മങ്കൊമ്പ് ശിവശങ്കരപ്പിള്ള
1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി. തുടർന്ന് ഗുരുചെങ്ങന്നൂരിന്റെ ശിഷ്യനായി പന്ത്രണ്ട് കൊല്ലക്കാലം ഗുരുകുലവാസം നടത്തി കഥകളി അഭ്യസിച്ചു. അക്കാലത്ത് നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയിൽ നിന്നും കഥകളിയുടെ ശാസ്ത്രം, സാഹിത്യം, രസാഭിനയം എന്നിവയിൽ പ്രത്യേകശിക്ഷണം ലഭിക്കാനിടയായി. ഗുരുഗോപിനാഥിന്റെ നൃത്തകലാലയത്തിലും മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു. 1966ൽ കലാമണ്ഡലം തെക്കൻ കളരിയിൽ ശിഖണം തുടങ്ങിയപ്പോൾ അവിടെ ആശാനായി. കഥകളി സംബന്ധമായ വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാത്തൂരാശാന്റെ കഥകളിപ്രകാശികയുടെ പുനഃപ്രസാധനത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായിരുന്നു. ഭാര്യ:സരസ്വതി അമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, ശ്രീകുമാരൻ നായർ, മധുസൂദനൻ നായർ.