ഭാനുവംശാവതംസ! ഭാഷിതം ശൃണു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 പദം

ഭാനുവംശാവതംസ! ഭാഷിതം ശൃണു മേ

സത്തമ! ഭവാനുടയ സപ്താംഗങ്ങളാകവേ
നിത്യമുദിതങ്ങളായി നിവസിച്ചീടുകയല്ലീ?
ച1
ലോകരഞ്ജനം നിങ്ങൾക്കേകമാകിയ ധർമ്മം
വ്യാകുലതയെന്നിയേ വിരവിലതു ചെയ്യുന്നോ?
ച2
ആദിപുരുഷൻ തന്റെ മോദമാശു വരുവാൻ
ദ്വാദശീവ്രതമതു സാദരം ചരിക്ക നീ.
ച3
ഛത്മമെന്നിയേ പാദപത്മസേവചെയ്കിലോ
പത്മനാഭൻ തന്നുടെ ആത്മാനമപി നൽകും.
 

അർത്ഥം: 

ഭാനുവംശാവതംസ! ഭാഷിതം ശൃണു:-  സൂര്യവംശശ്രേഷ്ഠാ, എന്റെ വാക്കുകൾ ശ്രവിച്ചാലും. ഉത്തമാ, ഭവാന്റെ സപ്താംഗങ്ങൾ(രാജാവ്, മന്ത്രി, സഖാവ്, ഭണ്ഡാരം, സൈന്യം, കോട്ട, രാജ്യം) എല്ലാം എന്നും സന്തോഷമായിരിക്കുന്നില്ലെ?
ലോകത്തെ സന്തോഷിപ്പിക്കലാണ് നിങ്ങളുടെ ഒരേഒരു ധർമ്മം. വിഷമമില്ലാതെ ഭംഗിയായി അത് ചെയ്യുന്നില്ലേ?
ആദിപുരുഷനായ മഹാവിഷ്ണുവിനെ സന്തോഷിപ്പിക്കുവാനായി നീ സാദരം ദ്വാദശീവ്രതം ആചരിക്കുക. കളവില്ലാതെ പാദപത്മത്തെ സേവചെയ്താൽ പത്മനാഭൻ തന്റെ പരമാത്മസ്വരൂപത്തേക്കൂടി നൽകും.
 

അരങ്ങുസവിശേഷതകൾ: 

ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു. അനുഗ്രഹിച്ചശേഷം വസിഷ്ഠൻ ദ്വാദശീവ്രതം അനുഷ്ഠിക്കേണ്ടവിധം അംബരീഷന് ഉപദേശിക്കുന്നു. മഹർഷിയെ വീണ്ടും വണങ്ങി അംബരീഷനും, അംബരീഷനെ യാത്രയാക്കിക്കൊണ്ട് വസിഷ്ഠനും നിഷ്ക്രമിക്കുന്നു.