ബാലേ കേള്‍ നീ മാമകവാണീ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജ: പുഞ്ചേ ലലാടം തപഃ
ഗ്രീഷ്മോഷ്മ ദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
വാത്യോദ്ധൂളിത ധൂളി ജാല മസൃണച്ഛായാം സ ധര്‍മ്മാത്മജോ
മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാം താമബ്രവീദ് ദ്രൌപദീം

പല്ലവി:
ബാലേ കേള്‍ നീ മാമകവാണീ
കല്യേ കല്യാണി

അനുപല്ലവി:
പാലോലുമൊഴിമാര്‍കുലതിലകേ
പാഞ്ചാലാധിപസുകൃത വിപാകേ

ചരണം 1:
കാളാംബുദരുചിതേടും വിപിനേ
കാമിനി വന്നതിനാലതിഗഹനേ
ഡോളായിതമിഹ മാമകഹൃദയം
ലോകോത്തര ഗുണശാലിനി സദയം

[തളരുന്നൂ ഗൃഹചംക്രമണേന
തളിരൊടിടയും തവ പദയുഗളം
കളമൊഴിമാരണിയും മുടിമാലേ
കഥമിവ സഹതേ കാനനചരണം

വികസതി ദിനകരകിരണൈരധികം
വിരവൊടിതരസരോരുഹനിവഹം
ശുകഭാഷിണി ബത തവ മുഖകമലം
സുന്ദരി വാടീടുന്നതിവേലം]

ചരണം 2:
മണിമയസദനേ മോഹനശയനേ
മണമിയലുന്നവകുസുമാസ്തരണേ
മദനരസേന രമിച്ചീടും നീ 
മധുമൊഴി വാഴുന്നെങ്ങിനെ വിപിനെ

 

അർത്ഥം: 

മാര്‍ഗേ തത്ര:
നട്ടുച്ചനേരത്ത് നഖം‌പോലും പൊള്ളിക്കുന്നവിധം ചുട്ടുപഴുത്ത, പൊടിനിറഞ്ഞ ആ കാട്ടുവഴിയില്‍, വേനല്‍കാലത്തെ നെറ്റിചുടുന്ന വെയിലേറ്റ് മുഖം വാടിയവളും, ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റേറ്റ് ഉയരുന്ന പൊടിപടലമേറ്റ് ദേഹകാന്തിമങ്ങിയവളും, ദു:ഖിതയുമായ പാഞ്ചാലിയെ കണ്ടിട്ട് ആ ധര്‍മ്മപുത്രന്‍ ആദരവോടെ പറഞ്ഞു.

ബാലേ കേള്‍:
മംഗളരൂപിണിയും സമര്‍ദ്ധയുമായ ബാലികേ,എന്റെ വാക്കുകള്‍ കേട്ടാലും. പാലോഴുകുന്നവാക്കുകളോടുകൂടിയ സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ടയായവളേ, പാഞ്ചാലാധിപന്റെ പുണ്യഫലമേ,കാര്‍മേഘസമാനമായി ഇരുണ്ടതും നിബിഡവുമായ വനത്തില്‍ വന്നതിനാല്‍ എന്റെ ഹൃദയം ഊഞ്ഞാലുപോലെ ആടുന്നു. രത്നമയമായ ഗൃഹത്തില്‍, നറുമണമുള്ള പൂക്കള്‍വിരിച്ച സുന്ദരമായ കിടക്കയില്‍, കാമരസത്തോടേ രമിച്ചിരുന്ന ഭവതി ഈ കാട്ടില്‍ എങ്ങിനെ വസിക്കും?

അരങ്ങുസവിശേഷതകൾ: 

ബ്രാക്കറ്റിലുള്ള ചരണങ്ങൾ ഇപ്പോൾ അരങ്ങത്ത് പതിവില്ല.

പാഞ്ചാലിയുടെ കൈകോര്‍ത്ത് തന്റെ ശരീരത്തോടണച്ചുപിടിച്ച് രംഗമധ്യത്തിലൂടെ പതിഞ്ഞ ‘കിടതകധിംതാ’മിനൊപ്പം ദൈന്യഭാവത്തില്‍ ധര്‍മ്മപുത്രന്‍ പ്രവേശിക്കുന്നു. സാവധാനം മുന്നോട്ടുവന്ന് അസഹ്യമായചൂട്,ദീര്‍ഘനിശ്വാസം,ശൂന്യത എന്നിവ നടിച്ച് പാഞ്ചാലിയെ ഇടത്തുനിര്‍ത്തി, നോക്കിക്കണ്ടുകൊണ്ട് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ കൈവിട്ട് മാറി പദാഭിനയം തുടങ്ങും മുന്‍പായി ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ?’ എന്നുകാട്ടും. പല്ലവിക്കുശേഷം ‘ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ, ശിരസ്സിലെഴുത്തുതന്നെ’എന്നാണ് ആടുക.

പല്ലവി കഴിഞ്ഞാല്‍ കലാശത്തിനുവട്ടംതട്ടി, ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ? ങ്ഹാ, ശിരസ്സിലെഴുത്ത് തന്നെ’ എന്നുകാട്ടി വട്ടംവെച്ചു കലാശമെടുക്കുന്നു.

പദാന്ത്യത്തില്‍ പല്ലവിപാടി ഇരട്ടിയെടുക്കുന്നു.