അരുതരുതതിനിഹ പരിതാപം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അരുതരുതതിനിഹ പരിതാപം
അരുതരുതതിനിഹ പരിതാപം
അരുതരുതതിനിഹ പരിതാപം.. ജനനീ
 
അരികിൽ വരുമല്ലൊ മാം പരിപാലിച്ചു
വളർത്തൊരു പരമാനന്ദ വിധായിനെ ജനനി
 
വ്രജകുലപാലനചരിതവിശേഷം
പറവതിനിഹാഗതാ തവ സഖി യശോദാ
അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടത്തിനു വട്ടം തട്ടി,

 
ശ്രീകൃഷ്ണൻ
(കെട്ടിച്ചാടി കുമ്പിട്ട്) അല്ലേ മാതാവേ, ഞാൻ ഇന്ന് ലോകത്തിലേറ്റവും ധന്യനായിരിക്കുന്നു. പെറ്റമ്മയുടേയും വളർത്തമ്മയുടേയും വലുതായ വാത്സല്യം എനിക്ക് ലഭിച്ചു
 
ദേവകി:
അല്ലേ കൃഷ്ണ, നിന്നെ പ്രസവിച്ച് ഉടൻ ദുഷ്ടനായ കംസനെ ഭയന്ന് നിന്റെ അച്ഛൻ നിന്നെ നന്ദഗോപരുടെ ഗൃഹത്തിലേക്ക് കൊണ്ട് പോയി. പിന്നെ ഞാൻ ഇന്നാണ് നിന്നെ കാണുന്നത്. കാരാഗൃഹത്തിൽ കഴിഞ്ഞ കാലമത്രയും ഓരോ നിമിഷവും നിന്റെ കാലൊച്ച കേൾക്കാൻ ഞാൻ കാതോർത്തിരുന്നു. ആവട്ടെ, ഇപ്പോൾ നീ ഈ മഥുരാപുരിയിൽ വരാനുണ്ടായ കാരണമെന്ത്?
 
കൃഷ്ണൻ
അഹോ! എല്ലാം ഞാൻ പറയാം. വഴിപോലെ കേട്ടാലും. ലോകകണ്ടകനായ കംസൻ ചാപപൂജ കാണ്മാനെന്ന വ്യാജേന എന്നെ ഇവിടേയ്ക്കു ക്ഷണിച്ചു. ജ്യേഷ്ഠനായ ബലരാമനോടുകൂടി ഞാൻ ഈ പുരിയിലെത്തി. കംസൻ ധനുര്യാഗത്തിനു ഒരുക്കിയ യാഗശാല എവിടെ എവിടെ എന്ന് അന്വേഷിച്ചു കണ്ടെത്തി യാഗശാലയിൽ പ്രവേശിച്ച് ചാപം (നോക്കിക്കണ്ട്)‌ ഭഞ്ജിച്ചു. പിന്നെ രംഗദ്വാരത്തിൽ എന്നെ കൊല്ലുന്നതിനായി കംസൻ ഒരുക്കി നിർത്തിയിരുന്ന കുവലായാപീഡം എന്ന മദയാനയെ വധിച്ച് അതിന്റെ കൊമ്പുകളെടുത്ത് ഞാനും ജ്യേഷ്ഠനും ധരിച്ച് രംഗത്തിൽ പ്രവേശിച്ചു. അപ്പോൾ പോരിനു വിളിച്ച ചാണൂരമുഷ്ടികന്മാരായ മല്ലന്മാരെ ഞാനും ജ്യേഷ്ഠനും ചേർന്ന് മുഷ്ടിയുദ്ധത്തിൽ വധിച്ചു. ഈ സമയത്ത് എന്നെ കണ്ട് ഭയന്ന ഉയരെ സിംഹാസനത്തിൽ ഇരുന്ന കംസനെ കണ്ട് കോപിച്ച് മുകളിലേക്ക് ചാടി കംസനെ താഴെ പതിപ്പിച്ചു. പിന്നെ കംസന്റെ മാറിൽ കയറിയിരുന്നു കഴുത്ത് ഞെരിച്ച് (ദേവകി തടഞ്ഞപ്പോൾ കൃഷ്ണൻ ശാന്തനായി മാതാവിന്റെ കരങ്ങൾ മാറോട് ചേർത്ത്) ഇപ്പോൾ യാദവകുലത്തിന്റെ ആപത്തുകൾ ഒഴിഞ്ഞു. ആവട്ടെ, ഇനി അമ്മയുടെ ആഗ്രഹം എന്തായാലും ഞാൻ സാധിച്ച് തരുന്നുണ്ട്.
 
ദേവകി:
അല്ലേ, കൃഷ്ണാ, നിന്നെ വളർത്തിയ പുണ്യവതിയായ യശോധയെ ഒന്ന് കാണാൻ എന്റെ മനസ്സു വെമ്പുന്നു. അതുകൊണ്ട് ഉടൻ ചെന്നു കൂട്ടിക്കൊണ്ടുവന്നാലും.
 
കൃഷ്ണൻ
അപ്രകാരം തന്നെ.
 
കൃഷ്ണൻ കുമ്പിട്ടുമാറിയാൽ തിരശ്ശീല