എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ലക്ഷ്മീകാമുകനിമ്പമോടവൽഭുജിച്ചത്യന്തദാരിദ്ര്യമ-
ഞ്ജാക്ഷോണീസുരനുള്ളതസ്തമിതമായൈശ്വര്യപൂർണ്ണം ഗൃഹം
വീക്ഷ്യാമോദഭരേണ വിപ്രദയിതാ ചാരത്തുകാണായ മു-
ഗ്ദ്ധാക്ഷീമാരോടു വാചമീദൃശമുവാചാശ്ചര്യപൂർവ്വം സതീ
 
എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത!
കാന്തനങ്ങു ഗമിച്ചതേവ നിതാന്തഭാഗ്യമിദം മമ
ചന്തമാർന്നൊരു ഭൂഷണങ്ങളനന്തവിത്തസമൂഹവും
ചിന്തതന്നിൽ നിനച്ചതല്ല ചിരന്തനൻ കൃപയൽഭുതം
ആളിമാരുമനേകമിപ്പരിവാരവൃന്ദവുമുന്നതം
മാളികാമണിമന്ദിരങ്ങളുമെങ്ങുനിന്നു സമാഗതം?
മേളമാർന്നു സുഖിപ്പതിന്നിഹ കാളിയൻ മദഭഞ്ജനൻ
കാളമേഘനിറം കലർന്ന മുകുന്ദനിങ്ങരുളീ മമ
ദീനനായ മഹീസുരൻ മമ പ്രാണനായകനിന്നഹോ
ദാനവാരിപദാംബുജങ്ങളിൽ ലീനമാനസനാകയാൽ
നൂനമെന്നെ മറന്നു ഹന്ത സുഖേന തത്ര വസിപ്പതെൻ-
മാനസത്തിലതീവ സങ്കടമാവതെന്തളികേശിനീ!
 
അർത്ഥം: 

പദം:-  സുന്ദരികളേ ഈ കാണുന്നതെല്ലാം എന്താണ്? എന്റെ ഭർത്താവിന്റെ യാത്രാഫലത്താൽ ഉണ്ടായ അന്തമില്ലാത്ത ഭാഗ്യം തന്നെ. മനോഹരങ്ങളായ് ആഭരണങ്ങൾ, അളവറ്റ, ധനം, ഇതൊന്നും ഞാൻ ആഗ്രഹിച്ചതേ അല്ല. ശ്രീകൃഷ്ണഭഗവാന്റെ കൃപ അത്ഭുതകരം തന്നെ. ഇത്രമേൽ സഖിമാരും മറ്റ് പരിവാരങ്ങളും അത്യുന്നതങ്ങളായ മാളിക, മണിമന്ദിരങ്ങളും എവിടെ നിന്നണോ വന്നത് യഥേഷ്ടം ഞങ്ങൾക്കു സുഖിക്കാനുള്ളതെല്ലാം ക്ജാളിയമർദ്ദ്കനായ കൃഷ്ണൻ തന്നിരിക്കുന്നു. ഭഗവത്പാദങ്ങളോടു ചേർന്ന് അവിടെ ദ്വാരകയിൽ സുഖമായി കഴിയുന്ന എന്റെ പ്രാണപ്രിയനായ ബ്രാഹ്മണൻ എന്നെ തീരെ മറന്നു കഴിയുകയാണെന്ന സങ്കടം മനസ്സിൽ തോന്നുന്നതിനെന്തു ചെയ്യാം സഖീ?

അനുബന്ധ വിവരം: 

വിപ്രാംഗനയുടെ ഈ പദവും അതിനുള്ള മറുപടി പദവും ആലമ്പിള്ളിൽ കേശവപ്പിള്ള അവർകൾ എഴുതിയതാണെന്ന് 101 ആട്ടക്കഥകളിൽ കാണുന്നു. അതിനാൽ പ്രക്ഷിപ്തം ആയിരിക്കും.