ഉളളില്‍ നിനക്കു മോഹം
ചരണം 2
ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്‍
കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ
ചരണം 3(ലക്ഷ്മണനോട്)
അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍
ഉളളില്‍ നിനക്കു മോഹം:- സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു തരുന്നുണ്ട്.
അത്രനീ നില്‍ക്ക ബാല:- ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ നില്‍ക്കുക.
ശേഷം ആട്ടം-
ശ്രീരാമൻ:(ലക്ഷ്മണനോട്) ‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും.’
സീതയേയും ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന് മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന് താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍ ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ ചെല്ലുന്നു. രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍ ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ പറിച്ചുകാട്ടിക്കൊണ്ട് മാനിനെ സമീപിക്കുന്നു. മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.
ശ്രീരാമൻ:‘ഇങ്ങിനെവരുവാന്‍ കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ, അറിയാം’ (വില്ലെടുത്ത് ഞാൺ മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’
രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു. ഉടനെ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.