ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ

താളം: 
കഥാപാത്രങ്ങൾ: 
പ്രദാനം ചേദീനാം പ്രഭവിതുരിതി പ്രേമപരയാ
കയാചിത് പ്രോക്താ സാ രഹസി നിജസഖ്യാ വിധുമുഖീ
പ്രസര്‍പ്പന്‍ ബാഷ്പാംഭസ്നപിതകുചകുംഭാതിവിവശാ
സ്മരന്തീ ഗോവിന്ദം വ്യലപദധികം തീവ്രരുജയാ
 
 
രുഗ്മിണി ആത്മഗതം
ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ
ഏവം വരുമെന്നതു ചിന്ത ചെയ്തീലഹോ        
ദേവകീ നന്ദനന്‍ ജീവനാഥനെന്നു 
ഭാവിച്ചിരുന്നു ശിശുഭാവേപി ഞാനഹോ         
അന്തരംഗേ മമ സന്തതം വാഴുന്ന 
കാന്തന്‍ മമ താന്തതാം ഹന്ത കഥം അറിയാഞ്ഞു   
കരുണാനിധേ മയി കരുണ ചെയ്യായ്കിലോ
ശരണം ഇന്നാരെനിക്കു അരുണാംബുജേക്ഷണാ     
ചെന്താമരാക്ഷനെ ചേർന്നീടും നീയെന്നു
അന്തണര്‍‍‍ ചൊന്നതും അനൃതമായ് വന്നിതോ      
നന്ദാത്മജന്‍ എന്റെ നാഥനായ് വരുവതിന്നു
ഇന്ദുചൂഡപ്രിയേ വന്ദേ ഭവാനി

 

അർത്ഥം: 
ശ്ലോകം:0
“ചേദിരാജാവായ ശിശുപാലനാണു തന്നെ നൽകാൻ പോകുന്നത് “ എന്ന് സ്നേഹമുള്ള ഒരു സഖി രഹസ്യമായി പറഞ്ഞറിഞ്ഞ രുഗ്മിണി സങ്കടം സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച കുചകുംഭങ്ങളോടെ ശ്രീകൃഷ്ണനെ ഓർത്ത് വിലപിച്ചു.
 
പദം:-
ദൈവമേ ഞാനിപ്പോൾ എന്തു ചെയേണ്ടു? കഷ്ടം ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല. കുട്ടിക്കാലം മുതൽക്കുതന്നെ “ദേവകീനന്ദനനാണ് എന്റെ പ്രാണനാഥൻ“ എന്ന് ഞാൻ വിചാരിച്ചിരുന്നു. എന്റെ ഹൃദയത്തിൽ എല്ലായ്പ്പോഴും വസിക്കുന്ന പ്രിയതമൻ എന്റെ വൈവശ്യം അറിയാതിരുന്നത് എന്തേ? അല്ലയോ ചെന്താമരക്കണ്ണാ, കരുണാനിധേ, അവിടുന്ന് എന്നിൽ കരുണ ചെയ്തില്ലെങ്കിൽ എനിക്കിന്ന് ആരാണു ആശ്രയം?  “നീ ചെന്താമരാക്ഷനോട് ചേരും“ എന്ന് ബ്രാഹ്മണർ പറഞ്ഞത് അസത്യമായ് വരുമോ? ഇന്ദുചൂഡപ്രിയേ ഭവാനീ, നന്ദാത്മജൻ എന്റെ ഭർത്താവായി വരുവാൻ ഞാനിതാ വന്ദിക്കുന്നു.)
 
അരങ്ങുസവിശേഷതകൾ: 

പദാനന്തരം രുഗ്മിണി ശ്രീപാർവതിയെ ഭജിച്ചിരിക്കുന്നു.