മണ ശ്രേഷ്ഠനെ, ഭൂസുരശ്രേഷ്ഠനെ; ദൃഷ്ട്വാ=കണ്ടിട്ട്; തസ്യചരിത്രം ജ്ഞാത്വാ=അദ്ദേഹത്തിന്റെ വൃത്താന്തം മനസ്സിലാക്കിയിട്ട്; സഃ=അദ്ദേഹം (ശ്രീകൃഷ്ണൻ); നേത്രാംഭസാ=കണ്ണീരുകൊണ്ട്; ആസ്തൃതവപുഃ അഭവത്=അഭിഷിക്തശരീരനായി തീർന്നു. വൃത്തം ശാർദ്ദൂലവിക്രീഡിതം.
ഏഴാം മാളികതന്നിലാത്മ സുമശയ്യാന്തത്തിൽ=ഏഴുനില മാളികയിൽ സ്വന്തം പുഷ്പശയ്യയിൽ ആഴിപ്പൂമകളോട് ഒന്നിച്ചിരുന്ന്=സമുദ്രത്തിന്റേയും താമരപ്പൂവിന്റെയും മകളായ ലക്ഷ്മീദേവിയോടൊന്നിച്ചിരുന്ന്; ചാടുഭണിതം=തമാശവാക്കുകൾ; ചൊന്നീടുമക്കേശവൻ=പറയുന്ന ആ കേശവൻ; താഴെത്തന്റെ വയസ്യനായ ധരണീദേവേന്ദ്രനെ=താഴെ വന്ന സഹപാഠിയായ ഭൂമിയിലെ ദേവേന്ദ്രനെ (ബ്രാഹ്മണനെ); സന്നിധൗ വാഴിപ്പാനെഴുന്നേറ്റ്= തന്റെ സമീപത്തേക്ക് കൊണ്ടുവന്ന് ഇരുത്താനായി എഴുന്നേറ്റ്;തസ്യസവിധം പ്രാപ്യ=അദ്ദേഹത്തിന്റെ സമീപത്തുചെന്ന്; ദ്വിജം=ആ ബ്രാഹ്മണനെ; ആലിലിംഗ=ആലിംഗനം ചെയ്തു. വൃത്തം ശാർദ്ദൂലവിക്രീഡിതം
മുരാരി=ശ്രീകൃഷ്ൺനൻ; ദ്വിജവരം=ആ ബ്രാഹ്മണശ്രേഷ്ഠൻ; ആത്മാജായാ സ്മേതഃ ലക്ഷ്മീതല്പേ ഉപവേശ്യ=സ്വപ്രിയതമയോടൊന്നിച്ച് ലക്ഷ്മീതല്പത്തിൽ (വിശിഷ്ടമായ ഒരു ഇരിപ്പിടം) ഇരുത്തിയിട്ട്; ബാഹുഭ്യാ=കൈകളെക്കൊണ്ട്; നിജയുവതികരാലംബി ഭൃംഗാരവാരാ=സ്വപ്രിയതമയുടെ കയ്യിലെ സ്വർണ്ണക്കിണ്ടിയിലെ ജലം കൊണ്ട്; തല്പാദം നേനി ജാനാ=അദ്ദേഹത്തിന്റെ കാലുകൾ കഴുകിച്ചിട്ട്; അഥ=അനന്തരം; തോയഗന്ധാദിഭിഃവിധിവത് സാധുമന്ദം സമ്പൂജ്യ=ജലഗന്ധാാദികളാൽ (ചന്ദനാദികളാൽ) യഥാവിധി ഭംഗിയായും മെല്ലെയും പൂജിച്ചിട്ട്; പാടീരപങ്കം ലിമ്പൻ=ചന്ദനക്കൂട്ട് (കളഭം) പൂശിച്ചിട്ട്; തം=അദ്ദേഹത്തോട്; വാസുദേവഃ=ശ്രീകൃഷ്ണൻ, വസുദേവന്റെ പുത്രൻ; മധുരതരഗിരം പ്രാഹ=അതിമധുരമായി വാക്കുകൾ പറഞ്ഞു. വൃത്തം സ്രഗ്ധര.
മനോഹരമായ ദ്വാരകാപുരിയിലെ മണിമാളികയിൽ നിർമ്മലമായ വിടർന്ന പൂക്കൾ വിരിച്ച മനോഹരമായ മഞ്ചത്തിൽ സന്തോഷത്തോടുകൂടി രുക്മിണിയോടു കൂടെ ഇരിക്കുന്ന ആ ശ്രീകൃഷ്ണൻ തന്റെ അടുത്തേക്ക് വരുന്നവനായ കുചേലനെന്നു പേരുള്ളവനായ ബ്രാഹ്മണശ്രേഷ്ഠനെ കണ്ടിട്ട് അദ്ദേഹത്തിന്റെ അവസ്ഥ ചിന്തിച്ച് ഉണ്ടായ കണ്ണുനീരിനാൽ മുങ്ങിയ ശരീരത്തോടുകൂടിയവനായി ഭവിച്ചു.
ഏഴാം മാളികമുകളിൽ തന്റെ പൂമെത്തയിൽ ലക്ഷ്മീദേവിയോടു കൂടി ഒന്നിച്ചിരുന്നു സരസസല്ലാപം ചെയ്യുന്ന ആ ഭഗവാൻ കേശവൻ താഴെ തന്റെ സഹപാഠിയായിരുന്ന ബ്രാഹ്മണശ്രേഷ്ഠനെ കണ്ട് അദ്ദേഹത്തെ മുകളിൽ കൊണ്ടു വന്ന് വാഴിക്കുന്നതിനായി എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ആ ബ്രഹ്മണനെ ആലിംഗനം ചെയ്തു.