പാരിലുള്ള വീരമൗലേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കിഷ്കിന്ധാഗോപുരം പുക്കുടനുടനധികം ക്രുദ്ധനാം മിത്രസൂനു
ചൊൽക്കൊള്ളും ലോകചക്രം ഞെടുഞെടയിളകുന്നട്ടഹാസങ്ങൾ ചെയ്തു
തൽക്കാലേ ബാലി കേട്ടിട്ടുരുതരപരുഷം പൂണ്ടുപോകുന്ന നേരം
തൽക്കാന്താ താരയാകും മതിമുഖിയരികേ വന്നു ചൊന്നാളിവണ്ണം
പാരിലുള്ള വീരമൗലേ ചാരുതരഗുണകീർത്തേ
ഭാര്യ ഞാൻ പറയും മൊഴി പുരുഹൂതസുത കേൾക്ക
ഇപ്പോൾ നിന്നോടമർചെയ്തുനിൽപ്പതിന്നു പണിയായി-
ട്ടിപ്പോഴേ പോയവൻ വന്നു വിളിപ്പതു നേരല്ല പാർത്താൽ
അൽപ്പനെങ്കിലും തേ വീര ഇപ്പോൾ യുദ്ധായ പോകൊല്ല
മല്പ്രിയ മഹാത്മാവായൊട്ടല്ലാ തേജോനിധേ വീര
അംഗദനാകും കുമാരൻ അങ്ങു ചൊല്ലിക്കേട്ടല്ലോ ഞാൻ
ജംഗമാം വനത്തിലവൻ മംഗലാകൃതേ പോയാറെ
മന്നവശാബങ്ങൾ ചൊല്ലി ഇന്നലെ കേട്ടേവം വൃത്തം
മന്നവൻ ദശരഥന്റെ നന്ദനരായി രണ്ടു നൃപർ
താതനുടെ വാക്കിനാലെ നാഥ കാനനത്തിൽ വന്നു
വാതസൂനുവവരെ നിൻ ഭ്രാതാവോടു ചേർത്തുവെന്നും
തൽസഹായമോടുവന്നു ത്വത്സഹജൻ വിളിപ്പതും
സത്സ്വഭാവ പോകൊല്ലയനൽപ്പതേജോനിധേ വീര
അർത്ഥം:
ശ്ലോകം: കിഷ്കിന്ധയുടെ ഗോപുരത്തിൽ ചെന്ന് ക്രുദ്ധനായ സുഗ്രീവൻ ലോകം നടുങ്ങുമാറു അട്ടഹാസം ചെയ്തു. ആ സമയം അത് കേട്ടാ ബാലി കൂടുതൽ രോഷാകുലനായി യുദ്ധത്തിനുപുറപ്പെടുന്ന സമയം ബാലിയുടെ പത്നിയായ താര വന്ന് അവനോട് ഇങ്ങനെ പറഞ്ഞു.
പദം:- അല്ലയോ വീരാ, ഭാര്യയായ ഞാൻ പറയുന്നത് കേൾക്കുക. നിന്നോട് യുദ്ധം ചെയ്ത് നിൽക്കാൻ പറ്റാതെ ഓടിപ്പോയ അവൻ വീണ്ടും വന്ന് യുദ്ധത്തിനു വിളിക്കുന്നത് ആലോചിച്ചാൽ അതിൽ ഒരു ശരികേടുണ്ട്. അതിനാൽ ഇപ്പോൾ വീരനെങ്കിലും നീ യുദ്ധത്തിനായി പോകരുത്. ദശരഥന്റെ പുത്രന്മാർ കാട്ടിൽ അലഞ്ഞുനടക്കുന്നുണ്ടെന്നും ഹനൂമാൻ അവരെ സുഗ്രീവനോട് ചേർത്തു എന്നും അംഗദൻ പറയുന്നത് കേട്ടു ഞാൻ. ശ്രീരാമാദികളുടെ സഹായാത്താൽ ആകണം സുഗ്രീവൻ വീണ്ടും നിന്നെ പോരിനു വിളിക്കുന്നത്. അതിനാൽ യുദ്ധത്തിനു പോകരുത്.