ചഞ്ചലാക്ഷീമാരണിയും മൌലീമാല വന്നു

താളം: 
കഥാപാത്രങ്ങൾ: 
കർണ്ണാലങ്കാര ഹീരാങ്കുരരുചിരരുചിപ്രോല്ലസദ്വക്ത്രപത്മാ
വ്യാവത്ഗത്പാദയുഗ്മ ക്വണിത മണിതുലാകോടിവാചാലവീഥീ
ബിഭ്രാണാ കങ്കണാളീ ജ്വലദനലകന ദ്രത്നകാന്താം സഭാന്താം
തന്വീ രാജന്യപാളീ ഹൃദയ കമലിനീ രാജഹംസീ വിവേശ
 
 
ചഞ്ചലാക്ഷീമാരണിയും മൌലീമാല വന്നു
പഞ്ചബാണന്‍ തന്റെ ചാപവല്ലിപോലെ
പുഞ്ചിരി ചന്ദ്രിക കണ്ടു കാമുകന്മാര്‍ തന്റെ
നെഞ്ജിലാനന്ദാംബുധി വളര്‍ന്നു പാരം
(മഞ്ജുള മഞ്ജീരനാദം കേട്ടു കേളിഹംസീ
പുഞ്ജകമംബിനോടനുഗമിച്ചു കൂടി)*
അഞ്ജനാഞ്ജിതമാം ലോചനങ്ങൾ കണ്ടാൽ മുഖ
കഞ്ജലോല ലോലംബങ്ങളെന്നു തോന്നും
(മംഗലാംഗീ അണിഞ്ഞീടും ഭൂഷണങ്ങൾ തന്നിൽ
ഭംഗി ചേർന്നു വിളങ്ങും മണികൾ കണ്ടാൽ
അംഗജവിവശരാകും പാർത്ഥിവന്മാർ തന്റെ
സംഗതമാം നേത്രപംക്തിയെന്നു തോന്നും)*
പാര്‍വതിദേവി പാദാംബുജ മംബോടു സേവിപ്പാനായ് മന്ദം
ചാരുതരം നടകൊണ്ടിതു സുന്ദരവേഷത്തോടെ

 

അർത്ഥം: 
ശ്ലോകം:-
 
കർണ്ണാഭരണത്തിലെ രത്നശോഭ കൊണ്ട് തിളങ്ങുന്ന മുഖപദ്മത്തോട് കൂടിയവളും, കാലടികളിലെ ഇളകുന്ന തളകളുടെ ശബ്ദം കൊണ്ട് വഴിയെ മുഖരിതമാക്കുന്നവളും, കൈവളകളേന്തിയവളും, രാജാക്കന്മാരുടെ ഹൃദയമാകുന്ന താമരപ്പൊയ്കയിലെ രാജഹംസിയായിട്ടുള്ളവളും ആയ ആ സുന്ദരി ആളിക്കത്തുന്ന അഗ്നിപോലെ ശോഭിക്കുന്ന രത്നങ്ങളാൽ മനോഹരമായ ആ സഭയിലേക്ക് പ്രവേശിച്ചു.
 
പദം (ചഞ്ചലാക്ഷിമാരണിയും):-
സുന്ദരിമാരണിയുന്ന മുടിമാല (രുഗ്മിണി) പഞ്ചബാണന്റെ വില്ലെന്നപോലെ വന്നെത്തി. പുഞ്ചിരിയാകുന്ന നിലാവു കണ്ട് കാമുകന്മാരുടെ ആനന്ദസമുദ്രത്തിൽ വേലിയേറ്റമുണ്ടായി. അഞ്ജനമെഴുതിയ കണ്ണുകൾ കണ്ടാൽ മുഖപദ്മത്തിൽ പാറിപ്പറക്കുന്ന വണ്ടുകളാണെന്നു തോന്നും. പാർവതിദേവിയുടെ പാദപത്മം വഴിപോലെ സേവിക്കുവാനായി സുന്ദരവേഷത്തോടെ പതുക്കെ മനോഹരമായി നടന്നു.
അരങ്ങുസവിശേഷതകൾ: 

സാരിയുടെ അവസാനം രുഗ്മിണി, ബ്രാഹമണൻ പൂജ ചെയ്യുന്ന ദേവി വിഗ്രഹത്തെ വന്ദിച്ചു വലതു വശം ചേർന്നു നില്‍ക്കുന്നു.

അനുബന്ധ വിവരം: 

* ഈ വരികൾ വെള്ളിനേഴി അച്ച്യുതൻ കുട്ടിയുടെ കഥകളിപ്പദങ്ങൾ എന്ന് പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്, മറ്റ് ചില പുസ്തകങ്ങ്ളിൽ ഇല്ല, അരങ്ങത്തും പതിവില്ല.