ഭൂമീസുരവര വന്ദേ ഭൂരി കൃപാനിധേ

താളം: 
കഥാപാത്രങ്ങൾ: 
ഇതി ബഹുവിലപ്യൈഷാ ഭൂഷാവിശേഷ പരാങ്ങ്മുഖീ 
കമപി ധരണിദേവം ദേവീകൃപാകുല ചേതസം
സപദിസവിധം നീത്വാ നത്വാ തദീയ പദാംബുജം
പ്രമദകരിണീയാനാ ദീനാ ജഗാദ മനോഗതം
 
 
ഭൂമീസുരവര വന്ദേ ഭൂരി കൃപാനിധേ             
സാമോദം നിന്‍ പാദാംബുജം സാദരം പാഹിമാം            
നിന്നുടെ പാദപങ്കജം എന്നിയേ മമ പാർത്താൽ
അന്യമൊരു ഗതി നഹി മാന്യ ഗുണരാശെ
ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു
കേശവന്‍ നാഥനെന്നല്ലോ കേവലം വാഴുന്നു
എന്നേയഹോ ചേദിപനു തന്നെ നല്കീടുവാൻ
ഇന്നു രുഗ്മി നിശ്ചയിച്ചു കിന്നുകരവൈ ഞാൻ
മല്ലവൈരിയോടെന്നുടെ അല്ലലശേഷവും 
ചൊല്ലീടുക മഹീസുര തല്ലജ വൈകാതെ

 

അർത്ഥം: 
ശ്ലോകം:-
 
വിശേഷപ്പേട്ട ആഭരണങ്ങളെല്ലാം ഉപേക്ഷിച്ചു ഇപ്രകാരം വല്ലാതെ കരഞ്ഞു കൊണ്ടിരുന്ന രുഗ്മിണി ദയാലുവായ ഒരു ബ്രാഹ്മണനെ തന്റെ അരികിലേക്കു വരുത്തി. ആ മത്തേഭഗാമിനി അദ്ദേഹത്തിന്റെ കാല്ക്കൽ നമസ്കരിച്ച് സങ്കടത്തോടെ തന്റെ ഇംഗിതം പറഞ്ഞു.
 
പദം:- 
 
ബ്രാഹ്മ്ണശ്രേഷ്ഠാ, അളവറ്റ ഇരിപ്പിടമായിട്ടുള്ളവനേ, സന്തോഷത്തോടും ആദരവോടും കൂടി ഞാൻ അങ്ങയുടെ കാൽത്താർ തോഴുന്നു. എന്നെ രക്ഷിക്കേണമേ. മാനിക്കപ്പെടേണ്ട ഗുണങ്ങൾക്ക് വിളനിലമായവനേ, അങ്ങയുടെ പാദപദ്മമല്ലാതെ എനിക്ക് മറ്റൊരാശ്രയം ഇല്ല. കുട്ടിക്കാലം മുതൽക്കു തന്നെ ‘കേശവനാണു എന്റെ പ്രിയതമൻ’ എന്നു മനസ്സിലുറച്ചു കൊണ്ടാണ് കഴിയുന്നത്. കഷ്ടം! ഇപ്പോൾ എന്നെ ശിശുപാലനു കൊടുക്കുവാൻ രുഗ്മി (ജ്യേഷ്ഠ്ൻ) നിശ്ചയിച്ചിരിക്കുന്നു. ഞാനെന്തു ചെയ്യട്ടെ? അല്ലയൊ ബ്രാഹ്മണശ്രേഷ്ഠാ! എന്റെ സങ്കടങ്ങൾ മല്ലാരിയോട് പറഞ്ഞാലും.