ദേവരാജ മഹാപ്രഭോ
കാളീശിഷ്യവരം:- ദേവീഭക്തന്മാരിൽ ഒന്നാമനും മേഘനാദൻ അപമാനിച്ചതോർത്ത് നാണിച്ച് തലതാഴ്ത്തി ഇരിക്കുന്നവനും ഊഞ്ഞാലുപോലെ ആടുന്ന ഹൃദയത്തോടുകൂടിയവനും തമാശ എന്നവണ്ണം (നിഷ്പ്രയാസം) വൃത്രൻ മുതലായ അസുരന്മാരെ കൊന്നൊടുക്കിയവനും ആയ ദേവേന്ദ്രന്റെ സമീപത്തുവന്ന് ഒരിക്കൽ ബ്രഹ്മപുത്രനായ നാരദൻ രഹസ്യമായി പറഞ്ഞു.
പദം:- ഭാവമാറ്റങ്ങളേതും വേണ്ടാ. സമാധാനിച്ച് ഇരുന്നാലും. മനസ്സ് ഇങ്ങനെയുള്ള ആപത്തുകൾ ജീവജാലങ്ങളിൽ ആലോചിച്ചാൽ എല്ലാവർക്കുമുണ്ടാകുമല്ലൊ. ദേവന്മാർക്കും വ്യത്യാസമില്ല.. എന്നാലും അവന്റെ അഹങ്കാരം നശിപ്പിക്കാൻ എനിക്കൊരു സൂത്രം തോന്നുന്നുണ്ട്. കേട്ടാലും. ശക്തനായ അങ്ങയുടെ പുത്രൻ ബാലിയോട് യുദ്ധകാരണ ഉണ്ടാക്കാം.എന്നാൽ കാര്യം സിദ്ധിച്ചീടും. കുരങ്ങനോട് എതിരിടുമ്പോൾ രാവണനു അവമാനം ഉണ്ട്. അതിനു ശാപം ഉണ്ട് എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു.
എഴുന്നേറ്റ് മുന്നിൽ ഇടതുകോണിലേക്ക് വട്ടം വെച്ച് “ദേവ” മുദ്രയോടേ ചവിട്ടി മാറുന്നു. ശേഷം പദം. ചരണത്തിനുശേഷം ധിത്തത്ത കലാശം.