ദിനമണികുലദീപമേ രാജേന്ദ്രാ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പദം

പല്ലവി
ദിനമണികുലദീപമേ രാജേന്ദ്രാ നീ നിശമയ വചനം മേ
അനുപല്ലവി
മനുകുലമതിലുള്ള മന്നവർ ചെയ്തൊരു
മഹിതപുണ്യഫലമെന്നു മന്യേ നിന്നെ
ചരണം - 1
പാരിടമഖിലം നീ പാലിക്കയാൽ നിജ-
ഭാരമൊഴിഞ്ഞുള്ളിൽ പരമാനന്ദേന

നാരായണനഹിശയനതലേ പര-
മതിമൃദുലേ രമയൊടു സുഖമമലേ വിഹരതി
ചരണം - 2
ഓരോരോ മഖങ്ങളിൽ വീരാ! ഭവാൻ‌ തന്നാൽ
പാരമർപ്പിതഹവിരാസ്വദിച്ചധുനാ
സ്വൈരമിന്ദ്രനു ദേഹം തടിച്ചുപോൽ വലികൾ
ഭവിച്ചുപോൽ അക്ഷികളടച്ചുപോൽ വസിക്കുന്നു
ചരണം - 3
ഇത്ര വീര്യവാനായി ധാത്രീമണ്ഡലംതന്നിൽ
പാർത്ഥിവരാരുള്ളു പാർത്തുകാണുമ്പോൾ
കൃത്യങ്ങളഖിലവും ചെയ്തുടനെ വീര തവ
ഭവനേ വരുമഹമതിതനെ അറിക നീ

അർത്ഥം: 

