കലയാമിസുമതേ ഭൂസുരമൌലേ
അല്ലയോ സുമനസ്സായ ബ്രാഹ്മണശ്രേഷ്ഠാ, അങ്ങയെ ഞാൻ നമസ്കരിക്കുന്നു.ദയയോടുകൂടിയ അങ്ങയുടെ ഈ വരവ് എന്നിൽ വലുതായ ആനന്ദം പകരുന്നു. വഴിയിൽ വല്ലാതെ ബുദ്ധിമുട്ടൊന്നും കൂടാതെ അല്ലേ ധാർമ്മികനായ അങ്ങ് വന്നതും? (യാത്രാക്ലേശങ്ങൾ ഒന്നും ഉണ്ടായില്ലല്ലൊ എന്ന് വ്യഗ്യം.) അങ്ങയ്ക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത്? സുഖം തന്നെ അല്ലേ? ഒരുപാട് കാലമായല്ലൊ നമ്മൾ തമ്മിൽ കണ്ടിട്ട്.അല്ലയോ ഭൂദേവാ (ബ്രാഹ്മണാ) അങ്ങയുടെ പാദതീർത്ഥം ഏൽകയാൽ (പാദം കഴുകിയ വെള്ളം തീർത്ഥം പോലെ ആണല്ലൊ) ഇന്ന് ഞാൻ ഏറ്റവും തൃപ്തി ഉള്ളവനായിരിക്കുന്നു. സത്തുക്കൾ (സജ്ജനങ്ങൾ) ആയുള്ള കൂടിച്ചേരൽ തീർത്ഥത്തിൽ കുളിക്കുന്നതിനു തുല്യം ആണെന്ന് പണ്ടേ ശാസ്ത്രത്തിൽ പ്രസിദ്ധമാണല്ലൊ. അത് അറിയാമല്ലൊ! സാന്ദീപനി മുനിയുടെ ആശ്രമത്തിൽ പണ്ട് വേദം മുതലായ പാഠങ്ങൾ പഠിച്ചത് മറന്നുവോ? വേദപണ്ഡിതനായ ഗുരുവിന്റെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം വിറകുകൊണ്ടുവരാനായി നമ്മൾ പോയത് ഓർമ്മ ഇല്ലേ? വിറകിനായി നമ്മൾ ഒരു കാട്ടിൽ പോയി വിറക് ശേഖരിക്കുന്ന സമയത്ത് സന്ധ്യ ആയി. അത് മാത്രമല്ല നല്ല മഴയും പെയ്തു. ഇരുട്ടുമായി. അപ്പോൾ ക്ഷീണിതരായ നമ്മൾ ഒരു വള്ളിക്കുടിലിനുള്ളിൽ കഴിഞ്ഞില്ലേ? ആഞ്ഞടിച്ച കാറ്റുമൂലം ഭയന്നുവിറച്ച നമ്മൾ പരസ്പരം കൈകൾ കോർത്ത് പിടിച്ച്, പേടിച്ചുവിറച്ചുകൊണ്ട് രാത്രി ആ വള്ളിക്കുടിലിൽ കഴിഞ്ഞത് ഓർമ്മ ഇല്ലേ? എന്നിട്ട് രാവിലെ ആയപ്പോൾ, നമ്മളെ കാണാത്തതിനാൽ മുനി നമ്മളെ തിരഞ്ഞ് കാട്ടിൽ വന്നു. ശേഷം നമ്മൾ വിറകുചുമടുമേറ്റി മുനിയുടെ ആശ്രമത്തിൽ (ഉടജേ=ആശ്രമത്തിൽ) ചെന്ന് വിറകുകെട്ട് ഇറക്കിവെച്ചപ്പോൾ ആ ധന്യനായ മുനി നമ്മളെ നന്ദിപൂർവ്വം അനുഗ്രഹിച്ചില്ലേ? ഇതിൽ പരം ഗുരുകടാക്ഷം അല്ലാതെ നമുക്ക് മറ്റെന്താണ് വേണ്ടത്?