ദിനമണികുലദീപമേ രാജേന്ദ്രാ:- സൂര്യവംശത്തിന്റെ വിളക്കേ, രാജശ്രേഷ്ഠാ, നീ എന്റെ വാക്കുകൾ കേട്ടാലും. മനുവംശത്തിലുള്ള രാജാക്കന്മാർ ചെയ്ത മഹത്തായപുണ്യത്തിന്റെ ഫലമായി ഞാൻ നിന്നെ കരുതുന്നു. ലോകം മുഴുവൻ അങ്ങ് പരിപാലിക്കുന്നതുകൊണ്ട് തന്റെ ആ ഭാരം ഒഴിവായ നാരായണൻ പരമാനന്ദത്തോടെ നിർമ്മലവും അതിമൃദുലവുമായ അനന്തമെത്തയിൽ ലക്ഷ്മിയോടൊത്ത് സസുഖം വിഹരിക്കുന്നു. വീരാ, ഓരോരോ യാഗങ്ങളിൽ ഭവാനാൽ അർപ്പിക്കപ്പെട്ട ഹവിസ്സ് യഥേഷ്ടം ആസ്വദിച്ച് ഭക്ഷിച്ചതിനാൽ ഇപ്പോൾ ദേവേന്ദ്രന്റെ ദേഹം തടിച്ചുപോൽ. ദേഹംവീർത്ത് മടക്കുകൾ വന്നതിനാൽ കണ്ണുകൾ തുറക്കാൻ കഴിയാതെ ആയിരിക്കുന്നുപോലും. ആലോചിച്ചുനോക്കുമ്പോൾ ഇത്ര വീര്യവാനായി ഈ ഭൂമണ്ഡലത്തിൽ രാജാക്കന്മാർ ആരാണുള്ളത്? വീരാ, സന്ധ്യാവന്ദനാദി ക്രിയകളെല്ലാം ചെയ്ത് ഉടനെ അങ്ങയുടെ ഈ വാസസ്ഥലത്തേയ്ക്ക് വരുമെന്ന് അറിഞ്ഞാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു.
ദുർവ്വാസാവ്:(അനിഗ്രഹിച്ചശേഷം അംബരീഷനെ നോക്കി ആശ്ചര്യപ്പെട്ടിട്ട് ആത്മഗതമായി) 'ഹോ! ഇവൻ വിഷ്ണുഭക്തരിൽ ഉത്തമൻ തന്നെ. ഇപ്രകാരം വിഷ്ണുഭക്തിയോടെ സത്യത്തിൽ ഉറച്ചുനിന്നാൽ ഇവനുതുല്യം രാജാക്കന്മാർ മറ്റാരും ഉണ്ടാവുകയില്ല. എന്നുമാത്രമല്ല, ഇവൻ യശസ്സുകൊണ്ട് ഇന്ദ്രനെക്കൂടി ജയിച്ചുകളയും.' (സന്തോഷം നടിച്ച് അംബരീഷനോടായി)"അല്ലയോ മഹാരാജാവേ, അങ്ങയുടെ കീർത്തിയാകുന്ന വെളുപ്പ് ലോകമെല്ലാം നിറഞ്ഞിരിക്കുന്നു. അതിനാൽ വിഷ്ണു തന്റെ ഇരിപ്പിടമായ പാൽക്കടൽ എവിടെ എന്നറിയാതെ തിരഞ്ഞുഴലുന്നു. ശിവൻ തന്റെ ആസ്ഥാനമായ കൈലാസം കാണാഞ്ഞ് തിരഞ്ഞുഴലുന്നു. ദേവേന്ദ്രൻ തന്റെ വാഹനമായ ഐരാവതത്തെ കണ്ടറിയാതെ ഉഴലുന്നു. രാഹു ചന്ദ്രനെ തിരഞ്ഞുഴലുന്നു. ബ്രഹ്മാവ് തന്റെ വാഹനമായ അരയന്നത്തെ അറിയാതെ ഉഴലുന്നു. ഇത്ര കീർത്തിമാനായ അങ്ങയുടെ ദർശ്ശനം മൂലം ഞാൻ വളരെ സന്തുഷ്ടനായി.'
അംബരീഷൻ:'സ്വാമിൻ, അങ്ങ് ഇങ്ങിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയമാകുന്നു.'
ദുർവ്വാസാവ്:'ഏയ്, പ്രശംസയല്ല. ഈ പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ ഞാൻ വേഗം സ്നാനാദികർമ്മങ്ങൾ കഴിച്ചു വരട്ടെയോ?'
അംബരീഷൻ:'അങ്ങിനെതന്നെ. ഞാൻ അങ്ങയെ കാത്തിരിക്കുന്നതാണ്. അങ്ങുകൂടി വന്നിട്ടുവേണം പാരണകഴിക്കുവാൻ'
ദുർവ്വാസാവ്:(ആത്മഗതമായി)'സ്നാനം കഴിച്ചുവരാൻ താമസിപ്പിച്ച് ഇവന്റെ വ്രതം മുടക്കാം' (അംബരീഷനോടായി)'ഞാൻ പെട്ടന്നുതന്നെ വരാം'
അംബരീഷൻ വന്ദിച്ച് മഹർഷിയെ യാത്രയാക്കിയശേഷം ഭക്തിയോടെ കൈകൂപ്പി നിൽക്കുന്നു. ദുർവ്വാസാവ് സന്തോഷം നടിച്ച് അനുഗ്രഹിച്ച് പിന്നിലേയ്ക്കുമാറിയിട്ട് കുടിലതയോടെ അംബരീഷനെ നോക്കി അമർഷം നടിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.
ഈ ആട്ടം
മഹാരാജശ്രീമൻ! ജഗതിയശസാ തേ ധവളിതേ,
പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
കപർദീകൈലാസം കുലിശഭൃദഭൗമം കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ.

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്

അനുബന്ധ വിവരം: 

"സ്വൈരമിന്ദ്രനു.." എന്ന് തുടങ്ങുന്ന രണ്ടുവരികൾ മാത്രം രണ്ടാംകാലത്തിലേയ്ക്ക് ഉയർത്തിയാണ് ആലപിക്കുക. "ദിനമണികുലദീപമേ.." എന്നത് പഴയകാലത്തിലേക്കും മാറ്റി പാടും.